അരീക്കോട്: സ്വാതന്ത്ര്യാനന്തര ഭാരതത്തിലെന്നപോലെ ബ്രിട്ടീഷ് ഭരണകാലത്തും മലബാർ ജില്ലയിലെ ഏറ്റവുംവലിയ താലൂക്ക് ഏറനാടായിരുന്നു. ചാലിയാറിനും കടലുണ്ടിപ്പുഴയ്ക്കും ഇടയിലുള്ള വിശാലമായ ഭൂപ്രദേശം ഉൾക്കൊള്ളുന്നതായിരുന്നു പഴയ ഏറനാട്. 1957-ൽ തിരൂർ താലൂക്കും 1990-കളിൽ നിലമ്പൂർ താലൂക്കും 2013-ൽ കൊണ്ടോട്ടി താലൂക്കും രൂപവത്കരിച്ചതോടെയാണ് ഏറനാടിന്റെ വിസ്തൃതി ഇന്നത്തെ സ്ഥിതിയിലേക്ക് ചുരുങ്ങിയത്. നിലവിൽ മലപ്പുറം, മഞ്ചേരി നഗരസഭകളും, അരീക്കോട്, വണ്ടൂർ, വേങ്ങര, കൊണ്ടോട്ടി, മലപ്പുറം ബ്ലോക്കുകളുടെ ഭാഗങ്ങളും ഉൾപ്പെട്ടതാണ് ഏറനാട് താലൂക്ക്. To advertise here, 2008-ൽ നടത്തിയ മണ്ഡല പുനർനിർണയത്തോടെ നിലവിൽവന്ന ഏറനാട് മണ്ഡലത്തിന് താലൂക്കിന്റെ പേരുതന്നെ ലഭിച്ചെങ്കിലും താലൂക്കിലെ മുഴുവൻ ഭാഗങ്ങളും ഉൾപ്പെട്ടിട്ടില്ല. നിലമ്പൂർ താലൂക്കിലെ ചാലിയാർ പഞ്ചായത്തും ഏറനാട് താലൂക്കിലെ അരീക്കോട്, എടവണ്ണ, കാവനൂർ, കീഴുപറമ്പ്, ഊർങ്ങാട്ടിരി, കുഴിമണ്ണ പഞ്ചായത്തുകളും ഉൾപ്പെടുത്തിയാണ് ഏറനാട് മണ്ഡലമുണ്ടാക്കിയത്. നേരത്തേ കൊണ്ടോട്ടി, മഞ്ചേരി മണ്ഡലങ്ങളുടെ ഭാഗമായിരുന്നപ്പോഴും പിന്നീട് ഈ മണ്ഡലം നിലവിൽവന്നപ്പോഴും രാഷ്ട്രീയമായി മുസ്ലിംലീഗിന് വേരോട്ടമുള്ള മണ്ണാണ് ഏറനാട്ടിലേത്. മണ്ഡലം വന്നശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും 50 ശതമാനത്തിനും 55 ശതമാനത്തിനും ഇടയ്ക്ക് വോട്ടുകൾനേടി മുസ്ലിംലീഗിലെ പി.കെ. ബഷീർ എം.എൽ.എ. സ്ഥാനത്ത് തുടരുന്നു. എൽ.ഡി.എഫിലെ ധാരണപ്രകാരം മണ്ഡലം സി.പി.ഐ.യ്ക്കാണെങ്കിലും മണ്ഡല പുനർനിർണയശേഷം 2011-ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥി സി.പി.ഐയിലെ അഷ്റഫലി കാളിയത്ത് കേവലം 2,700 വോട്ടുകൾ മാത്രംനേടി ബി.ജെ.പിക്കും പിന്നിൽ നാലാംസ്ഥാനംകൊണ്ട് തൃപ്തിയടയേണ്ടി വന്നു. അന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച പി.വി. അൻവറിനെ മുന്നണി ബന്ധംമറന്ന് സി.പി.എം. പിന്തുണച്ചതാണ് ഇങ്ങനെ സംഭവിക്കാൻ കാരണമായത്. അന്ന് അൻവർ 41. 47 ശതമാനം വോട്ട് നേടിയത് എൽ.ഡി.എഫിന് വലിയ ഭാവി പ്രതീക്ഷയാണ് നൽകിയത്. 2016-ൽ അരീക്കോട് വടക്കുംമുറി സ്വദേശി കെ.