കൊച്ചി: വലിയ പ്രതീക്ഷയിലാണ് മുന്നണികൾ. പതിന്നാലിൽ പതിന്നാലും പടിച്ചുകൊണ്ടുള്ള സർവകാല റെക്കോഡിനായി യു.ഡി.എഫ്. കാത്തിരിക്കുമ്പോൾ, സിറ്റിങ് സീറ്റുകൾ നിലനിർത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുമുന്നണി. കേരളത്തിൽ യു.ഡി.എഫ്. തൂത്തുവാരുമെന്നും അങ്ങനെയൊരു സാഹചര്യത്തിൽ എറണാകുളത്ത് മുഴുവൻ സീറ്റുകളും കിട്ടുന്ന സാഹചര്യമാണ് കാണുന്നതെന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. To advertise here, 2001-ലാണ് യു.ഡി.എഫ്. ജില്ലയിൽ മിന്നുന്ന വിജയം കാഴ്ചവെച്ചത്. പെരുമ്പാവൂർ ഒഴികെ പതിമ്മൂന്ന് സീറ്റുകളും യു.ഡി.എഫ്. നേടി. അന്ന്് വൻ ഭൂരിപക്ഷത്തിൽ യു.ഡി.എഫ്. കേരളത്തിൽ അധികാരത്തിലേക്കെത്തി. അതിനു മുകളിലുള്ള വിജയമാണ് ഇക്കുറി കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. പത്തുവർഷത്തെ ഇടതുഭരണത്തിനെതിരേ അതിശക്തമായ വികാരം ജനങ്ങളിലുണ്ടെന്നാണ് മുന്നണി വിലയിരുത്തൽ. അതിന്റെ വലിയ ലക്ഷണമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ടതെന്നും നേതാക്കൾ പറയുന്നു. എറണാകുളം, തൃക്കാക്കര, ആലുവ മണ്ഡലങ്ങളിൽ യു.ഡി.എഫ്. അനായാസ വിജയമാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, എസ്.ഐ.ആറിനു ശേഷം എറണാകുളം മണ്ഡലത്തിൽ മുപ്പതിനായിരത്തിനുമേൽ വോട്ടുകൾ കുറഞ്ഞത് ഇടതുപക്ഷത്തിന്റെ പിടിവള്ളിയാണ്. തൃക്കാക്കരയിൽ വലിയ മാർജിനിലുള്ള വിജയമാണ് യു.ഡി.എഫ്. പ്രതീക്ഷിക്കുന്നത്. എ.എം. ആരിഫിന് ന്യൂനപക്ഷ വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടൽ. അങ്കമാലിയിൽ സാജു പോളിന്റെ വരവും ശക്തമായ മത്സരം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് ഇടതുമുന്നണി കണക്കുകൂട്ടൽ. അങ്കമാലിയിൽ വിജയം ആവർത്തിക്കുമെന്നതിൽ യു.ഡി.എഫിന് സംശയമില്ല. കളമശ്ശേരിയിൽ വിജയപ്രതീക്ഷയിലാണ് ഇടതുപക്ഷം. എന്നാൽ, ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം യു.ഡി.എഫിന് അനുകൂലമായി ഉണ്ടായിട്ടുണ്ടെന്നും മുസ്ലിംലീഗിലെ തർക്കങ്ങൾ പരിഹരിക്കാനും യു.ഡി.എഫ്. വികാരം ഉണ്ടാക്കാനും സാധിച്ചിട്ടുണ്ടെന്നുമാണ് മുന്നണിയുടെ വിലയിരുത്തൽ. മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ ബലത്തിൽ വലിയ മാർജിനിൽ പി. രാജീവ് ജയിച്ചുവരുമെന്നാണ് ഇടതുപക്ഷത്തെ ഉറച്ചവിശ്വാസം. പെരുമ്പാവൂരിൽ അട്ടിമറിവിജയമാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ. കോൺഗ്രസ് വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് മുന്നണി വിലയിരുത്തൽ. സിറ്റിങ് എം.