എന്താണ് റഷ്യയുടെ സ്വന്തം ഇന്റർനെറ്റ് ആയ റുനെറ്റ്? ഇന്റർനെറ്റ് പലതായി വിഭജിക്കപ്പെടുമോ?

എന്താണ് റഷ്യയുടെ സ്വന്തം ഇന്റർനെറ്റ് ആയ റുനെറ്റ്? ഇന്റർനെറ്റ് പലതായി വിഭജിക്കപ്പെടുമോ?

M
MathrubhumiSource Link
''റഷ്യയ്ക്ക് മാത്രമുള്ള വെബ്'' എന്ന ആശയമായ റുനെറ്റ് (Runet), 2026 ഫെബ്രുവരിയിൽ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു എന്നത് സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്ന, ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് വാസികൾക്ക് ഭീതിയുളവാക്കുന്ന വാർത്തയാണ്. സെൻസർഷിപ്പിന്റെയും നിയന്ത്രണത്തിന്റെയും അഭൂതപൂർവമായ ഒരു കാലമാണ് റഷ്യയിൽ ഇപ്പോൾ ആരംഭിച്ചിരിക്കുന്നത് എന്നതാണ് ഈ പേടിക്കു പിന്നിൽ. പല രാജ്യങ്ങളും, പ്രത്യേകിച്ച് സ്വേച്ഛാധിപത്യ സ്വഭാവമുള്ളവ, റഷ്യയുടെ പാത പിന്തുടർന്നാൽ അത്ഭുതപ്പെടേണ്ട. To advertise here, ആദ്യം റഷ്യയിൽ നടന്നത് എന്താണ് എന്ന് നോക്കാം: എഫ്.എസ്.ബി.ക്ക് ഇന്റർനെറ്റ് നിയന്ത്രിക്കാം ഫെബ്രുവരി 2026-ൽ ഒപ്പുവെച്ച ഒരു പുതിയ നിയമമാണ് ഫെഡറൽ സെക്യൂരിറ്റി സർവീസ് ഓഫ് ദ റഷ്യൻ ഫെഡറേഷന് (എഫ്.എസ്.ബി.) ഇന്റർനെറ്റ്, മൊബൈൽ സേവനദാതാക്കൾക്കുമേൽ പുതിയ അധികാരം നൽകിയിരിക്കുന്നത്. അതിൻപ്രകാരം എഫ്.എസ്.ബി.ക്ക് പ്രസിഡന്റിന്റെ നിർദേശം ലഭിച്ചാൽ എവിടെയും ഇന്റർനെറ്റ് പൂർണമായും നൽകാതിരിക്കുകയോ കുറച്ചു സേവനങ്ങളായി പരിമിതപ്പെടുത്തുകയോ ചെയ്യാം. ചുരുക്കിപ്പറഞ്ഞാൽ കടുത്ത ഗവൺമെന്റ് നിയന്ത്രണത്തിലുള്ള ഒരു ദേശീയ നെറ്റ്‌വർക്ക് ആയി മാറുകയാണ് റഷ്യയിലെ ഇന്റർനെറ്റ് അല്ലെങ്കിൽ റുനെറ്റ്. ഇതിന്റെ ആദ്യഘട്ടം ആരംഭിച്ചത് 2019-ലാണ്. അമേരിക്കൻ ആധിപത്യമുള്ള ഇന്റർനെറ്റിനെ ഘട്ടംഘട്ടമായി ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ആരംഭമായിരുന്നു അത്. തുടർന്നുള്ള വർഷങ്ങളിൽ ഐ.പി. അഡ്രസ്സുകളുടെ നിയന്ത്രണം ഗവൺമെന്റ് പറഞ്ഞാൽ അനുസരിക്കുന്ന ചില പ്രൊവൈഡർമാർക്കു മാത്രമായി പരിമിതപ്പെടുത്തി. ദേശീയ ഡൊമെയ്ൻ നെയിം സിസ്റ്റവും കൊണ്ടുവന്നു. ഇതോടെ ഇഷ്ടാനുസരണം ഇന്റർനെറ്റ് നിയന്ത്രിക്കലും പൂർണമായും ഷട്ട്ഡൗൺ നടത്തലും ഒക്കെ കൂടുതൽ എളുപ്പമായി. ദേശീയ സുരക്ഷ, തീവ്രവാദം തുടങ്ങിയവയ്ക്ക് വഴിവെക്കും