എറണാകുളത്ത് കളത്തിലിറങ്ങി LDF; കോൺഗ്രസ് സ്ഥാനാർഥികളെ ഇന്നറിയാം, ചർച്ചകൾ തുടർന്ന് NDA

എറണാകുളത്ത് കളത്തിലിറങ്ങി LDF; കോൺഗ്രസ് സ്ഥാനാർഥികളെ ഇന്നറിയാം, ചർച്ചകൾ തുടർന്ന് NDA

M
MathrubhumiSource Link
News Desk Last Updated: 17 Mar 2026, 05:44 pm IST പ്രതീകാത്മക ചിത്രം | Photo: Mathrubhumi കൊച്ചി: തിരഞ്ഞെടുപ്പ് പ്രഖ്യാപനംവന്ന ഉടനെ ഇടതുമുന്നണി കളത്തിലിറങ്ങി. ഞായറാഴ്ച വൈകീട്ടുതന്നെ സി.പി.എം. സ്ഥാനാർഥിപ്പട്ടിക വന്നതോടെ മണ്ഡലങ്ങളിൽ പ്രവർത്തകർ ചുവരെഴുത്തുമായി രംഗത്തിറങ്ങി. കോൺഗ്രസ് പട്ടിക തിങ്കളാഴ്ച പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. സി.പി.എമ്മിന്റെ സിറ്റിങ് എം.എൽ.എ.മാരിൽ കെ.എൻ. ഉണ്ണികൃഷ്ണൻ ഒഴികെ എല്ലാവരും അതത് മണ്ഡലങ്ങളിൽതന്നെയാണ് വീണ്ടും ജനവിധി തേടുന്നത്. ഉണ്ണികൃഷ്ണനെ തൃപ്പൂണിത്തുറയിലേക്ക് മാറ്റി. To advertise here, പാർട്ടിതീരുമാനം നേരത്തേതന്നെ എടുത്തിരുന്നതിനാൽ അദ്ദേഹം തൃപ്പൂണിത്തുറയിൽ ഇറങ്ങിക്കഴിഞ്ഞിരുന്നു. സി.പി.എമ്മിൽ തൃക്കാക്കരയിലായിരുന്നു ആദ്യംമുതൽ 'കൺഫ്യൂഷൻ' നിലനിന്നിരുന്നത്. ബാക്കി മണ്ഡലങ്ങളിലെല്ലാം തീരുമാനിച്ചുകഴിഞ്ഞപ്പോഴും തൃക്കാക്കരയിൽ ആളെ നിശ്ചയിക്കാൻ വൈകി. സ്വതന്ത്രനെ തപ്പിയാണ് ആദ്യം നേതാക്കൾ ഇറങ്ങിയത്. പലപേരുകളും ചർച്ചയിലെത്തിയെങ്കിലും ഒന്നിലും ഉറച്ചുനിൽക്കാനായില്ല. യു.ഡി.എഫ്. സ്ഥാനാർഥി സിറ്റിങ് എം.എൽ.എ. ഉമാതോമസ് തന്നെയാവും എന്നതിനാൽ, വനിതയെ പരിഗണിക്കാൻ ഒടുവിൽ തീരുമാനിച്ചു. സാമൂഹികപ്രവർത്തകയായ ഒരു വനിതയുടെ പേരാണ് സ്വതന്ത്രയായി ഏറ്റവും ഒടുവിൽ പരിഗണിച്ചത്.എന്നാൽ പാർട്ടി സ്ഥാനാർഥിവേണമെന്ന് അഭിപ്രായം ഉയർന്നതോടെയാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ അഡ്വ. പുഷ്പാദാസിലേക്ക് എത്തിയത്. ജില്ലയിൽ ഇക്കുറി രണ്ടുവനിതാ സ്ഥാനാർഥികളെ സി.പി.എം. മത്സരിപ്പിക്കുന്നുണ്ട്‌. വൈപ്പിനിൽ ജനാധിപത്യമഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയായ അഡ്വ. എം.ബി. ഷൈനിയെയാണ് പാർട്ടി രംഗത്തിറക്കുന്നത്. വിദ്യാർഥിരാഷ്ട്രീയത്തിലെ സമരപോരാട്ടത്തിലൂടെയാണ് ഷൈനി ശ്രദ്ധിക്കപ്പെടുന്നത്. 2004-ൽ എസ്.എഫ്‌.ഐ.യുടെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുമ്പോൾ ആ സ്ഥാനത്തെത്തുന്ന ആദ്യവനിതയായിരുന്നു ഷൈനി. 2020-ലെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചെറായി ഡിവിഷനിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ഷൈനിയുടെ പേര് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ചർച്ചയിൽ വന്നിരുന്നു. എറണാകുളം സീറ്റ് വെച്ചുമാറിയതിനേത്തുടർന്ന് ജനതാദളിൽനിന്ന് ലഭിച്ച അങ്കമാലി സീറ്റിലേക്ക് മുൻ എം.