ആലപ്പുഴ: വിദേശസംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്.സി.ആർ.എ.) ഭേദഗതി കൊണ്ടുവരുന്ന കേന്ദ്രനീക്കത്തിൽ നിലപാടു കടുപ്പിച്ച് ക്രൈസ്തവസഭകൾ. ഒട്ടേറെ അനീതികളുടെ തുടർച്ചയാണിതെന്ന് അവർ കരുതുന്നു. To advertise here, ഏതാവശ്യത്തിനാണോ ഫണ്ടു സ്വീകരിക്കുന്നത് അതിനുതന്നെ പണം ചെലവഴിക്കുന്നുവെന്നുറപ്പാക്കാൻ പണം നൽകുന്നവർക്കും കേന്ദ്രസർക്കാരിനും കർശന സംവിധാനങ്ങളുണ്ട്. ഇതിനിയും കർശനമാക്കുന്നതിനോടും സഭകൾക്ക് ആക്ഷേപമില്ല. എന്നാൽ, നിസ്സാര കാരണങ്ങളുടെപേരിലും ലൈസൻസ് റദ്ദാക്കാനും പുതുക്കാതിരിക്കാനും പുതിയ ഭേദഗതിപ്രകാരം കഴിയും. അതുവഴി സർക്കാർ നിയോഗിക്കുന്ന അതോറിറ്റിക്ക് സ്വത്തുക്കൾ ഏറ്റെടുക്കാനും സാധിക്കും. ഏതെങ്കിലും ആവശ്യത്തിനെടുത്ത എഫ്.സി.ആർ.എ. ലൈസൻസ് ആവശ്യം പൂർത്തിയായശേഷം സറണ്ടർചെയ്താലും അതുവഴി ആർജിച്ച ആസ്തികൾ അതോറിറ്റിക്ക് ഏറ്റെടുക്കാം. കേരളത്തിലുമുള്ളതും രാജ്യം മുഴുവൻ പ്രവർത്തിക്കുന്നതുമായ ഒരു എൻ.ജി.ഒ.യുടെ മറുനാടുകളിലെ സാമൂഹികസേവന പ്രവർത്തനങ്ങൾ കുത്തനെ കുറഞ്ഞു. ഓരോ പ്രദേശത്തുമുള്ള പ്രത്യേക കൂട്ടായ്മകളിലൂടെയാണ് പാവങ്ങൾക്കായി ഇവർ സഹായമെത്തിച്ചിരുന്നത്. എന്നാൽ, 2020-ൽ കൊണ്ടുവന്ന ഭേദഗതിപ്രകാരം ഇങ്ങനെ ഫണ്ടു കൈമാറ്റം പാടില്ല. സേവനങ്ങൾ നേരിട്ടേ പാടുള്ളൂ. ഇതാണു പ്രതിസന്ധിയായത്. ഭരണഘടനാവിരുദ്ധമായ വ്യവസ്ഥകൾ പിൻവലിക്കണമെന്ന് കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി ആവശ്യപ്പെട്ടു. വ്യവസ്ഥകൾ സന്നദ്ധസേവനരംഗത്തു പ്രവർത്തിക്കുന്നവരെ ഭയപ്പെടുത്താനും പിന്തിരിപ്പിക്കാനുമാണ് ഇടയാക്കുകയെന്ന് ലത്തീൻസഭാ വക്താവ് ഫാ. ഡോ. ജിജു ജോർജ് അറക്കത്തറ വ്യക്തമാക്കി. ബിൽ ന്യൂനപക്ഷവേട്ടയ്ക്കുള്ള മറ്റൊരായുധമാണെന്ന് കത്തോലിക്കസഭാ മുഖപത്രം ദീപികയും കുറ്റപ്പെടുത്തി. ഏകോപനത്തിന് സമിതി, പ്രധാനമന്ത്രിയെ കാണും എഫ്.സി.ആർ.എ. ഭേദഗതി ബില്ലിനെതിരേ എതിർപ്പ് ശക്തമാക്കുന്നതിന്റെ ഭാഗമായി സി.ബി.സി.ഐ.യുടെ നേതൃത്വത്തിൽ ഏകോപനസമിതി രൂപവത്കരിച്ചു. ഇതരമതസംഘടനാ പ്രതിനിധികളും നിയമവിദഗ്ധരുമടങ്ങുന്ന എട്ടംഗസമിതിയാണ് രൂപവത്കരിച്ചത്. ഇതിൽ എല്ലാ മതവിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് സി.ബി.സി.ഐ. ലീഗൽ സെൽ സെക്രട്ടറി അഡ്വ. സി. സായൂജ്യ പറഞ്ഞു. കഴിഞ്ഞദിവസം ചേർന്ന സമിതിയുടെ ആദ്യ യോഗത്തിൽ പങ്കെടുത്തവരെല്ലാം ബില്ലിലെ ആശങ്കകൾ പങ്കുവെച്ചു. ബില്ലിനെ പാർലമെന്റിൽ എതിർക്കാൻ എല്ലാ എം.പി.മാരെയും സമീപിക്കും. ഇതിനുപുറമേ കേന്ദ്രസർക്കാർ പ്രതിനിധികളുമായി കൂടിയാലോചനകൾക്ക് ശ്രമിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സമീപിക്കും. അടുത്തമാസം മോദിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിട്ടുണ്ട്. അതനുവദിക്കുകയാണെങ്കിൽ ഈ വിഷയമുന്നയിക്കുമെന്നും സി.