കൊല്ലം: കലാ-സാംസ്കാരിക രംഗങ്ങളിൽ ജില്ലയിൽനിന്ന് ജനവിധി തേടിയവർ ഏറെയാണ്. ചിലർ കാലിടറിവീണു. മറ്റു ചിലർ കരകയറി. ഇടതുപക്ഷ ആശയങ്ങളിൽ ഉറച്ചുനിന്ന രണ്ട് പ്രമുഖ വ്യക്തിത്വങ്ങളാണ് ചവറക്കാരനായ ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ് എന്ന ഒ.എൻ.വി. കുറുപ്പും കുടവട്ടൂർക്കാരനായ മുരളിയും. ഇരുവർക്കും അവരുടേതായ രാഷ്ട്രീയമുണ്ടായിരുന്നെങ്കിലും അപ്രതീക്ഷമായാണ് ഇരുവരും ജില്ലവിട്ട് തിരഞ്ഞെടുപ്പിനെ നേരിട്ടത്. To advertise here, 1989-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽനിന്ന് സി.പി.ഐ. സ്ഥാനാർഥിയായാണ് ഒ.എൻ.വി. മത്സരിച്ചത്. മലയാളത്തിന്റെ പ്രിയകവിയുടെയും ചലച്ചിത്രഗാനരചയിതാവിന്റെയും താരപരിവേഷത്തോടെയായിരുന്നു സ്ഥാനാർഥിത്വമെങ്കിലും വിജയിച്ചില്ല. സിറ്റിങ് എം.പി.യും കോൺഗ്രസ് നേതാവുമായിരുന്ന എ. ചാൾസിനോട് 40,913 വോട്ടിനു പരാജയപ്പെട്ടു. തിരുവനന്തപുരത്തു മത്സരിച്ച് തനിക്കേറ്റ തോൽവിയെക്കുറിച്ച് അന്ന് ഒ.എൻ.വി. പറഞ്ഞത്, ‘കവികൾ ജനഹൃദയങ്ങളിലാണ് ജീവിക്കുന്നത്, എന്നാൽ രാഷ്ട്രീയക്കാർ ജനങ്ങളുടെ ഇടയിലാണ് ജീവിക്കുന്നത്’ എന്നായിരുന്നു. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനൊപ്പം നിന്ന് പരസ്യമായി പ്രവർത്തിക്കാനും തന്റെ നിലപാടുകൾ വിളിച്ചുപറയാനും ധൈര്യം കാണിച്ച നടൻമാരിൽ ഒരാൾക്ക് പാർട്ടി വെച്ചുനീട്ടിയ അവസരമാണ് നടൻ മുരളിക്ക് ലഭിച്ച സ്ഥാനാർഥിത്വം. 1999-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുരളി ആലപ്പുഴ നിയോജകമണ്ഡലത്തിൽ സി.പി.എം. സ്ഥാനാർഥിയായി. എക്കാലത്തും കോൺഗ്രസിന്റെ തുറുപ്പുചീട്ടായിരുന്ന വി.എം. സുധീരനായിരുന്നു എതിരാളി. സുധീരനെതിരേ മത്സരിക്കാൻ ആരെ രംഗത്തിറക്കണമെന്ന ആലോചനയിൽ വി.എസ്. അച്യുതാനന്ദനായിരുന്നു നടൻ മുരളിയുടെ പേര് നിർദേശിച്ചത്. വാക്കിലും പ്രവൃത്തിയിലും തികഞ്ഞ ഇടതുപക്ഷക്കാരനായിട്ടും തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന നിർദേശം അംഗീകരിക്കാൻ മുരളി ആദ്യം തയ്യാറായില്ല. എങ്കിലും സുഹൃത്തുക്കളുടെയും പാർട്ടിയുടെയും നിർദേശത്തിനു വഴങ്ങി. പ്രചാരണവേളയിൽ നടന്റെ ചമയങ്ങളെല്ലാം അഴിച്ചുവെച്ച് മുരളി തനി രാഷ്ട്രീയക്കാരനായി. ആലപ്പുഴക്കാരനല്ലാത്തത് തിരഞ്ഞെടുപ്പിൽ തനിക്ക് വിനയായേക്കാമെന്ന് മുരളി നേരത്തേ കണക്കുകൂട്ടിയിരുന്നു. എങ്കിലും പ്രചാരണത്തിനെത്തിയപ്പോൾ കണ്ട വലിയ ജനക്കൂട്ടങ്ങൾ മുരളിയിൽ വിജയപ്രതീക്ഷ വളർത്തി. 35,094 വോട്ടുകൾക്കാണ് മുരളി പരാജയപ്പെട്ടത്. Content Highlights: Explores the intersection of arts and electoral politics in Kerala. Details ONV Kurup's 1989 Lok Sabha election attempt in Thiruvananthapuram. Highlights actor Murali's 1999 electoral battle in Alappuzha. Provides historical perspective on celebrities entering mainstream politics. Published: 30 Mar 2026, 04:02 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഒ.എൻ.വി. അന്ന് പറഞ്ഞു; കവികൾ ജനഹൃദയങ്ങളിൽ, രാഷ്ട്രീയക്കാർ ജനങ്ങളുടെ ഇടയിലും
M
MathrubhumiSource Link
about 1 month ago