ഇ.പി. രാജഗോപാലന്‍ Last Updated: 17 March 2026, 10:06 AM IST കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ എന്‍.പ്രഭാകരന്റെ 'മായാമനുഷ്യര്‍' എന്ന കൃതിയെ നിരൂപകന്‍ ഇ.പി. രാജഗോപാലന്‍ വിലയിരുത്തുന്നു. എന്‍. പ്രഭാകരന്‍ | Photo - Mathrubhumi archives വികാരരൂപങ്ങൾ മാത്രമായിക്കൂടാ കഥകളും നോവലുകളും എന്ന് കൃത്യമായ ചരിത്രപ്രേരണകളാൽ തീരുമാനിച്ച എഴുത്താളാണ് എൻ. പ്രഭാകരൻ . അസ്വാസ്ഥ്യം പകരുന്ന അന്വേഷണങ്ങളില്ലാത്ത രചനകൾ തന്റേതായി ഇല്ല. 'ഒറ്റയാന്റെ പാപ്പാൻ' എന്ന യൗവനകാലത്തെ കഥതൊട്ടുള്ള എല്ലാ കൃതികളിലും ഈ അന്തരീക്ഷം കാണാം. ഇത് വ്യത്യസ്തമായ ധൈഷണികതയാണ്. എന്നാൽ, അനുഭവങ്ങളുടെ യാഥാർഥ്യങ്ങൾ മറച്ചുപിടിക്കുന്ന തരത്തിലുള്ള ഭാഷാന്തരീക്ഷമല്ല ഈ കൃതികളിൽ കാണാവുന്നത്. ലോകത്തെക്കുറിച്ചുള്ള പലമാതിരി ഉത്കണ്ഠകൾ ഉത്പാദിപ്പിക്കുന്ന വേറിട്ട ഒരുഭാഷ എന്നുതന്നെ ഈ കഥനരീതിയെക്കുറിച്ച് പറയാം. ഇങ്ങനെയൊരു എഴുത്തിനായി അനുഭവിക്കുന്ന സംഘർഷം പല നല്ല വായനയാളുകളും (readers) പ്രത്യേകം തിരിച്ചറിയുന്നുണ്ടാകണം. To advertise here, മലയാള സാഹിത്യാന്തരീക്ഷത്തിൽനിന്ന് ഇപ്പോഴും മാറിയിട്ടില്ലാത്ത പൈങ്കിളിത്വത്തിന്റെയും അതിനാടകീയതയുടെയും പരമശത്രുക്കളായ എഴുത്തുകളാണ് എൻ.പ്രഭാകരന്റേത്. ലാളിത്യം എന്ന നല്ല കലാമൂല്യത്തെ ധിക്കരിക്കുന്നവയല്ല രചനകൾ -ഈ കാര്യം ഇപ്പോൾ എടുത്തുപറയേണ്ടതുമുണ്ട്. വായിക്കുന്ന ആളെക്കൊണ്ട് ചിന്തയുടെ അന്തരീക്ഷത്തിലേക്ക് ഒരുയാത്ര പോകാൻ പ്രേരിപ്പിക്കുന്ന എഴുത്തുകളാണ് ഇവ. വികാരപരമായ ആവശ്യം മാത്രമല്ല കഥകൾ നിറവേറ്റുന്നത്. അസ്വാസ്ഥ്യത്തിന്റെ പുസ്തകങ്ങൾ എന്ന് ഈ രചനകളെക്കുറിച്ച് സാമാന്യമായി പറയേണ്ടതുണ്ട്. ഈ പരമ്പരയിൽ വരുന്ന നോവലാണ് 'മായാമനുഷ്യർ' എന്ന കൃതി. 2020-ൽ ഇത് പുറത്തുവന്നു. ബോംബെയിൽ ചെറിയൊരു ജോലിചെയ്തിരുന്ന ഒരു മലയാളി നാട്ടിലേക്ക് തിരിച്ചെത്തുന്നതും മുന്നോട്ടുപോകാനായി സ്വന്തം നാട്ടിൽ ഒരു കട തുടങ്ങുന്നതും ഈ നോവലിലെ ഒരു ഘട്ടമാണ്. ആ കട അയാളെ ഒട്ടും സഹായിക്കുന്നില്ല. കാരണം അയാളുടെ പിടിപ്പുകേടൊന്നുമല്ല. ആ കടയിൽനിന്ന് അകലെയല്ലാതെ ഒരു ഷോപ്പിങ് മാൾ തുറന്നിരിക്കുന്നു. ഒരു നാടൻകടയുടെ പ്രകൃതത്തിൽനിന്ന്, അതിന്റെ സരളമായ മാനുഷികതയിൽനിന്ന് നന്നേ വ്യത്യസ്തമായ സാംസ്‌കാരികാന്തരീക്ഷമാണ് ഷോപ്പിങ് മാളിലുള്ളത്. മാളിൽ കയറുന്ന ആളുകൾ പെട്ടെന്ന് അവിടെ പ്രദർശിപ്പിക്കപ്പെടുന്ന വസ്തുക്കളുടെ അമിതത്വത്തിൽ സ്വന്തം സാധാരണത്വം മറന്നുപോകുകയും ആ വസ്തുപ്രപഞ്ചത്തിന്റെ അടിമകളായിത്തീരുകയും 'ഉപഭോഗഭ്രാന്ത്' എന്ന് വിളിക്കേണ്ട അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. ഇത് മിക്ക ആളുകൾക്കും ആനന്ദമായിട്ടാണ് തോന്നുക. അതുകൊണ്ട് നേരത്തേ പറഞ്ഞ ആൾ തന്റെ കട പൂട്ടി. അയാൾക്ക് ഒരു