ഒറിജിനലാണെന്ന് തെളിയിക്കാൻ പാടുപെട്ട് നെതന്യാഹു; ലോകം പുതിയ പ്രതിസന്ധിയിൽ

ഒറിജിനലാണെന്ന് തെളിയിക്കാൻ പാടുപെട്ട് നെതന്യാഹു; ലോകം പുതിയ പ്രതിസന്ധിയിൽ

M
MathrubhumiSource Link
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തുവെന്നും ഇപ്പോൾ കാണുന്നത് നിർമിതബുദ്ധി (AI) അധിഷ്ഠിത ഡീപ് ഫേക്കുകളാണെന്നും അവകാശപ്പെടുന്ന ഗൂഢാലോചനാ സിദ്ധാന്തങ്ങളാൽ നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ. അടുത്തിടെ പുറത്തിറങ്ങിയ ചില വീഡിയോകളാണ് ഈ സംശയങ്ങൾക്ക് ആധാരം. നെതന്യാഹുവിന് ആറ് വിരലുകളുണ്ടെന്ന് തോന്നിപ്പിക്കുന്ന ദൃശ്യങ്ങളും ഗുരുത്വാകർഷണ നിയമങ്ങളെ വെല്ലുവിളിക്കുന്ന രീതിയിൽ കാപ്പി കുടിക്കുന്ന വീഡിയോ ക്ലിപ്പുകളും നെതന്യാഹുവിന് അത്യാഹിതമെന്തോ സംഭവിച്ചിട്ടുണ്ടെന്ന ഗൂഢാലോചനാ സിദ്ധാന്തത്തിന് വഴിമരുന്നാവുകയാണ്. To advertise here, ഈ സാഹചര്യത്തിൽ ഒരു കാര്യം വ്യക്തമാവുകയാണ്; ലോകം പുതിയ പ്രശ്നം നേരിടാൻ പോകുന്നു. യഥാർഥ്യം തെളിയിക്കുക എന്നത് പഴയതിനെക്കാൾ ദുഷ്കരമായിരിക്കുന്നു. നെതന്യാഹു ജീവനോടെയില്ലെന്ന് വിശ്വസിക്കാൻ തക്കതായ തെളിവുകൾ നിലവിലില്ല. എന്നാൽ, യാഥാർഥ്യത്തെ വെല്ലുംവിധം മനുഷ്യരുടെയും ചുറ്റുപാടുകളുടെയും എഐ ക്ലോണുകൾ നിർമിക്കാൻ സാധിക്കുന്ന ഇക്കാലത്ത് അത് തെളിയിക്കുന്നത് ദുഷ്കരമാവുകയാണ്. നേരിട്ടല്ലാതെ ദൃശ്യങ്ങൾ കണ്ട് വിശ്വസിക്കുക എന്നത് അസാധ്യമായ ഒന്നാവുന്നു. എഐയുടെ കാലത്ത് എങ്ങനെയാണിനി അസത്യ പ്രചാരണങ്ങളെ തടയാവുക? എങ്ങനെയാണ് ആ അസത്യ പ്രചാരണങ്ങൾ വഴിയുണ്ടാകുന്ന കോലാഹലങ്ങൾക്ക് തടയിടുക? സ്വന്തം കണ്ണുകളെപ്പോലും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയ്ക്കാണ് ഇതോടെ ആരംഭം കുറിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച നെതന്യാഹു നടത്തിയ വാർത്താസമ്മേളനത്തിന്റെ തത്സമയ സംപ്രേഷണത്തിന് ശേഷമാണ് അദ്ദേഹം ജീവനോടെയില്ലെന്നോ പരിക്കുപറ്റിയിട്ടുണ്ടെന്നോ ഉള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ആരംഭിച്ചത്. വാർത്താസമ്മേളന ദൃശ്യങ്ങളിൽ നെതന്യാഹുവിന്റെ വലതുകൈയിൽ ആറ് വിരലുകളുണ്ടെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ വാദിക്കുന്നു. ഇറാനിയൻ മിസൈൽ ആക്രമണത്തിൽ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന വസ്തുത മറച്ചുവെക്കാൻ ഇസ്രയേൽ ഡീപ് ഫേക്ക് ദൃശ്യങ്ങൾ ഉപയോഗിക്കുകയാണെന്ന സംശയം ഇതോടെ ശക്തമായി. പഴയ എഐ ടൂളുകൾക്ക് കൈകൾ കൃത്യമായി നിർമിക്കുന്നതിൽ പിഴവുകൾ സംഭവിക്കാറുണ്ട്. ഇതും അതുപോലെ സംഭവിച്ചതാണെന്ന സംശയം ശക്തമായി. അദ്ദേഹത്തെ നേരിട്ടുകാണാതെ ആ സംശയം ദൂരീകരിക്കുന്നതെങ്ങനെയാണ്? എന്നാൽ, വീഡിയോ ക്വാളിറ്റിയിലെ കുറവും വെളിച്ചക്കുറവുമാണ് ഈ 'അധിക' വിരലിന് പിന്നിലെ കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. സൂക്ഷിച്ച് നോക്കിയാൽ ചെറുവിരലിനടിയിലെ മടങ്ങിയ തൊലിയാണ് വിരൽ പോലെ തോന്നുന്നതെന്ന് കാണാം. സ്നോപ്സ് (Snopes), പോയിന്റർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പോളിറ്റിഫാക്റ്റ് (PolitiFact) തുടങ്ങിയ വസ്തുതാന്വേഷകർ (Fact-checkers) ഈ വീഡിയോ എഐ നിർമിതമല്ലെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്. മാത്രവുമല്ല, 40 മിനിറ്റിൽ കൂടുതൽ സ്ഥിരതയുള്ള വീഡിയോകൾ നിലവിലെ എഐ മോഡലുകൾക്ക് നിർമിക്കാനാവില്ലെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു. ആ എഐ ക്ലോൺ വിവാദങ്ങൾക്ക് അറുതി വരുത്താൻ നെതന്യാഹു ഇന്നലെ തന്റെ എക്സ് അക്കൗണ്ടിൽ ഒരു വീഡിയോ പങ്കുവെച്ചു. ഒരു കോഫി ഷോപ്പിലിരുന്ന് തന്റെ വിരലുകൾ എണ്ണാൻ ക്യാമറയ്ക്ക് പിന്നിലുള്ള ആളോട് അദ്ദേഹം ആവശ്യപ്പെടുന്നത് അതിൽ കാണാം. എന്നാൽ, ഈ വീഡിയോയും എഐ നിർമിതമാണെന്ന ആരോപണമുയർന്നു. നെതന്യാഹു പങ്കുവെച്ച വീഡിയോ അതേരീതിയിൽ മറ്റ് ലോക നേതാക്കളെ വെച്ച് ആളുകൾ പുനർനിർമിച്ചു. എന്തിന് ഇറാന്‍റെ പുതിയ നേതാവ് മൊജ്തബ ഖമനേയി അതേ കോഫി ഷോപ്പിൽ നിൽക്കുന്ന ദൃശ്യങ്ങൾ പോലും നിർമിക്കപ്പെട്ടു. നെതന്യാഹുവിന്റെ വീഡിയോ അതിസൂക്ഷ്മമായി പരിശോധിച്ച് വ്യാജമാണെന്ന് ആരോപിക്കാനാണ് ആളുകൾ ശ്രമിക്കുന്നത്. അദ്ദേഹം കപ്പ് പിടിക്കുന്ന രീതിയും അദ്ദേഹത്തിന്റെ പെരുമാറ്റവുമൊക്കെ സംശയിക്കപ്പെടുന്നു. രസകരമായ കാര്യമെന്തെന്നാൽ, അത്തരം സൂക്ഷ്മതകളിലേക്ക് ഇറങ്ങിച്ചെന്നാലും ഈ വീഡിയോകൾ യഥാർഥമാണോ അല്ലയോ എന്ന് തറപ്പിച്ചു പറയാൻ ഏതാണ്ട് അസാധ്യമാണ്. സി2പിഎ (C2PA) അല്ലെങ്കിൽ സിന്ത് ഐഡി (SynthID) പോലുള്ള മെറ്റാ ഡാറ്റ സംവിധാനങ്ങൾ ഈ ക്ലിപ്പുകളിൽ ഉപയോഗിച്ചിട്ടില്ല. ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ എഐ ഉള്ളടക്കങ്ങൾ അടയാളപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഈ ദൃശ്യങ്ങൾ വ്യാജമാണെന്നോ യഥാർഥമാണെന്നോ ഉള്ള യാതൊരു സൂചനയും അവിടെയും നൽകിയിട്ടില്ല. നമ്മൾ കാണുന്നതെല്ലാം യഥാർഥമാണോ? ഇറാൻ, ഇസ്രയേൽ, അമേരിക്കൻ സംഘർഷങ്ങൾക്കിടയിൽ നെതന്യാഹുവിന്റെ വീഡിയോ മാത്രമല്ല മിസൈലാക്രമണങ്ങൾ, സ്ഫോടനങ്ങൾ ഉൾപ്പെടെയുള്ള രംഗങ്ങൾ യാഥാർത്ഥ്യത്തെ വെല്ലുംവിധം നിർമിച്ചെടുക്കാൻ എഐയ്ക്ക് സാധിക്കും. വ്യാജ ആക്രമണദൃശ്യങ്ങൾ സൃഷ്ടിച്ചെടുത്ത് ലോകത്തെയാകെ കബളിപ്പിക്കാനുമാവും. തങ്ങൾ കാണുന്നത് സത്യമാണോ എന്ന് ഉറപ്പിക്കാൻ ഇന്ന് സൗകര്യങ്ങളൊന്നുമില്ല. അതിനാൽ വസ്തുതാന്വേഷകരെ ആശ്രയിക്കാനോ മറ്റുള്ളവരുടെ വാക്കിനെ വിശ്വസിക്കാനോ നാം നിർബന്ധിതരാകുന്നു. എഐ വ്യാപകമാകുന്നതിന് മുമ്പ് തന്നെ വാർത്തകളിലെ കൃത്രിമത്വത്തെക്കുറിച്ച് ആളുകൾ ഭയപ്പെട്ടിരുന്നു. എഐ ടൂളുകൾ ഇപ്പോൾ കൂടുതൽ മിഴിവാർന്ന ഉള്ളടക്കങ്ങൾ നിർമിക്കാൻ പ്രാപ്തമായതോടെ ഫോട്ടോകളും വീഡിയോകളും സത്യമാണോ എന്ന് ഉറപ്പിച്ചു പറയാൻ കഴിയാത്ത അവസ്ഥയാണിന്ന്. ഇത് വല്ലാത്തൊരു വിശ്വാസപ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യം ഭരണകൂടങ്ങൾ പരസ്പരം അവിശ്വാസം പ്രചരിപ്പിക്കാൻ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അമേരിക്കയ്ക്കെതിരായ ആക്രമണ രംഗങ്ങൾ വ്യാജമായി സൃഷ്ടിക്കാൻ ഇറാൻ എഐ ഉപയോഗിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ ആരോപിച്ചിരുന്നു. തങ്ങളുടെ പരാജയങ്ങൾ നിഷേധിക്കാനും അത് എഐ നിർമിതമാണെന്ന വാദം ഉന്നയിക്കപ്പെടുകയും ചെയ്യുന്നുണ്ട്. എന്തായാലും നാം ഇതിനകം നേരിട്ടുകൊണ്ടിരിക്കുന്ന, ഭാവിയിൽ വലിയ പ്രതിസന്ധിയാകാൻ പോകുന്ന ഒരു പ്രശ്നമാണ് എഐ ഡീപ് ഫേക്കുകൾ. അതിനാൽ കാണുന്നതെല്ലാം വിശ്വസിക്കുന്നതിന് മുമ്പ് ജാഗ്രത പാലിക്കേണ്ടതുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒറിജിനലാണെന്ന് തെളിയിക്കാൻ പാടുപെട്ട് നെതന്യാഹു; ലോകം പുതിയ… | Boolokam