കണ്ണൂർ: കൃത്യം മുപ്പത് വർഷം മുമ്പാണ്, 1996 ലെ ഇതേ പോലൊരു നിയമസഭാ തെരഞ്ഞെടുപ്പ് വേള. മുൻ തൊഴിൽ വകുപ്പ് മന്ത്രിയും കോൺഗ്രസ് നേതാവുമായ എൻ. രാമകൃഷ്ണന്റെ ഫോൺ. ഒന്ന് വീട് വരെ വരാമോ? തിരഞ്ഞെടുപ്പ് വിശേഷങ്ങൾ എന്തെങ്കിലും പങ്കുവെക്കാനാകും എന്ന തോന്നലിൽ ഏഴരയോടെ അവിടെ എത്തുമ്പോൾ നാലഞ്ച് അടുത്ത സഹപ്രവർത്തകർ മാത്രം. വലിഞ്ഞുമുറുകിയ മുഖവുമായി കണ്ണൂരിലെ കോൺഗ്രസുകാരുടെ എൻ. ആർ ഇരിക്കുന്നു. എല്ലാവരുടെയും മുഖത്ത് ഗൗരവം. ചിരിയുടെ ലാഞ്ചന പോലുമില്ല. അൽപ്പനേരത്തെ മൗനത്തിന് ശേഷം എൻ.രാമകൃഷ്ണൻ തന്നെ സംസാരിച്ചുതുടങ്ങി. 'ഞാൻ കണ്ണൂരിൽ മൽസരിക്കാൻ പോകുന്നു. ഇടതുപക്ഷ മുന്നണി പിന്തുണക്കുമെന്നാണ് പ്രതീക്ഷ. സ്വതന്ത്രനായിട്ടായിരിക്കും എന്റെ സ്ഥാനാർത്ഥിത്വം. പത്ത് മണിക്ക് പത്രസമ്മേളത്തിൽ ഇത് പറയും. നിങ്ങളോട് നേരത്തെ പറയാമെന്ന് തോന്നി. കണ്ണൂരിൽ കെ.സുധാകരനായിരിക്കും കോൺഗ്രസ് സ്ഥാനാർത്ഥി എന്നത് അതിന് മുമ്പുതെന്നെ ഉറപ്പിച്ചിരുന്നു. To advertise here, പെട്ടെന്ന് പറഞ്ഞുനിർത്തിയ ശേഷം എൻ.ആർ കസേരയിലേക്ക് ചാഞ്ഞിരുന്നു. കണ്ണുകളിൽ നനവ് പടർനിന്നിരുന്നുവെന്ന് തോന്നി. ആർക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. അടുത്തവരെല്ലാം ആ സാഹസത്തിലേക്ക് നീങ്ങരുതെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്ന് ഒരു നേതാവ് അടക്കം പറഞ്ഞു. ഇതിനിടയിൽ കണ്ണൂരിലെ ലോക്‌സഭാ സ്ഥാനാർത്ഥി മുല്ലപ്പള്ളി രാമചന്ദ്രനുമെത്തി. അദ്ദേഹവും എൻ.ആറിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇതിനിടയിൽ പത്ത് മണിക്ക് പത്രസമ്മേളനത്തിനുള്ള ഫോൺവിളികൾ മറ്റ് പത്രം ഓഫീസുകളിലേക്ക് പോയിതുടങ്ങിയിരുന്നു. ചാനലുകളുടെയും ഓൺലൈൻ മാധ്യമങ്ങളുടെയും ബഹളമില്ലാത്ത കാലം. സമയം പത്ത് മണിയോടടുക്കുന്നു. എന്തോ കാര്യമായ വിശേഷമില്ലാതെ എൻ. ആർ വീട്ടിൽ പത്രസമ്മേളനം വിളിക്കില്ലെന്ന് എല്ലാവർക്കും അറിയാം. പതിനെട്ട് വർഷത്തോളം കണ്ണൂർ ഡിസിസി പ്രസിഡണ്ടായിരുന്നു എൻ.രാമകൃഷ്ണൻ. ആ കാലത്ത് എം വി. രാഘവന്റെ നേതൃത്വത്തിലുള്ള സിപിഎമ്മിനോട് നിരന്തരം ഏറ്റുമുട്ടി കണ്ണൂരിലെ കോൺഗ്രസുകാരുടെ ഹീറോ ആയിരുന്നു എൻ.ആർ. അടിയന്തരാവസ്ഥയിൽ ലീഡർ കെ കരുണാകരന്റെ വിശ്വസ്തനായി വിരാജിച്ചിരുന്ന കാലവുമുണ്ടായിരുന്നു അദ്ദേഹത്തിന്. 1991 ലെ കെ.കരുണാകരൻ മന്ത്രിസഭയിൽ മികച്ച തൊഴിൽ മന്ത്രിയായി പേരെടുക്കുകയും ചെയ്തു. ഒരു ബീഡി തൊഴിലാളിയായി ജീവിതം തുടങ്ങിയ എൻ.ആർ തൊഴിൽമന്ത്രിയെന്ന നിലയിൽ എതിരാളികളുടെയും അംഗീകാരം നേടിയിരുന്നു. പക്ഷെ ഇതിനിടയിൽ കണ്ണൂരിലെ കോൺഗ്രസിൽ അദ്ദേഹത്തിന്റെ പിടി അയഞ്ഞുതുടങ്ങിയിരുന്നു. കോൺഗ്രസിലേക്കുള്ള കെ.സുധാകരന്റെ വരവോടെയായിരുന്നു ഈ ഇറക്കം. 1992 ലെ കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ കെ.സുധാകരൻ ഡിസിസി പ്രസിഡണ്ട് പദത്തിൽ എത്തിയതോടെ പാർട്ടിയും അനുയായിവൃന്ദവുമെല്ലാം സുധാകരന് ചുറ്റും കറങ്ങുന്നതായി കണ്ണൂരിലെ സ്ഥിതി. സുധാകരൻ ഡിസിസി പ്രസിഡണ്ട് പദത്തിലെത്തുന്നത് തടയാൻ സംസ്ഥാനത്തെ പൊതുചിത്രത്തിൽ നിന്ന് വിഭിന്നമായി എ- ഐ വിഭാഗങ്ങൾ കണ്ണൂരിൽ കൈകോർത്തിരുന്നു. പരസ്പരം മറ്റെല്ലായിടത്തും മൽസരിച്ച രണ്ട് ഗ്രൂപ്പുകളും കണ്ണൂരിൽ ഒന്നിച്ച് മുൻ ഡിസിസി പ്രസിഡണ്ടായിരുന്ന മാതമംഗലം കുഞ്ഞികൃഷ്ണനെ വീണ്ടും രാഷ്ട്രീയത്തിലേക്ക് ഇറക്കി. യുവനേതാക്കളുടെ മറ്റൊരു ഗ്രൂപ്പ് കൂടി രംഗത്തുണ്ടായിരുന്നു. കെ.സി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ആ ഗ്രൂപ്പിന്റെ കൂടി പിന്തുണയോടെയാണ് അന്ന് കെ.സുധാകരൻ ഡിസിസി അധ്യക്ഷനായി എത്തുന്നത്. അതോടെ കണ്ണൂരിലെ എ-ഐ വിഭാഗങ്ങളുടെ പ്രതാപവും മങ്ങിത്തുടങ്ങി. താൻ പടുത്തുയർത്തിയ ഡിസിസി ഓഫീസിലേക്ക് പോലും എൻ. ആറിന് കയറാനാവാത്ത അവസ്ഥയായി. പത്രലേഖകർ എത്തിത്തുടങ്ങിയതോടെ കൂടെയുണ്ടായിരുന്ന നേതാക്കളിൽ മിക്കവരും ഇറങ്ങി. ഇടതുമുന്നണിയിലേക്കുള്ള എൻ. രാമകൃഷ്ണന്റെ യാത്രയോട് അവർക്ക് യോജിപ്പുണ്ടായിരുന്നില്ല. അവർ ഇറങ്ങുമെന്നത് എൻ.