2001 മാർച്ച് 15. ഇന്ത്യ - ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസം. രാവിലെ ഒൻപത് മണിയോടെ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിന്റെ പരിസരത്തേക്ക് സുഹൃത്തുക്കൾക്കൊപ്പം മത്സരം കാണാൻ എത്തുമ്പോൾ കാണുന്ന കാഴ്ച സ്റ്റേഡിയത്തിന് മുന്നിലെ വിശാലമായ മൈതാനം മുഴുവനായി വ്യാപിച്ചുകിടക്കുന്ന വലിയ ജനസമുദ്രമാണ്. ആവേശത്തിമർപ്പോടെ ഇന്ത്യൻ പതാകകൾ കൈയിലേന്തി ചുറ്റിയടിച്ചു നടക്കുന്ന ചില സംഘങ്ങൾ. മറ്റൊരു കൂട്ടർ ഗ്രൗണ്ടിൽ നിലത്തിരുന്നു തലേന്ന് റെക്കോർഡ് പാർട്ണർഷിപ്പ് പടുത്തുയർത്തിയ ദ്രാവിഡിനും ലഷ്മണിനും അഭിവാദ്യങ്ങൾ അർപ്പിക്കുന്ന പോസ്റ്ററുകൾ തയാറാക്കുന്ന തിരക്കിലാണ്. ലക്ഷ്മൺ മുന്നൂറും ദ്രാവിഡ് ഇരുന്നൂറും കടക്കുമ്പോൾ ഉയർത്തേണ്ട പ്ലക്കാർഡുകളും തയ്യാർ. ഉത്സാഹവും ആവേശവും എങ്ങും നിഴലിച്ചു കാണാം. ഒരു ചരിത്രമുഹൂർത്തതിന് സാക്ഷ്യം വഹിക്കാനാണ് വന്നിരിക്കുന്നതെന്ന് സ്റ്റേഡിയത്തിലേക്ക് കയറുന്നവർ ആ നിമിഷം ചിന്തിച്ചു കാണുകയില്ല. To advertise here, ഇതിഹാസനായകൻ സ്റ്റീവ് വോയുടെ നേതൃത്വത്തിൽ 16 ടെസ്റ്റുകൾ തുടർച്ചയായി ജയിച്ച് ലോക റെക്കോർഡിന്റെ തിളക്കവുമായി എത്തിയ ശക്തരായ ഓസ്‌ട്രേലിയയെ തീർത്തും അപ്രതീഷമായിട്ടായിരുന്നു അന്ന് പുതുമുഖ നായകനായ സൗരവ് ഗാംഗുലി നയിച്ച ഇന്ത്യൻ ടീം പരാജയപ്പെടുത്തിയത്. ഇന്ത്യൻ ക്രിക്കറ്റിലെ ഒരു പുതുയുഗ പിറവിക്കാണ് അന്ന് ഈഡനിൽ തടിച്ചുകൂടിയ 90,0000-ൽ അധികം വരുന്ന കാണികൾ സാക്ഷിയായത്. ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ടെസ്റ്റ് മാച്ചുകളിൽ ഒന്നായിട്ടാണ് ഇതിനെ ഇഎസ്പിഎൻ ക്രിക്ഇൻഫോ എന്ന പ്രശസ്ത സ്‌പോർട്‌സ് വെബ്‌സൈറ്റ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിൽ വലിയ മാറ്റങ്ങൾക്ക് വിത്തുപാകിയ 2001-ലെ കൊൽക്കത്ത ടെസ്റ്റ് വിജയത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികവേളയിൽ ആ അഞ്ച് ദിനങ്ങളിൽ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിലിരുന്ന് മത്സരങ്ങൾ വീക്ഷിച്ചതിന്റെ അനുഭവസാക്ഷ്യമാണ് ഇവിടെ കുറിക്കുന്നത്. ബോർഡർ- ഗവാസ്‌ക്കർ സീരിസിന്റെ ഭാഗമായ ഇന്ത്യ- ഓസ്‌ട്രേലിയ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന്റെ വേദിയായി ഈഡൻ ഗാർഡൻസ് തിരഞ്ഞെടുത്തു എന്ന വാർത്ത പുറത്തു വന്നപ്പോൾ തന്നെ കൊൽക്കത്തയിലെ ക്രിക്കറ്റ് ആരാധകർ ആവേശത്തിമർപ്പിലായിരുന്നു. അതിനു പ്രധാനമായും രണ്ടു കാരണങ്ങൾ ഉണ്ടായിരുന്നു. കൊൽക്കത്ത സ്വദേശിയായ സൗരവ് ഗാംഗുലി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ശേഷം സ്വന്തം മണ്ണിൽ നടക്കാൻ പോകുന്ന ആദ്യ ടെസ്റ്റ് പരമ്പര എന്നതായിരുന്നു അതിൽ ആദ്യത്തേത്. രണ്ടാമത്തേത് കൃത്യം രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം ഈഡൻ ഗാർഡൻസിൽ ക്രിക്കറ്റ് മത്സരങ്ങൾ തിരികെയെത്തുന്നു എന്ന വാർത്ത സൃഷ്ട്ടിച്ച കൗതുകവും ആഹ്ലാദവും. 1999 ഫെബ്രുവരിയിൽ ഈഡനിൽ നടന്ന ഇന്ത്യ - പാക്കിസ്ഥാൻ ടെസ്റ്റ് മത്സരത്തിന്റെ നാലാംനാൾ സച്ചിൻ തെണ്ടുൽക്കറിന്റെ വിവാദ റണ്ണൗട്ടിൽ നിരാശരായ കാണികൾ ഉയർത്തിയ പ്രതിഷേധം വലിയ അക്രമങ്ങളിൽ കലാശിക്കുകയും കളി തടസപ്പെടുകയുമുണ്ടായി. അവസാന ദിവസം കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാതെയാണ് മത്സരം പൂർത്തിയാക്കിയത്. പിന്നാലെ ഈഡനിൽ ടെസ്റ്റ് മത്സരങ്ങൾക്ക് രണ്ടു വർഷത്തേക്ക് വിലക്കും വന്നു. ഇപ്പോൾ ഒരിടവേളക്ക് ശേഷം ഒരു വമ്പൻ മത്സരത്തിനായി ഈഡൻ ഗാർഡൻസ് തയ്യാറായി നിൽക്കുന്നു. 'കൽക്കട്ട' എന്ന ഇംഗ്ലീഷ് പേരിന്റെ ബംഗാളി പ്രയോഗമായ 'കൊൽക്കത്ത' എന്ന നാമം ഔദ്യോഗികമായി നിലവിൽ വന്ന ശേഷം ആദ്യമായി നടക്കുന്ന ഒരു അന്താരാഷ്ട്ര മത്സരമായിരുന്നു ഇത് എന്നത് മറ്റൊരു കൗതുകം. ഓസ്‌ട്രേലിയയയാണ് എതിരാളികൾ എന്നറിഞ്ഞപ്പോൾ പെട്ടെന്ന് ഓർമ്മയിൽ വന്നത് കൊൽക്കത്തയിലെ അവരുടെ അവസാന ടെസ്റ്റ് മത്സരമായിരുന്നു. 