ടി. അബ്ദുറഹിമാനെ സ്വതന്ത്രനായി രംഗത്തിറക്കി പരീക്ഷണം നടത്തിയെങ്കിലും വോട്ട് 41. 34 ശതമാനമായി കുറഞ്ഞു. ഇതോടെയാണ് കാന്തപുരം വിഭാഗത്തിന്റെ പൂർണ പിന്തുണ ഉറപ്പാക്കാനായി അവരുടെ ഉറച്ച പ്രവർത്തകൻ ഊർങ്ങാട്ടിരി തെഞ്ചേരി സ്വദേശി കെ.ടി. അബ്ദുറഹിമാനെ 2021-ൽ സി.പി.എം. രംഗത്തിറക്കിയത്. ഇത് കാന്തപുരം വിഭാഗം ഒഴിച്ച് മറ്റു വിഭാഗക്കാരുടെ വോട്ടുകൾ മറുഭാഗത്ത് ഏകീകരിക്കപ്പെടുന്നതിന് കാരണമായെന്ന് വിലയിരുത്തപ്പെട്ടു. മുസ്‌ലിംലീഗിലെ പി.കെ. ബഷീറിന് 54.49 ശതമാനം വോട്ട് ലഭിച്ചപ്പോൾ ഈ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 38.76 ശതമാനം വോട്ട്കൊണ്ട് തൃപ്തിയടയേണ്ടി വന്നു. 2021-ലെ തദ്ദേശതിരഞ്ഞെടുപ്പിൽ ഏറനാട്ടിൽ ആകെയുള്ള ഏഴ് ഗ്രാമപ്പഞ്ചായത്തുകളിൽ ആറിലും യുഡിഎഫ് ഭരണമായിരുന്നൂവെങ്കിലും പി.കെ. ബഷീറിന്റെ ജന്മനാടായ എടവണ്ണ പഞ്ചായത്തിൽ ഭരണം നഷ്ടപ്പെട്ടു. ഇതിന് പ്രാദേശിക പ്രശ്‌നങ്ങളാണ് യു.ഡി.എഫ്. കാരണമായി പറഞ്ഞതെങ്കിലും ബഷീറിന് അത് ക്ഷീണം വരുത്തിയിരുന്നു. എന്നാൽ തൊട്ടടുത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എടവണ്ണ ഉൾപ്പെടെ എല്ലാ പഞ്ചായത്തുകളിലും യു.ഡി.എഫ്. ഭൂരിപക്ഷം നേടിയതിനൊപ്പം 2026-ലെ തദ്ദേശതിരഞ്ഞെടുപ്പിൽ എടവണ്ണ അടക്കം ഏഴ് പഞ്ചായത്തുകളിലും യു.ഡി.എഫ്. ഭരണത്തിലെത്തുകയും ചെയ്തു. ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ യു.ഡി.എഫിന് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. Content Highlights: Historical overview of Eranad taluk's geographical evolution since British rule., Analysis of the political dominance of the Muslim League in the constituency., Evaluation of LDF's electoral experiments and vote share fluctuations., Impact of local body election results on future assembly prospects., Strategic importance of PK Basheer's leadership in the region. Published: 17 Mar 2026, 02:30 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഓരോതവണയും ഭൂരിപക്ഷം കൂട്ടി പി.കെ. ബഷീർ; ഏറനാടിന്റെ മനസിലെന്ത്?
M
MathrubhumiSource Link
about 2 months ago