പന്തളം: പാടത്ത് പണിക്ക് ഇറങ്ങാനും കയറാനും കരയിൽ കൊടി ഉയർത്തും. കൈയിൽ വാച്ചുംകെട്ടി പണിക്കിറങ്ങുന്ന കാലമല്ലായിരുന്നു അന്ന്. മന്നം ഷുഗർമിൽസിലെ സൈറൺ മുഴങ്ങുംമുമ്പുവരെ സമയം അളന്നിരുന്നത് ചുവന്ന കൊടിയിലായിരുന്നു. 76 വയസ്സായ ചേരിക്കൽ വടക്കോട്ടുചരിഞ്ഞതിൽ വി.കെ. അച്യുതന്റെയും 85 കഴിഞ്ഞ കന്നുകെട്ടിൽ കിഴക്കേതിൽ കെ.കെ. തങ്കമ്മയുടെയും മനസ്സ് 60 വർഷം പിന്നിലേക്ക് പാഞ്ഞു. തിരഞ്ഞെടുപ്പ് കാര്യങ്ങളിലേക്ക് കടക്കുംമുമ്പ് പഴയ കാര്യങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തുകയായിരുന്നു അവർ. To advertise here, പാട്ടും പരിപാടികളുമൊക്കെ ഇടതടവില്ലാതെ റേഡിയോയിലൂടെ ഒഴുകിയെത്തുന്നുണ്ടായിരുന്നുവെങ്കിലും ഇടയ്ക്ക് വീണുകിട്ടുന്ന വാർത്തകൾ കേൾക്കാനായിരുന്നു തിരഞ്ഞെടുപ്പുകാലത്ത് ആളുകൾക്ക് ആവേശം. ആകെയുള്ളത് ഒന്നോ, രണ്ടോ റേഡിയോ. അതിനുചുറ്റും തടിച്ചുകൂടുന്നത് സാധാരണക്കാരായ ഒരുപറ്റം ആളുകൾ. ഗ്രാമത്തിലെ കവലകളിൽ ഇടയ്ക്ക് നേതാക്കന്മാരുടെ പ്രസംഗമുണ്ടെങ്കിലും കാര്യങ്ങൾ കൂടുതലറിയാൻ ആകാശവാണിതന്നെ ശരണം. ഫലമറിയുന്ന ദിവസം റേഡിയോവാർത്ത കേൾക്കാൻ ഉത്സവത്തിനുള്ള ആളുണ്ടാകും. തിരഞ്ഞെടുപ്പിന് ഇന്നത്തേക്കാൾ ആവേശമായിരുന്നു അന്ന്. ഫോണും ടെലിവിഷനുമല്ല തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരുന്നതും നിയന്ത്രിച്ചിരുന്നതും. നേതാക്കന്മാരുടെ പ്രസംഗം അത് അണികളിൽ ആവേശമായിരുന്നു. ഒരുഗ്രാമത്തിലെ ജനങ്ങൾ മുഴുവൻ പ്രസംഗം നടക്കുന്ന സ്ഥലത്ത് തടിച്ചുകൂടുന്നുണ്ടാകും. മൺകയ്യാലയിലെ പായൽ ചുരണ്ടി കുമ്മായം പൂശിക്കഴിഞ്ഞാൽ സ്ഥാനാർഥിയുടെ പേരും ചിഹ്നവും വരയ്ക്കും. ജപ്പാൻമുണ്ട് കീറിയെടുത്ത് നീലത്തിൽ വജ്രപ്പശ ചേർത്ത് പേരും ചിഹ്നവും വരയ്ക്കുന്ന ബാനറുകൾ പ്രധാന സ്ഥലങ്ങളിൽ വലിച്ചുകെട്ടും. ചിഹ്നം പതിച്ച കൊടികളും കവലകളിൽ പാറിക്കളിക്കുന്നുണ്ടാകും. വീടുകയറി വോട്ടുപിടിത്തമാണ് പ്രധാനം. മുടിയൂർക്കോണം ഭാഗത്ത് ഇടതുപക്ഷപാർട്ടിയുടെ പ്രാദേശിക ചുമതലക്കാരനായിരുന്ന അച്യുതനും കൊയ്ത്ത് സമരത്തിന് തലവരമ്പിൽനിന്ന് അണികൾക്ക് ആവേശം പകർന്ന തങ്കമ്മയും ഇടയ്ക്ക് മുഷ്ടിചുരുട്ടി കൈഉയർത്തി ആവേശം കൊള്ളുന്നുണ്ടായിരുന്നു. പന്തളം പോരാട്ടങ്ങളുടെ ഭൂമിയായിരുന്നു. നെല്ല് കൊയ്തെടുക്കുമ്പോൾ കൂലിയായി നൽകുന്ന പതത്തിനും തീർപ്പിനുംവേണ്ടി 1960 കാലഘട്ടത്തിൽ നടന്ന കൊയ്ത്തുസമരം, 12 ഔൺസ് റേഷൻ എട്ടായി വെട്ടിക്കുറച്ചതിനെതിരേ ‘73-ൽ നടന്ന പോലീസ് വെടിവെപ്പും തുടർന്നുണ്ടായ കോളിളക്കവും പിന്നീടുനടന്ന തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിച്ചതായി അച്യുതനും തങ്കമ്മയും ഓർക്കുന്നു. Published: 29 Mar 2026, 01:24 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
