എടത്വാ : നഗരത്തിൽ പ്രവർത്തിക്കുന്ന പൂക്കടയ്ക്ക് തീപിടിച്ചു. കട പൂർണമായും കത്തി നശിച്ചു. എടത്വാ ജങ്ഷനിൽ സെയ്ന്റ് ജോർജ് കോപ്ലംക്‌സിൽ പ്രവർത്തിക്കുന്ന തെക്കേടത്ത് ഫ്ലവർ ഷോപ്പിനാണ് തീപിടിച്ചത്. ശനിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം. കടയ്ക്കുള്ളിൽനിന്നു പുക പുറത്തേക്കുവരുന്നതുകണ്ട എടത്വാ പള്ളി സെക്യൂരിറ്റി ബേബി ഗ്രാമപ്പഞ്ചായത്തംഗം മനോജ് മാത്യു പുത്തൻവീട്ടിലിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കടയുടമ ടി.എ. സ്‌കറിയ (സാജു), അഗ്നിരക്ഷാസേന, പോലീസ് എന്നിവരെ വിവരമറിയിച്ചു. To advertise here, അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്ന് കടയുടെ ഷട്ടർ പകുതിയോളം ഉയർത്തിയശേഷമാണ് തീ നിയന്ത്രിക്കാൻ സാധിച്ചത്. ഈ സമയംകൊണ്ട് കടയ്ക്കുള്ളിലെ സാധനങ്ങളെല്ലാം കത്തിനശിച്ചു. ഏകദേശം അഞ്ചുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ സാജു പറഞ്ഞു. പതിനായിരത്തോളം രൂപ, ആധാരം, രേഖകൾ, ഫ്രിഡ്ജ്, പൂമാലകൾ, ഡെക്കേറേഷൻ ഐറ്റംസ്, ഫർണിച്ചർ എന്നിവ പൂർണമായും കത്തിനശിച്ചു. സമീപ കടകളിലേക്കു തീ പടർന്നില്ല. ഷോട് സർകിറ്റാണ് തീപ്പിടിത്തതിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. തകഴി, തിരുവല്ല എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയുടെ സഹായത്തോടെയാണ് തീയണച്ചത്. സീനിയർ അഗ്നിരക്ഷാ ഓഫീസർ ജിമ്മി ജോസഫ്, ഉദ്യോഗസ്ഥരായ ഷിജിമോൻ, സി.വി. വിനു, വിപിൻ, പ്രദീപ്, മനു, ആർ.എസ്. ബിനു, മുകേഷ്‌കുമാർ, എസ്. മുകേഷ്, സുധീഷ്, അനിൽകുമാർ, എടത്വാ സി.ഐ. എ. അൻവർ, എസ്.ഐ. റിജോ ജോയ്, പോലീസ് ഉദ്യോഗസ്ഥരായ എസ്. പ്രദീപ്, സുജിത്ത്, രതീഷ് എന്നിവർ നേതൃത്വം നൽകി.
