എന്തോ മുന്നിൽക്കാണുന്നത് പോലെ കൈകൾ കോർത്ത് പിടിച്ച് അപരിചിതരായ അവരിരുവരും നടന്നുകൊണ്ടിരുന്നു!

എന്തോ മുന്നിൽക്കാണുന്നത് പോലെ കൈകൾ കോർത്ത് പിടിച്ച് അപരിചിതരായ അവരിരുവരും നടന്നുകൊണ്ടിരുന്നു!

M
MathrubhumiSource Link
കൂർഗിൽ ട്രെക്കിങ്ങിനിടെ കാണാതായ മലയാളി ശരണ്യയെ നാലാംനാൾ കണ്ടെത്തിയ വാർത്തകളാണല്ലോ ഇപ്പോൾ ചൂട് പിടിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് വാർത്തകൾക്കിടയിലും സാമൂഹികമാധ്യമങ്ങൾ അത് ആഘോഷിക്കുകയാണല്ലോ. സ്‌നിഫർ ഡോഗുകളുടെയും ഡ്രോണുകളുടെയും സഹായത്തോടെ നടത്തിയ വൻതിരച്ചിലിനൊടുവിലാണ് ആ പെൺകുട്ടിയെ കണ്ടെത്തിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. അതെന്തായാലും ആശ്വാസം പകരുന്ന വാർത്ത തന്നെയാണ്. To advertise here, മൂന്ന് രാത്രികളും രണ്ട് പകലുകളും എങ്കിലും കാട്ടിനുള്ളിൽ ഒറ്റയ്ക്ക് കഴിഞ്ഞ ആ പെൺകുട്ടിയുടെ അതിസാഹസികമായ അതിജീവനത്തിന്റേയും കുലുങ്ങാത്ത മനസ്ഥൈര്യത്തിന്റേയും വാഴ്ത്തുക്കളാണ് എമ്പാടും. വനംവകുപ്പുകാർ ശട്ടംകെട്ടിയിരുന്ന നിഷ്‌കർഷകൾക്ക് വിപരീതമായി കാട്ടാനകളും പുലിയുൾപ്പടെ മാംസഭുക്കുകളും ഇഴജന്തുക്കളും വിഹരിക്കുന്ന കാട്ടിൽ ഒറ്റയ്ക്ക് വഴിമാറി നടന്നു എന്ന് പറയുന്ന ആ പെൺകുട്ടിയുടെ പ്രവൃത്തിയിലെ ശരിതെറ്റുകളിലേയ്ക്ക് ഞാനിവിടെ വ്യാപരിക്കുന്നില്ല. അതുപോലെ തന്നെ അവരെ കണ്ടെത്താനായി സർക്കാർ വിനിമയിച്ച വൻചെലവുകളെക്കുറിച്ചും ഇവിടെ വിവക്ഷയില്ല. മൂന്ന് നാല് ദിവസത്തേക്കാണെങ്കിലും അവളുടെ തിരോധാനം പ്രിയപ്പെട്ടവരിൽ ഏൽപ്പിച്ചിരിക്കാവുന്ന കൊടിയ വേദനയും മാനസികാഘാതവും ഓർക്കാതേയും വയ്യ.. ഞാൻ ഇവിടെ വിവരിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങൾക്ക് യാതൊരു ആധികാരികതയോ ശാസ്ത്രത്തിന്റെ പിൻബലമോ അവകാശപ്പെടുന്നില്ല. പറഞ്ഞ് കേട്ടതും എന്നാൽ തീർത്തും ചില മനുഷ്യരുടെ വിചിത്രമായ മാനസിക വ്യാപാരങ്ങളിൽ എപ്പോഴോ സംഭവിച്ച് പോയതുമായ കാര്യങ്ങളാണ് ഇവിടത്തെ പ്രതിപാദ്യം. ഇനി പറയുന്ന സംഭവങ്ങളിൽ സ്ഥലങ്ങളുടേയും വ്യക്തികളുടേയും വിവരങ്ങൾ വെളിപ്പെടുത്താത്തത് മനപൂർവ്വം തന്നെയാണ്. എന്നിരുന്നാലും പാരായണ ക്ഷമതയ്ക്കായി ചില സാങ്കല്പികമായ പേരുകൾ ഇവിടെ പറഞ്ഞ് പോകുന്നുവെന്ന് മാത്രം. ഇരുപത്തഞ്ച് കൊല്ലങ്ങൾക്കെങ്കിലും