എൽ.എ. സാജുപോളാണ് എത്തുന്നത്. സാജുവിലൂടെ ഇക്കുറി അങ്കമാലി പിടിക്കാനാവുമെന്ന പ്രതീക്ഷയാണ് സി.പി.എമ്മിനുള്ളത്. എറണാകുളത്ത് ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ജനറൽ സെക്രട്ടറി സാബുജോർജിനെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച പ്രഖ്യാപനം ഉണ്ടാവും. സി.പി.എം. സിറ്റിങ് എംഎൽ.എ.മാരായ കെ.ജെ. മാക്സി കൊച്ചിയിലും ആന്റണി ജോൺ കോതമംഗലത്തും പി.വി. ശ്രീനിജിൻ കുന്നത്തുനാടും മന്ത്രി പി. രാജീവ് കളമശ്ശേരിയിലും ഇറങ്ങിക്കഴിഞ്ഞു. ജില്ലയിലെ രണ്ട് സി.പി.ഐ. സ്ഥാനാർഥികളും കളത്തിലിറങ്ങി. പറവൂരിൽ കയ്പമംഗലം എം.എൽ.എ.യായ ഇ.ടി. ടൈസണെയാണ് മത്സരിപ്പിക്കുന്നത്. മൂവാറ്റുപുഴയിൽ സി.പി.ഐ. ജില്ലാ സെക്രട്ടറി എൻ. അരുൺ ആദ്യമായി ജനവിധി തേടുകയാണ്. എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റായിരുന്ന അരുണിന്റെ പേര് പറവൂരിൽ പാർട്ടി ചർച്ചചെയ്തിരുന്നു. എന്നാൽ പറവൂരിൽ ജില്ലയ്ക്ക് പുറത്തുനിന്നുള്ള ആൾ മതിയെന്ന് സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു. കേരള കോൺഗ്രസ് (എം) മത്സരിക്കുന്ന പിറവത്തും, പെരുമ്പാവൂരും കോൺഗ്രസ് വിട്ടുപോന്ന അസംതൃപ്തരെയാണ് സ്ഥാനാർഥികളായി കണ്ടെത്തിയിട്ടുള്ളത്. പിറവത്ത് മുൻ മുനിസിപ്പൽ ചെയർമാൻ സാബു കെ. ജേക്കബും പെരുമ്പാവൂരിൽ ഡി.സി.സി. സെക്രട്ടറിയായിരുന്ന മുൻ ജില്ലാ പഞ്ചായത്ത് അംഗം ബേസിൽ പോളും ഉടനെ സ്ഥാനാർഥി പ്രഖ്യാപനം പ്രതീക്ഷിക്കുന്നുണ്ട്. കോൺഗ്രസ് എം.എൽ.എ.മാർ മുന്നേ ഇറങ്ങി സിറ്റിങ് എം.എൽ.എ.മാർക്ക് സീറ്റുറപ്പായതിനാൽ കോൺഗ്രസിലെ എം.എൽ.എ.മാരെല്ലാം നേരത്തേതന്നെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. വീണ്ടും മത്സരിക്കുന്നതിൽ പാർട്ടി നേതൃത്വത്തിൽ എതിർപ്പ് ഉയർന്നിട്ടുണ്ട്. അവിടേക്ക് പുതിയ പേരുകളും പാർട്ടിയിൽ ഉയർന്നുവന്നിട്ടുണ്ട്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ മനോജ് മൂത്തേടൻ, ഉല്ലാസ് തോമസ് എന്നിവരുടെ പേരുകളാണ് അവിടെ പാനലിലുള്ളത്. എന്നാൽ എൽദോസ് കുന്നപ്പിള്ളി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കൊച്ചി, തൃപ്പൂണിത്തുറ, വൈപ്പിൻ മണ്ഡലങ്ങളിലും കോൺഗ്രസിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. കൊച്ചിയിൽ ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പേരാണ് അവസാന പരിഗണനയിലുള്ളത്. ഷിയാസ് കൊച്ചിയിൽ മത്സരിക്കുമ്പോൾ വൈപ്പിൻ സീറ്റിൽ ലത്തീൻ സമുദായ പ്രാതിനിധ്യം വേണ്ടിവരും. അവിടെ വി.