ചെന്നൈ : തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. സഖ്യത്തിലെ സീറ്റ് വിഭജനം പൂർത്തിയായി. ആകെയുള്ള 234 സീറ്റിൽ ബി.ജെ.പി. 27 സീറ്റിലും പി.എം.കെ. അൻപുമണി രാംദാസ് വിഭാഗം 18 സീറ്റിലും ടി.ടി.വി. ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം (എ.എം.എം.കെ.) 11 സീറ്റിലും മത്സരിക്കും. ഇന്ത്യൻ ജനനായക കക്ഷി (ഐ.ജെ.കെ.), ജോൺ പാണ്ഡ്യന്റെ നേതൃത്വത്തിലുള്ള തമിഴക മക്കൾ മുന്നേറ്റ കഴകം (ടി.എം.എം.കെ.) എന്നിവയ്ക്കു രണ്ടു വീതം സീറ്റ് നൽകും. സഖ്യത്തെ നയിക്കുന്ന അണ്ണാ ഡി.എം.കെ. സ്വന്തം സീറ്റ് വിഹിതം ഇനിയും അറിയിച്ചിട്ടില്ല. To advertise here, തിങ്കളാഴ്ച ചെന്നൈ റോയപ്പേട്ടയിലെ അണ്ണാ ഡി.എം.കെ. ആസ്ഥാന ഓഫീസിൽ നടന്ന ചടങ്ങിൽ തമിഴ്‌നാടിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ, എ.എം.എം.കെ. ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ, പി.എം.കെ. നേതാവ് അൻപുമണി രാംദാസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണയായത്. തുടർന്ന് പളനിസ്വാമിയാണ് സീറ്റു വിഭജനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചെറുകക്ഷികളുമായി ചർച്ച തുടരുകയാണെന്നും അതിനുശേഷം അണ്ണാ ഡി.എം.കെ.യുടെ സീറ്റു വിഹിതം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. മഹാരാഷ്ട്ര, ഹരിയാണ, ബിഹാർ, ഡൽഹി എന്നിവിടങ്ങളിലെ ജനങ്ങൾ ഇന്ത്യ സഖ്യത്തെ തള്ളിക്കളഞ്ഞതുപോലെ തമിഴ്നാട്ടിലെ ജനങ്ങൾ ഡി.എം.കെ.-കോൺഗ്രസ് സഖ്യത്തെ തള്ളിക്കളയുമെന്നും ഇവിടെ എൻ.ഡി.എ. സഖ്യം സർക്കാർ രൂപവത്കരിക്കുമെന്നും പളനിസ്വാമി മുഖ്യമന്ത്രിയാകുമെന്നും പിയൂഷ് ഗോയൽ പറഞ്ഞു. മണ്ഡലങ്ങളുടെ കാര്യം ഏതാനും ദിവസത്തിനകം തീരുമാനിക്കുമെന്ന് എ.എം.എം.കെ. നേതാവ് ടി.ടി.വി. ദിനകരൻ വ്യക്തമാക്കി. അണ്ണാ ഡി.എം.കെ.യുടെ പ്രധാന ശക്തികേന്ദ്രങ്ങളായ ടി. നഗർ ഉൾപ്പെടെ 50-ലധികം മണ്ഡലങ്ങൾ ബി.ജെ.പി. നേരത്തേ ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ അഭിപ്രായവ്യത്യാസമാണ് അന്തിമ ധാരണ വൈകിപ്പിച്ചത്. 27 സീറ്റു മാത്രമേ ബി.ജെ.പി.ക്കു നൽകൂ എന്ന നിലപാടിൽ അണ്ണാ ഡി.എം.കെ. തുടക്കത്തിൽത്തന്നെ ഉറച്ചു നിന്നിരുന്നു. ഇത് ബി.ജെ.പി. നേതൃത്വത്തിന് സ്വീകാര്യമല്ലായിരുന്നു. ചർച്ച വഴിമുട്ടിയപ്പോൾ പളനിസ്വാമി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഡൽഹിയിൽ നേരിൽക്കണ്ടിരുന്നു. തമിഴ്നാട്ടിൽ ഏപ്രിൽ 23-നാണ് തിരഞ്ഞെടുപ്പ്. Published: 24 Mar 2026, 01:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

എൻ.ഡി.എ. സീറ്റ് വിഭജനം പൂർത്തിയായി; ബി.ജെ.പി. 27 സീറ്റിൽ മത്സരിക്കും
M
MathrubhumiSource Link
about 2 months ago