കോട്ടയം : ജില്ലയിൽ നെല്ലെടുപ്പ് പുരോഗമിക്കുന്നു എന്നവകാശപ്പെടുമ്പോഴും പാടങ്ങളിൽ നെല്ല് ഇനിയും ബാക്കി. കൊയ്ത നെല്ലിൽ അമിതലാഭം കൊയ്തെടുക്കാൻ പലതരം കുറവുകൾ പറഞ്ഞ് മില്ലുകൾ കർഷകരെ ചതിക്കുന്നത് തുടരുകയാണ്. 14,324 ടൺ നെല്ല് ഇനിയും കൊണ്ടുപോകാനുണ്ട്. To advertise here, മാർച്ച് എട്ടിന് കൊയ്തിട്ട അയ്മനം പഞ്ചായത്ത് വട്ടക്കായൽ 600 പാടത്ത് കഴിഞ്ഞദിവസമാണ് നെല്ലെടുപ്പ് തുടങ്ങിയത്. അതും 15 കിലോഗ്രാം കിഴിവ് സമ്മതിച്ചതിനുശേഷം. ഇവിടെ നെല്ലെടുക്കാൻ മില്ലുകളെ വിളിച്ചിച്ചപ്പോൾ അവർ തിരിഞ്ഞുനോക്കിയില്ല. ഇതിനിടെ രണ്ട് മഴ വന്നു. പ്ലാസ്റ്റിക്കിട്ട് മൂടി നെല്ല് സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നും പകൽ വെയിൽ കൊള്ളിച്ച് കർഷകർ നെല്ല് സൂക്ഷിച്ചുവന്നു. മില്ലുകാർ ഇടയ്ക്കൊന്ന് വന്നുനോക്കിയപ്പോൾ കണ്ടെത്തിയത് വലിയ കുറവുകൾ. കറുത്ത നെല്ലുണ്ട്, ഇൗർപ്പം കൂടുതലാണ് എന്നൊക്കെയായി ന്യായങ്ങൾ. പാഡി ഒാഫീസറുടെ പരിശോധനയിൽ വലിയ കുഴപ്പം കണ്ടില്ല. ഇത്രയും ദിവസം ഉണക്കിയ നെല്ലിൽ ഇനി എന്ത് ഇൗർപ്പം എന്ന് കർഷകർ ചോദിച്ചിട്ടും മില്ലുകൾക്ക് മറുപടി ഉണ്ടായില്ല. അവർ പിന്നീട് അവിടേക്ക് വരാതായി. ഇടയ്ക്കൊരു ദിവസം വന്നപ്പോൾ പതിര് ഏറെയുണ്ടെന്നായി വിലയിരുത്തൽ. കൃഷിക്കാർ നെല്ല് പാറ്റിപ്പെറുക്കി. കറുത്ത നെല്ല് മാറ്റി. എന്നിട്ടും നെല്ലെടുപ്പ് നടന്നില്ല. 20 കിലോ വരെയൊക്കെ കിഴിവ് പറഞ്ഞതോടെ കൃഷിക്കാർ മടുത്തു. കഴിഞ്ഞദിവസം മാതൃഭൂമി ഇവിടത്തെ ദുരിതം വാർത്തയാക്കിയതോടെ മില്ലുകളെ സപ്ലൈകോ പറഞ്ഞുവിട്ടു. 85 കിലോയുടെ പൈസയേ കിട്ടൂ. ക്വിന്റലൊന്നിന് 130 രൂപ ലോഡിങ് ചെലവും ചാക്കിന്റെ വിലയും കർഷകർ വഹിക്കേണ്ടിവന്നു. 35 കൃഷിക്കാരുള്ളതിൽ ഒരാൾ ഇൗ ചൂഷണത്തിൽ മനംമടുത്ത് നെല്ല് കൊടുക്കേണ്ടെന്ന് തീരുമാനിച്ചു. ബാക്കിയുള്ളവരുടെ നെല്ല് കൊണ്ടുപോയി. നെല്ലുവില കിട്ടാൻ ബാങ്കിൽ കൊടുക്കേണ്ട രസീത് (പി.ആർ.എസ്.) കൈമാറിയിട്ടില്ലെന്ന് കർഷകനായ ഷെബിൻ പറഞ്ഞു. അടുത്ത കൃഷിവേണോ എന്ന കാര്യത്തിൽ ആലോചനയിലാണെന്ന് അദ്ദേഹം പറഞ്ഞു. കുറിച്ചിയിലും ഏതാണ്ട് സമാനമാണ് സ്ഥിതി. കക്കുഴിപാടത്ത് 24 ദിവസമാണ് നെല്ല് കിടന്നത്. 10 കിലോഗ്രാം കിഴിവ് ചോദിച്ചു. ഒടുവിൽ അഞ്ച് കിലോ കിഴിവിൽ സമ്മതിച്ച് നെല്ല് കൊണ്ടുപോയി. എട്ട് ലോഡ് നെല്ലുണ്ടായിരുന്നു ഇവിടെ. വിഷുദിനത്തിൽ ഇവിടത്തെ കർഷകർ സമരരംഗത്തായിരുന്നു. കണക്ക് ഇങ്ങനെ ഇൗ വിളവെടുപ്പ് സീസണിൽ ജില്ലയിൽ 30,000 ഏക്കറിലായി 380 പാടങ്ങളിലാണ് കൊയ്ത്ത് നടക്കുന്നത്. 22400 ഏക്കറിൽ മില്ലുകളെ അലോട്ട് ചെയ്തിട്ടുണ്ട്. 59,000 ടണ്ണോളം നെല്ലാണ് ഇൗ സീസണിൽ പ്രതീക്ഷ. 48780 ടൺ അലോട്ട്മെന്റ് കഴിഞ്ഞു. ഇതിൽ 34456 ടൺ എടുത്തുപോയി.
