മൂലമറ്റം (ഇടുക്കി) : ഒപ്പമുണ്ടായിരുന്ന ’ആൾക്കൂട്ട’ത്തിന് വോട്ടില്ലാതെ പോയതുകൊണ്ടുമാത്രം തോറ്റുപോയ സ്ഥാനാർഥിയുടെ രസകരമായ കഥയുണ്ട് ഇടുക്കിയിൽ. പഴയ തലമുറക്കാരുടെ ഓർമ്മയിലിന്നും തീപാറുന്ന ആ പോരാട്ടമുണ്ട്. അതിലെ നായകൻ കോൺഗ്രസിന്റെ സമുന്നത നേതാവും മുൻ എം.എൽ.എയുമായ ഇ.എം. ആഗസ്തി. To advertise here, കഥയിങ്ങനെ: യൂത്ത് കോൺഗ്രസ് ആവേശം തലയ്ക്കുപിടിച്ച 70-കൾ. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തിരഞ്ഞെടുപ്പ്. ദേവികുളം മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് എസ്.സി. അയ്യാദുരൈയ്ക്ക് സീറ്റ് നിഷേധിച്ച് എൻ.കിട്ടപ്പ നാരായണസ്വാമിയെ പാർട്ടി നേതൃത്വം സ്ഥാനാർഥിയാക്കി. യൂത്തന്മാർ പ്രതിഷേധ കൊടുങ്കാറ്റുയർത്തി. കുമളിയിൽ യോഗം ചേർന്നു. അഞ്ച് മണ്ഡലങ്ങളിലും നാമനിർദേശപത്രിക സമർപ്പിക്കാൻ തീരുമാനിച്ചു. ഇടുക്കിയിൽ ഇ.എം. ആഗസ്തിക്കായിരുന്നു സ്ഥാനാർഥിത്വം. ആഗസ്തി പത്രികയും നൽകി. പിന്മാറാൻ പലവിധ ഉന്നത സമ്മർദമുണ്ടായി. ചുറ്റുമുണ്ടായിരുന്ന ചങ്ക്‌സ് ’വിട്ടുകൊടുക്കരുതെന്ന’ മന്ത്രവുമായി കൂടെനിന്നു. ആഗസ്തി അവർക്കൊപ്പം നിന്നു. പക്ഷേ, മറ്റ് നാല് മണ്ഡലങ്ങളിലും വിമതരാരും പത്രിക നൽകിയില്ല. അങ്ങനെ ഇടുക്കിയിലെ ആഗസ്തിയുടെ സവിശേഷ വിമതപോരാട്ടം ദേശീയ ശ്രദ്ധനേടി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുമളിയിലെത്തിയ ഇ.എം.എസ്. ആഗസ്തിയെ ചർച്ചയ്ക്ക് വിളിച്ചു. അന്നത്തെ പ്രാദേശിക സി.പി.എം. നേതാവ് എൻ. വാസുദേവനായിരുന്നു ഇടനില. യൂത്ത് നേതാവ് ടി.ജി. പുരുഷോത്തമൻനായർ അടക്കമുള്ളവരുമായി ഇ.എം.എസിനെ കണ്ടു. എന്തിനാണ് മത്സരിക്കുന്നതെന്ന് ഇ.എം.എസ്. ചോദിച്ചു. പ്രതിഷേധിക്കാനാണെന്ന് ആഗസ്തി പ്രതികരിച്ചു. ’ഞങ്ങൾ ജയിക്കാനാണ് മത്സരിക്കുന്നത്. ദേശീയ തലത്തിൽ കോൺഗ്രസും ഇന്ദിരാ ഗാന്ധിയും തോൽക്കും. പുതിയ സർക്കാർ വരും. കോവളത്തെ കോൺഗ്രസ് നേതാവ് നീലലോഹിതദാസൻ നാടാർ ഞങ്ങൾക്കൊപ്പമുണ്ട്. താത്പര്യമുണ്ടെങ്കിൽ...’ ഇ.എം.എസിന്റെ വാക്കുകൾ ഇപ്പോഴും ഓർമ്മയിൽ. അപ്പോൾ പറഞ്ഞ ദേശീയ രാഷ്ട്രീയത്തിന്റെ ഗൗരവമൊന്നും തനിക്ക് മനസ്സിലായില്ലെന്ന് ആഗസ്തി പറയുന്നു. അതുകൊണ്ടുതന്നെ പിന്തുണയും തേടിയില്ല. കേരള കോൺഗ്രസിന്റെ വി.ടി.സെബാസ്റ്റ്യനും ഇടതിന്റെ ജോൺ തോമസുമായിരുന്നു എതിരാളികൾ. യൂത്തിന്റെ തകർപ്പൻ പ്രചാരണം. ദിവസവും കോർണർ യോഗങ്ങൾ. രാത്രി വൈകിയും കാത്തുനിൽക്കുന്ന യൂത്ത് ആവേശക്കൂട്ടം. പി.പി. സുലൈമാൻ റാവുത്തറടക്കമുള്ള നേതാക്കൾ ഒപ്പമുണ്ടായി. സമാപന റാലിയിൽ പങ്കെടുത്തത് ആയിരങ്ങൾ. ഫലം വന്നു. 8000 വോട്ടിന് വി.ടി. ജയിച്ചു. ആഗസ്തിക്ക് ലഭിച്ചത് 10,000 വോട്ടുകൾ. കാരണം അന്വേഷിച്ചു. അന്ന് വോട്ടുചെയ്യാനുള്ള പ്രായം 21 ആയിരുന്നു. ആഗസ്തിയെ പിന്തുണച്ച ആൾക്കൂട്ടത്തിൽ ഭൂരിപക്ഷത്തിനും വോട്ടുണ്ടായിരുന്നില്ല. ഒരു വർഷം പാർട്ടിയിൽ നിന്നും പുറത്തായി. പിന്നീട് പൂർവാധികം ശക്തിയോടെ തിരിച്ചുവന്നു. ജില്ലാ കോൺഗ്രസിന്റെ അമരക്കാരനും എം.എൽ.എ.യുമായി. വികാരപരമായെടുത്ത അന്നത്തെ തീരുമാനം തെറ്റായിരുന്നു...ആഗസ്തി പറഞ്ഞു നിർത്തി. Content Highlights: The 1977 Idukki election rebel campaign by E.M. Augusty., The impact of the 21-year voting age limit on youth-led campaigns., Historical meeting between E.M. Augusty and E.M.S. Namboodiripad., Augusty's later political rise as a prominent Congress leader. Published: 26 Mar 2026, 08:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

എതിരാളി ജയിച്ചത് 8000-ത്തിന്റെ ഭൂരിപക്ഷത്തിൽ; ‘ആൾക്കൂട്ട’ത്തിന് വോട്ടില്ലാതെ പോയതിനാൽ തോറ്റ വിമതൻ
M
MathrubhumiSource Link
about 2 months ago