ആറിനും ബോധ്യമുണ്ടായിരുന്നു. ഉറച്ച തീരുമാനമാണോ?- ഒരിക്കൽ കൂടി അദ്ദേഹത്തോടെ ചോദിച്ചു. അതെ, ഇനി മാറ്റമില്ല. തന്റെ സിറ്റിംഗ് സീറ്റ് ഡി.സി..സി പ്രസിഡണ്ടായ കെ.സുധാകരന് വിട്ടുകൊടുത്തതിലായിരുന്നു എൻ.ആറിന്റെ രോഷമത്രയും. നേരത്തെ എടക്കാട് നിയമസഭാമണ്ഡലത്തിൽ നിന്ന് സിപിഎം ടിക്കറ്റിൽ ജയിച്ച ഓ.ഭരതന് എതിരെ നിയമപോരാട്ടം നടത്തി എം എൽഎ സ്ഥാനം പിടിച്ചെടുത്തതിന്റെ ഗ്ലാമർ കൂടിയുണ്ട് അന്ന് സുധാകരന്. തീരുമാനത്തിൽ മാറ്റമില്ലെന്ന് പറഞ്ഞതിന് പിന്നാലെ ഒരു കാര്യം കൂടി അദ്ദേഹം കൂട്ടിച്ചേർത്തു. 'സുധാകരന് സീറ്റ് കൊടുത്തതിലല്ല എന്റെ പ്രയാസം. ലീഡർക്ക് എന്നോട് ഒരു വാക്ക് പറയാമായിരുന്നു. ഇത്തവണ കണ്ണൂരിൽ നിന്ന് മാറിനിൽക്കണമെന്ന് ലീഡർ പറഞ്ഞിരുന്നെങ്കിൽ ഞാൻ ഇങ്ങിനെയൊരു തീരുമാനം എടുക്കില്ലായിരുന്നു, അതാണ് എന്നെ സങ്കടപ്പെടുത്തുന്നത്. അദ്ദേഹത്തിനൊപ്പമായിരുന്നില്ലേ ഞാൻ ഇക്കാലമത്രയും? '- കണ്ണിൽ ഊറിക്കൂടിയ നനവ് തുടച്ചുകൊണ്ട് പത്രസമ്മേളനത്തിന് തയ്യാറെടുക്കാനായി എൻ.ആർ ഉള്ളിലെ മുറിയിലേക്ക് കയറി. എല്ലാ സങ്കടങ്ങളും മുഖത്ത് നിന്ന് മാറ്റി അൽപ്പം കഴിഞ്ഞ് എൻ.ആർ പത്രസമ്മേളനത്തിനായി തിരിച്ചെത്തി. ഇടതുമുന്നണിയുടെ പിന്തുണയുള്ള സ്വതന്ത്രസ്ഥാനാർത്ഥിയായി താൻ കണ്ണൂരിൽ മൽസരിക്കുന്ന കാര്യം അദ്ദേഹം മാധ്യങ്ങളോട് പ്രഖ്യാപിച്ചു. വിരലിലെണ്ണാവുന്ന ചില പ്രവർത്തകർ മാത്രം കൂടെ. പലരുടെയും മുഖത്ത് വിഷാദഛായ. സിപിഎമ്മിൽ നിന്ന് ഇറങ്ങിവന്ന പഴയ രാഷ്ട്രീയ എതിരാളി എം വി രാഘവനെ നേരത്തെ കോൺഗ്രസ് കൈനീട്ടി സ്വീകരിച്ചതും കണ്ണൂർ രാഷ്ട്രീയത്തിലെ അസാധാരണമായ സംഭവമായിരുന്നു. അതിന്റെ മറ്റൊരു ചിത്രം പോലെയായി എം വി രാഘവനോട് പൊരുതി നിന്ന എൻ.രാമകൃഷ്ണനെ സിപിഎം ഏറ്റെടുത്തതും. തിരഞ്ഞെടുപ്പ് രംഗം ചൂടായതോടെ എൻ.രാമകൃഷ്ണനും ആവേശത്തോടെ കളത്തിലിറങ്ങി. മൽസരത്തിൽ കെ.സുധാകരന് തന്നെയായിരുന്നു ജയം. പിന്നെയും കുറെ കഴിഞ്ഞപ്പോൾ എൻ.രാമകൃഷ്ണനും അനുയായികളും കോൺഗ്രസിൽ തിരിച്ചെത്തി. പക്ഷെ അപ്പോഴേക്കും കണ്ണൂരിലെ കോൺഗ്രസിൽ കെ.സുധാകരന്റെ അപ്രമാദിത്വമായിരുന്നു. മന്ത്രിയായപ്പോൾ പന്ത്രണ്ട് വർഷം താനിരുന്ന ഡിസിസി പ്രസിഡണ്ടിന്റെ കസേര ഉറ്റ അനുയായിയായ അഡ്വ. സണ്ണി ജോസഫിന് കൈമാറി. നേരത്തെ എ വിഭാഗക്കാരനായിരുന്ന സണ്ണി ജോസഫ് സുധാകരന്റെ വരവോടെയാണ് ആ ഗ്രൂപ്പിൽ നിന്ന് പുറത്തിറങ്ങിയത്. അന്ന് കണ്ണൂരിൽ എ വിഭാഗത്തിന്റെ നേതൃത്വം കെ.പി.നൂറുദ്ദീനും കെ സി ജോസഫിനുമായിരുന്നു. ഇവർക്കൊന്നും ഡിസിസി ഓഫീസിൽ പോലും കയറാനാവാത്ത അന്തരീക്ഷമായിരുന്നു അക്കാലത്ത്. കെ. സുധാകരൻ പിന്നീട് പാർലമെന്റ് അംഗമായപ്പോൾ കണ്ണൂർ നിയമസഭാമണ്ഡലം സുധാകരൻ കൈമാറിയത് സിപിഎമ്മിൽ നിന്ന് പിണങ്ങിയെത്തിയ എ.പി.അബ്ദുള്ളക്കുട്ടിക്കായിരുന്നു. അക്കാലത്ത് ഡിസിസി പ്രസിഡണ്ടായിരുന്ന പി. രാമകൃഷ്ണന്റെ താൽപ്പര്യമൊന്നും ഗൗനിക്കാതെയായിരുന്നു കെ.സുധാകരൻ അബ്ദുള്ളക്കുട്ടിക്കായി സീറ്റ് വാങ്ങിക്കൊടുത്തതും വിജയിപ്പിച്ചതും. പിന്നീട് സുധാകരനോടും കോൺഗ്രസിനോടും പിണങ്ങി അബ്ദുള്ളക്കുട്ടി ബിജെപിയിൽ എത്തിയതും കണ്ണൂർ രാഷ്ട്രീയത്തിലെ മറ്റൊരു അസാധാരണ ദൃശ്യം. 1996 ൽ എൻ. രാമകൃഷ്ണനിൽ നിന്ന് സീറ്റ് പിടിച്ചെടുത്ത കെ.സുധാകരൻ മുപ്പത് വർഷത്തിന് ശേഷം 2026 ൽ ആ സീറ്റിനായി എഐസിസി നേതൃത്വത്തോട് വരെ പിണങ്ങിയും കലഹിച്ചും നിൽക്കുന്നതാണ് കണ്ണൂർ കോൺഗ്രസിലെ ഇപ്പോഴത്തെ കാഴ്ച. എൻ.ആറിന്റെ മകൾ അമൃത ഉൾപ്പെടെ പലരും കണ്ണൂർ സീറ്റിനായുള്ള സാധ്യതാപട്ടികയിൽ ഇടം പിടിച്ചിരുന്നു. എന്നാൽ എം എൽ എ ആവാൻ എം പി സ്ഥാനം ഉപേക്ഷിക്കാൻ തയ്യാറെടുത്ത് പോരാട്ടവീര്യത്തോടെയാണ് കെ.സുധാകരന്റെ ഇപ്പോഴത്തെ നിലപാട്. കെ.പിസിസി പ്രസിഡണ്ട് പദം സണ്ണി ജോസഫിനായി ഒഴിഞ്ഞുകൊടുക്കുമ്പോൾ ഇത്തരമൊരു വാഗ്ദാനം ഹൈക്കമാണ്ട് നൽകിയിരുന്നുവെന്നാണ് സുധാകരന്റെ അനുയായിവൃന്ദം പറയുന്നത്. കെ.