എൽ.എ.ക്കെതിരായ വികാരം ഇടതുമുന്നണിക്ക് ഗുണകരമാവുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ, മനോജ് മൂത്തേടൻ മണ്ഡലം വലിയ ഭൂരിപക്ഷത്തോടെ നിലനിർത്തുമെന്നുതന്നെയാണ് യു.ഡി.എഫ്. പറയുന്നത്. ജനകീയനായ സ്ഥാനാർഥിയെ കൊണ്ടുവന്നത് മണ്ഡലത്തിൽ വലിയ ആവേശമുണ്ടാക്കാൻ സാധിച്ചുവെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. കുന്നത്തുനാട്ടിൽ വിജയിക്കുമെന്ന് ഉറപ്പിച്ച്് പി.വി. ശ്രീനിജിൻ എം.എൽ.എ. ശനിയാഴ്ച ഫെയ്‌സ് ബുക്ക് പോസ്റ്റ് തന്നെ ഇട്ടു. ശക്തമായ ത്രികോണ മത്സരത്തിൽ ജയം ആർക്കൊപ്പമെന്നത് കുന്നത്തുനാട് മണ്ഡലത്തിലെ വലിയ സസ്‌പെൻസാണ്. ട്വന്റി 20 വോട്ടുകളിൽവന്ന വിള്ളൽ യു.ഡി.എഫിന് ഗുണകരമാവുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. ട്വന്റി 20-യുടെ വിജയം തടയാൻ ക്രോസ് വോട്ടിങ് നടക്കുമെന്നാണ് എൻ.ഡി.എ. നേതാക്കളുടെ ആശങ്ക. മൂവാറ്റുപുഴയിൽ ഇക്കുറി ഭൂരിപക്ഷം വർധിക്കുമെന്നാണ് കോൺഗ്രസ് കണക്ക്. മികച്ച സാമാജികനെന്ന നിലയിൽ പേരെടുത്ത മാത്യൂ കുഴൽനാടന് ജനങ്ങൾ വീണ്ടും അവസരം നൽകുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. 2016-ൽ എൽദോ ഏബ്രഹാം വിജയിച്ച അതേ രാഷ്ട്രീയ സാഹചര്യമാണ് എൻ. അരുൺ മത്സരിച്ചപ്പോൾ മണ്ഡലത്തിൽ ഉണ്ടായതെന്നും സാധാരണക്കാരുടെ സ്ഥാനാർഥി എന്ന നിലയിൽ അരുൺ വിജയിക്കുമെന്നും എൽ.ഡി.എഫ്. വിലയിരുത്തുന്നു. പിറവത്ത് അനൂപ് ജേക്കബിന് കഴിഞ്ഞ തവണ കാൽലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ഇക്കുറി ഇടതു സ്ഥാനാർഥിയായി സാബു കെ. ജേക്കബ് നല്ല മത്സരമാണ് പിറവത്ത് കാഴ്ചവെച്ചത്. ഭൂരിപക്ഷം കുറഞ്ഞാലും സീറ്റ് ഉറപ്പാണെന്നാണ് യു.ഡി.എഫ്. നേതാക്കൾ പറയുന്നത്. കോതമംഗലം സീറ്റ് നിലനിർത്തുമെന്നുതന്നെയാണ് ഇടതുക്യാമ്പ് പ്രതീക്ഷിക്കുന്നത്. എന്നാൽ ശക്തമായ ഭരണവിരുദ്ധ തരംഗത്തിൽ ഇക്കുറി കോതമംഗലം തിരിച്ചുപിടിക്കുമെന്നാണ് യു.ഡി.എഫ്. വിശ്വാസം. തൃപ്പൂണിത്തുറയിൽ ഇക്കുറി വിജയിക്കേണ്ടത് മൂന്നു മുന്നണികളുടെയും നിലനിൽപ്പിന്റെ പ്രശ്നമാണ്. സിറ്റിങ് എം.എൽ.എ.യായ കെ. ബാബു, ദീപക് ജോയിയുടെ വിജയം വ്യക്തിപരമായ ഉത്തരവാദിത്വമായിതന്നെ ഏറ്റെടുത്താണ് പ്രവർത്തിച്ചത്. അതിന്റെ ഗുണം കിട്ടുമെന്നാണ് നേതാക്കൾ പറയുന്നത്. വൈപ്പിനിൽ നിന്ന് മണ്ഡലം മാറിയെത്തിയ കെ. ഉണ്ണികൃഷ്ണൻ തൃപ്പൂണിത്തുറ തിരിച്ചുപിടിക്കുമെന്നാണ് ഇടതുനേതാക്കൾ പറയുന്നത്. വലിയ വോട്ട് ഭൂരിപക്ഷമൊന്നും ഇരുമുന്നണികളും അവകാശപ്പെടുന്നില്ല. തൃപ്പൂണിത്തുറയിലെ പ്രകടനം മുനിസിപ്പാലിറ്റി ഭരിക്കുന്ന എൻ.ഡി.എ.യ്ക്കും നിർണായകമാണ്. കൊച്ചി ഇക്കുറി തിരിച്ചെടുക്കുമെന്നാണ് യു.ഡി.എഫ്. വിലയിരുത്തൽ. യു.ഡി.എഫിന് പ്രതികൂലമായ ഘടകങ്ങളൊന്നും ഇക്കുറി മണ്ഡലത്തിൽ കണ്ടില്ല. വിമതശല്യമില്ല, പാർട്ടിയിൽ അസ്വാരസ്യങ്ങളില്ല, മുസ്ലിം ലീഗിലെ പ്രശ്നങ്ങൾ തീർത്തു. അതിന്റെയെല്ലാം ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. ജില്ലയിൽ ഇടതുപക്ഷം ഉറപ്പിക്കുന്ന സീറ്റാണ് കൊച്ചി. സഭാ വോട്ടുകളുടെ പിൻബലമാണ് അതിന് ആധാരം. വൈപ്പിനിൽ ഇക്കുറി മാറ്റമുണ്ടാവുമെന്നാണ് യു.ഡി.എഫിന്റ കണക്ക്. തദ്ദേശതിരഞ്ഞെടുപ്പിലെ അതിശക്തമായ പ്രകടനം ഇതിനുള്ള ലക്ഷണങ്ങളായാണ് വിലയിരുത്തുന്നത്. എന്നാൽ, വൈപ്പിൻ എം.ബി. ഷൈനി നിലനിർത്തുമെന്നാണ് ഇടതുമുന്നണി വിലയിരുത്തൽ. പറവൂരിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ഭൂരിപക്ഷം ഇക്കുറി വർധിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ കണക്കുകൂട്ടുന്നത്. കാൽലക്ഷത്തിനുമേൽ ഭൂരിപക്ഷം പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ മണ്ഡലത്തിലെ മാറിയ സാഹചര്യങ്ങൾ തുണയ്ക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം. സ്ഥാനാർഥി ഇ.ടി. ടൈസന് വലിയ ജനപിന്തുണയാണ് ലഭിച്ചതെന്നും സി.പി.ഐ. നേതാക്കൾ പറയുന്നു. Content Highlights: UDF aims for a historic clean sweep in Ernakulam district constituencies., LDF is focused on retaining its sitting seats amidst anti-incumbency sentiments., Critical battlegrounds include Thripunithura, Kunnathunad, and Kalamassery., Analysis of voter shifts, minority consolidation, and candidate influence across districts. Published: 04 May 2026, 06:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

എറണാകുളം തൂത്തുവാരാമെന്ന പ്രതീക്ഷയിൽ യുഡിഎഫ്; ഉള്ളത് മുറുകെ പിടിക്കാൻ എൽഡിഎഫ്
M
MathrubhumiSource Link
about 3 hours ago