എന്നിങ്ങനെയുള്ള ആരോപണങ്ങൾ ഉന്നയിച്ച് സ്വതന്ത്ര മാധ്യമങ്ങൾ എന്ന് വിളിക്കാവുന്ന വെബ്‌സൈറ്റുകളെ പറ്റംപറ്റമായി റഷ്യ ബ്ലോക്ക് ചെയ്തുവരികയായിരുന്നു. ഇതിൽ മൊത്തം അതാര്യതയാണുള്ളതെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് (Human Rights Watch) തുടങ്ങിയ സംഘടനകൾ പറഞ്ഞിരുന്നു. ട്രാഫിക് മോണിറ്ററിങ്, പ്രാദേശികമായി ഡേറ്റ ശേഖരിച്ചുവെക്കുക, കിൽ-സ്വിച്ച് ശേഷി തുടങ്ങിയവയാണ് റുനെറ്റിന്റെ ചില സവിശേഷതകൾ. സ്പ്ലിന്റർനെറ്റ് യുഗം ആഗോളതലത്തിൽ വൈവിധ്യമാർന്ന സംസ്കാരങ്ങളും ഭാഷകളും എല്ലാം കൂടിക്കലർന്ന് ഒഴുകിയിരുന്ന ഇന്റർനെറ്റിനെ, ലോകത്തിലെ ഓരോ രാജ്യവും അതിന്റെ പരിധിയിലുള്ള കാര്യങ്ങൾ മാത്രം പേറുന്ന ഒന്നായി പരിമിതപ്പെടുത്തിയാൽ എങ്ങനെയിരിക്കും? അതും അധികാരികൾക്ക് ഇഷ്ടമുള്ള വിവരങ്ങൾ മാത്രമേ നൽകൂ എങ്കിലോ? അത്തരത്തിൽ പ്രാദേശിക താല്പര്യങ്ങൾ മുൻനിർത്തി രൂപപ്പെട്ടേക്കാവുന്ന കൊച്ചു ഇന്റർനെറ്റ് സംവിധാനത്തെയാണ് സ്പ്ലിന്റർനെറ്റ് എന്ന് വിളിക്കുന്നത്. അന്താരാഷ്ട്രതലത്തിൽ നാം കണ്ടുപരിചയിച്ച ഇന്റർനെറ്റ് എന്ന വിവരപ്രളയത്തിൽനിന്ന് വേറിട്ടുനിൽക്കുന്ന കുളങ്ങളാണ് സ്പ്ലിന്റർനെറ്റ്. ദേശീയ നിയമങ്ങൾ, രാഷ്ട്രീയം, കോർപ്പറേറ്റ് സംവിധാനങ്ങൾ തുടങ്ങിയവ ഒക്കെയായിരിക്കും ഇത്തരം മിനി ഇന്റർനെറ്റുകളെ നിയന്ത്രിക്കുക. പക്ഷേ, അതിനും അപ്പുറത്തുള്ള നിയന്ത്രണങ്ങളാണ് റുനെറ്റിലുള്ളത് എന്ന് വിദഗ്ധർ പറയുന്നു. റുനെറ്റ് ഏകദേശം പൂർണമായും റഷ്യ-കേന്ദ്രീകൃതമാണ് റുനെറ്റ്. റഷ്യൻ അധികാരികൾ അത് നിയന്ത്രിക്കും. തങ്ങൾക്ക് ഭീഷണിയേക്കാമെന്നു തോന്നുന്ന വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യും. രാജ്യത്തിന്റെ സ്ഥിരതയ്ക്ക് വേണ്ടിയെന്നു പറഞ്ഞ് ആഗോള ഇന്റർനെറ്റുമായുള്ള ബന്ധം വിച്ഛേദിച്ചുകൊണ്ടിരിക്കുകയാണ് റഷ്യ ഇപ്പോൾ. ഈ വർഷം ഫെബ്രുവരി പകുതിയോടെതന്നെ വാട്‌സാപ്പ്, യൂട്യൂബ്, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ പടിഞ്ഞാറൻ സമൂഹമാധ്യമങ്ങളുടെ റഷ്യയിലെ പ്രവർത്തനം പൂട്ടിച്ചുകഴിഞ്ഞു. അവയെ ദേശീയ ഡി.എൻ.എസിൽനിന്ന് നീക്കം ചെയ്തു. അവയുടെ ഐ.