ഏഴ് ദേശീയപുരസ്‌കാരങ്ങളിൽ നാലെണ്ണം റഹ്‌മാനൊത്തുള്ളത്, കൂട്ടുകെട്ടിൽ പിറന്നത് ഹിറ്റുകൾ

ഏഴ് ദേശീയപുരസ്‌കാരങ്ങളിൽ നാലെണ്ണം റഹ്‌മാനൊത്തുള്ളത്, കൂട്ടുകെട്ടിൽ പിറന്നത് ഹിറ്റുകൾ

M
MathrubhumiSource Link
ത മിഴ് സാഹിത്യത്തിലെ വന്മരമാണ് വൈരമുത്തു . കവിതയിലും ഗാനരചനയിലും മാത്രമല്ല, പ്രഭാഷണങ്ങളിലൂടെയും അദ്ദേഹം തിളങ്ങി. അദ്ദേഹത്തിന്റെ രചനകൾ ഒരേസമയം തീപ്പൊരിയുതിർക്കുന്നതും സ്‌നേഹലാളനകളുടെ തലോടലുമായി. ലളിതമായ വരികളിൽ നിറച്ചുവെച്ചിരുന്നത് കനത്ത അർഥതലങ്ങൾ. മഞ്ഞുപാളികളുടെ നൈർമല്യവും വജ്രത്തിന്റെ ശോഭയുമായിരുന്നു അവയ്ക്ക്. എഴുത്തിന്റെ സമസ്ത കളരിയിലും വൈരമുത്തു പയറ്റി. To advertise here, കവിതയും ഗാനരചനയും നോവലും ചെറുകഥയും യാത്രാവിവരണവും പരിഭാഷയും തിരക്കഥയും സംഭാഷണ രചനയുമൊക്കെ നന്നായി വഴങ്ങി. 50 വർഷത്തോളംനീളുന്ന സിനിമാ, സാഹിത്യ ജീവിതത്തിൽ വൈരമുത്തു 8000-ത്തോളം പാട്ടുകളെഴുതി. ഏഴുതവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം, ആറു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, പദ്മശ്രീ, പദ്മഭൂഷൺ തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ. കർഷകകുടുംബത്തിൽനിന്ന് സാഹിത്യത്തിലേക്ക്   1953 ജൂലായ് 13-ന് തേനി ജില്ലയിലെ മേട്ടൂരിൽ കർഷകനായ രാമസാമി, അങ്കമ്മാൾ ദമ്പതിമാരുടെ മകനായി ജനനം. നാലുവയസ്സുള്ളപ്പോൾ വൈഗ അണക്കെട്ട് പൊട്ടി ജന്മഗ്രാമം വെള്ളത്തിൽ മുങ്ങി. അതോടെ 1957-ൽ കുടുംബം വടുഗപ്പട്ടിയിലേക്ക് മാറി. 1960-കളിൽ ദ്രാവിഡപ്രസ്ഥാനം വൈരമുത്തുവിന്റെ യുവത്വത്തിൽ കാര്യമായ സ്വാധീനമുണ്ടാക്കി. പെരിയാർ, അണ്ണാദുരൈ, കരുണാനിധി, സുബ്രഹ്‌മണ്യഭാരതി, ഭാരതിദാസൻ, കണ്ണദാസൻ തുടങ്ങിയ പ്രമുഖരിൽനിന്നു പ്രചോദനമുൾക്കൊണ്ട് പത്താം വയസ്സുമുതൽ കവിതകൾ എഴുതി. ചെന്നൈ പച്ചയ്യപ്പാസ് കോളേജിൽനിന്ന് ബിരുദാനന്തരബിരുദം നേടിയശേഷം പരിഭാഷ ചെയ്യുന്ന ജോലിയിലേർപ്പെട്ടു. ഇതേസമയം കവിതകളും പ്രസിദ്ധീകരിക്കപ്പെട്ടു. വിദ്യാർഥി