ചെന്നൈ : തമിഴ്‌നാട്ടിലെ പ്രതിപക്ഷ എൻ.ഡി.എ.യിലെ സീറ്റു ചർച്ചകൾക്ക് ഡൽഹിയിൽ തുടക്കമായി. അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു. പി.എം.കെ .നേതാവ് അൻപുമണി രാംദാസും എ.എം.എം.കെ. നേതാവ് ടി.ടി.വി. ദിനകരനും ഡൽഹിയിലേക്കു തിരിച്ചിട്ടുണ്ട്. To advertise here, എൻ.ഡി.എ.യിലെ സീറ്റു ചർച്ച നാലുദിവസംകൊണ്ട് പൂർത്തിയാവുമെന്നാണ് അമിത് ഷായെ കണ്ടതിനുശേഷം ചെന്നൈയിൽ തിരിച്ചെത്തിയ എടപ്പാടി പറഞ്ഞത്. മുന്നണിയിൽ തർക്കങ്ങളൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ ബി.ജെ.പി.യുടെ ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ശനിയാഴ്ച ചെന്നൈയിലെത്തും. അതിനു ശേഷമായിരിക്കും ഔപചാരിക ചർച്ച തുടങ്ങുക. സഖ്യത്തിന്റെ കാര്യത്തിൽ ഘടകകക്ഷികൾ ധാരണയിലെത്തിയിട്ടുണ്ടെന്ന് എടപ്പാടി പറഞ്ഞു. ഡി.എം.കെ. നേതാക്കളുടെ രൂക്ഷവിമർശനത്തിനിടെയാണ് എൻ.ഡി.എ.യിലെ ഘടകകക്ഷികൾ ചർച്ചകൾക്കായി ഡൽഹിയിലെത്തിയത്. വ്യഴാഴ്ച രാത്രി അമിത് ഷായുടെ വീട്ടിലെത്തി ചർച്ച നടത്തിയ പളനി സ്വാമി വെള്ളിയാഴ്ച തിരിച്ചു പോന്നു. അതിനുശേഷമാണ് അൻപുമണി രാംദാസും ടി.ടി.വി. ദിനകരനും ഡൽഹിക്കു പോയത്. സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികൾ ചർച്ച ചെയ്യാനായി അമിത് ഷായുടെ ക്ഷണമനുസരിച്ചാണ് തങ്ങൾ പോകുന്നതെന്നാണ് ദിനകരൻ പറഞ്ഞത്. രാഷ്ട്രീയ സ്ഥിതിഗതികളാണ് ചർച്ച ചെയ്തതെന്നാണ് പളനിസ്വാമിയും പറഞ്ഞത്. എൻ.ഡി.എ.യിലെ ഘടകകക്ഷികൾ സീറ്റു വിഭജനക്കാര്യത്തിൽ ഏകദേശ ധാരണയിലെത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. സംസ്ഥാനത്ത 234 സീറ്റിൽ 170-ൽ മത്സരിക്കാനാണ് അണ്ണാ ഡി.എം.കെ.യുടെ തീരുമാനം. 50 സീറ്റ് വേണമെന്ന് നിർബന്ധം പിടിച്ചിരുന്ന ബി.ജെ.പി. വിട്ടുവീഴ്ചയ്ക്കു തയ്യാറായെന്നാണ് അറിയുന്നത്. 29 സീറ്റിലാവും ബി.ജെ.പി. മത്സരിക്കുക. 18 സീറ്റ് അൻപുമണി രാംദാസിന്റെ പി.എം.കെയ്ക്ക് നൽകും. ഒൻപതു സീറ്റ് ടി.ടി.വി. ദിനകരന്റെ എ.എം.എം.കെയ്ക്കും ബാക്കി സീറ്റ് ചെറുകക്ഷികൾക്കും നൽകും. സീറ്റിന്റെ എണ്ണത്തിൽ ചെറിയ മാറ്റങ്ങളുണ്ടായേക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 20 ഇടത്തു മത്സരിച്ച ബി.ജെ.പി. നാലിടത്ത് ജയിച്ചു. അണ്ണാ ഡി.എം.കെ 179 സീറ്റിൽ മത്സരിച്ച് 66 ഇടത്ത് വിജയിച്ചു. പിഎംകെ 23 സീറ്റിലാണ് മത്സരിച്ചത്. അഞ്ചിടത്ത് വിജയിച്ചു. അതിനു ശേഷം നടന്ന ലോക് സഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ.യും ബി.ജെ.പി.യും വേറിട്ടാണ് മത്സരിച്ചത്. എന്നാൽ പി.എം.കെ. ബിജെപി സഖ്യം നിലനിർത്തിയിരുന്നു. Published: 21 Mar 2026, 01:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

എൻ.ഡി.എ. സീറ്റു ചർച്ചയ്ക്ക് ഡൽഹിയിൽ തുടക്കം
M
MathrubhumiSource Link
about 2 months ago