പി. റേഞ്ചുകളും ബ്ലോക്ക് ചെയ്തു. ഇത് റഷ്യയിലെ 100 ദശലക്ഷം ഉപയോക്താക്കളെ ബാധിച്ചു. വൈറ്റ്‌ലിസ്റ്റ് റഷ്യയിൽ പ്രവർത്തനാനുമതിയുള്ള ആപ്പുകളെക്കുറിച്ചുള്ള 'വൈറ്റ്‌ലിസ്റ്റ്' പ്രസിദ്ധീകരിക്കാനാണ് അധികാരികൾ ഒരുങ്ങുന്നത്. റഷ്യൻ സഹോദരരായ പാവെൽ ഡ്യൂറോവ്, നിക്കൊളായ് ഡ്യൂറോവ് എന്നിവർ ചേർന്ന് സ്ഥാപിച്ച ടെലഗ്രാം ഫെബ്രുവരിയിൽ റഷ്യയിൽ ഭാഗികമായി പ്രവർത്തിക്കുന്നുണ്ടായിരുന്നു. എന്നാൽ, ഇതും പിന്നീട് പലർക്കും കിട്ടാതായിത്തുടങ്ങി എന്ന് ഉപയോക്താക്കൾ ഫെബ്രുവരിയിൽതന്നെ അറിയിച്ചുതുടങ്ങിയിരുന്നു. സമൂഹമാധ്യമങ്ങൾ ക്രമേണ ബ്ലോക്ക് ചെയ്യുമെന്നും, പ്രവർത്തനാനുമതിയുള്ളവയുടെ വൈറ്റ് ലിസ്റ്റ് ഏപ്രിലിൽ പ്രസിദ്ധീകരിക്കുമെന്നുമാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഗവൺമെന്റ് ആപ്പുകളിലേക്ക് മാറാൻ സമ്മർദ്ദം റഷ്യൻ ഗവൺമെന്റുമായി ബന്ധമുള്ള ആപ്പുകൾ ഉപയോഗിച്ചു തുടങ്ങാൻ ആ രാജ്യത്തെ പൗരന്മാരെ നിർബന്ധിച്ചുതുടങ്ങി. ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത് റഷ്യയിലെ മിക്ക ജനപ്രീതിയുള്ള സമൂഹമാധ്യമങ്ങളും ഇതിനോടകം നിരോധിക്കപ്പെട്ടുകഴിഞ്ഞു എന്നാണ്. നിരോധനത്തെ മറികടക്കാൻ റഷ്യക്കാർ പ്രയോജനപ്പെടുത്തിവന്ന പല ടൂളുകളും ഇപ്പോൾ പ്രവർത്തനരഹിതമായി എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. പകരം സംവിധാനം വേണമെന്നുള്ളവർക്ക് ഗവൺമെന്റ് നിയന്ത്രണത്തിലുള്ള ആപ്പുകളെ ആശ്രയിച്ചേ മതിയാകൂ എന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിക്കഴിഞ്ഞു. ഇങ്ങനെ, ഓൺലൈനിൽ നടക്കുന്ന സംഭാഷണങ്ങളും, ഡേറ്റയും ഗവൺമെന്റിന് നേരിട്ട് പരിശോധിക്കാൻ സാധിക്കുന്ന രീതിയിലേക്ക് എത്തിക്കാനാണ് ശ്രമമത്രേ. പരിമിതകാല ഇന്റർനെറ്റ് നിയന്ത്രണം എന്ന ആശയത്തിന് അപ്പുറത്തേക്ക് അധികാരികളുടെ ഇഷ്ടാനുസരണം ചില പ്രദേശങ്ങളിൽ മാത്രമായോ രാജ്യം മുഴുവനായോ ഇന്റർനെറ്റിന്റെ പ്രവർത്തനം ഭാഗികമായോ പൂർണമായോ അവസാനിപ്പിക്കാമെന്നത് ലോകത്ത് എവിടെയും സംഭവിക്കാവുന്ന കാര്യമാണ്. റഷ്യയിൽ ഉക്രെയ്നിന്റെ സമീപപ്രദേശത്തുള്ളവർക്ക് ഇടയ്ക്കിടയ്ക്കോ, ദീർഘകാലത്തേക്കോ ഉള്ള ഇന്റർനെറ്റ് നിരോധനം സഹിക്കേണ്ടതായി വന്നിരുന്നു. ഇത് യുദ്ധ ഡ്രോണുകൾ സംരക്ഷിക്കാനാണെന്നും, അതിർത്തിക്കപ്പുറത്തുനിന്നുള്ള ആക്രമണങ്ങൾ ചെറുക്കാനാണെന്നും ഒക്കെയായിരുന്നു ഗവൺമെന്റ് നൽകിവന്ന വിശദീകരണങ്ങൾ. എന്നാലിപ്പോൾ 2026 മാർച്ചിന്റെ ആദ്യവാരങ്ങളിൽ മോസ്‌കോയിലും, സെന്റ് പീറ്റേഴ്‌സ്ബർഗിലുമുള്ളവരും ഇന്റർനെറ്റ് നിരോധനം നേരിടുന്നതായി പറയുന്നു. വൈറ്റ്‌ലിസ്റ്റിലുള്ള ആപ്പുകളും സേവനങ്ങളും മാത്രമാണ് ഇപ്പോൾ പലർക്കും ലഭിക്കുന്നത് എന്ന് ബ്ലൂംബെർഗിന്റെ റിപ്പോർട്ടിൽ പറയുന്നു. നാവിഗേഷൻ, പണക്കൈമാറ്റം, ദൈനംദിന ആവശ്യങ്ങൾക്കുള്ള ആപ്പുകൾ തുടങ്ങിയവയ്ക്കുള്ള സംവിധാനങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പുതിയ സുരക്ഷാനടപടികളുടെ ഭാഗമാണ് ഇത് എന്നും, അതല്ല റൂനെറ്റ് വഴി ഏർപ്പെടുത്താവുന്ന പുതിയ നിയന്ത്രണങ്ങളുടെ തത്സമയ പരീക്ഷണമാണ് ഇപ്പോൾ നടക്കുന്നതെന്നും വാദങ്ങളുണ്ട്. ഡിജിറ്റൽ ഇരുമ്പുമറ ആഗോളതലത്തിലെ സ്വച്ഛന്ദവിഹാരിയായ ഇന്റർനെറ്റിനെ രാജ്യം ഒരു ഇരുമ്പു കർട്ടൻ വെച്ച് മറയ്ക്കുന്നതിന്റെ കാഴ്ചയാണ് ഇപ്പോൾ റഷ്യയിൽ കാണാനാകുന്നത്. ഘട്ടംഘട്ടമായാണ് ഇത് നടപ്പിൽ വരുത്തുന്നത്. പല പ്രമുഖ പ്ലാറ്റ്‌ഫോമുകളും റഷ്യയിൽ ഇതിനകം പ്രവർത്തനരഹിതമായി കഴിഞ്ഞു. പുറംലോകവുമായി ബന്ധപ്പെടാൻ ചിലരെങ്കിലും പ്രയോജനപ്പെടുത്തിവന്ന വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകളും (വി.പി.എൻ.) റൂനെറ്റിൽനിന്ന് പിഴുതെറിഞ്ഞിരിക്കുന്നു. ഇതെല്ലാം മൂലം റഷ്യക്കാർക്ക് പക്ഷപാതരഹിതമെന്നു വിശേഷിപ്പിക്കാവുന്ന വാർത്തകളും വിവരങ്ങളും ലഭിക്കുന്നില്ലെന്ന്‌ ഉറപ്പിക്കാനാണ് ഗവൺമെന്റ് ശ്രമിക്കുന്നതത്രേ. ഗവൺമെന്റിന്റെ പ്രചാരവേലകളാണ് ആധികാരിക വിവരം എന്ന നിലയിൽ നൽകാൻ ശ്രമിക്കുന്നത് എന്നും ആരോപണമുണ്ട്. ലോകമെമ്പാടുമുള്ള പല ഗവൺമെന്റുകളും ചില അന്താരാഷ്ട്ര വെബ്‌സൈറ്റുകളും സേവനങ്ങളും തങ്ങളുടെ അധികാരപരിധിയിൽ പ്രവർത്തിപ്പിക്കാതെ സെൻസർ ചെയ്യുന്നുണ്ട്. എന്നാൽ, 2026 ഫെബ്രുവരി മുതൽ റഷ്യയിൽ ഇന്റർനെറ്റിന്റെ പ്രവർത്തനത്തിന് വേണ്ട അടിസ്ഥാനസൗകര്യങ്ങളടക്കം ഗവൺമെന്റ് കൈയടക്കിക്കൊണ്ടിരിക്കുകയാണ്. ഇത് പൂർത്തിയായാൽ ചില സ്ഥലങ്ങളിൽ മാത്രം ഇന്റർനെറ്റ് പ്രവർത്തിപ്പിക്കാൻ ഗവൺമെന്റിന് സാധിക്കുമെന്ന് സി.എൻ.എന്നിന്റെ റിപ്പോർട്ടിൽ പറയുന്നു. വി.പി.എൻ. നിയന്ത്രണത്തെ മറികടക്കാൻ ഉപയോഗിക്കാവുന്ന വി.പി.