പത്തനംതിട്ട: എൽഡിഎഫ് സർക്കാർ പുറത്തിറക്കിയ പ്രോഗ്രസ്സ് റിപ്പോർട്ട് ജനങ്ങളുടെ കണ്ണിൽ പൊടിയീടാനുള്ള വെറും നാടകം മാത്രമാണെന്ന് കോൺഗ്രസ് പ്രചാരണ സമിതി ചെയർമാൻ രമേശ് ചെന്നിത്തല. ജനവിധിക്ക് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ, ആർക്കും മറുപടി പറയാൻ കഴിയില്ലെന്ന തെറ്റിദ്ധാരണയിലാണ് സർക്കാർ ഈ കള്ള റിപ്പോർട്ട് അവതരിപ്പിച്ചിരിക്കുന്നത്. ഈ റിപ്പോർട്ടിന് കടലാസിന്റെ വിലപോലും കേരളത്തിലെ ജനങ്ങൾ നൽകില്ലെന്ന് അദ്ദേഹം പത്തനംതിട്ടയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലൈഫ് പദ്ധതിയിൽ പകുതിയും പൂർത്തിയാകാത്ത വീടുകളാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. നാല് ലക്ഷം രൂപയ്ക്ക് പാവപ്പെട്ടവർക്ക് വീട് നിർമ്മിക്കാൻ കഴിയില്ലെന്നതാണ് വാസ്തവം. ചൂരൽമലയിലെ ദുരന്തബാധിതർക്ക് വീട് നൽകുന്ന കാര്യത്തിൽ സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണ്. എന്നാൽ കോൺഗ്രസ് പ്രഖ്യാപിച്ച വീടുകൾക്കായി ഭൂമി കണ്ടെത്തിക്കഴിഞ്ഞു. എത്രയും വേഗത്തിൽ ഈ വീടുകൾ നിർമ്മിച്ച് നൽകുമെന്നും ഇതിന് തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷത്തിന്റെ പ്രകടനപത്രിക മലയോര മേഖലയിലെ കർഷകർക്ക് കനത്ത പ്രഹരമാണ്. വനാതിർത്തിയിൽ ബഫർ സോൺ നിശ്ചയിക്കുമെന്ന നിലപാട് വലിയ പ്രതിഷേധത്തിന് ഇടയാക്കിയപ്പോഴാണ് ഇപ്പോൾ തിരുത്തലുമായി സർക്കാർ രംഗത്തെത്തിയത്. തമിഴ്നാട് സർക്കാർ സീറോ ബഫർ സോൺ പ്രഖ്യാപിച്ചപ്പോൾ കേരളം കർഷകരെ ദ്രോഹിക്കുകയായിരുന്നു. മാനിഫെസ്റ്റോ പുറത്തിറക്കുന്നതിന് മുൻപ് അത് ഒന്ന് വായിച്ചു നോക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായില്ല എന്നത് വലിയ വീഴ്ചയാണെന്നും ചെന്നിത്തല പരിഹസിച്ചു. ശബരിമല സ്വർണ്ണ കൊള്ളയുമായി ബന്ധപ്പെട്ട് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്ന് അദ്ദേഹം ആരോപിച്ചു. പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ പാകത്തിൽ കുറ്റപത്രം വൈകിപ്പിച്ചത് സർക്കാരിന്റെ ഗൂഢലക്ഷ്യമാണ്. യുഡിഎഫ് അധികാരത്തിൽ വന്നാൽ സ്വർണ്ണ കൊള്ളയിലെ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളം ഒരു വനിതാ മുഖ്യമന്ത്രിയെ ആഗ്രഹിക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ നിലപാടിനെ ചെന്നിത്തല സ്വാഗതം ചെയ്തു. കെ.ആർ ഗൗരിയമ്മയെയും സുശീല ഗോപാലിനെയും പോലുള്ള സമുന്നതരായ വനിതാ നേതാക്കളെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അകറ്റിയ ചരിത്രമാണ് സിപിഎമ്മിനുള്ളത്. ജെൻഡർ തുല്യതയുടെ കാലത്ത് ഭാവിയിൽ ഒരു വനിതാ മുഖ്യമന്ത്രിയെ കൊണ്ടുവരുന്നതിനെക്കുറിച്ച് കോൺഗ്രസ് ഗൗരവമായി ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 100 സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് രമേശ് ചെന്നിത്തല ആത്മവിശ്വാസം പ്രകടിപ്പിച്ചു. വോട്ടർമാരുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മെസ്സേജുകൾ അയക്കുന്നത് ഡേറ്റാ നിയമങ്ങളുടെ ലംഘനമാണെന്നും ഇതിനെതിരെ ശക്തമായ നടപടി ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. To advertise here, Content Highlights: LDF progress report labeled as a deceptive political stunt., Concerns over LIFE Mission housing project and Churalmala rehabilitation., Opposition to buffer zone policies affecting farmers., Allegations of government protection in Sabarimala gold theft case., UDF projects victory in 100 seats for the 2026 assembly elections. Published: 06 Apr 2026, 06:24 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

എൽഡിഎഫിന്റേത് കള്ള പ്രോഗ്രസ്സ് കാർഡ്; ജനങ്ങളെ കബളിപ്പിക്കാനുള്ള നാടകമെന്ന് രമേശ് ചെന്നിത്തല
M
MathrubhumiSource Link
about 1 month ago