1998 മാർച്ചിൽ നടന്ന ആ മത്സരത്തിൽ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദിന്റെ ഉജ്ജ്വല സെഞ്ചുറിയുടെ പിൻബലത്തിൽ ഇന്നങ്‌സിനും 219 റൺസിനും ഇന്ത്യ ഓസീസിനെ മുട്ടുകുത്തിച്ചിരുന്നു. എന്നാൽ മാർക്ക് ടെയ്‌ലർ നയിച്ച അന്നത്തെ ഓസ്‌ട്രേലിയ അല്ല സ്റ്റീവ് വോ നേതൃത്വം നൽകുന്ന ഓസീസ് നിര. 1999-ലെ ലോകകപ്പ് വിജയത്തിനു ശേഷം തുർച്ചയായി രണ്ടു വർഷകാലം ഓസ്‌ട്രേലിയൻ ആധിപത്യത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. വിദേശ ടീമുകളെ അവരുടെ മണ്ണിൽ പോയി തറപറ്റിച്ചിരുന്ന സ്റ്റീവ് വോയുടെ ടീമിന് അക്കാലത്ത് ഒരു സൂപ്പർതാര പരിവേഷമുണ്ടായിരുന്നു. തുടർച്ചയായി 16 ടെസ്റ്റ് വിജയങ്ങൾ എന്ന ഒരപൂർവ ലോക റെക്കോർഡുമായിട്ടായിരുന്നു ഓസ്‌ട്രേലിയൻ ടീം അന്ന് കൊൽക്കത്തയിൽ വിമാനമിറങ്ങിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ മുംബൈയിൽ അവർ ഇന്ത്യയെ പരാജയപ്പെടുത്തിയത് പത്ത് വിക്കറ്റിനായിരുന്നു. അന്ന് മൂന്നാം ദിനം കളി അവസാനിച്ചു. ഇതോടെ ഇന്ത്യൻ മണ്ണിൽ ഓസ്‌ട്രേലിയ പരമ്പര തൂത്തവാരുമെന്നുള്ള പ്രവചനത്തിനു മുൻതൂക്കം ലഭിച്ചു. എന്നാൽ, ശക്തമായ ഒരു മത്സരമാണ് ഈഡനിൽ നടക്കാൻ പോകുന്നതെന്ന ഒരു സംസാരം കൊൽക്കത്തയിലെ ക്രിക്കറ്റ് ആരാധകർക്കിടയിൽ ഉണ്ടായിരുന്നു. അതിനാൽ തന്നെ ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞു പൊയ്‌ക്കൊണ്ടിരുന്നത്. വേനലിന്റെ ആരംഭകാലമായിരുന്നുവെങ്കിലും പകൽ സാമാന്യം ചൂട് കൂടുതലുള്ള ദിവസങ്ങളായിരുന്നു അത്. മത്സരം ആരംഭിച്ച മാർച്ച് 11-ന് ഈഡൻ ഗാർഡൻസിലെ ഗാലറികൾ ആരാധകരെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. ആദ്യദിനം തന്നെ അന്ന് പുതുമുഖമായിരുന്ന സ്പിന്നർ ഹർഭജൻ സിങ് ഹാട്രിക്ക് നേടിക്കൊണ്ട് ഇന്ത്യൻ ക്രിക്കറ്റിലേക്കുള്ള തന്റെ കടന്നുവരവ് അവിസ്മരണീയമാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്ത്യക്കാരന്റെ ആദ്യ ഹാട്രിക്ക്. ആദ്യദിനം പിരിയുമ്പോൾ ഓസ്‌ട്രേലിയ 291/8 എന്ന നിലയിലായിരുന്നു. മാത്യു ഹെയ്ഡൻ 97 റൺസുമായി സെഞ്ചുറിക്ക് അരികിലാണ്. ഏഴു വിക്കറ്റുകൾ വീഴ്ത്തിയ ഹർഭജൻ സിങ് എന്ന പുത്തൻ താരോദയത്തെ കുറിച്ചാണ് ഏവരും അന്ന് ചർച്ച ചെയ്തത്. ഈഡനിൽനിന്നും ഏറെ ആഹ്ലാദത്തോടെയായിരുന്നു കാണികൾ അന്ന് മടങ്ങിയത്. 