ഏറ്റുമാനൂർ : ഏറ്റുമാനൂർ പേരൂർ കവലയിലെ കടകളിൽ വൻ തീപ്പിടിത്തം. 40 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആറാട്ടുമണ്ഡപത്തോടുചേർന്ന് ക്ഷേത്രം കോവിൽപ്പാടം റോഡരികിലെ കൊച്ചുപുരക്കൽ ട്രേഡേഴ്‌സ്, ഫാമിലി ബ്യൂട്ടി ക്ലിനിക്ക്, പുകയിലക്കട, സൽക്കാര ഹോട്ടൽ എന്നിവിടങ്ങളിലാണ് തീപിടിച്ചത്. To advertise here, ബുധനാഴ്ച പുലർച്ചെ 1.30-നായിരുന്നു സംഭവം. കൊച്ചുപുരക്കൽ ട്രേഡേഴ്‌സിന്റെ മൂന്നുനിലക്കെട്ടിടത്തിന്റെ മുകളിൽ പ്രവർത്തിക്കുന്ന ഫാമിലി ബ്യൂട്ടി ക്ലിനിക്കിൽനിന്നാണ് ആദ്യം തീ പടർന്നത്. കെട്ടിടം പൂർണമായും നശിച്ചു. സമീപത്തുണ്ടായിരുന്ന പുകയിലക്കടയിലും സൽക്കാര ഹോട്ടലിലേക്കും തീ പടർന്നു. ഹോട്ടൽത്തൊഴിലാളികളായ മൂന്നുപേർ കെട്ടിടത്തിന്റെ രണ്ടാംനിലയിൽ താമസിക്കുന്നുണ്ടായിരുന്നു. കത്തിയമരുന്ന ശബ്ദവും അമിതമായി പുകയും ഇവർ താമസിക്കുന്ന മുറിയിലേക്കെത്തിയപ്പോൾ ഇവർ സാഹസികമായി പുറത്തിറങ്ങി. പാചകത്തൊഴിലാളി നടരാജും രണ്ട് അതിഥിത്തൊഴിലാളികളുമായിരുന്നു ഇവിടെയുണ്ടായിരുന്നത്. പുകയിലക്കടയിലെ പലചരക്ക് അടക്കമുള്ള എല്ലാ ഉത്പന്നങ്ങളും കത്തിനശിച്ചു. ഹോട്ടലിന്റെ മുകൾവശത്തെ നിലയിലായിരുന്നു കൂടുതലായും തീ പടർന്നത്. മേൽക്കൂരയും ഫർണിച്ചറും നശിച്ചു. കോട്ടയത്തുനിന്ന് മൂന്ന് യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോട് സർക്കിറ്റുമൂലം തീ പടർന്നതാണെന്നാണ് പ്രാഥമികനിഗമനം. ഏറ്റുമാനൂർ പോലീസ് കേസെടുത്തു. വ്യാപാരികൾക്ക് നഷ്ടപരിഹാരം സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായി, സ്ഥലത്തെത്തിയ മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. നഗരസഭാ ചെയർമാൻ ടോമി പുളിമാൻതുണ്ടം, യു.ഡി.എഫ്. സ്ഥാനാർഥി നാട്ടകം സുരേഷ്, എൻ.ഡി.എ. സ്ഥാനാർഥി ആതിര ഡി. നായർ, വ്യാപാരസംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ സ്ഥലത്തെത്തി.

ഏറ്റുമാനൂരിൽ നാല് കട കത്തിനശിച്ചു; 40 ലക്ഷം രൂപയുടെ നഷ്ടം
M
MathrubhumiSource Link
about 1 month ago