തൊടുപുഴയുടെ രാഷ്ട്രീയ ഭൂപടത്തിൽ പുതിയൊരു ഉദയം കുറിച്ചുകൊണ്ട്, യുഡിഎഫ് സ്ഥാനാർഥി അപു ജോൺ ജോസഫ് ഉജ്ജ്വല വിജയം കൈവരിച്ചിരിക്കുന്നു. മണ്ഡലത്തിലെ രാഷ്ട്രീയ ഒഴുക്ക് ഇത്തവണയും യുഡിഎഫിന് അനുകൂലമായിത്തന്നെ നിലകൊണ്ടു. പി.ജെ. ജോസഫ് എന്ന അതികായൻ അഞ്ച് പതിറ്റാണ്ടിലേറെ അടക്കിവാണ മണ്ണിൽ, മകൻ അപുവിനെ പിൻഗാമിയായി ലഭിച്ചപ്പോൾ വോട്ടർമാർ അത് ഇരുകൈകളും നീട്ടി സ്വീകരിച്ചു. പിതാവിന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് അപു നിയമസഭയിലേക്ക് നടന്നു കയറുന്നത് തൊടുപുഴയുടെ വികസന സ്വപ്നങ്ങൾക്ക് പുതിയ ഊർജ്ജം പകരുന്നു. 58 ശതമാനം വോട്ടുവിഹിതം നേടി ജില്ലയിലെ തന്നെ ഏറ്റവും മികച്ച ഭൂരിപക്ഷത്തോടെയാണ് അപുവിന്റെ നിയമസഭാ പ്രവേശനം. To advertise here, അമ്പത് വർഷത്തിലേറെക്കാലം പി.ജെ. ജോസഫ് എന്ന പേരിനൊപ്പം എഴുതിച്ചേർക്കപ്പെട്ട മണ്ഡലമാണ് തൊടുപുഴ. ഈ പാരമ്പര്യം കാത്തുസൂക്ഷിക്കുക എന്നത് അപുവിനെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയായിരുന്നു. എന്നാൽ, വോട്ടർമാർക്ക് അദ്ദേഹം വെറുമൊരു മകനായിരുന്നില്ല, മറിച്ച് തങ്ങളുടെ പ്രിയപ്പെട്ട 'ഔസേപ്പച്ചന്റെ' പിൻഗാമിയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പി.ജെ. ജോസഫിന് ലഭിച്ച 20,000-ത്തിന് മുകളിലുള്ള ഭൂരിപക്ഷം മറികടന്ന് ഉജ്ജ്വലമായ മുന്നേറ്റം കാഴ്ചവെക്കാൻ അപുവിന് സാധിച്ചു. 25,000-ത്തിന് മുകളിലുള്ള ഭൂരിപക്ഷം യുഡിഎഫ് ക്യാമ്പ് മുൻകൂട്ടി പ്രതീക്ഷിച്ചിരുന്നതെങ്കിലും 40000ത്തിന് മുകളിൽ ഭൂരിപക്ഷം സ്വന്തമാക്കിയാണ് അപു വിജയിച്ചത്. ശക്തമായ പോരാട്ടമാണ് ഇത്തവണ എൽഡിഎഫ് സ്ഥാനാർഥി സിറിയക് ചാഴിക്കാടൻ കാഴ്ചവെച്ചത്. ജോസ് കെ. മാണി വിഭാഗത്തിന്റെ സ്വാധീനം ഉപയോഗപ്പെടുത്തി മണ്ഡലം അട്ടിമറിക്കാൻ എൽഡിഎഫ് കഠിനമായി പരിശ്രമിച്ചിരുന്നു. പി.ജെ. ജോസഫിന്റെ അഭാവവും മണ്ഡലത്തിലെ വികസന മുരടിപ്പും തങ്ങൾക്ക് ഗുണമാകുമെന്ന് ഇടതുമുന്നണി കണക്കുകൂട്ടി. 1500 മുതൽ 2000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നായിരുന്നു എൽഡിഎഫ് പ്രതീക്ഷ. എന്നാൽ, കേരള കോൺഗ്രസുകൾ തമ്മിലുള്ള ഈ അഭിമാന പോരാട്ടത്തിൽ അപു ജോൺ ജോസഫിന്റെ ജനകീയതയ്ക്ക് മുന്നിൽ ഇടതുപക്ഷത്തിന്റെ തന്ത്രങ്ങൾ പാളി. പത്തു വർഷത്തെ ഇടതുഭരണത്തെക്കുറിച്ചുള്ള വിമർശനങ്ങളും വികസന മുരടിപ്പ് എന്ന ആരോപണങ്ങളും കൃത്യമായി വോട്ടർമാരിലേക്ക് എത്തിക്കാൻ യുഡിഎഫിന് കഴിഞ്ഞു. "ഞങ്ങളുടെ ഔസേപ്പച്ചന്റെ മകനല്ലേ" എന്ന് പറഞ്ഞ് വോട്ടർമാർ അപുവിനെ കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങൾ പ്രചാരണ വേളയിൽ തന്നെ ശ്രദ്ധേയമായിരുന്നു. ഈ വൈകാരിക ബന്ധം വോട്ടാക്കി മാറ്റാൻ അപുവിന് സാധിച്ചു. ഇവിടുത്തെ രാഷ്ട്രീയ നിലപാടുകൾ പരമ്പരാഗതമായി കേരള കോൺഗ്രസിനോട് ചേർന്നുനിൽക്കുന്നതാണ്. ഈ വിഭാഗങ്ങൾക്കിടയിലുള്ള പി.