മുൻപ് പത്തനംതിട്ട ജില്ലയിലെ ശബരിമലയ്ക്കടുത്തുള്ള ഒരു ഫോറസ്റ്റ് സ്റ്റേഷനിൽ നടന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥനായ ഒരു അനുഭവസ്ഥൻ (നമുക്ക് അയാളെ പ്രകാശ് എന്ന് വിളിക്കാം) എന്നോട് എറണാകുളത്തേയ്ക്കുള്ള ഒരു യാത്രയിൽ പങ്ക് വച്ചതാണിത്. പലപ്പോഴും കാട്ടിൽ വഴി പിണഞ്ഞ് പോകുന്നത് ലേശം ശ്രദ്ധക്കുറവുണ്ടെങ്കിൽ ഒരാൾക്ക് മാത്രം സംഭവിക്കുന്ന അബദ്ധമല്ല എന്നാണ് പ്രകാശ് പറഞ്ഞത്. അവരുടെ സ്റ്റേഷനിൽ തന്നെ അടുത്തടുത്തായി ഉണ്ടായ രണ്ട് സംഭവങ്ങളാണ് അയാൾ ഇതിന് ഉദാഹരണമായി പറഞ്ഞത്. ഒരിക്കൽ ബീറ്റ് സഞ്ചാരത്തിനിടെ കണമലയ്ക്കടുത്ത് കമ്പകത്തിൻ വളവ് എന്ന സ്ഥലത്തുവച്ച് ഒരു മാർച്ച് മാസത്തിൽ പ്രകാശും ഫോറസ്റ്ററും ഉൾപ്പെടുന്ന നാലംഗ വനപാലക സംഘം അറിയാതെ ഒരു കാട്ടാനയുടെ മുന്നിൽ പെട്ടുപോകുകയായിരുന്നു. സ്ഥിരം ഫീൽഡ് ഡ്യൂട്ടിക്ക് പോകുന്ന സ്ഥലമാണെങ്കിലും മുളങ്കാടിനുള്ളിൽ അനങ്ങാതെ നിന്ന ആ ഒറ്റയാന്റെ കൊലവിളിയും തവിട്ടുനിറമുള്ള ഒരു വലിയ പന്തിന്റെ രൂപത്തിൽ അത് വാലും പൊക്കി ഓടിയെത്തുന്നതും കണ്ട അവർ ജീവനും കൊണ്ട് നാല് വശത്തേയ്ക്കും ചിതറിയോടി. എന്നാൽ ഭാഗ്യത്തിന് അപകടമൊന്നും ഉണ്ടായില്ല. കാട്ടാന പോയിക്കഴിഞ്ഞു എന്ന് ഉറപ്പായപ്പോൾ ഒരു തേന്മാവിന്റെ ശിഖരത്തിൽ അള്ളിപ്പിടിച്ച് കയറിയിരുന്ന പ്രകാശ് ആദ്യം അത്ഭുതപ്പെട്ടത് താനെങ്ങനെ മരത്തിൽ അത്രയും ഉയരത്തിലുള്ള മരത്തിലേയ്ക്ക് കയറിപ്പറ്റി എന്നതായിരുന്നു. കാരണം അയാൾക്ക് മരംകയറ്റം തീരെ വശമുണ്ടായിരുന്നില്ല എന്നത് തന്നെ. മരണവെപ്രാളത്തിൽ ആ വിദ്യ എങ്ങനെയാണ് പെട്ടെന്ന് സ്വായത്തമായതെന്ന് ഇന്നുപോലും മരം കയറാനറിയാത്ത അയാൾ അത്ഭുതപ്പെടുന്നു. അവിടെയിരുന്ന് ഉച്ചത്തിൽ കൂകി നോക്കിയെങ്കിലും പ്രതികരണമൊന്നും ഉണ്ടാകാത്തപ്പോൾ പതിനഞ്ച് അടിയെങ്കിലും ഉയരത്തിലിരുന്ന അയാൾ വല്ല വിധേനയും മരത്തിന്റെ കാണ്ഡത്തിലൂടെ അള്ളിപ്പിടിച്ച് താഴെയിറങ്ങി. മരത്തടിയിൽ നെഞ്ചുരഞ്ഞ് ഇറങ്ങുമ്പോൾ കാക്കിയുടുപ്പിലെ കുടുക്കുകൾ എല്ലാം പറിഞ്ഞ് പോകുകയും ദേഹത്ത് ചോര കിനിയുകയും ഒക്കെ ചെയ്തു. എന്നാൽ അതൊന്നും വകവയ്ക്കാതെ അയാൾ ഉച്ചത്തിൽ കൂകിയാർത്ത് കൊണ്ടിരുന്നു. തന്റെ ഒച്ച കേൾക്കുമ്പോൾ സംഘാംഗങ്ങളുടെ മറുകൂവലിന് പകരം കാട്ടാനയാകുമോ വീണ്ടും അന്വേഷിച്ച് വരിക എന്നും അയാൾക്കപ്പോൾ പേടി തോന്നാതിരുന്നില്ല! കാട്ടാനക്കൂട്ടം | Photo: Mathrubhumi Archives അതെന്തായാലും അടുത്തുള്ള ഒരു പാറക്കൂട്ടത്തിന് മുകളിൽ കയറി ഒളിച്ചിരുന്ന ഫോറസ്റ്ററാണ് ആദ്യം തിരികെ കൂകിയത്. കാട്ടിനുള്ളിൽ വഴി പിണഞ്ഞ് പോയാൽ ഉദ്യോഗസ്ഥർ സ്ഥിരമായി ചെയ്യുന്നതാണത്. അദ്ദേഹം കയറിയിരുന്ന പാറക്കൂട്ടത്തിന് താഴെ ചുവടുറപ്പിച്ച ആ കാട്ടുകൊമ്പൻ പലപ്രാവശ്യം തുമ്പിയുയർത്തി ഗന്ധം പിടിക്കുന്നുണ്ടായിരുന്നത്രേ! കയറാനാകാതെ വലിയ പാറയ്ക്ക് ചുറ്റിനും മൂന്നുനാല് വട്ടം നടന്ന് അല്ലറച്ചില്ലറ പരാക്രമങ്ങൾ കാണിച്ചതിന് ശേഷമാണ് അവൻ നിരാശനായി പിൻവാങ്ങിയതെന്ന് പറയുമ്പോഴും അദ്ദേഹത്തിന്റെ ശ്വാസോച്ഛ്വാസമോ ഹൃദയമിടിപ്പോ പൂർവ്വസ്ഥിതിയിൽ ആയിരുന്നില്ല. എന്തായാലും പിന്നെ അവരിരുവരും ചേർന്നായി കൂക്കിവിളി. മറ്റ് രണ്ടുപേരേയും കണ്ടെത്തി കൂട്ടത്തിൽ ചേർത്തപ്പോഴാണ് അവർക്ക് ഒരു കാര്യം മനസ്സിലായത്. സ്ഥിരം സഞ്ചരിക്കുന്നതും വർഷാവർഷം കാട്ടിൽ തെളിക്കുന്നതുമായ ട്രക്ക് പാത്തുകളിൽ നിന്നും ഫയർ ലൈനുകളിൽ നിന്നും ഒക്കെ ഏറെ അകലെ എവിടെയോ ആണ് തങ്ങളെന്ന്! പറയുമ്പോൾ അവർ നാല് ആണുങ്ങളാണ്. വനപാലകരുമാണ്. പോരാത്തതിന് പട്ടാപ്പകലാണ് സംഭവം അരങ്ങേറിയിരിക്കുന്നതും. പക്ഷേ, പലയിടത്തും തലപ്പൊക്കം വളർന്ന് മുറ്റി കാഴ്ച മറച്ചിരിക്കുന്നതും ഉണങ്ങിത്തുടങ്ങിയതുമായ കമ്മ്യൂണിസ്റ്റ് പച്ചയും അരിപ്പൂച്ചെടിയും ഇടതിങ്ങിയ പൊന്തക്കാടുകൾ വകഞ്ഞ് മാറ്റിയും കൂക്കിവിളിച്ചും നടന്ന അവർ മുന്നോട്ട് നടന്നുകൊണ്ടിരുന്നു. രാവിലെ യാത്ര തിരിച്ച് ഉച്ചയോടെ മടങ്ങിയെത്തുമെന്ന് കരുതിയിരുന്നതിനാൽ പ്രത്യേകിച്ച് ആഹാരം ഒന്നും അവരാരും കരുതിയിരുന്നില്ല. കൂടെ കരുതിയിരുന്ന രണ്ട് കുപ്പി വെള്ളം തീർന്നതും പെട്ടെന്നായിരുന്നു. വേനൽക്കാലം ആയതിനാൽ കാട്ടിലെ മിക്ക ചോലകളും വറ്റിവരണ്ടിരുന്നു. നാലുപേരും ഒരുമിച്ച് ഉള്ളതിനാൽ വലിയ ഭയമൊന്നും തോന്നിയില്ലെങ്കിലും പുറത്തേയ്ക്കുള്ള വഴിതേടി നിരന്തരം അലഞ്ഞ് തളർന്നപ്പോൾ വല്ലാത്തൊരു മാനസിക നിലയിലായിപ്പോയി തങ്ങളെന്നാണ് പ്രകാശ് പറഞ്ഞത്. വഴിയന്വേഷിച്ചു നടന്ന് ഉച്ച കഴിഞ്ഞ് മൂന്നുമണിയെങ്കിലും ആയിക്കാണണം. വല്ലാത്തൊരു ഏടാകൂടത്തിലാണ് തങ്ങൾ ചെന്ന് ചാടിയിരിക്കുന്നതെന്ന് അപ്പോഴാണ് അവർക്ക് ശരിക്കും മനസ്സിലായത്. മാസങ്ങൾക്ക് മുൻപ് ഫയർ ലൈനുകൾ തെളിക്കുന്ന സമയം ആയിരുന്നെങ്കിൽപ്പോലും ഒരുപക്ഷേ അവരുടെ കൂവലുകൾ കാട്ടിനകത്ത് പണിയിൽ ഏർപ്പെട്ടിരുന്ന ആരെങ്കിലുമൊക്കെ കേട്ടേനേ. അപ്പോഴാണ് അൻപത് കഴിഞ്ഞ പ്രായോഗികമതിയായ ആ ഫോറസ്റ്റർ ഇളമുറക്കാരോട് ഇങ്ങനെ പറഞ്ഞത്. 'നമ്മൾ വെറുതെ കിടന്ന് വെപ്രാളപ്പെട്ടതുകൊണ്ട് കാര്യമില്ല. ഒരുകാര്യം ചെയ്യാം. ആരെങ്കിലും ഒരാൾ നല്ല ഉയരമുള്ള ഒരു മരത്തിൽ കയറണം. ബാക്കിയുള്ളവർ അതിന് താഴെ മിണ്ടാതെ നിൽക്കണം. ഇടയ്‌ക്കെങ്കിലും സ്റ്റേഷന് മുന്നിലുള്ള റോഡിലൂടെ പമ്പയ്ക്ക് പോകുന്ന വണ്ടികളുടെ ശബ്ദം കേൾക്കാതിരിക്കില്ല. നമുക്ക് കാതോർത്തിരിക്കാം.' 'ഏതെങ്കിലും വണ്ടിയുടെ ശബ്ദം കേട്ടാൽ ആ ദിശ നോക്കി നമുക്ക് നടക്കാം. ശ്രദ്ധിച്ചാൽ കേൾക്കാൻ പറ്റുമെന്ന് ഉറപ്പാണ്. കാരണം നമ്മളെന്തായാലും അത്രയ്ക്ക് കാട്ടിനുള്ളിലേയ്ക്ക് കടന്നിട്ടില്ല. റോഡിൽ എത്തിയാൽപ്പിന്നെ എവിടെയാണെങ്കിലും ഏതെങ്കിലും വീട്ടിൽ കയറി സ്റ്റേഷനിലേക്ക് വിളിപ്പിക്കാം.' (അന്ന് ലാൻഡ് ഫോണുകൾ മാത്രമുണ്ടായിരുന്ന കാലമായിരുന്നുവെന്ന് ഓർക്കുമല്ലോ.) അത്രനേരവും മരത്തിൽ പത്ത് പതിനഞ്ചടി ഉയരത്തിൽ കയറിയിരിക്കുകയായിരുന്നെങ്കിലും അത് എങ്ങനെ സാധിച്ചു എന്ന് പോലും അറിയാതിരുന്ന പ്രകാശിന്റെ വിഷമസ്ഥിതി കണ്ട് ബോധ്യപ്പെട്ട് കൂട്ടത്തിലൊരാൾ ആ ദൗത്യം ഏറ്റെടുത്തു. മരം കയറ്റം വശമുണ്ടായിരുന്ന അയാൾ ഉടനെ തന്നെ അടുത്ത് കണ്ട ഒരു മരുതി മരത്തിന്റെ മുകളിലേയ്ക്ക് കയറി. ബാക്കിയുള്ളവർ പ്രാർഥനാനിർഭരമായ മനസ്സുമായി താഴെയും. അവരുടെ കാത്തിരിപ്പ് വിഫലമായില്ല. അതാ, കാത്തിരിപ്പിനൊടുവിൽ ഒരു വണ്ടി പോകുന്ന ഒച്ച! തുടർന്ന് ദിക്കിലേയ്ക്കായി ആ നാൽവർ സംഘത്തിന്റെ കുതിപ്പ്. മുള്ള് തിങ്ങിയ പൊന്തക്കാട്ടിലൂടെ ഊർന്നും പാറക്കൂട്ടങ്ങളിലൂടെ നിരങ്ങിയിറങ്ങിയും കൂർത്തകല്ലുകളിൽ ചവിട്ടിയും വല്ലവിധേനയും റോഡെത്തിയപ്പോഴാണ് സഹപ്രവർത്തകരായ ആ സുഹൃത്തുക്കൾക്ക് ശബരിമല ധർമ്മശാസ്താവിന്റെ വില ശരിക്കും മനസ്സിലായത് എന്ന് സാരം! അതേ സ്റ്റേഷനിൽത്തന്നെയാണ് മാസങ്ങൾക്ക് മുമ്പൊരു ദിവസം രണ്ട് പേരെ ഒരുമിച്ച് കാണാതായതും. അതും ഒരു പുരുഷനേയും സ്ത്രീയേയും. പോരേ പൂരം! പക്ഷേ, പ്രസ്തുത പുരുഷകേസരിയും