എൻഐഎ വലയിലാക്കിയ വാൻഡൈക്ക് വമ്പൻസ്രാവ്; വടക്കുകിഴക്ക് അസ്വസ്ഥത വിതയ്ക്കാൻ സിഐഎ കൂലിപ്പട?

എൻഐഎ വലയിലാക്കിയ വാൻഡൈക്ക് വമ്പൻസ്രാവ്; വടക്കുകിഴക്ക് അസ്വസ്ഥത വിതയ്ക്കാൻ സിഐഎ കൂലിപ്പട?

M
MathrubhumiSource Link
കൊ ൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഒരു സാധാരണ സുരക്ഷാ പരിശോധനയ്ക്കിടെ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) ബാൾട്ടിമോറിൽ നിന്നുള്ള അമേരിക്കൻ പൗരൻ മാത്യു ആരോൺ വാൻഡൈക്കിനെ (46) അറസ്റ്റു ചെയ്തത് മാർച്ച് 13-നാണ്. കൊൽക്കത്തയിൽ നിന്നു ദുബായ്, അവിടെനിന്നും പോളണ്ടിലെ വാഴ്സോ... അതായിരുന്ന്രേത അയാളുടെ യാത്രാപരിപാടി. അതേദിവസം ഡൽഹി, ലഖ്നൗ വിമാനത്താവളങ്ങളിൽ നിന്നും ആറ് യുക്രൈൻ പൗരന്മാരും അറസ്റ്റിലായിരുന്നു. യുഎപിഎയുടെ 18-ാം വകുപ്പ് പ്രകാരമാണ് അറസ്റ്റ്, ഭീകരപ്രവർത്തനം നടത്താനുള്ള ഗൂഢാലോചന, തയ്യാറെടുപ്പ്, ശ്രമം തുടങ്ങിയവയാണ് ഈ വകുപ്പിൽ. സിഐഎയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വാൻഡൈക്കിന്റെയും കൂട്ടരുടെയും അറസ്റ്റ് രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷാ, വിദേശകാര്യ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. To advertise here, ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ ഈ സംഘം (കൂടുതൽ പേര് കൂട്ടത്തിലുണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്) അസമിലെ ഗുവാഹാട്ടിയിലിറങ്ങി. അവിടെ നിന്നും നാട്ടുകാർക്കു പോലും പ്രത്യേക അനുമതിപത്രം (റെസ്ട്രിക്ടഡ് ഏരിയ പെർമിറ്റ്) വേണ്ടുന്ന മിസോറാമിലെ മേഖലകളിലേക്ക് പെർമിറ്റില്ലാതെ പോയി. അവിടെ നിന്നും അവർ നിയമവിരുദ്ധമായി അതിർത്തി കടന്ന് മ്യാൻമാറിലെത്തുകയും അവിടെയുള്ള ഇന്ത്യാ വിരുദ്ധ വംശീയ സായുധസംഘങ്ങളെ ഡ്രോൺ യുദ്ധം, ആയുധ പരിശീലനം, ജാമിംഗ് സാങ്കേതികവിദ്യ എന്നിവ പരിശീലിപ്പിച്ചെന്നാണ് ആരോപണം. യൂറോപ്പിൽ നിന്നും വൻതോതിൽ ഡ്രോണുകളും ഉപകരണങ്ങളും മിസോറാം വഴി മ്യാൻമാറിലേക്ക് അവർ കടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. റഷ്യൻ ഇന്റലിജൻസാണ് വാൻഡൈക്കിന്റെ അറസ്റ്റിനു സഹായകമായ വിവരങ്ങൾ ഇന്ത്യയ്ക്ക് കൈമാറിയതെന്ന് വാർത്തയുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളിൽ സിഐഎ ഇടപെടുന്നതായുള്ള ആരോപണങ്ങൾ ബലപ്പെടുത്തുന്ന ഈ അറസ്റ്റുകൾ ഇന്ത്യാ- അമേരിക്കാ ബന്ധങ്ങളെ കൂടുതൽ അസ്വസ്ഥപ്പെടുത്താനിടയുണ്ട്. അമേരിക്കൻ നയതന്ത്രജ്ഞർ 'സാഹചര്യത്തെക്കുറിച്ച് അറിവുണ്ട്' എന്നല്ലാതെ വിട്ടൊന്നും പറയുന്നില്ല. യുക്രൈൻ ഉദ്യോഗസ്ഥർ സംഭവത്തെ റഷ്യയുടെ മേൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണ്. തങ്ങളെ അപകീർത്തിപ്പെടുത്താനും ഇന്ത്യ- യുക്രൈൻ ബന്ധത്തിൽ വിള്ളൽ വരുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് അവർ ആരോപിക്കുന്നു. യുക്രൈൻ അംബാസഡർ ഒലെക്സാണ്ടർ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന് ഔദ്യോഗികമായ പ്രതിഷേധക്കുറിപ്പ് കൈമാറുകയും തങ്ങളുടെ പൗരൻമാരെ അടിയന്തിരമായി വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ, ഈ മാസം 27 വരെ അവർ എൻഐഎ കസ്റ്റഡിയിൽ കഴിയുമെന്നു വേണം കരുതാൻ. അവരുടെ ചോദ്യം ചെയ്യൽ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയുടെ സ്ഥിരത, രാജ്യത്തിന്റെ അഖണ്ഡത എന്നിവയ്ക്ക് നിർണായകമാവുന്ന വിവരങ്ങൾ നൽകിയേക്കുമെന്ന് വിദഗ്ധർ കരുതുന്നു. 'സ്വാതന്ത്ര്യ സമരസേനാനി' വാൻഡൈക്കും സിഐഎയും ചാരപ്രവർത്തനം പ്രമേയമാക്കിയ ഹോളിവുഡ് സിനിമകളെയും നോവലുകളെയും അനുസ്മരിപ്പിക്കുന്നത്ര നിറപ്പകിട്ടും ഉദ്വേഗവുമുള്ളതാണ് മാത്യു ആരോൺ വാൻഡൈക്കിന്റെ ജീവിതം. ലിബിയ, സിറിയ, ഇറാഖ്, വെനസ്വേല, മ്യാൻമാർ എന്നിവിടങ്ങളിലൊക്കെ സംശയകരമായ സാഹചര്യങ്ങളിൽ അയാളെ കണ്ടു. ഇത്തരം നിഗൂഢപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരിൽ നിന്നും വിഭിന്നമായി അത്യാവശ്യം പബ്ലിസിറ്റി ഇഷ്ടപ്പെടുന്നയാളാണ്. സ്വാതന്ത്ര്യ സമരസേനാനി എന്ന് സ്വയം വിശേഷിപ്പിക്കുന്ന വാൻഡൈക്ക് ഡോക്യുമെന്ററി ചിത്രനിർമാതാവ്, യുദ്ധകാര്യ ലേഖകൻ, സാഹസികയാത്രികൻ തുടങ്ങിയ വേഷങ്ങളും തരാതരം അണിയുന്നു. മോട്ടോർ സൈക്കിളിൽ ഉത്തരാഫ്രിക്കയും മധ്യപൂർവേഷ്യയും മധ്യേഷ്യയും ചുറ്റി ചിത്രീകരണം നടത്തിയിട്ടുണ്ട്. ടെലിവിഷൻ ചർച്ചകളിൽ അതിഥിയായി പങ്കെടുക്കാറുമുണ്ട്. ജോർജ്ടൗൺ യൂണിവേഴ്സിറ്റിയിൽ നിന്ന് സെക്യൂരിറ്റി സ്റ്റഡീസിൽ മാസ്റ്റേഴ്സ് ബിരുദം