സംരക്ഷണം വേണം അയിരൂർ പുഴയ്ക്ക് To advertise here, കല്ലമ്പലം : തെക്കൻകേരളത്തിലെ ഏറ്റവും ചെറിയ പുഴയായ അയിരൂർപ്പുഴ നാശത്തിന്റെ വക്കിൽ. ഒഴുക്കുനിലച്ച അവസ്ഥയിലുള്ള പുഴ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായി. തടയണകൾ തകർന്നതും നിലംനികത്തി റോഡുകൾ നിർമിച്ചതും അധികൃതരുടെ അവഗണനയുമാണ് പുഴയെ നാശത്തിലേക്കു നയിച്ചത്. ഗ്രാമവാസികൾ കുടിവെള്ളത്തിനും കാർഷികാവശ്യത്തിനും പുഴയെ ആശ്രയിച്ചിരുന്നു. അഞ്ച് പഞ്ചായത്തുകൾക്ക് കാർഷികാവശ്യങ്ങൾക്കു ജലം നൽകാൻ പര്യാപ്തമായിരുന്നു. ആവാസവ്യവസ്ഥകൾക്കു നാശംവന്നതോടെ മറ്റു കാർഷികാവശ്യങ്ങൾ നടക്കാതെയായി. നാവായിക്കുളം പഞ്ചായത്തിലെ മരുതിക്കുന്ന്, കരവായിക്കോണം, സ്വാമിയാർക്കുന്ന് എന്നിവിടങ്ങളിലെ കുന്നിൻചരുവുകളിൽ നിന്നാണ് പുഴയുടെ ഉദ്‌ഭവം. ഉദ്‌ഭവസ്ഥാനങ്ങളിൽ ഒന്നായ എരപ്പൻചാലിൽ പാറക്കെട്ടുകൾ മാത്രമാണ് അവശേഷിക്കുന്നത്. കല്ലമ്പലം, തട്ടുപാലം, കുണ്ടമൺകാവ്, മുത്താന, പനയറ, ഇലകമൺ, അയിരൂർ എന്നിവിടങ്ങളിലൂടെ 17 കിലോമീറ്ററോളം ഒഴുകി ഇടവ, നടയറ കായലിലാണ് പുഴ പതിക്കുന്നത്. നാവായിക്കുളം, ചെമ്മരുതി, ഇലകമൺ, പഞ്ചായത്തുകളിലൂടെയാണ് ഒഴുകുന്നത്. ചെമ്മരുതി പഞ്ചായത്തിനാണ് ഗുണം കൂടുതൽ കിട്ടിയിരുന്നത്. വേനൽ കടുത്തതോടെ പുഴ വറ്റിവരണ്ടു. തോടിന്റെ പല ഭാഗങ്ങളിലും അധികൃതരുടെ മൗനാനുവാദത്തോടെ സ്വകാര്യവ്യക്തികൾ കൈയേറി റോഡ് നിർമിച്ചു. അതോടെ തോടിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുകയും വേനൽക്കാലത്ത് പ്രദേശത്തെ കുടിവെള്ളലഭ്യതയെ ബാധിക്കുകയും ചെയ്തു. പുഴയുടെ ഉദ്‌ഭവസ്ഥാനങ്ങളിൽ ഒന്നായ ചിരട്ടക്കുന്നിൽ കോട്ടറക്കോണം ഭാഗത്തെ അനധികൃത കൈയേറ്റവും പരിശോധിക്കണമെന്ന് ആവശ്യമുണ്ട്. പുഴയുടെ ഉദ്‌ഭവസ്ഥാനങ്ങളിൽ ഒന്നായ കരവായിക്കോണം സ്വാമിയാർക്കുന്നിലെ നീർച്ചാൽ വർഷങ്ങൾക്കുമുൻപ് മണ്ണിട്ടു നികത്തി റോഡ് നിർമിച്ചിരുന്നു. നാവായിക്കുളം പഞ്ചായത്തിലെ പറകുന്ന്, അമ്മാംകോണം, ഡീസന്റുമുക്ക്, കോട്ടറക്കോണം, കരവായിക്കോണം എന്നീ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. കേരളത്തിലെ 44 പുഴകളിലൊന്നായ അയിരൂർപ്പുഴയെ സംരക്ഷിക്കണമെന്ന ആവശ്യവുമായി ശാസ്ത്രസാഹിത്യ പരിഷത്ത് കല്ലമ്പലം യൂണിറ്റ് രംഗത്തെത്തിയിട്ടുണ്ട്. പഞ്ചായത്ത് മുൻകൈയെടുക്കണം പുഴയുടെ ഉദ്ഭവസ്ഥാനമായ കോട്ടറക്കോണം ഭാഗത്തെ അനധികൃത കൈയേറ്റം പരിശോധിച്ച് തിരിച്ചെടുക്കാനുള്ള നടപടി സ്വീകരിക്കണം. തോടിന്റെ സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കുന്നതിനു പഞ്ചായത്ത് മുൻകൈയെടുക്കണം. സി.വി.രാജീവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
