തിരുവങ്ങൂരും പൂക്കാടും ചെങ്ങോട്ടുകാവിലും അടിപ്പാത പണിതു To advertise here, കൊയിലാണ്ടി : വൈകുന്നേരങ്ങളിൽ കൊയിലാണ്ടിക്കും കോഴിക്കോടിനും ഇടയിൽ യാത്രചെയ്യേണ്ടിവന്നാൽ പെട്ടുപോകുന്ന അവസ്ഥയാണ്. വാഹനപ്പെരുപ്പംകാരണം വെങ്ങളംമുതൽ ഗതാഗതക്കുരുക്ക് തുടങ്ങും. അത് തിരുവങ്ങൂരും പൂക്കാടും പൊയിൽക്കാവും ചെങ്ങോട്ടുകാവും കടന്ന് കൊയിലാണ്ടിടൗൺവരെയെത്തും. ചിലപ്പോൾ കൊല്ലം ടൗൺ കഴിഞ്ഞാലും അത് തുടരും. ഗതാഗതതടസ്സങ്ങളൊന്നുമില്ലെങ്കിൽ കോഴിക്കോടുനിന്ന് കൊയിലാണ്ടിക്ക് കാറിൽ യാത്രചെയ്താൽ 20 മിനിറ്റുകൊണ്ട് എത്തേണ്ടതാണ്. ദീർഘദൂരബസിലാണെങ്കിൽ അരമണിക്കൂർ മതി. എന്നാൽ, രണ്ടും മൂന്നും മണിക്കൂർ ബ്ലോക്കിൽ കുടുങ്ങി കഷ്ടപ്പെടുകയാണ് യാത്രക്കാർ. ദേശീയപാതാവികസനത്തിന്റെ ഭാഗമായി തിരുവങ്ങൂരിൽ കുനിയിൽക്കടവ് റോഡിലേക്ക് തിരിയുന്നിടത്ത് അടിപ്പാത നിർമിച്ചിട്ട് രണ്ടരവർഷത്തോളമായി. ഇതിനിടയിൽ അടിപ്പാതയുടെ ഇരുവശത്തെയും കോൺക്രീറ്റ് പാനൽ മതിലുകൾക്ക് ബലക്ഷയവും വിള്ളലും കണ്ടെത്തിയതിനെത്തുടർന്ന് പൊളിച്ചുനീക്കി വീണ്ടും പുനർനിർമിച്ചു. ഇത് പൂർത്തിയായിട്ട് മാസങ്ങളായി. എന്നാൽ, അടിപ്പാതയ്ക്കുമുകളിലൂടെ വാഹനങ്ങൾ എന്ന് കടത്തിവിടുമെന്ന കാര്യത്തിൽ ഇപ്പോഴും ദേശീയപാതാ അധികൃതർക്ക് ഒരു നിശ്ചയവുമില്ല. ഫലമോ ഒടുങ്ങാത്ത ഗതാഗതക്കുരുക്കും. ഇതേ വിഷയമാണ് പൂക്കാടിലും ചെങ്ങോട്ടുകാവിലുമുള്ളത്. പൂക്കാടിൽ അടിപ്പാതയ്ക്കുമുകളിലൂടെ ഗതാഗതം തിരിച്ചുവിട്ടിരുന്നു. ദീർഘദൂരബസുകളടക്കം പാലത്തിനുമുകളിലൂടെ കുതിച്ചോടി. എന്നാൽ, അതിന് ആയുസ്സ് കുറവായിരുന്നു. പ്രവൃത്തി പൂർത്തിയായില്ലെന്നുപറഞ്ഞ് ഗതാഗതം വീണ്ടും താഴെ സർവീസ് റോഡിലൂടെ തന്നെയാക്കി. മാത്രമല്ല, പൂക്കാട് അണ്ടർപാസിനുസമീപം സർവീസ് റോഡിൽ വാഹനങ്ങൾ ഹമ്പ് കയറിയിറങ്ങാനും സമയമെടുക്കുന്നുണ്ട്. ഒട്ടും ശാസ്ത്രീയമല്ലാതെയാണ് ഇവിടെ ഹമ്പുകൾ സ്ഥാപിച്ചതെന്ന് ഡ്രൈവർമാർ പറയുന്നു. ചെങ്ങോട്ടുകാവിൽ നന്തി ബൈപ്പാസ് തുടങ്ങുന്നിടത്ത് അണ്ടർപാസ് നിർമിച്ചിട്ടും മൂന്നുവർഷത്തോളമായി. എന്നാൽ, പ്രവൃത്തി ഏറ്റെടുത്തുനടത്തിയ കരാറുകാരുടെയും എൻ.എച്ച്.എ.ഐ. ഉദ്യോഗസ്ഥരുടെയും അലംഭാവംകാരണം ഇതിനുമുകളിലൂടെയും ഗതാഗതം തുടങ്ങിയില്ല. എന്താണ് ഇതിനൊക്കെ തടസ്സമെന്നുചോദിച്ചാൽ വേഗം ശരിയാകുമെന്ന സ്ഥിരംപല്ലവിയും. പൊയിൽക്കാവിലും പണി എങ്ങുമെത്താത്ത അവസ്ഥ. മഴക്കാലത്തിനുമുൻപ് ഇവിടെ പ്രവൃത്തി പൂർത്തീകരിച്ചില്ലെങ്കിൽ സർവീസ് റോഡ് വെള്ളത്തിൽ മുങ്ങും. Published: 29 Mar 2026, 03:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