1998-ലെ കൊൽക്കത്ത ടെസ്റ്റിന്റെ തനിയായവർത്തനം സംഭവിക്കാൻ പോകുന്നു എന്നാണ് എല്ലാവരും കരുതിയത്. അന്നും ആദ്യ ഇന്നിങ്‌സിൽ ഓസീസ് 300-ൽ താഴെ റൺസിന് ഓൾ ഔട്ടാവുകയാണ് ഉണ്ടായത്. എന്നാൽ രണ്ടാം ദിനം ലോക ചാമ്പ്യന്മാരുടെ കളിയാണ് ഓസ്‌ട്രേലിയ പുറത്തെടുത്തത്. ക്യാപ്റ്റൻ സ്റ്റീവ് വോയുടെ വീരോചിത ബാറ്റിങ് ഈഡനിൽ ആവേശത്തിന്റെ അലയൊലികൾ സൃഷ്ടിച്ചു. 133 റൺസ് കൂടി കൂട്ടിച്ചേർത്ത ശേഷമാണ് ഒൻപതാം വിക്കറ്റ് വീണത്. 43 റൺസിന്റെ അവസാന വിക്കറ്റ് കൂട്ടുകെട്ട് ഓസീസ് പോരാട്ടവീര്യം വെളിപ്പെടുത്തുന്നതായിരുന്നു അവസാനനിമിഷങ്ങളിൽ പത്താം വിക്കറ്റ് കൂട്ടുകെട്ടിലാണ് സ്റ്റീവ് വോ ഇന്ത്യൻ മണ്ണിലെ തന്റെ ആദ്യത്തേതും അവസാനത്തേതുമായ സെഞ്ചുറി നേടിയത്. സ്റ്റേഡിയം ഒന്നടങ്കം എണീറ്റ് കൈയടികളോടെയയാണ് ആ നിമിഷം അദ്ദേഹത്തിന് ആദരം അർപ്പിച്ചത്. എന്നാൽ, ഹെയ്ഡൻ 97-ന് പുറത്തായിരുന്നു. ഓസ്ട്രേലിയ 445-ന് ഓൾ ഔട്ട്. സ്റ്റീവ് വോ -110. മത്സരം ആവേശത്തിലാകുന്നു എന്ന് തോന്നിപ്പിച്ച നിമിഷങ്ങൾ. എന്നാൽ, ഇന്ത്യൻ ബാറ്റിംഗ് നിര ചീട്ടു കൊട്ടാരം പോലെ തകർന്നു വീഴുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സ്‌കോർബോർഡ് ചലിക്കുന്നതിനു മുൻപ് തന്നെ ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണിരുന്നു. രണ്ടാം ദിനം പിരിയുമ്പോൾ ഇന്ത്യ 128/8 എന്ന ദയനീയ നിലയിലായിരുന്നു. തലേന്നിന് വിപരീതമായി ഏറെ നിരാശരായിട്ടാണ് കാണികൾ രണ്ടാം ദിനം സ്റ്റേഡിയം വിട്ടത്. മൂന്നാം ദിനത്തിലെ ആദ്യ പകുതിയിൽ അപ്രതീക്ഷമായി ഒന്നും സംഭവിച്ചില്ല. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് 171-ൽ അവസാനിച്ചു. 