കൊല്ലം :എൻ.എസ്. ആശുപത്രി റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗത്തിന്റെ 16-ാംവാർഷികവും ഐ.വി.എഫ്. ചികിത്സയിലൂടെ 5000 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ ചരിത്രനേട്ടവുമായി കണ്മണിസംഗമം സംഘടിപ്പിച്ചു. ആശ്രാമം ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിൽ നടന്ന പരിപാടി ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാർ ഉദ്ഘാടനം ചെയ്തു. To advertise here, ഏപ്രിൽ ഒന്നുമുതൽ ചികിത്സതേടിയെത്തുന്ന ആദ്യത്തെ പത്ത് ദമ്പതിമാർക്ക് ഒരുലക്ഷം രൂപയുടെ മരുന്നുകൾ സൗജന്യമായി നൽകുമെന്ന പ്രഖ്യാപനവും നടത്തി. കൂടാതെ അന്നുമുതൽ കുറഞ്ഞ നിരക്കിൽ ഐ.വി.എഫ്. ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായി പാക്കേജ് നിരക്ക് 90,000 രൂപയായി നിജപ്പെടുത്തി. സാമ്പത്തിക ബുദ്ധിമുട്ടുകാരണം ചികിത്സ മുടങ്ങാതിരിക്കാൻ പണം തവണകളായി അടയ്ക്കാനുള്ള (ഇ.എം.ഐ.) പ്രത്യേക സൗകര്യവുമുണ്ട്. ഐ.വി.എഫ്. വഴി ജനിക്കുന്ന കുഞ്ഞുങ്ങൾക്കായി 'പീഡിയാട്രിക് പ്രിവിലേജ് കാർഡ്' മുഖേന ഒരുവർഷത്തേക്ക് പീഡിയാട്രീഷ്യനെ കാണുന്നതിനുള്ള കൺസൾട്ടേഷൻ ഫീസിൽ 50 ശതമാനം ഇളവും ലഭിക്കും. ആശുപത്രി വൈസ് പ്രസിഡന്റ് എ. മാധവൻപിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാലതാരം അമേയ അനിൽ മുഖ്യാതിഥിയായി. പുതിയ ചികിത്സാപദ്ധതികളുടെ പ്രഖ്യാപനം എ. മാധവൻപിള്ളയും പീഡിയാട്രിക് പ്രിവിലേജ് കാർഡിന്റെ വിതരണോദ്ഘാടനം ഭരണസമിതി അംഗം സൂസൻകോടിയും നിർവഹിച്ചു. ഐ.വി.എഫ്. വിഭാഗത്തെ മികച്ച രീതിയിൽ നയിച്ച ഡോക്ടർമാരെ ഭരണസമിതി അംഗം ഡി. സുരേഷ്‌കുമാറും ജീവനക്കാരെ എസ്. സുൽബത്തും അനുമോദിച്ചു. ഐ.വി.എഫ്. വിഭാഗം മേധാവി ഡോ. ജി. ഹരികുമാർ, ആശുപത്രി സെക്രട്ടറി പി. ഷിബു, മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. വി.കെ. സുരേഷ്‌കുമാർ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഡി. ശ്രീകുമാർ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. എം. നാഗമണി, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. സന്ധ്യ അയ്യപ്പൻ, ഡോ. അഞ്ജു മാധവൻ തുടങ്ങിയവർ പ്രസംഗിച്ചു.