ഡി. സതീശന്റെ അനുയായിയായ ഷാരോൺ പനയ്ക്കലിന്റെയും ടോണി ചമ്മണിയുടെയും പേരുകളാണ് പാനലിൽ പ്രധാനമായുള്ളത്. തൃപ്പൂണിത്തുറയിൽ കെ. ബാബു മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ ഐ ഗ്രൂപ്പിൽനിന്ന് തമ്പി സുബ്രഹ്മണ്യത്തിന്റെയും എ ഗ്രൂപ്പിൽനിന്ന് ഡെപ്യൂട്ടി മേയർ ദീപക് ജോയിയുടേയും പേരുകൾ ചർച്ചയിലുണ്ട്. സീറ്റ് എ വിഭാഗത്തിനുവേണമെന്ന് കെ. ബാബു ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനം നിർണായകമാവും. സിറ്റിങ് എം.എൽ.എ.മാരിൽ ആലുവയിൽ അൻവർ സാദത്തും, അങ്കമാലിയിൽ റോജി എം. ജോണും, തൃക്കാക്കരയിൽ ഉമാതോമസും, എറണാകുളത്ത് ടി.ജെ. വിനോദും, പറവൂരിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടനും ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി ഒൗദ്യോഗികപ്രഖ്യാപനത്തിനായി കാക്കുകയാണ്. കേരള കോൺഗ്രസ് (ജേക്കബ്) സീറ്റായ പിറവത്ത് അനൂപ് ജേക്കബ് എം.എൽ.എ.തന്നെയാണ് സ്ഥാനാർഥി. ലീഗിന്റെ സീറ്റായ കളമശ്ശേരിയിൽ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകൻ അബ്ദുൾ ഗഫൂർ വീണ്ടും മത്സരിക്കും. തിങ്കളാഴ്ച സ്ഥാനാർഥിപ്രഖ്യാപനം വരും. കോതമംഗലത്ത് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം ഇക്കുറിയും മത്സരിക്കാൻ ഒരുങ്ങിയിട്ടുണ്ട്. കോൺഗ്രസ്-കേരള കോൺഗ്രസ് അവസാനവട്ട ഉഭയകക്ഷി ചർച്ച പൂർത്തിയാവാനുണ്ട്. എൻ.ഡി.എ. ചർച്ചകൾ പൂർത്തിയായില്ല എൻ.ഡി.എ. ഉഭയകക്ഷി ചർച്ചകൾ പൂർത്തിയായിട്ടില്ല. ആറുസീറ്റുകൾ ട്വന്റി 20ക്ക് കൊടുക്കാൻ ധാരണയായിട്ടുണ്ട്. കുന്നത്തുനാട്, പെരുമ്പാവൂർ, അങ്കമാലി, തൃക്കാക്കര, വൈപ്പിൻ, കൊച്ചി സീറ്റുകളാണ്് ട്വന്റി 20-ക്ക് നൽകാൻ തീരുമാനിച്ചിട്ടുള്ളത്. കുന്നത്തുനാട് സീറ്റിൽ കോൺഗ്രസ് നേതാവായിരുന്ന അടൂർ മുൻ മുനിസിപ്പൽ ചെയർമാൻ ബാബു ദിവാകരനെ സ്ഥാനാർഥിയായി ട്വന്റി 20 പ്രഖ്യാപിച്ചു. മറ്റുസീറ്റുകളിലെ സ്ഥാനാർഥിപ്രഖ്യാപനവും ഉടൻ ഉണ്ടാവും. ബി.ഡി.ജെ.എസുമായുള്ളചർച്ചകൾ പുരോഗമിക്കുകയാണ്. മൂന്നുസീറ്റ് അവർ ആവശ്യപ്പെട്ടിട്ടുണ്ട്. പറവൂർ, കളമശ്ശേരി, കോതമംഗലം സീറ്റുകളിലാണ് ബി.ഡി.ജെ.എസ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്. ഇക്കുറി പറവൂർ സീറ്റിൽ വെച്ചുമാറ്റം വേണമെന്ന് ബി.ജെ.പി. നിർ‌ദേശിച്ചിട്ടുണ്ട്. അവിടെ കോൺഗ്രസിൽനിന്ന് ബി.ജെ.പി.യിലെത്തിയ പറവൂർ മുൻ മുനിസിപ്പൽ ചെയർപേഴ്‌സൺ വത്സലാ പ്രസന്നകുമാറിനെ മത്സരിപ്പിക്കാൻ ബി.ജെ.പി. ആലോചിച്ചിട്ടുണ്ട്. മറ്റു സീറ്റുകളിലെ ബി.ജെ.പി. സ്ഥാനാർഥിപട്ടിക കേന്ദ്ര നേതൃത്വത്തിനുമുന്നിലാണ്. രണ്ടുദിവസത്തിനുള്ളിൽ പ്രഖ്യാപനമുണ്ടാവുമെന്നാണ് നേതാക്കൾ പ്രതീക്ഷിക്കുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എറണാകുളത്ത് കളത്തിലിറങ്ങി LDF; കോൺഗ്രസ് സ്ഥാനാർഥികളെ ഇന്നറി… | Boolokam