മകനുണ്ട്. പേര് അസാധാരണമാണ്- ഗമൻ. ഗമൻ ആണ് 'മായാമനുഷ്യരി'ലെ പ്രധാനപ്പെട്ട ഒരാൾ. ഒരു സ്ഥലത്തും ഉറയ്ക്കാതെ പലയിടത്തേക്ക് ഗമിക്കുന്ന ഒരാളിന്റെ പ്രകൃതത്തെ പ്രക്ഷേപിക്കുന്ന പേരാണ് ഗമൻ. അയാളുടെ യാത്രകൾ നോവലിൽ ആഖ്യാനത്തിന്റെ പല വേദികൾ പണിയുന്നുണ്ട്. നോവൽ വ്യക്തമാക്കുന്നത് ഉത്തരാധുനികമായ വ്യാപാരസംസ്‌കൃതിയുടെ വിശകലനമാണ്. ഒരുതരത്തിലുള്ള അപനിർമാണത്തിന്റെ മട്ടിലാണ് നോവൽ ക്രമപ്പെട്ടിരിക്കുന്നത്. ഉത്തരാധുനിക വ്യാപാരസമുച്ചയങ്ങൾ വേറൊരു ഭൂമിശാസ്ത്രംപോലെ സമൂഹത്തിൽ നിലനിൽക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. ഏറെ പ്രധാനപ്പെട്ട മാനുഷികപ്രവർത്തനം സാധനങ്ങൾ ആവശ്യത്തിനും അതിലേറെ അനാവശ്യത്തിനും വാങ്ങിക്കൂട്ടലാണ് എന്ന് സാധാരണക്കാരെക്കൊണ്ടുപോലും സമ്മതിപ്പിക്കുന്ന ഒരു അനുഭവവ്യവസ്ഥയായും ദൃശ്യവ്യവഹാരമായും ഉത്തരാധുനികത മാറുന്നുണ്ട്. ഈ പരിണതിയെക്കുറിച്ചുള്ള തീവ്രമായ ഉത്കണ്ഠയാണ് ഒരുതരത്തിൽ 'മായാമനുഷ്യരി'ൽ പ്രത്യക്ഷപ്പെടുന്നത്. ജൈവമായിട്ടുള്ള അനുഭവങ്ങൾ ഏതാണ്ട് അസ്തമിച്ചുപോകുകയും സിന്തറ്റിക് അനുഭവങ്ങൾ വർധിച്ചുവരുകയും ചെയ്യുന്നു: ലോകചരിത്രത്തിൽ മുമ്പൊരിക്കലും വന്നിട്ടില്ലാത്ത ഈ നിലയെക്കുറിച്ചുള്ള, പലപ്പോഴും സ്വപ്നങ്ങളുടെ ഘടനയെ സ്പർശിക്കുന്ന ആഖ്യാനസന്ദർഭങ്ങളാണ് നോവലിലുള്ളത്. പലപ്പോഴും ഇത്തരം സന്ദർഭങ്ങൾ വിശകലനബുദ്ധിയോടെ അവതരിപ്പിക്കാനുള്ള ശ്രദ്ധയും ഭാഷാശേഷിയുമുള്ള ബുദ്ധിജീവികൾ ഉണ്ടാകാറുണ്ട്. എന്നാൽ, ബുദ്ധിജീവികൾ ഭരണകൂടത്തിന്റെ വ്യാഖ്യാതാക്കളെപ്പോലെ പെരുമാറുന്ന വിപരീതാവസ്ഥയെക്കുറിച്ചുള്ള വേവലാതിയും ഈ നോവൽ പങ്കുവെക്കുന്നുണ്ട്. എൻ. പ്രഭാകരന്റെ നോവലുകൾക്കും കഥകൾക്കുമെല്ലാം (തീർച്ചയായും നാടകങ്ങൾക്കും) ധൈഷണികതയുടെ അധികമാനവും സൗന്ദര്യവുമുണ്ട്. ഈ കൃതിയിലും ഒരു അന്തരീക്ഷം നിലനിൽക്കുന്നു. ഈ നോവൽ ഒരു ബദൽ പാഠമാണ്. വ്യാപാരയുക്തിയുടെയും അത് ഉത്പാദിപ്പിക്കുന്ന സമഗ്രമായ ഏകാന്തതയുടെയും അവസ്ഥകളെക്കുറിച്ച് ആളുകൾ ആത്മാർഥമായി ചിന്തിക്കണമെന്ന് സാംസ്‌കാരികമായി ആവശ്യപ്പെടുന്ന സർഗപാഠം. Content Highlights: Analysis of N. Prabhakaran's unique intellectual writing style., Exploration of the theme of postmodern consumerism in 'Mayamanushyar'., Critique of how shopping malls and synthetic experiences replace organic human connections., Examination of the character 'Gaman' and his narrative significance., Insight into the role of intellectuals in modern society. Published: 17 Mar 2026, 10:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

എൻ. പ്രഭാകരന്റെ 'മായാമനുഷ്യർ': അസാമാന്യമായ സമകാലികത
M
MathrubhumiSource Link
about 2 months ago