മുണ്ടൂർ : എഴക്കാടിന്റെ വറ്റാത്ത നീരുറവയും ജലസംഭരണിയും അടയാളവുമായ എഴക്കാട് ചമ്പക്കുളം നശിക്കുന്നു. വെള്ളം കാണാത്തവിധം പായലും വശങ്ങളിൽ മണ്ണ് നിറഞ്ഞ് പുല്ലും വളർന്ന് നിലയിലാണ് ഇന്ന് കുളം. കോങ്ങാട് തിരുമാന്ധാംകുന്ന് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് കുളം. എങ്കിലും പൊതുകുളമായാണ് നാട്ടുകാർ ഉപയോഗിച്ചിരുന്നത്. To advertise here, എഴക്കാട് ചമ്പയിൽ ശിവക്ഷേത്രത്തിന് മുന്നിലുള്ള ഈ കുളത്തിലാണ് തിരുകുന്നപ്പുള്ളിക്കാവിലെ ആറാട്ടു ചടങ്ങുകൾ നടക്കുക. പായലും മണ്ണും പുല്ലും മൂടിയതോടെ ജനങ്ങൾക്ക് കുളിക്കാനോ ദേവിയുടെ ആറാട്ടിനോ പറ്റാതായി. രണ്ടാഴ്ച മുൻപ് കുമ്മാട്ടിക്ക് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ആറാട്ടുകടവിൽ ചെറിയൊരു കുഴിയുണ്ടാക്കി അതിലാണ് ചടങ്ങുകൾ നടത്തിയത്. രണ്ടര ഏക്കറോളമുള്ള ചമ്പക്കുളത്തിന്റെ പഴക്കം കൃത്യമായി അറിയില്ല. കുളിക്കാൻ മാത്രമല്ല കോങ്ങാട് പഞ്ചായത്തിലെ ചെമ്പക്കര ഭാഗത്തേക്കുവരെ വേനലിൽ കൃഷിയാവശ്യത്തിന് കുളത്തിൽനിന്ന് ചാലുവഴി വെള്ളമെത്തിച്ചിരുന്നതായി പഴമക്കാർ ഓർക്കുന്നു. ജാതിമത ഭേദമന്യേ ദിവസവും നൂറുകണക്കിന് ആളുകളാണ് കുളത്തിൽ കുളിക്കാനെത്തിയിരുന്നത്. 87-90 കാലഘട്ടത്തിൽ കുളം അഫ്രിക്കൻ പായൽ നിറഞ്ഞ് നശിച്ചിരുന്നു. അക്കാലത്തെ കൊടും വരൾച്ചയിൽ നാട് കുടിവെള്ളത്തിനായി വട്ടം കറങ്ങിയപ്പോഴാണ് പുരാതന ജലസംഭരണിയായ കുളം പുനരുദ്ധരിക്കണമെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞത്. നാട്ടുകാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി 1991-ൽ അന്നത്തെ ജില്ലാ ഭരണകൂടവും കളക്ടറായിരുന്ന ജിജി തോംസണും മുൻകൈ എടുത്ത് ജലനിധി പദ്ധതിയിൽ ഉൾപ്പെടുത്തി കുളം അതിവിപുലമായി നവീകരിച്ചു. പായലും ചെളിയും നീക്കി, ചുറ്റും കരിങ്കൽകൊണ്ട് കെട്ടിപ്പടുത്തു. ആറാട്ടു കടവടക്കം മൂന്ന് കടവുകളും നിർമിച്ചു. 85 ദിവസങ്ങളിലായി നാട്ടുകാരുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് പണി പൂർത്തിയാക്കിയത്. മണ്ണുമാന്തി യന്ത്രം പോലുള്ള അത്യാധുനിക സൗകര്യങ്ങളില്ലാതിരുന്ന കാലത്ത് മനുഷ്യപ്രയത്‌നം കൊണ്ടാണ് പണി പൂർത്തിയാക്കിയത്. കുളം വൃത്തിയാക്കി വെള്ളം നിറഞ്ഞതോടെ നാട്ടിലെ കിണറുകളിലെ ജലനിരപ്പ് വേനലിൽ താഴാതെ കാക്കാനായി. വേനലിൽ നാലുകിലോമീറ്റർ ചുറ്റളവിലെ ജനങ്ങളാണ് കുളിക്കാനും അലക്കാനുമായി കുളത്തിലെത്തിയിരുന്നത്. മുണ്ടൂർ-കോങ്ങാട് സംസ്ഥാനപാതയോരത്തുള്ള കുളം ദീർഘദൂര ഭാരവാഹനങ്ങളിലെ ജീവക്കാർക്കും ആശ്വാസമായിരുന്നു. എഴക്കാട് ശാന്തിസേന വായനശാലയുടെ നേതൃത്വത്തിലുള്ള ജനകീയ കമ്മിറ്റിയാണ് നവീകരണശേഷം കുളം പരിപാലിച്ചിരുന്നത്. എന്നാൽ ഏതാനും വർഷംമുൻപ് കമ്മിറ്റി പ്രവർത്തനമവസാനിപ്പിച്ചതോടെ കുട്ടികൾ നീന്തൽ പരിശീലനത്തിനും വ്യായാമത്തിനുമായും എത്തിയിരുന്നതും നിന്നു.

എഴക്കാട് ചമ്പക്കുളം പായൽ നിറഞ്ഞ് നശിക്കുന്നു
M
MathrubhumiSource Link
about 2 months ago