ബി.സി.ഐ. അധികൃതർ പറഞ്ഞു. അമിത് ഷായ്ക്ക് നിവേദനം നൽകി ബില്ലിൽ സി.ബി.സി.ഐ.യ്ക്കുള്ള ആശങ്കകൾ വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സി.ബി.സി.ഐ. നിവേദനം നൽകി. സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം സംരക്ഷിക്കാനും ജുഡീഷ്യൽ മേൽനോട്ടത്തിനും സംവിധാനം വേണമെന്ന് സി.ബി.സി.ഐ. സെക്രട്ടറി ജനറലായ ഡൽഹി ആർച്ച് ബിഷപ്പ് അനിൽ ജെ.ടി. കൂട്ടോ അയച്ച നിവേദനത്തിൽ പറഞ്ഞു. അതേസമയം, എല്ലാ വിഭാഗങ്ങൾക്കുംവേണ്ടിയാണ് ക്രൈസ്തവസഭ പണം ഉപയോഗിക്കുന്നതെന്നും അതിനാൽ പൊതുജനങ്ങളെ ബാധിക്കുന്ന സാമൂഹികവിഷയമാണ് എഫ്.സി.ആർ.എ. ഭേദഗതി ബിൽ എന്നും സി.ബി.സി.ഐ. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ പറഞ്ഞു. ബില്ലിനോടുള്ള എതിർപ്പ് സർക്കാരിനോടുള്ള എതിർപ്പല്ലെന്നും വ്യക്തമാക്കി. ആശങ്കയെന്ന് കർദിനാൾ മാർ ക്ലീമിസ് എഫ്.സി.ആർ.എ. ഭേദഗതി ബില്ലിൽ വലിയ ആശങ്കയാണുള്ളതെന്ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. ഏകാധിപത്യപരമായ അധികാരം നൽകുന്ന ബില്ലിൽ പുനരാലോചന വേണമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ക്രൈസ്തവസഭകളുടെയും ധർമ സ്ഥാപനങ്ങളുടെയും സംഭാവനകൾ രാജ്യത്തിനു മുതൽക്കൂട്ടായിട്ടുണ്ട്. പുതിയ നിയമം വരുമ്പോൾ പല സ്ഥാപനങ്ങളുടെയും പ്രവർത്തനം ദുർബലമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആശങ്ക പരിഹരിക്കണം-സിറോ മലബാർസഭ വിദേശസംഭാവന നിയന്ത്രണനിയമത്തിൽ കേന്ദ്രസർക്കാർ നടപ്പിലാക്കാൻ നിർദേശിച്ചിരിക്കുന്ന പുതിയ ഭേദഗതികൾ സുതാര്യമായി പ്രവർത്തിക്കുന്ന സന്നദ്ധ-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യം തടസ്സപ്പെടുത്താത്ത രീതിയിലായിരിക്കണമെന്ന് സിറോ മലബാർസഭ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആവശ്യപ്പെട്ടു. നിയന്ത്രണങ്ങൾ നിയമവിധേയമായി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളെയും ക്രൈസ്തവസഭകളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെയും തകർക്കാൻ ഉദ്ദേശിച്ചുള്ളതാകരുതെന്നും മാർ റാഫേൽ തട്ടിൽ ആവശ്യപ്പെട്ടു. Content Highlights: Government proposal to tighten FCRA regulations in 2026, Churches fear arbitrary license cancellation and asset seizure, Restrictions on fund transfers between NGOs hinder social work, Demand to withdraw unconstitutional provisions affecting charity Published: 01 Apr 2026, 09:10 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

എഫ്.സി.ആർ.എ. നിയമഭേദഗതി ബിൽ; ക്രൈസ്തവസഭകൾ പിന്നോട്ടില്ല, ഏകോപന സമിതി പ്രധാനമന്ത്രിയെ കാണും
M
MathrubhumiSource Link
about 1 month ago