ആയിരിക്കുമ്പോൾ എഴുതിയ ആദ്യകവിതാസമാഹാരം 'വൈഗരൈ മേഘങ്ങൾ' പാഠപുസ്തകമായി. ഡോ. പൊൻമണി വൈരമുത്തുവാണ് ഭാര്യ. മദൻ കാർക്കി, കബിലൻ വൈരമുത്തു എന്നിവർ മക്കളാണ്. ഇവരും അച്ഛന്റെ പാത പിന്തുടർന്ന് എഴുത്തിന്റെ ലോകത്താണ്. സിനിമാഗാനരംഗത്തെ തിളക്കം  കവിതകളിലെ വൈരമുത്തുവല്ല ഗാനരചനയിൽ. അവിടെ അദ്ദേഹം എന്തുതരം ശൈലികളും ഭാഷകളും പ്രയോഗിക്കും. ക്ലാസിക്കൽ തമിഴിലും ഒപ്പം നാടോടിശീലുകളിലും എഴുതും. പ്രണയഗാനങ്ങളും ഹാസ്യഗാനങ്ങളും ഡപ്പാംകൂത്തുഗാനങ്ങളും രചിക്കും. സിനിമയ്ക്ക് എന്താണു വേണ്ടതെന്ന് വൈരമുത്തുവിന് നന്നായി അറിയായിരുന്നു. വൈരമുത്തുവിന്റെ കവിതകളിൽ ആകൃഷ്ടനായാണ് സംവിധായകൻ ഭാരതിരാജ 'നിഴൽകൾ' എന്ന സിനിമയിൽ പാട്ടെഴുതാൻ വിളിക്കുന്നത്. ആദ്യ ഗാനത്തിന് ഈണം പകർന്നത് ഇളയരാജയും ആലപിച്ചത് എസ്.പി. ബാലസുബ്രഹ്‌മണ്യവുമായിരുന്നു. അലൈകൾ ഓയ്വതില്ലൈ എന്ന ചിത്രത്തിലെ ഗാനത്തിന് പ്രഥമ സംസ്ഥാനപുരസ്‌കാരം ലഭിച്ചു. കാതൽ ഓവിയം, മൺവാസനൈ, പുതുമൈപെൺ, ഒരു കൈദിയിൻഡയറി, മുതൽമര്യാദൈ എന്ന ചിത്രങ്ങളെ മുൻനിർത്തി ആദ്യ ദേശീയപുരസ്‌കാരവും സ്വന്തമാക്കി. മണിരത്‌നം സംവിധാനംചെയ്ത 'റോജ' എന്ന ചിത്രത്തിൽ വൈരമുത്തുവും എ.ആർ. റഹ്‌മാനും ചേർന്നൊരുക്കിയ ഗാനങ്ങൾ ഇന്ത്യൻസംഗീതത്തിന്റെയും മുഖംമാറ്റി. ഇതിലെ 'ചിന്ന ചിന്ന ആസൈ' എന്ന ഗാനം വൈരമുത്തുവിന് രണ്ടാമത്തെ ദേശീയപുരസ്‌കാരം നേടിക്കൊടുത്തു. വൈരമുത്തുവിന്റെ ഏഴ് ദേശീയപുരസ്‌കാരങ്ങളിൽ നാലെണ്ണം റഹ്‌മാനൊത്തുള്ളതായിരുന്നു. റഹ്‌മാന്റെ ആറ് ദേശീയപുരസ്‌കാരങ്ങളിൽ നാലെണ്ണവും വൈരമുത്തുവിനൊപ്പവും. ഗായകരായ പി. ഉണ്ണികൃഷ്ണൻ, എസ്.പി. ബാലസുബ്രഹ്‌മണ്യം, ശങ്കർ മഹാദേവൻ, സ്വർണലത, കെ.എസ്. ചിത്ര തുടങ്ങിയവർക്ക് റഹ്‌മാൻ- വൈരമുത്തു കൂട്ടുകെട്ടിൽ ദേശീയപുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മിൻസാര കനവ്, കന്നത്തിൽ മുത്തമിട്ടാൽ, ജെന്റിൽമാൻ, കാതലൻ, ഇന്ത്യൻ, ജീൻസ്, മുതൽവൻ, ശിവാജി, യെന്തിരൻ, കിഴക്കുസീമയിലെ, കറുത്തമ്മ, താജ്മഹൽ, മുത്തു, പടയപ്പ, മിൻസാര കനവ്. കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ വൈരമുത്തുവിന്റെ ഗാനരചനാവൈഭവം തിളങ്ങി. എം.