മഹിളാമണിയും തമ്മിൽ ഒരു മുൻപരിചയവും ഇല്ലെന്ന് മാത്രമല്ല അവരിരുവരേയും കാണാതായ ദിവസം കാടിനകത്ത് അവർ നിന്നിരുന്ന സ്ഥലങ്ങൾ തമ്മിൽ പതിനഞ്ച് കിലോമീറ്ററെങ്കിലും ദൂരം ഉണ്ടായിരുന്നുവെന്നുമാണ് പ്രകാശ് പറഞ്ഞത്. അന്ന് ഫയർലൈൻ പണികൾ പരിശോധിക്കാനെത്തിയ പ്രകാശും മറ്റൊരു വനപാലകനും അവിടെ പണിയെടുക്കുന്നവർക്കായി ആഹാരം പാചകം ചെയ്തുകൊണ്ടിരുന്നവരിൽ ഒരു സ്ത്രീയോട് ലേശം കഞ്ഞിവെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടിട്ട് അടുത്തായിക്കണ്ട ഒരു മരത്തിന്റെ ചുവട്ടിൽ തണലുപറ്റി ഇരിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുടിവെള്ളം എത്താതായപ്പോൾ ഇനി അവരത് മറന്നതാകുമോ എന്നറിയാനായി ഒരാൾ പാചകം നടക്കുന്ന സ്ഥലത്തോട്ട് അന്വേഷിച്ച് ചെന്നു. അപ്പോൾ പാചകത്തിനായി അവിടെ ഒരു സ്ത്രീ മാത്രമാണ് ഉണ്ടായിരുന്നത്. ചോദിച്ചിരുന്ന കഞ്ഞിവെള്ളം തയ്യാറായില്ലേയെന്ന് അവരോട് തിരക്കിയപ്പോൾ 'അയ്യോ... സാറേ, സരള നിങ്ങൾക്കുള്ള കഞ്ഞിവെള്ളവുമായി അങ്ങോട്ട് വന്നിട്ട് അരമണിക്കൂറായല്ലോ' എന്നായിരുന്നു ആ പാവം സ്ത്രീയുടെ മറുപടി. കഷ്ടിച്ച് നൂറ് മീറ്ററിനകത്താണ് ഈ സംഭവങ്ങൾ രണ്ടും അരങ്ങേറിയത് എന്നതാണ് അത്ഭുതം. ആദ്യമത് തമാശയായി തോന്നിയെങ്കിലും നേരം കഴിഞ്ഞതോടെ സംഭവത്തിന്റെ ഗൗരവം ആ രണ്ട് സാറന്മാർക്കും പിന്നെ അവരെ പണിക്ക് കൂട്ടിക്കോണ്ട് വന്ന മേസ്തരിമാർക്കും മനസ്സിലായി. അതോടെ ഫയർലൈൻ പണി നിറുത്തിച്ച് സരളയ്ക്കായി കാട് വകഞ്ഞുള്ള അന്വേഷണവും കൂക്ക്​വിളികളുമായി. കുറഞ്ഞ സമയത്തിനുള്ളിൽ മാന്ത്രിക ദണ്ഡ് വീശിയാലെന്ന പോലെ ആ സ്ത്രീ എങ്ങോട്ടാണ് അപ്രത്യക്ഷമായതെന്നത് എല്ലാവരെയും കുഴയ്ക്കുന്ന ഒരു ചോദ്യമായിരുന്നു. വൈകിട്ടായതോടെ അവരെ അന്വേഷിച്ച് വലഞ്ഞ പ്രകാശും കൂട്ടുകാരനും കൂടി ബാക്കിയുള്ളവരെ ചുമതല ഏൽപ്പിച്ചിട്ട് റെയ്ഞ്ച് ഓഫീസറെ വിളിച്ച് വിവരം അറിയിക്കാനായി തിരികെ സ്റ്റേഷനിലേയ്ക്ക് നടന്നു. അവരിരുവരും കാടരികിൽ എത്തിയപ്പോഴാണ് ഏതാണ്ട് അതേസമയത്ത് കാട് തെളിക്കലിൽ ജോലിയിൽ ഏർപ്പെട്ടിരുന്ന രാഘവൻ എന്നൊരാളെ കൂടി അന്ന് കാണാതായ വിവരം അറിയുന്നത്! കാടിനുള്ളിൽ എന്തോ ശബ്ദം കേൾക്കുന്നുവെന്നും ആരോ തന്നെ വിളിക്കുന്നത് പോലെ തോന്നുന്നുവെന്നും ഒക്കെ അയാൾ രാവിലെ സഹപ്രവർത്തകരോട് പറഞ്ഞിരുന്നെന്നും കേട്ടു. എന്നാൽ,  കാതോർത്തിട്ടും ഒന്നും കേൾക്കാത്തതിനാൽ അയാൾക്ക് തോന്നിയതകാനാണ് വഴിയെന്നും പറഞ്ഞ് അവരൊക്കെ തിരികെ അവരുടെ ജോലിയിൽ വ്യാപൃതരാകുകയായിരുന്നുവത്രേ. അതിനിടയ്ക്ക് പണി നിറുത്തിയശേഷം ഞാനൊന്ന് നോക്കിവരാം എന്ന് പറഞ്ഞ് നടന്നുപോയ രാഘവൻ പിന്നീട് തിരികെ വന്നതേയില്ല. പുരുഷൻ ആയതിനാലും അവിടത്തെ വനഭാഗങ്ങൾ അയാൾക്ക് നന്നായി അറിയാമെന്നതിനാലും ആരും അയാളെ അന്വേഷിച്ച് പോകാൻ മിനക്കെട്ടതുമില്ല. പക്ഷേ, വൈകിട്ട് നാലര കഴിഞ്ഞപ്പോൾ പണി നിർത്തി എല്ലാരും ഇറങ്ങാൻ തയ്യാറെടുത്തപ്പോഴാണ് രാഘവന്റെ തിരോധാനത്തിൽ അവർക്ക് ചെറിയ അസ്വാഭാവികത തോന്നിയത്. പിന്നെ നടത്തിയ അന്വേഷണവും തിരച്ചിലും ഒന്നും ഫലപ്രാപ്തിയിലെത്താതെ നിൽക്കുകയായിരുന്നു അപ്പോൾ! സമയം വീണ്ടും നീങ്ങിയതോടെ കാര്യങ്ങൾ അറിഞ്ഞ് ചിലരൊക്കെ അവിടെ തടിച്ച് കൂടിത്തുടങ്ങി. അതും പോരാഞ്ഞ് കുറെപ്പേർ വനംവകുപ്പുകാർക്കെതിരേ മുന വച്ച ചില ആരോപണങ്ങളും ഉന്നയിച്ചുതുടങ്ങി. പണിക്ക് വരുന്ന ചില സ്ത്രീകളുമായി ഉദ്യോഗസ്ഥന്മാരിൽ ചിലർക്ക് ചില വഴിവിട്ട ബന്ധങ്ങൾ ഉണ്ടാകാറുള്ളത് ചൂണ്ടിക്കാട്ടിയായിരുന്നു അത്തരം ആരോപണങ്ങൾ. അപ്പോഴേയ്ക്കും ആറ് മണിയെങ്കിലും കഴിഞ്ഞിരിക്കണം എന്നാണ് പ്രകാശ് ഓർമിക്കുന്നത്. (അയാൾക്ക് കാണാതായ ആ സ്ത്രീയുമായി എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നോ എന്ന് ചോദിക്കണമെന്ന് മനസ്സ് ആകാംക്ഷപ്പെട്ടെങ്കിലും ഞാനത് വിഴുങ്ങി.) അവസാനം സംഗതി കൈവിട്ട് പോകുമെന്ന അവസ്ഥ സംജാതമായപ്പോൾ പൊലീസിനെ അറിയിക്കാം എന്നായി ചിലർ. അപ്പോഴേയ്ക്കും സരളയെ കാണാതായ കമ്പകത്തിൻ വളവിൽ നിന്നും പണി കഴിഞ്ഞ് നടന്നെത്തിയ സ്ത്രീകൾ അവരിലെ പുരുഷന്മാർ സരളയ്ക്ക് വേണ്ടി വൈകിയും അന്വേഷണം തുടരുകയാണെന്ന് പറഞ്ഞു. അതോട് കൂടി ടോർച്ചുകളും പന്തങ്ങളും മണ്ണണ്ണയും ഒക്കെ സംഘടിപ്പിച്ച് കാടിനത്തോട്ട് കടന്ന് ഒന്നുകൂടി തിരയാൻ തന്നെ അവിടെ കൂടിയിരുന്നവർ തീരുമാനിച്ചു. കാരണം രാത്രിയുള്ള കാടിനെ വിശ്വസിക്കാനേ കഴിയില്ല. ഇരുട്ടിന്റെ കമ്പളം വീഴുമ്പോൾ കാട്ടാനകളുടേയും ഹിംസ്രമൃഗങ്ങളുടേയും വിഹാരരംഗമായി അത് രൂപം മാറും. പക്ഷേ ഈ രണ്ട് സ്ഥലത്തും കാട്ടാനകളുടേയോ മറ്റോ ചൂരൊന്നും അടിച്ചിട്ടില്ല എന്നാണ് സംഘത്തിലുള്ളവർ ഉറപ്പിച്ച് പറഞ്ഞത്. പിന്നെ അവശേഷിച്ചിരുന്ന ഒരു സാധ്യത കടുവയോ പുലിയോ പതിയിരുന്ന് ചാടിവീണ് അടിച്ചുവീഴ്ത്തിയ ഇരയെ പിൻകഴുത്തിൽ കടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകാനുള്ളതാണ്. പക്ഷേ ഇവിടെ രണ്ടുപേരുടെ കാര്യത്തിലും ഒരേ തരത്തിൽ സംഭവിക്കാനുള്ള സാധ്യത തീർത്തും വിരളമാണല്ലോ. തന്നെയുമല്ല നാളിന്നോളം അങ്ങനെ ഒരു സംഗതി കേട്ടുകേൾവിയുമില്ല. അനന്തരം ഫയർലൈനുകൾ തെളിക്കാൻ വന്നവരിലെ ആണുങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ആർപ്പുവിളികളുമായി കാടരിച്ച് പരിശോധിക്കാൻ തുടങ്ങി. സാധാരണ കൂട്ടമായി മനുഷ്യരെ കാണുമ്പോൾ പ്രത്യേകിച്ച് തീയും വെളിച്ചവുമായി ചെല്ലുമ്പോൾ വന്യമൃഗങ്ങൾ അകന്നുനിൽക്കാറാണ് പതിവ്; അത് കാട്ടാനയാണെങ്കിൽക്കൂടി! രണ്ട് മൂന്ന് ചെറുസംഘങ്ങളായി പിരിഞ്ഞാണ് അവർ അന്വേഷണം തുടങ്ങിയത്. അതിലൊരു സംഘം മൂന്ന് നാല് കിലോമീറ്റർ ഉള്ളിലേയ്ക്ക് കടന്നപ്പോൾ ഏതോ മായികശക്തിക്ക് അടിപ്പെട്ടത് പോലെ രാഘവനും സരളയും പൊന്തക്കാടുകൾ വകഞ്ഞ് പുറത്തേയ്ക്ക് നടന്ന് വരുന്നതാണത്രേ കണ്ടത്! ഇരുവരുടേയും വസ്ത്രങ്ങൾ മുള്ളുകളിലും തുടലിവള്ളികളിലും ഉടക്കിക്കീറിയും ശരീരം കോറിവരഞ്ഞും ചോര കിനിഞ്ഞിരുന്നു! തങ്ങളെ അന്വേഷിച്ച് നടക്കുന്ന സംഘാംഗങ്ങളെ കണ്ടിട്ടും അവർക്ക് പ്രത്യേകിച്ച് ഭാവവ്യതിയാനങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ് എല്ലാവരേയും ഒരുപോലെ അത്ഭുതപ്പെടുത്തിയത്! ആ ഇരുട്ടിലും എന്തോ മുന്നിൽക്കാണുന്നത് പോലെ കണ്ണുകൾ ലക്ഷ്യംവച്ച് കൈകൾ കോർത്ത് പിടിച്ച് അവരിരുവരും നടന്നുകൊണ്ടിരുന്നു! തമ്മിൽ ഒരു മുൻപരിചയവും ഇല്ലാതിരുന്ന അവർ കാടിനുള്ളിൽ വച്ച് അന്ന് കണ്ടുമുട്ടുകയും യാതൊരു അപരിചതത്വവും പ്രകടിപ്പിക്കാതെ തന്നെ ഒത്തുചേർന്ന് നടക്കുകയും ആയിരുന്നത്രേ! ഏറെ പണിപ്പെട്ടാണ് അവരിരുവരേയും ആ സ്വപ്നാടനത്തിൽ നിന്ന് ഉണർത്തിയതും അവരവരുടെ വീടുകളിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയതും എന്നാണ് പ്രകാശ് പറയുന്നത്. തങ്ങളെ ആരോ വിളിച്ചെന്നും ആ രൂപം വഴികാട്ടിയായി മുന്നിൽത്തന്നെ നടന്നിരുന്നെന്നും പിന്നെ എപ്പോഴോ അത് കാടിനുള്ളിലേയ്ക്ക് അലിഞ്ഞില്ലാതാകുകയായിരുന്നു എന്നുമാണ് അവർ പറഞ്ഞത്. അത് കാടിനകത്ത് ഒറ്റപ്പെട്ടുപോയ അവരുടെ മാനസിക വിഭ്രാന്തിയായി മാത്രമാണ് അപ്പോൾ എല്ലാപേരും കണ്ടത്. അതിനാണല്ലോ സാധ്യതയും. അതുകൊണ്ട് തന്നെ വീട്ടുകാർ ആരും വലിയ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടാക്കിയതുമില്ല. പക്ഷേ നാളുകൾക്ക് ശേഷം കാട്ടാനയുടെ മുന്നിൽ അകപ്പെട്ട് ജീവനും കൊണ്ടോടിയ തങ്ങൾ നാലുപേരും വഴിതെറ്റി കാട്ടിൽ ഏറെ നേരം വഴിതെറ്റി അലയാനിടയായതിന് ശേഷമാണ് കാട് തീർത്തും അപരിചിതമായ ഒരു മുഖം ഉള്ളിൽ ഒളിപ്പിച്ച് വച്ചിട്ടുണ്ടെന്ന് ആ വനപാലകർക്ക് ശരിക്കും മനസ്സിലായത്! രണ്ടാമത് പ്രകാശ് പറഞ്ഞ ആ സംഭവം എനിക്ക് അത്ര പഥ്യമായി തോന്നിയിരുന്നില്ലെന്നതാണ് സത്യം. എന്നാൽ താനതിൽ കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടില്ലെന്ന് ആവർത്തിച്ച് ചോദിച്ചപ്പോഴും അയാൾ ഉറപ്പ് പറഞ്ഞു. ആ യാത്രയിൽ നമ്മോടൊപ്പം ഉണ്ടായിരുന്ന മറ്റൊരാൾ ചില അനുഭവങ്ങളും കൂടി പറഞ്ഞപ്പോഴാണ് ഒരു വേള അങ്ങനേയും സംഭവിച്ചിരിക്കാം എന്ന് ഞാൻ ചിന്തിക്കുന്നത് തന്നെ! അതിലും അവിശ്വസനീയമായി തോന്നിയത് ഒരു ആദിവാസി സെറ്റിൽമെന്റിലെ മൂപ്പൻ പിന്നീട് ഉദ്യോഗസ്ഥന്മാർക്ക് ഉപദേശിച്ചുകൊടുത്ത മറുമരുന്നാണ്! അത്തരത്തിൽ വഴിതെറ്റി ഒറ്റയ്ക്ക് കാട്ടിലലഞ്ഞാൽ ചേതനകൾക്ക് ഉരുവം വയ്ക്കാനും സ്ഥിരബുദ്ധി തിരിച്ച് കിട്ടാനും സ്വന്തം മൂത്രം കൊണ്ട് മുഖം കഴുകിയാൽ മതി എന്നാണത്രേ അദ്ദേഹം പറഞ്ഞത്! ഇത്തവണ ഉച്ചിയിൽ കൈ വച്ച് ഞാൻ നിലത്തിരുന്നുപോയി. ദൈവമേ ...ഓരോരോ വിശ്വാസങ്ങളേ...! (കുറിപ്പ്:- കാട്ടിൽ വനംവകുപ്പ് ഉദ്യോഗസ്ഥന്മാരുടെ അറിവില്ലാതെ കടന്ന് കയറുന്നതോ അംഗീകൃത ട്രക്കിംഗ് റൂട്ടുകളിൽ നിന്ന് മനപൂർവ്വം വഴിമാറി നടക്കുന്നതോ ഒക്കെ കേരള വനനിയമ പ്രകാരം കുറ്റകരമാണെന്ന് ഓർമ്മിപ്പിക്കുന്നു. കാടിനുള്ളിലേയ്ക്കും ജലസംഭരണിയിലൂടെയുള്ള ബോട്ട് സവാരിക്കും പോകുന്ന ചിലരെങ്കിലും ഗൈഡുകളുടേയും ഉദ്യേഗസ്ഥന്മാരുടേയും നിഷ്‌കർഷകൾ പലപ്പോഴും പാലിക്കാറില്ല എന്നത് തീർത്തും ഖേദകരമാണ്! അതുപോലെ തന്നെ വനയാത്രകളിൽ കണ്ടേക്കാവുന്ന മൃഗങ്ങളെ കൂടി ചേർത്ത് സെൽഫി എടുത്ത് അപകടത്തിൽ പെടുന്നവരും ഇല്ലാതില്ല.) (തുടരും)

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എന്തോ മുന്നിൽക്കാണുന്നത് പോലെ കൈകൾ കോർത്ത് പിടിച്ച് അപരിചിത… | Boolokam