അപകട ഭീഷണിയായി കാഞ്ഞിരപ്പള്ളി ആശുപത്രിയിലെ പഴയ കാന്റീൻ കെട്ടിടം To advertise here, കാഞ്ഞിരപ്പള്ളി : ജനറൽ ആശുപത്രിയിലെ പ്രവർത്തനക്ഷമമല്ലാത്ത പഴയ കാന്റീൻ കെട്ടിടം, പോസ്റ്റുമാർട്ടംമുറി എന്നിവ പൊളിച്ചുനീക്കാൻ നടപടിയായില്ല. കഴിഞ്ഞ വർഷം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് വിട്ടമ്മ മരിച്ച സംഭവത്തിനുശേഷം ആരോഗ്യവകുപ്പ് എടുത്ത പ്രവർത്തനയോഗ്യമല്ലാത്ത കെട്ടിങ്ങളുടെ പട്ടികയിൽ ജില്ലയിൽ ജനറൽ ആശുപത്രി കെട്ടിടവും ഇടം നേടിയിരുന്നു. അന്ന് കെട്ടിടം പൊളിച്ചുനീക്കാൻ നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയില്ല. കഴിഞ്ഞ ജൂലായിൽ ഇത് സംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കത്തും നൽകിയിരുന്നു. തുടർന്ന് കാന്റീൻ കെട്ടിടത്തിന്റെ ഇവാലുവേഷൻ നടത്തിയെങ്കിലും പൊളിച്ചുനീക്കാൻ മാത്രം നടപടിയുണ്ടായില്ല. നിലവിൽ കാന്റീന് പുതിയ കെട്ടിടം സ്ഥാപിച്ച് പ്രവർത്തനം മാറ്റിയിരുന്നു. ഏത് സമയത്തും നിലംപൊത്താൻ സാധ്യതയുള്ള കെട്ടിടം അപകടമുണ്ടാകുന്നതിനുമുമ്പ് പൊളിച്ചുനീക്കാൻ നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്. ഒരുവർഷം മുമ്പ് ഒരുകോടി രൂപയോളം ചെലവാക്കി പുതിയ പോസ്റ്റുമാർട്ടം മുറിയും മോർച്ചറിയും നിർമിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ, പഴയ പോസ്റ്റുമാർട്ടം മുറിയുള്ള കെട്ടിടം പൊളിച്ചുനീക്കാൻ ഇത് വരെ നടപടിയുണ്ടായില്ല. ആശുപത്രി ജനറൽ വാർഡിന് സമീപവും കാന്റീന് സമീപവുമാണ് ഈ കെട്ടിടം സ്ഥിതിചെയ്യുന്നത്. കാലപ്പഴക്കം ചെന്ന് താഴെവീഴാറായ ഈ കെട്ടിടം അറ്റകുറ്റപ്പണികൾ നടത്തിയാണ് നിലനിർത്തിയിരുന്നത്. പുതിയ കെട്ടിടം പണിതതോടെ പഴയ കെട്ടിടം പൊളിച്ചുനീക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. എക്സ് റേ വിഭാഗം പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടവും കുട്ടികളുടെ വിഭാഗം പ്രവർത്തിച്ചിരുന്ന കെട്ടിടവും വെറുതേ കിടന്ന് നശിക്കുകയാണ്. മുമ്പ് പ്രവർത്തിച്ചിരുന്ന അത്യാഹിതവിഭാഗം ഡെന്റൽ വിഭാഗം പ്രത്യേകമായി പ്രവർത്തിക്കുന്നതിന് ഉപയോഗപ്പെടുത്തുമെന്നാണ് അന്ന് അറിയിച്ചിരുന്നത്. എന്നാൽ, ഈ കെട്ടിടവും വെറുതേ കിടന്ന് നശിക്കുന്ന സ്ഥിതിയാണ്. പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കി പാർക്കിങ്ങിനടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം. Published: 22 Apr 2026, 02:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