ജെ. ജോസഫിന്റെ ആത്മബന്ധം അപുവിനും തുണയായി. അപു ജോൺ ജോസഫ് ഒരു പുതുമുഖ സ്ഥാനാർത്ഥിയായിരുന്നെങ്കിലും, രാഷ്ട്രീയത്തിൽ അദ്ദേഹം അപരിചിതനായിരുന്നില്ല. കഴിഞ്ഞ 10-12 വർഷമായി പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളിലും യുഡിഎഫിന്റെ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ മിക്ക വീടുകളിലും അപു നേരിട്ടെത്തി വോട്ട് തേടിയിരുന്നു. ഈ സംഘടനാ പരിചയം തിരഞ്ഞെടുപ്പിൽ വലിയ ഗുണമായി മാറി. കേവലം മക്കൾ രാഷ്ട്രീയത്തിന്റെ പേരിൽ മാത്രമല്ല, മറിച്ച് ഒരു സാധാരണ പ്രവർത്തകനായി ജനങ്ങൾക്കിടയിൽ നിന്നുള്ള അദ്ദേഹത്തിന്റെ പ്രവർത്തനശൈലി വോട്ടർമാർ അംഗീകരിച്ചു. എതിരാളികളുടെ 'ഇറക്കുമതി സ്ഥാനാർഥി' എന്ന ആരോപണങ്ങളെ മറികടക്കാൻ സ്വന്തം പ്രവർത്തന പാരമ്പര്യം കൊണ്ട് അപുവിന് സാധിച്ചു. റബ്ബർ, കുരുമുളക്, ഏലം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് തൊടുപുഴയുടെ സമ്പദ്‌വ്യവസ്ഥ. അതിനാൽ തന്നെ കാർഷിക വിളകളുടെ വിലത്തകർച്ചയും കാലാവസ്ഥാ വ്യതിയാനവും തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയങ്ങളായിരുന്നു. കാർഷിക വില സ്ഥിരതയ്ക്ക് സർക്കാർ നൽകുന്ന പിന്തുണയെക്കുറിച്ച് വലിയ ആശങ്കകൾ കർഷകർക്കിടയിൽ നിലനിന്നിരുന്നു. കർഷകർക്കൊപ്പം നിൽക്കാനുള്ള തന്റെ പിതാവിന്റെ പാരമ്പര്യം അപു ഉയർത്തിപ്പിടിച്ചപ്പോൾ, കുടിയേറ്റ മേഖലകളിലെ കർഷക വോട്ടുകൾ യുഡിഎഫ് പാളയത്തിൽ ഭദ്രമായി. റബ്ബർ വിലയിലെ അസ്ഥിരതയും കർഷക കടങ്ങളും പരിഹരിക്കാൻ പാർലമെന്ററി തലത്തിൽ ഇടപെടലുകൾ നടത്തുമെന്ന വാഗ്ദാനം വോട്ടർമാരെ സ്വാധീനിച്ചു. കർഷകരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ അപുവിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്ന് വോട്ടർമാർ വിശ്വസിച്ചു. വികസനമില്ലെന്ന എൽഡിഎഫ് ആരോപണത്തെ പ്രതിരോധിക്കാൻ മണ്ഡലത്തിലെ റോഡ് വികസനങ്ങളെയാണ് അപു ആയുധമാക്കിയത്. കരിമണ്ണൂർ പഞ്ചായത്തിൽ 132 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച റോഡും നവീകരിച്ച മറ്റ് ഗ്രാമീണ പാതകളും അദ്ദേഹം വികസന നേട്ടങ്ങളായി ഉയർത്തിക്കാട്ടി. തൊടുപുഴയെ എറണാകുളത്തിന്റെ ഒരു ഫീഡർ സിറ്റിയാക്കി മാറ്റുക എന്ന വലിയൊരു സ്വപ്നമാണ് അദ്ദേഹം വോട്ടർമാർക്ക് മുന്നിൽ വെച്ചത്. ഇതിനായി ഇൻഫോ സിറ്റികളും ടെക്നോ പാർക്കുകളും ഉൾപ്പെടുന്ന വികസന പദ്ധതികൾ അദ്ദേഹം വാഗ്ദാനം ചെയ്തു. വിനോദസഞ്ചാര മേഖലയിലെ സാധ്യതകൾ വിനിയോഗിക്കാൻ ടൂറിസം പ്രൊമോഷൻ സെന്ററുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രായോഗികമായ സാമ്പത്തിക സുരക്ഷിതത്വത്തിന് മുൻഗണന നൽകുന്ന തൊടുപുഴയിലെ വോട്ടർമാർക്ക് ഈ വികസന സ്വപ്നങ്ങൾ പ്രതീക്ഷ നൽകുന്നവയായിരുന്നു. യുഡിഎഫിലെ ഘടകകക്ഷികൾക്കിടയിലുള്ള ഐക്യവും വിജയത്തിൽ നിർണ്ണായകമായി. കോൺഗ്രസും മുസ്ലീം ലീഗും ഒറ്റക്കെട്ടായി അപുവിന് വേണ്ടി പ്രചാരണ രംഗത്ത് സജീവമായിരുന്നു. തൊടുപുഴ നഗരസഭയും 13 പഞ്ചായത്തുകളും ഉൾപ്പെടുന്ന മണ്ഡലത്തിൽ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളും യുഡിഎഫ് ഭരണത്തിലാണ് എന്നത് സംഘടനാപരമായ മേൽക്കൈ നൽകി. എൻഡിഎ സ്ഥാനാർഥി റോയ് വാരിക്കാട്ട് ഉയർത്തിയ കുടുംബവാഴ്ചാ ആരോപണങ്ങൾ മണ്ഡലത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയില്ല. ട്വന്റി ട്വന്റി സ്ഥാനാർഥിയായി മത്സരിച്ച റോയ് വാരിക്കാട്ട്, പി.ജെ. ജോസഫിന്റെ മക്കൾ രാഷ്ട്രീയത്തെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. എന്നാൽ, എൻഡിഎ വോട്ടുകൾ മറ്റ് മുന്നണികളുടെ പ്രകടനത്തിൽ വലിയ ആഘാതമുണ്ടാക്കില്ലെന്ന രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ ശരിയായി. സ്ഥാനാർഥികൾ എല്ലാവരും മികച്ചവരാണെന്നും താൻ തന്റെ ജോലി ചെയ്യുകയാണെന്നുമുള്ള അപുവിന്റെ മിതമായ പ്രതികരണം വോട്ടർമാർക്കിടയിൽ മാന്യമായ ഒരു ചിത്രം നൽകി. തൊടുപുഴയുടെ രാഷ്ട്രീയ ചരിത്രത്തിൽ പി.ജെ. ജോസഫ് എന്ന യുഗം അവസാനിക്കുന്നില്ല, മറിച്ച് അത് അപു ജോൺ ജോസഫിലൂടെ പുതിയൊരു ഭാവത്തിലേക്ക് മാറുകയാണ്. ഈ വിജയം അപുവിന് മേൽ വലിയ ഉത്തരവാദിത്തങ്ങളാണ് നൽകുന്നത്. വന്യജീവി ശല്യം, പട്ടയ പ്രശ്നങ്ങൾ, കാർഷിക പ്രതിസന്ധികൾ എന്നിവ നേരിടുന്ന മണ്ഡലത്തിലെ സാധാരണക്കാരുടെ ശബ്ദമായി മാറാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് വോട്ടർമാർ വിശ്വസിക്കുന്നു. പിതാവിന്റെ പാത പിന്തുടരുമ്പോഴും സ്വന്തമായൊരു രാഷ്ട്രീയ ശൈലി രൂപപ്പെടുത്തിയെടുക്കാൻ അപുവിന് ഈ വിജയം കരുത്തേകും.

എൽഡിഎഫിന്റെ അട്ടിമറി മോഹങ്ങൾ തകർന്നു; തൊടുപുഴയിൽ 'ഔസേപ്പച്ചന്റെ' പിൻഗാമിയെ നെഞ്ചിലേറ്റി വോട്ടർമാർ
M
MathrubhumiSource Link
about 2 hours ago