എസ്. വിശ്വനാഥൻ, ദേവേന്ദ്രൻ, ഹംസലേഖ, ആർ.ഡി. ബർമൻ, കീരവാണി, ദേവ, ലക്ഷ്മികാന്ത്-പ്യാരേലാൽ തുടങ്ങി പ്രമുഖ സംഗീതസംവിധായകരുടെയെല്ലാം കൂടെ വൈരമുത്തു പ്രവർത്തിച്ചു. 1986-ൽ അമീർജാൻ സംവിധാനംചെയ്ത നാറ്റ്പു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായി. തുളസി, വർണ കനവുകൾ, വണക്കം വാധ്യാരെ, അന്ത്റു പെയ്ത മഴയിൽ എന്നീ സിനിമകൾക്ക് സംഭാഷണവും രചിച്ചു. വിടാതെ വിവാദം  2018-ൽ ഗായിക ചിൻമയി വൈരമുത്തുവിനെതിരേ ലൈംഗികാരോപണവുമായി രംഗത്തെത്തിയത് ഏറെ വിവാദമായി. സ്വിറ്റ്‌സർലൻഡിൽ സംഗീതപരിപാടിക്ക് എത്തിയ തന്നെ വൈരമുത്തു ഹോട്ടൽമുറിയിലേക്കു ക്ഷണിച്ചെന്നതുൾപ്പെടെയായിരുന്നു ചിൻമയിയുടെ ആരോപണം. പിന്നാലെ സമാന ആരോപണങ്ങളുയർത്തി ചില സ്ത്രീകൾ രംഗത്തെത്തി. എന്നാൽ, ലൈംഗിക ആരോപണങ്ങൾ വൈരമുത്തു പൂർണമായും നിഷേധിച്ചു. പ്രശസ്തർക്ക് എതിരേ അപവാദം പ്രചരിപ്പിക്കുന്നത് രാജ്യത്ത് സംസ്‌കാരമായി മാറുന്നെന്നായിരുന്നു ഇക്കാര്യത്തിൽ വൈരമുത്തുവിന്റെ പരസ്യ പ്രതികരണം. മീ ടൂ വിവാദത്തിന്റെപേരിൽ വൈരമുത്തുവിനെ പല സാംസ്‌കാരിക പ്രവർത്തകരും കൂട്ടായ്മകളും മാറ്റിനിർത്തി. ചിന്ന ചിന്ന ആസൈ... (റോജ), കാതൽ റോജാവെ... (റോജ), പോരാളെ പൊന്നുത്തായി... (കറുത്തമ്മ), ഒരു ദൈവം തന്ത പൂവേ...(കന്നത്തിൽ മുത്തമിട്ടാൽ), കാതൽ അണുക്കൾ... (യന്തിരൻ), ഒരുവൻ ഒരുവൻ... (മുത്തു), കണ്ണാളനേ... (ബോംബെ) പച്ചൈ കിളികൾ തോളോട് (ഇന്ത്യൻ), സ്‌നേഹിതനെ സ്‌നേഹിതനെ, പച്ചൈ നിറമെ പച്ചൈ നിറമെ (അലൈപായുതേ) വെണ്ണിലാവെ വെണ്ണിലാവെ (മിൻസാര കനവ്) തുടങ്ങി ഒട്ടേറെ ഹിറ്റുഗാനങ്ങൾ അദ്ദേഹത്തെ ജനപ്രിയനാക്കി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഏഴ് ദേശീയപുരസ്‌കാരങ്ങളിൽ നാലെണ്ണം റഹ്‌മാനൊത്തുള്ളത്, കൂട്ടു… | Boolokam