സർക്കാർ കാലാവധി പൂർത്തിയാവാറായി To advertise here, ഏനാത്ത് : ഏനാത്ത് ലൈഫ് ഫ്ലാറ്റ് നിർമാണോദ്ഘാടനം കഴിഞ്ഞിട്ട് രണ്ടാമത്തെ സർക്കാരിന്റെ കാലാവധിയാണ് പൂർത്തിയാകാൻ പോകുന്നത്. അഞ്ചര വർഷമായിട്ടും പണി പൂർത്തിയാവാതെ അസ്ഥികൂടംപോലെ കിടക്കുകയാണ് ഫ്ലാറ്റ് സമുച്ചയം. 2020 സെപ്റ്റംബർ 24-നാണ് ഏനാത്തെ ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണോദ്ഘാടനം നടത്തിയത്. അന്ന് മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെയാണ് നിർമാണോദ്ഘാടനം നടത്തിയത്. പിന്നാലെ പണിയും തുടങ്ങി. 7.27 കോടി ചെലവിൽ രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങളുടെ പണിയാണ് പദ്ധതിയിൽ ഉണ്ടായിരുന്നത്. ഒരു സമുച്ചയത്തിന്റെ സ്‌ട്രക്ചർ മാത്രമാണ് തീർന്നത്. രണ്ടാമത്തെ കെട്ടിടത്തിന്റെ അടിത്തറ മാത്രം കെട്ടി. ഇടയ്ക്ക് നിർത്തിയ പണി പിന്നീട് പുനരാരംഭിച്ചില്ല. പണിഞ്ഞതത്രയും ഇപ്പോൾ കാട് കയറി നശിക്കുകയാണ്. ആറ് മാസത്തിനകം പണി പൂർത്തിയാക്കുമെന്ന വ്യവസ്ഥയിൽ തുടങ്ങിയ പണിയാണ് അഞ്ചര വർഷമായിട്ടും പൂർത്തിയാവാത്തത്. ഏഴംകുളം പഞ്ചായത്തിലെ ഭൂരഹിതരായ 54 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായാണ് ലൈഫ് പദ്ധതിയിൽ ഏനാത്ത് ഫ്ലാറ്റ് നിർമാണം തുടങ്ങിയത്. ഇതിനായി ഗ്രാമപ്പഞ്ചായത്തിന്റെ ഏനാത്തുള്ള 92 സെന്റ് വസ്തുവാണ് ഉപയോഗപ്പെടുത്തിയത്. ലൈറ്റ് വെയിറ്റ് സ്റ്റീൽ ഉപയോഗിച്ചുള്ള സാങ്കേതികവിദ്യയിലാണ് കെട്ടിടം പണിയുന്നത്. സ്റ്റീൽ ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് വില വർധിച്ചതിനാൽ കരാർ തുക പുനർനിശ്ചയിക്കണമെന്ന് കരാർ കമ്പനി ആവശ്യപ്പെട്ടതിനെ തുടർന്നാണ് പണി നിർത്തിയതെന്നാണ് മുൻപ് ലഭിച്ച വിവരം. പണിഞ്ഞ സ്‌ട്രക്ചർ നിലവിൽ തുരുമ്പെടുത്ത് തുടങ്ങിയിട്ടുണ്ട്. നിലവിൽ ഇതിന്റെ പണി പുനരാരംഭിക്കുമോ എന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. Published: 17 Apr 2026, 02:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