നേടിയ വാൻഡൈക്ക് തുടക്കത്തിൽ സിഐഎയിൽ ചേരാൻ ശ്രമിച്ചെങ്കിലും പിന്നീട് പിൻമാറിയെന്നാണ് അവകാശപ്പെടുന്നത്. അയാളുടെ സിഐഎ ബന്ധം നിഷേധിക്കാനുള്ള മറയാണിതെന്ന് ഇന്ത്യൻ വിദഗ്ധർ കരുതുന്നു. പിന്നീട് അദ്ദേഹം ചെയ്ത കാര്യങ്ങൾക്ക് തങ്ങളുമായി ബന്ധമില്ലെന്ന് സിഐഎയ്ക്ക് നിഷേധിക്കാമെങ്കിലും അവയിലെല്ലാം അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ വിരലടയാളം കാണാമെന്നും അവയുടെ ഗുണഭോക്താവ് അമേരിക്കയാണെന്നും ആരോപിക്കപ്പെടുന്നു. 2011 ൽ ലിബിയയിലെ ആഭ്യന്തരയുദ്ധത്തിൽ മുൻപ്രസിഡന്റ് മുവമ്മർ ഗദ്ദാഫിക്കെതിരെ വിമതസേനകളോടൊപ്പം പൊരുതിയ വാൻഡൈക്കിന് വെടിയേറ്റു, പിടിക്കപ്പെട്ടു. തുടർന്ന് ആറ് മാസം ഏകാന്തത്തടവിൽ കഴിയേണ്ടി വന്ന അയാൾ സഹതടവുകാർ സെല്ലിന്റെ പൂട്ടുപൊളിച്ച ശേഷം തടവുചാടി. അയാൾ തന്റെ ലിബിയൻ അനുഭവങ്ങളെ പിന്നീട് ഡോക്യുമെന്ററികളാക്കി. പിന്നീട് സിറിയൻ, ഇറാഖ് ആഭ്യന്തരയുദ്ധങ്ങളിൽ പങ്കെടുത്തു. 2014ൽ സൺസ് ഓഫ് ലിബർട്ടി ഇന്റർനാഷണൽ (സോളി) എന്ന പേരിൽ ലാഭേച്ഛയില്ലാത്ത സംഘടന സ്ഥാപിച്ചു. ലക്ഷ്യം ഏകാധിപത്യ ഭരണകൂടങ്ങളെയും ഭീകരരെയും എതിർക്കുന്ന ഗ്രൂപ്പുകൾക്ക് സൗജന്യമായി സൈനിക പരിശീലനവും വിദഗ്ധ ഉപദേശവും സന്നാഹങ്ങളും നൽകുക. സോളിയുടെ ആദ്യദൗത്യം ഐസിസിനെതിരെ പോരാടുന്ന അസീറിയൻ ക്രിസ്ത്യൻ പോരാളികളെ പരിശീലിപ്പിക്കുകയായിരുന്നു. പിന്നീട് അയാളുടെ പ്രവർത്തനം വെനസ്വേല, മ്യാൻമാർ എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. 2022 മുതൽ യുക്രൈനിലായിരുന്നു വാൻഡൈക്ക്. റഷ്യക്കെതിരെ പൊരുതാൻ വെറുതെ ഉപദേശം മാത്രമല്ല, സൈനികനായി ചേരുകയും ചെയ്തു. 2025 ആയപ്പോൾ അദ്ദേഹത്തിന്റെ ലക്ഷ്യം യുക്രൈൻ വിട്ട് റഷ്യയുടെ ആഗോള സഖ്യകക്ഷികളെ നേരിടുന്നതിലേക്ക് വ്യാപിച്ചു. അത് മ്യാൻമാറിലേക്കെത്തി. അമേരിക്കൻ താൽപ്പര്യങ്ങൾക്കായി ലോകത്തെ വിവിധ സംഘർഷമേഖലകളിൽ പ്രത്യക്ഷപ്പെടുന്ന വാൻഡൈക്ക് നിരവധി തവണ അറസ്റ്റു ചെയ്യപ്പെട്ടിരുന്നു, 2008-2010 കാലഘട്ടത്തിൽ ഇറാഖിൽ മാത്രം 20 തവണ. അൽഖ്വയ്ദയാണെന്ന് സംശയിച്ച് ഇറാഖി സൈന്യം തന്നെ മുഖം മൂടിയിട്ട് മർദ്ദിച്ചതായി അദ്ദേഹം അവകാശപ്പെടുന്നു. ഇറാഖിലും അഫ്ഗാനിസ്താനിലുമൊക്കെ അയാൾ കുടുക്കുകളിൽ പെട്ടപ്പോഴൊക്കെ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് രക്ഷയ്ക്കെത്തിയിരുന്നു. അമേരിക്ക മറ്റനേകം യുഎസ് പൗരൻമാരുടെ കാര്യത്തിൽ ഇത്രയും താൽപ്പര്യമെടുത്തിട്ടില്ല. വാൻഡൈക്ക് ചില്ലറക്കാരനല്ല എന്നർത്ഥം. അയാൾക്ക് ഒരുപാട് രഹസ്യങ്ങളറിയാം, സിഐഎ ഓപ്പറേഷനുകളെ പറ്റി, അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ നിഗൂഢ താൽപ്പര്യങ്ങളെ പറ്റി എന്നത് വ്യക്തമാണ്. സിഐഎയും മണിപ്പുരും മ്യാൻമാറിലെ സൈനികഭരണകൂടത്തിനെതിരെ (ഹുണ്ട) പോരാടുന്ന വംശീയ സായുധസംഘങ്ങളെ മാത്രമല്ല, ഇന്ത്യയിലെ നിരോധിത വിമതസൈന്യങ്ങളെയും ഈ കൂലിപ്പടയാളി സംഘം ബന്ധപ്പെട്ടിരുന്നതായി കരുതുന്നു. മ്യാൻമാറിലെ ക്യാമ്പുകളിലെ പാഠ്യപദ്ധതിയിൽ ഡ്രോൺ അസംബ്ലി, വിന്യാസം, ഇലക്ട്രോണിക് യുദ്ധരീതികൾ, ഫയറിംഗ് എന്നിവ ഉൾപ്പെട്ടിരുന്നു. 2024 സെപ്തംബർ ഒന്നിന് മണിപ്പുരിലെ പശ്ചിമ ഇംഫാലിലെ കൗതൃക്ക് ഗ്രാമത്തിൽ വിമതർ നടത്തിയ ഡ്രോണാക്രമണത്തിൽ രണ്ടു ഗ്രാമീണർ കൊല്ലപ്പെടുകയും പത്തു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വിഘടനവാദികൾ നാൽപ്പതോളം ബോംബുകൾ ഡ്രോണുപയോഗിച്ച് വർഷിച്ചതായി പിന്നീട് എൻഐഎ കണ്ടെത്തി. ഈ ഡ്രോണുകൾ തീവ്രവാദികൾക്ക് നൽകിയതാരായിരിക്കുമെന്ന ചോദ്യത്തിന് ഉത്തരം വൈകാതെ കിട്ടിയേക്കും. 2023 മേയ് മാസം ആരംഭിച്ച മണിപ്പുർ സംഘർഷത്തിനിടയ്ക്കായിരുന്നു ഈ ഡ്രോൺ ആക്രമണം. കലാപത്തിന്റെ തുടക്കം മുതൽ തന്നെ സംസ്ഥാനത്തെ വംശീയസംഘർഷത്തെ ആളിക്കത്തിക്കാൻ പുറത്തു നിന്നും ശ്രമമുള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കലാപത്തിൽ ഡസൻകണക്കിന് മരണമുണ്ടായി, ആയിരക്കണക്കിന് നാട്ടുകാർക്ക് വീടുവിട്ട് ഓടേണ്ടിവന്നു. ആ സംഭവങ്ങൾക്ക് വാൻഡൈക്കും സംഘവുമായി ബന്ധമുണ്ടോ എന്നും എൻഐഎ അന്വേഷിക്കുന്നുണ്ട്. മിസോറാം മുഖ്യമന്ത്രി ലാൽദുഹോമ നാട്ടിൽ യുഎസ്, ബ്രിട്ടീഷ് പൗരന്മാരുടെ വരവ് അസാധാരണമായി വർധിച്ച കാര്യം മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു. മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പുറത്താകും മുമ്പ് നടത്തിയ ചില പ്രസ്താവനകൾ ഗൂഢാലോചനാ സിദ്ധാന്തങ്ങളെ ബലപ്പെടുത്തുന്നവയാണ്. ബംഗ്ലാദേശിലെ ചിറ്റഗോങ് മേഖല, മ്യാൻമറിലെ ചിൻ പ്രവിശ്യ, ഇന്ത്യയുടെ മിസോറാം, മണിപ്പൂർ മേഖല എന്നിവ കൂട്ടിച്ചേർത്ത് ഒരു ക്രിസ്ത്യൻ ഭൂരിപക്ഷരാജ്യം രൂപീകരിക്കാൻ സഹായിക്കണമെന്ന് അമേരിക്കൻ അധികൃതർ ആവശ്യപ്പെട്ടെന്ന് ഹസീന ആരോപിച്ചു. അധികം വൈകാതെ അവരെ പുറത്താക്കി, പകരം അമേരിക്കൻ ഡീപ് സ്റ്റേറ്റിന്റെ സ്വന്തം ആളായ മുഹമ്മദ് യൂനുസിനെ അധികാരത്തിലെത്തിച്ചു. യൂനുസ് പലതവണ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ കുറിച്ച് പരാമർശിച്ചത് ഓർമിക്കുമല്ലോ. ഈ പ്രത്യയശാസ്ത്രവുമായി ഒത്തുപോവുന്നതാണ് സോളിയുടെ 'സ്വാതന്ത്ര്യസമരം.' എന്തിനാകാം അമേരിക്ക ഈ കളി കളിക്കുന്നത്? മ്യാൻമാർ ഭരിക്കുന്ന ഹുണ്ട, ചൈനയോട് ചായ്വുള്ളവരാണ്. പൗരസ്ത്യാനുഭാവ നയം, അതിർത്തിയിലെ മികച്ച അടിസ്ഥാനസൗകര്യനിർമാണം എന്നിവയിലൂടെ ഇന്ത്യയ്ക്കും രാജ്യത്ത് നല്ല സ്വാധീനമുണ്ട്. ഈ മേഖലയിൽ അമേരിക്കക്ക ഒരു 'പിടിത്തം' വേണം. അതിന് ചിൻസംസ്ഥാനത്തെ പ്രോക്സികൾ വഴി ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്ത് ബംഗാൾ ഉൾക്കടലിനും ചൈനീസ് വിതരണശൃംഖലകൾക്കും അടുത്ത് അമേരിക്കൻ പരിശീലനം ലഭിച്ച സൈന്യത്തെ കുടിയിരുത്തണം. ഒരേസമയം ഇന്ത്യയുടെ വളർച്ച നിയന്ത്രിക്കുക, ചൈനയെ നിരീക്ഷിക്കുക, മ്യാൻമാറിലെ പ്രകൃതിവിഭവങ്ങളുടെ (പ്രത്യേകിച്ച് അപൂർവ ഭൗമമൂലകങ്ങൾ) വിതരണം നിയന്ത്രിക്കുക എന്നിവയാവണം ലക്ഷ്യം. ഇന്ത്യയ്ക്ക് ഇതു ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. അല്ലെങ്കിൽ തന്നെ ചൈനയും പാകിസ്താനും അതിർത്തിയിൽ ആവശ്യത്തിന് തലവേദന തരുന്നുണ്ട്! കരുതലോടെ ഇന്ത്യ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയ കാലം മുതൽക്കു തന്നെ അസ്വസ്ഥത പുകയുന്നുണ്ട്. വംശീയതയുടെ അടിസ്ഥാനത്തിലെ വിഘടനവാദം, അവഗണന, അനധികൃത കുടിയേറ്റം, സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന നിയമം (അഫ്സ്പ) ... നിരവധി കാരണങ്ങളുണ്ടായിരുന്നു അതിന്. ഒരേസമയം അമ്പതിലധികം തീവ്രവാദിസംഘങ്ങൾ സജീവമായിരുന്ന കാലമുണ്ട്. 