സുധാകരനാണ് കണ്ണൂരിൽ കോൺഗ്രസ് ഉണ്ടാക്കിയത് എന്ന് വരെ അവർ പ്രഖ്യാപിക്കുന്നു. ജനതാപാർട്ടി വഴി എൺപതുകളുടെ അവസാനം കോൺഗ്രസിലെത്തിയ സുധാകരന്റെ ചരിത്രം പറഞ്ഞ് അവരെ പ്രതിരോധിക്കാനുള്ള ശ്രമവും അവിടെ നടക്കുന്നു. ഏത് പാർലമെന്റ് അംഗത്തിനും നിയമസഭയിലേക്ക് മൽസരിക്കാമെന്നും അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നുമാണ് എഴുപത്തിയേഴ് കഴിഞ്ഞ കെ.സുധാകരൻ ഉയർത്തുന്ന പ്രധാന വാദം. അണികളും അത് ഏറ്റെടുക്കുന്നു. പക്ഷെ പഴയ സഹപ്രവർത്തകർ പലരും ഇതിനോട് യോജിക്കുന്നില്ല എന്നതാണ് ഇന്നത്തെ കണ്ണൂരിലെ സ്ഥിതി. പക്ഷെ സുധാകരനെ പിണക്കിയാൽ പല മണ്ഡലങ്ങളിലും പണി കിട്ടുമെന്ന ആശങ്ക എല്ലാവർക്കുമുണ്ട്. അതിൽ ഒന്നാമൻ കെപിസിസി പ്രസിഡണ്ട് കൂടിയായ പേരാവൂരിൽ വീണ്ടും ജനവിധി തേടുന്ന സണ്ണി ജോസഫ് തന്നെയായിരിക്കും. സുധാകരന്റെ ശേഷിയും തന്ത്രങ്ങളുമെല്ലാം മൂന്ന് പതിറ്റാണ്ടിലേറെയായി അടുത്തറിയുന്ന നേതാവാണല്ലോ സണ്ണി. അമ്പത്തഞ്ചുകാരനായിരുന്ന എൻ.രാമകൃഷ്ണന്റെ സിറ്റിംഗ് സീറ്റാണ് 1996ൽ സുധാകരൻ ചോദിച്ചുവാങ്ങിയത്. ഇപ്പോൾ എഴുപതിന്റെ അവസാനത്തിലേക്ക് നീങ്ങുന്ന കെ.സുധാകരന്റെ അങ്കപ്പുറപ്പാട് ഏതറ്റം വരെ എത്തുമെന്ന് എല്ലാവരും സാകൂതം നോക്കിനിൽക്കുന്നു. മുപ്പത് വർഷം കൊണ്ട് കാലചക്രം തിരിഞ്ഞുവരുമ്പോൾ എന്തെല്ലാം വിചിത്രമായ കാഴ്ചകൾ എന്ന് വോട്ടർമാരും ചിന്തിക്കുന്നുണ്ടാവാം. Content Highlights: 1996 political rift between N. Ramakrishnan and the Congress leadership., K. Sudhakaran's rise to dominance in Kannur district politics., The historical context of seat distribution and internal party conflicts Published: 16 Mar 2026, 01:22 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

എൻ രാമകൃഷ്ണനിൽ നിന്ന് പിടിച്ച സീറ്റ്, 30 വർഷം: കെ.സുധാകരനും കണ്ണൂർ കോൺഗ്രസിലെ വിചിത്ര കാഴ്ചകളും
M
MathrubhumiSource Link
about 2 months ago