ഈ കാടിന്റെ ഉദ്ഘാടനമാണോ നടന്നത് To advertise here, പണി പൂർത്തിയാകാതെ നെടുങ്കണ്ടം ഡിപ്പോയുടെ ഉദ്ഘാടനം നടത്തി നെടുങ്കണ്ടം : ചെമ്പകക്കുഴിയിലെ പുതിയ കെ.എസ്.ആർ.ടി.സി. ഡിപ്പോ എം.എം. മണി എം.എൽ.എ. നാടിന് സമർപ്പിച്ചു. എന്നാൽ ബസ് കയറാൻ പുതിയ ഡിപ്പോയിലേക്ക് വരുമ്പോൾ പേടിക്കണം. സ്വീകരിക്കുന്നത് ഇഴജന്തുക്കളായിരിക്കും. ഡിപ്പോയുടെ പരിസരം മുഴുവൻ കാടുപിടിച്ചുകിടക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളൊന്നുമൊരുക്കാതെയാണ് ഡിപ്പോ ഗാരേജും, പാർക്കിങ് ഗ്രൗണ്ടും ശനിയാഴ്ച ഉദ്ഘാടനംചെയ്തത്. ഒരു ബസ് പോലും ഉദ്ഘാടനദിവസം ഡിപ്പോയിലേക്ക് എത്തിയില്ല. സൗകര്യങ്ങൾ ഒരുക്കാതെ അടുത്ത ദിവസങ്ങളിലും ബസ് കയറുമെന്ന് തോന്നുന്നില്ല. ആ തുണിയില്ലായിരുന്നെങ്കിൽ പണി പാളിയേനെ.. കെട്ടിടത്തിൽ ഇപ്പോഴും വൈദ്യുതിയില്ല. ബസ് സ്റ്റാൻഡിന്റെ തറ കോൺക്രീറ്റ് ചെയ്തിട്ടില്ല. ഓഫീസിനും ഗാരേജിനും ചുറ്റും കാട് വളർന്നിരുന്നു. ഉദ്‌ഘാടനത്തിന്റെ ഭാഗമായി വഴിയും ഓഫീസിനും ഗാരേജിനും ചുറ്റുപാടുമുള്ള കാട് വെട്ടി. 2.65 ഏക്കറിലെ ബാക്കിഭാഗം കാടുപിടിച്ചുകിടക്കുകയാണ്. ഒരു വർഷംമുമ്പ് പണി പൂർത്തിയായ ഓഫീസുകളുടെയും ശൗചാലയങ്ങളുടെയും വാതിലുകൾ സമൂഹവിരുദ്ധർ തകർത്തിരുന്നു. അതൊന്നും നന്നാക്കിയില്ല. ഇവർ അശ്ലീലചിത്രം വരച്ച് ഓഫീസിന്റെ ഭിത്തികളും വൃത്തികേടാക്കിയിട്ടുണ്ട്. അതൊരു തുണിയിട്ട് മറച്ചാണ് സമീപത്തുള്ള ശിലാഫലകം എം.എൽ.എ. അനാച്ഛാദനം ചെയ്തത്. ആരും എത്താതെ വിരലിൽ എണ്ണാവുന്ന ആൾക്കാരും പാർട്ടി പ്രവർത്തകരും മാത്രമാണ് ഉദ്ഘാടനത്തിന് എത്തിയത്. രാഷ്ട്രീയപാർട്ടി അനുഭാവികളും ചുരുക്കം ചില നേതാക്കൻമാരും മാത്രം പങ്കെടുത്ത പരിപാടിയുടെ സദസ്സ് കണ്ട എം.എൽ.എ. ഉദ്ഘാടന പ്രസംഗത്തിൽ ഉടനീളം അതൃപ്തി അറിയിച്ചു. നിങ്ങൾക്ക് വേണ്ടെങ്കിൽ പിന്നെ കുഞ്ചിത്തണ്ണിക്കാരനായ എനിക്കാണോ ആവശ്യം, ഡിപ്പോയ്ക്ക് എം.എൽ.എ. ഫണ്ടിൽനിന്നും തുക അനുവദിച്ചത് പുനഃപരിശോധിക്കണോ എന്നും ചോദിച്ചു. എന്നാൽ നാട്ടുകാരെ എല്ലാവരെയും തന്നെ വീടുകളിൽ നേരിട്ടെത്തി ക്ഷണിച്ചിരുന്നതാണെന്നും ആളുകൾ വരാഞ്ഞത് എന്താണെന്ന് അറിയില്ലെന്നുമൊക്കെ സംഘാടകർ വിശദീകരിച്ചു. കെ.എസ്.ആർ.ടി.സി. ഇടത് സംഘടനാ നേതാവ് ഒഴികെ ഔദ്യോഗിക പദവി വഹിക്കുന്ന ആരും ചടങ്ങിന് എത്തിയില്ല. എന്ന് പൂർത്തിയാകും 2015-ലാണ് നെടുങ്കണ്ടത്ത് കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിങ് സെന്റർ പ്രവർത്തനമാരംഭിച്ചത്. പിന്നീട് ഡിപ്പോയായി ഉയർത്തി. അസൗകര്യങ്ങളുടെ നടുവിലായിരുന്നു പ്രവർത്തനം. പരാതികൾ പതിവായതോടെയാണ് ചെമ്പകക്കുഴിയിൽ പഞ്ചായത്ത് വിട്ടുനൽകിയ 2.65 ഏക്കർ സ്ഥലത്ത് ബസ് സ്റ്റാൻഡിന്റെയും ഗാരേജിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും നിർമാണം ആരംഭിച്ചത്. എം.എൽ.എ. ഫണ്ടിൽനിന്ന് വിവിധ ഘട്ടങ്ങളിലായി 50 ലക്ഷം രൂപ ചെലവാക്കി നിർമാണ പ്രവർത്തനങ്ങൾ നടത്തി. മാസങ്ങൾ കഴിഞ്ഞിട്ടും ബസ് സ്റ്റാൻഡിനുള്ളിലെ കോൺക്രീറ്റിങ് നടത്തിയില്ല. കഴിഞ്ഞ വർഷവും എല്ലാം ശരിയാക്കുമെന്നും അവശേഷിക്കുന്ന കോൺക്രീറ്റ് ജോലികൾ പൂർത്തിയാക്കുമെന്നും എം.എൽ.എ. അറിയിച്ചിരുന്നു. ഏതാനും ആഴ്ചകൾക്കുമുമ്പ് തറ കോൺക്രീറ്റുചെയ്ത് ബസുകൾ കയറാവുന്ന രീതിയിൽ മാറ്റിയെടുക്കുന്നതിനായി 50 ലക്ഷം രൂപകൂടി എം.എൽ.എ. ഫണ്ടിൽനിന്നും അനുവദിച്ചു. 15 ദിവസത്തിനുള്ളിൽ പണികൾ ആരംഭിക്കുമെന്നും എം.എൽ.എ. പറഞ്ഞിരുന്നു. എന്നാൽ, കോൺക്രീറ്റ് പണി നടന്നില്ല. ഇതിനിടെ ശനിയാഴ്ച ഉദ്ഘാടനവും നടത്തി.
