മുല്ല ഉന്നതിയിലേക്കുള്ള റോഡുപണി തുടങ്ങി To advertise here, ഉപ്പുതറ : സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ ഇടുക്കി വന്യജീവി സങ്കേതത്തിലെ മുല്ല ഉന്നതിയിലേക്കുള്ള റോഡുപണി തുടങ്ങി. ഊര്മൂപ്പന്റെ നേതൃത്വത്തിൽ ആദിവാസികൾ അസി. എൻജിനീയറുടെ ഓഫീസിന് മുൻപിൽ സമരം നടത്തുകയും റീ ടെൻഡറിനും കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്താനും ജില്ലാ പഞ്ചായത്ത് നടപടി ആരംഭിച്ചതോടെയുമാണ് ഞായറാഴ്ച റോഡുപണി തുടങ്ങിയത്. 150-ഓളം കുടുംബങ്ങളാണ് മുല്ല ഉന്നതിയിൽ താമസിക്കുന്നത്. കണ്ണംപടി വനമേഖലയിലെ കിഴുകാനത്തുനിന്ന് മുല്ലയിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമല്ല. സ്കൂൾ കുട്ടികളും മറ്റ് സ്ഥലങ്ങളിൽ കൂലിപ്പണിക്കുപോകുന്നവരും ഉൾപ്പെടെയുള്ളവർ വർഷങ്ങളായി ഏറെ ബുദ്ധിമുട്ടുകയായിരുന്നു. ഫണ്ട് അനുവദിച്ചു, പണി നടത്താതെ കരാറുകാരൻ മുല്ലയിലെ യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഊരുക്കൂട്ടം പല തവണ അധികൃതർക്ക് നിവേദനം നൽകുകയും മാതൃഭൂമി ഇക്കാര്യം പല തവണ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. തുടർന്നാണ് 2024-25-ൽ കിഴുകാനം- ഈട്ടിപ്പടി- മുല്ല റോഡിന് ജില്ലാപഞ്ചായത്തംഗം ആശാ ആന്റണി 15 ലക്ഷം രൂപ അനുവദിച്ചത്. ആദ്യമായാണ് മുല്ല ഉന്നതിയിൽ ഒരു സർക്കാർ ഫണ്ട് അനുവദിക്കുന്നത്. തുടർന്ന് എസ്റ്റിമേറ്റെടുത്ത് കരാർ നൽകുകയും ചെയ്തു. എന്നാൽ, ജില്ലാപഞ്ചായത്തംഗവും ഊരുമൂപ്പനും ആദിവാസി സംഘടനയും പലതവണ ആവശ്യപ്പെട്ടിട്ടും പണി നടത്താൻ കരാറുകാരൻ തയ്യാറായില്ല. തുടർന്ന് ഊരുമൂപ്പൻ കെ.കെ. ബിനോയിയുടെ നേതൃത്വത്തിൽ ജനുവരി 12-ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ അസി. എൻജിനീയറുടെ ഓഫീസിന് മുൻപിൽ സമരം നടത്തി. റീടെൻഡർ നടത്തുക, കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്തുക തുടങ്ങിയ ആവശ്യമുയർത്തിയാണ് സമരം തുടങ്ങിയത്. ജില്ലാപഞ്ചായത്തംഗം ടോണി തോമസ്, ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ രാജൻ എന്നിവർ എക്സിക്യുട്ടീവ് എൻജിനീയറുമായി ചർച്ച നടത്തി ഉടൻ പണി തുടങ്ങുമെന്ന് ഉറപ്പുനൽകിയശേഷമാണ് ആദിവാസികൾ സമരം അവസാനിപ്പിച്ചത്. തുടർന്ന് ജില്ലാപഞ്ചായത്ത് കരാറുകാരന് നോട്ടീസ് നൽകി നടപടി തുടങ്ങിയതോടെയാണ് ഞായറാഴ്ച റോഡുപണി ആരംഭിച്ചത്. Published: 24 Mar 2026, 02:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