എൻ. ആപ്പുകൾ നിരോധിച്ചുവരികയാണ് റഷ്യ. എന്നാൽ, എല്ലാ വി.പി.എൻ. സേവനദാതാക്കളെയും റഷ്യ നിരോധിച്ചിട്ടില്ലെന്നാണ് വിവരം. പക്ഷേ, പലതിന്റെയും പ്രവർത്തനം ആശ്രയിക്കാവുന്ന രീതിയിലല്ലെന്നും പറയുന്നു. റുനെറ്റ് പോലെയുള്ള സംവിധാനങ്ങൾ മറ്റു രാജ്യങ്ങളിലുണ്ടോ? ഉണ്ട്. ഏതാനും രാജ്യങ്ങളിൽ മാത്രമാണ് അവ ഇപ്പോൾ ഉള്ളത്. മ്യാന്മർ, ക്യൂബ, നോർത്ത് കൊറിയ, ചൈന, ഇറാൻ എന്നിവയാണ് എടുത്തുപറയത്തക്ക ഗൗരവമുള്ള ഇന്റർനെറ്റ് നിയന്ത്രണങ്ങൾ ഇപ്പോൾ ഉള്ള രാജ്യങ്ങൾ. ചൈനയുടെ ഗ്രേറ്റ് ഫയർവാൾ, ഇറാന്റെ നാഷണൽ ഇൻഫർമേഷൻ നെറ്റ്‌വർക്ക് എന്നിവ റുനെറ്റിനെ അനുസ്മരിപ്പിക്കുന്നു. മറ്റു രാജ്യങ്ങൾ ഇത്തരം സംവിധാനങ്ങൾ കൊണ്ടുവരുമോ? ഓരോ രാജ്യത്തിനും അകത്തുമാത്രം പ്രവർത്തിക്കുന്ന 'സ്വതന്ത്ര ഇന്റർനെറ്റ്', അല്ലെങ്കിൽ സ്പ്ലിന്റർനെറ്റ് എന്ന ആശയം കൂടുതൽ കൂടുതൽ രാജ്യങ്ങൾ ഇഷ്ടം പ്രകടിപ്പിച്ചേക്കാമെന്നുതന്നെയാണ് വിശ്വസിക്കപ്പെടുന്നത്. ടർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾക്ക് പല ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകളെയും നിരോധിച്ച ചരിത്രമുണ്ട്. ജനാധിപത്യത്തിന് ഊന്നൽ നൽകുന്ന രാജ്യങ്ങളായ ഓസ്‌ട്രേലിയയും, ഫ്രാൻസും പോലും ഇന്റർനെറ്റിനുമേൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തണോ എന്ന കാര്യം പരിഗണിക്കുന്നുണ്ട്. എന്തിനാണ് ഇത് ചെയ്യുന്നത്? രാഷ്ട്രീയപരമായ ആവശ്യങ്ങൾക്ക് ഇത് പ്രയോജനപ്പെടുത്താം. എതിരഭിപ്രായങ്ങൾ പ്രചരിക്കുന്നില്ലെന്ന് ഉറപ്പുവരുത്താം. സൈബർ സുരക്ഷക്കായി സ്പ്ലിന്റർനെറ്റ് പ്രയോജനപ്പെടുത്താം എന്നത് നല്ല കാര്യമായി കണക്കാക്കപ്പെടുന്നു. രാജ്യത്തിനുനേരെ ആക്രമണമുണ്ടായാൽ അന്താരാഷ്ട്ര ഇന്റർനെറ്റിലേക്കുള്ള പാലം വലിക്കാം. മറ്റൊരു പ്രധാന കാര്യം ഡിജിറ്റൽ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. മറ്റു രാജ്യങ്ങളുടെ ആശയങ്ങളും മറ്റും പ്രചരിപ്പിക്കേണ്ട എന്ന തീരുമാനം. സാമ്പത്തികമായും ഇത് ഗുണം ചെയ്യാം. രാജ്യങ്ങൾക്ക് പ്രാദേശിക പ്ലാറ്റ്‌ഫോമുകൾക്ക് കൂടുതൽ പ്രാധാന്യം നൽകി പ്രവർത്തിപ്പിക്കാം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എന്താണ് റഷ്യയുടെ സ്വന്തം ഇന്റർനെറ്റ് ആയ റുനെറ്റ്? ഇന്റർനെറ്… | Boolokam