1980കളിലും തുടർന്നുള്ള സമയത്തും വർഷം ശരാശരി ആയിരത്തോളം പേർ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. സമീപകാലത്താണ് അതിൽ വലിയ മാറ്റമുണ്ടായത്. തീവ്രവാദികളുമായി നിരവധി സമാധാനക്കരാറുകൾ ഒപ്പുവെക്കാൻ കേന്ദ്രത്തിനായി. മരണസംഖ്യയും സംഘർഷസംഭവങ്ങളും 80 ശതമാനത്തോളം കുറഞ്ഞു. മണിപ്പുരിൽ ഈയിടെയുണ്ടായ വംശീയസംഘർഷം അപവാദമാണ്. മണിപ്പുർ സംഘർഷത്തെ തുടർന്ന് മേഖലയെ ശക്തിപ്പെടുത്താൻ രാജ്യം നിരവധി നടപടികൾ കൈക്കൊണ്ടു. കേന്ദ്രത്തിൽ ആഭ്യന്തരസെക്രട്ടറിയായിരുന്ന അജയ് ഭല്ലയെ മണിപ്പുർ ഗവർണറാക്കി, മണിപ്പുർ മുഖ്യമന്ത്രി യുമനം ഖേചന്ദ് സിംഗിന്റെ ഉപദേഷ്ടാവായി കേന്ദ്രമുൻ ലഫ്. ജനറൽ നിഷികാന്ത സിംഗിനെ നിയമിച്ചു, മിസോറാമിന്റെ ഗവർണറായി മുൻ കരസേനാമേധാവി ജനറൽ വികെ സിംഗിനെ കൊണ്ടുവന്നു. മേഖലയെ അസ്ഥിരപ്പെടുത്താൻ നടക്കുന്ന നീക്കങ്ങളെക്കുറിച്ച് കേന്ദ്രത്തിന് സൂചന കിട്ടിയതാവാം ഈ നടപടികൾക്ക് പിന്നിൽ. സമീപകാലത്ത് മ്യാൻമാർ അതിർത്തിക്കപ്പുറമുള്ള ചില തീവ്രവാദി കേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തതും ഇതുമായി കൂട്ടി വായിക്കാം. ഇന്ത്യയിലെ മതസ്വാതന്ത്ര്യം വഷളാവുകയാണെന്നു പറഞ്ഞ അമേരിക്കയിലെ മതസ്വാതന്ത്ര്യ കമ്മീഷൻ (യുഎസ്സിഐആർഎഫ്) ആർഎസ്എസിനും ഇന്ത്യൻ ചാരസംഘടന റോയ്ക്കും ഉപരോധമേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധിപ്പിക്കുന്നവരുണ്ട്. ഓപ്പറേഷൻ സിന്ദൂറിലും ഇപ്പോൾ നടക്കുന്ന ഇറാൻ, യുക്രൈൻ യുദ്ധങ്ങളിലും കാണുന്നത് ആളില്ലാവിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ചു നടത്തുന്ന പോരാട്ടമാണ്. ഹൈബ്രിഡ് വാർ. നമ്മുടെ അതിർത്തികളെ അശാന്തമാക്കി നേട്ടം കൊയ്യാൻ ശ്രമിക്കുന്ന മിലിട്ടറി കരാറുകാരുടെ വേഷത്തിൽ വരുന്ന വിദേശശക്തികളെ ലോകത്തിനു മുന്നിൽ തൊലിയുരിച്ചു കാട്ടാനുള്ള ഈ അവസരം ഇന്ത്യ എങ്ങനെ ഉപയോഗിക്കുമെന്ന് കണ്ടറിയണം. അമേരിക്കൻ പൗരനും സിഖ് ഭീകരനുമായ ഗുർപട്വന്ത് സിംഗ് പന്നൂനെ വധിക്കാൻ ശ്രമിച്ച കേസിൽ ഇന്ത്യയെ വിഷമിപ്പിച്ച അമേരിക്ക ഇന്ത്യയോട് എന്തുത്തരം ഏതു ഭാഷയിലാണ് പറയുക എന്നു നമുക്കു നോക്കാം. അവരുടെ സമ്മർദ്ദം ചെറുത്തുനിൽക്കുക ഇന്ത്യയുടെ നയതന്ത്രജ്ഞർക്ക് ഒട്ടും എളുപ്പമാവില്ല!

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എൻഐഎ വലയിലാക്കിയ വാൻഡൈക്ക് വമ്പൻസ്രാവ്; വടക്കുകിഴക്ക് അസ്വസ… | Boolokam