59 റൺസ് എടുത്ത ലക്ഷ്മൺ മാത്രമാണ് ചെറുത്തുനിൽപ്പ് നടത്തിയത്. നാലു വിക്കറ്റുകൾ വീഴ്ത്തിയ മഗ്രാത്ത് ഇന്ത്യയെ വിറപ്പിച്ചു. ഫോളോ ഓൺ വഴങ്ങിയതിനാൽ വൈകാതെ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചു. കുറച്ചുകൂടി ഭേദപ്പെട്ട പോരാട്ടം നടക്കുന്നു എന്ന തോന്നിപ്പിച്ചുവെങ്കിലും വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീണു കൊണ്ടിരുന്നു. തകർപ്പൻ ബാറ്റിങ് പുറത്തെടുത്ത നാട്ടുകാരാൻ കൂടിയായ സൗരവ് ഗാംഗുലി മികച്ച സ്‌കോറിലേക്ക് കുതിക്കുന്നു എന്ന് ഒരു ഘട്ടത്തിൽ തോന്നിപ്പിച്ചു. എന്നാൽ, 48 റൺസ് എടുത്ത് ഗാംഗുലി പുറത്തായ നിമിഷം സ്റ്റേഡിയം പൂർണനിശബ്ദയിലേക്ക് കൂപ്പുകുത്തി. എന്നെ സംബന്ധിച്ചു അങ്ങനെയൊരു കാഴ്ച ആദ്യമായിരുന്നു. രണ്ടാം ഇന്നിങ്‌സിൽ പതിവിനു വിപരീതമായി ഉജ്ജ്വല ഫോമിലായിരുന്ന വി.വി.എസ്. ലക്ഷ്മൺ ആയിരുന്നു വൺ ഡൗൺ ആയി ഇറങ്ങിയത്. മറുവശത്ത് വിക്കറ്റുകൾ വീണു കൊണ്ടിരുന്നു. ദ്രാവിഡ് ബാറ്റിങ്ങിന് എത്തുമ്പോൾ ലക്ഷ്മൺ സെഞ്ചുറിക്ക് തൊട്ടരികിലായിരുന്നു. ഒരു റൺ ഔട്ടിൽനിന്നു തലനാരിഴക്ക് രക്ഷപ്പെട്ടു കൊണ്ടാണ് ലക്ഷ്മൺ സെഞ്ചുറി പൂർത്തിയാക്കിയത്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 254/4. ലക്ഷ്മൺ 107*, ദ്രാവിഡ് 7*. ഇതോടെ നാലാം ദിനം കളി അവസാനിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചു. നാലാം ദിനം സ്റ്റേഡയത്തിൽ എത്തുമ്പോൾ കഴിഞ്ഞ ദിവസങ്ങളിലെക്കാളും ആളുകൾ കുറവാണെന്ന ഒരു തോന്നലാണ് ആദ്യം ഉണ്ടയത്. ദ്രാവിഡും ലക്ഷ്മണും ചേർന്ന് സാവധാനം പിടിമുറുക്കി തുടങ്ങിയപ്പോൾ എവിടെ നിന്നറിയില്ല ഗാലറികളിലേക്ക് ആളുകൾ ഒഴുകിയെത്തി തുടങ്ങി. സാവധാനം സ്റ്റേഡിയത്തിന്റെ എല്ലാ ഭാഗങ്ങളിലും ജനം നിറഞ്ഞു. ദ്രാവിഡ് സെഞ്ചുറിയും ലക്ഷ്മൺ ഡബിളും നേടി. ഇരുവരും ചേർന്ന് ഓസീസ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിക്കുന്ന കാഴ്ചയാണ് കണ്ടത്. സ്‌കോർ ബോർഡ് ടോപ് ഗിയറിൽ കുതിച്ചു. മഗ്രാത്ത്, ഗില്ലസ്പ്പി, കാസ്പറോവിച്ച്, മാർക്ക് വോ, ഷെയിൻ വോൺ എല്ലാവരെയും സ്റ്റീവ് വോ മാറി മാറി പരീക്ഷിച്ചു നോക്കി. പക്ഷെ വിക്കറ്റ് മാത്രം വീണില്ല. ഇരുവരുടെയും തകർപ്പൻ ഷോട്ടുകൾ ഗാലറികളെ ഇളക്കി മറിച്ചു. ലോകോത്തര സ്പിന്നർ എന്ന വിശേഷണമുണ്ടായിരുന്ന ഷെയിൻ വോണിനാണ് കൂടുതൽ അടി കിട്ടിയത്. നാലാം ദിനം വിക്കറ്റുകൾ ഒന്നും വീണില്ല. ചായക്ക് പിരിയുമ്പോൾ ഇന്ത്യ 589/4 ലക്ഷ്മൺ- 275* ദ്രാവിഡ്-155* എന്നാൽ ചായക്ക് ശേഷമുള്ള അവസാന സെക്ഷനിൽ ഇരുവരും വളരെ ക്ഷീണിതരായിട്ടാണ് കാണപ്പെട്ടത്. ഓട്ടത്തിന്റെ വേഗത നന്നേ കുറഞ്ഞു. കടുത്ത ചൂട് വലിയ വെല്ലുവിളി ഉയർത്തി. എങ്കിലും കാണികളുടെ അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും അവർക്ക് കൂടുതൽ കരുത്തേകിയിരുന്നു. ഓരോ ഷോട്ടും ഗ്യാലറികൾ ആഘോഷമാക്കി മാറ്റി. മത്സരശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങിയ ദ്രാവിഡിനും ലക്ഷ്മണിനും സ്റ്റേഡിയത്തിൽ ലഭിച്ച സ്റ്റാൻഡിങ് ഒവേഷൻ വല്ലാത്തൊരു കാഴ്ചയായി ഇന്നും ഓർമ്മകളിൽ നിറം പിടിച്ചു നിൽക്കുന്നു. കൈയടികൾ മിനുട്ടുകളോളം നീണ്ടു നിന്നു. വെള്ള നിറത്തിലുള്ള നീളൻ തൂവാലകൾ കഴുത്തിൽ ചുറ്റിയിട്ടുകൊണ്ട് ബാറ്റുകൾ ഗാലറികൾക്കു നേരെ ഉയർത്തി പിടിച്ചു കൊണ്ട് ഗ്രൗണ്ടിൽനിന്ന് ഇരുവരും മടങ്ങുന്ന ചിത്രം ഇന്ത്യൻ ക്രിക്കറ്റിലെ ഐതിഹാസിക പോരാട്ടത്തിന്റെ പ്രതീകമായി ഇന്നും നിലനിൽക്കുന്നു. മത്സരം സമനിലയിലേക്കാണ് നീങ്ങുന്നതെന്ന് എല്ലാവർക്കും ഉറപ്പായിരുന്നു. വലിയ അത്ഭുതങ്ങളൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. കാരണം ഓസ്‌ട്രേലിയ കരുത്തരാണ്. ക്യാപ്റ്റൻ സ്റ്റീവ് വോയും മാത്യു ഹെയ്ഡനും ഉജ്വല ഫോമിലാണ്. പോരാത്തതിന് വാലറ്റം വരെ ഭംഗിയായി ബാറ്റ് ചെയ്യും. രണ്ടു ദിവസം മുൻപ് അത് നേരിൽ കണ്ടതാണ്. എന്നിരുന്നാലും അവസാന ദിവസം മിസ് ചെയ്യാൻ ആരും ആഗ്രഹിച്ചിരുന്നില്ല. ലക്ഷ്മൺ ട്രിപ്പിൾ സെഞ്ചുറിയും ദ്രാവിഡ് ഡബിൾ സെഞ്ചുറിയും നേടുമെന്ന കാര്യത്തിൽ ആർക്കും സംശയുമുണ്ടായിരുന്നില്ല. സമനില ആയാലും കുഴപ്പമില്ല. ഒരു ഡബിളും ട്രിപ്പിളും ഒരുമിച്ചു പിറക്കുന്ന ആ ചരിത്ര മുഹൂർത്തം ഒന്ന് നേരിൽ കാണണം. അഞ്ചാം ദിവസം രാവിലെ ഈഡൻ ഗാർഡ്‌സിൽ എത്തുമ്പോൾ ഇതൊക്കെയായിരുന്നു മനസിലെ ചിന്തകൾ. നിറഞ്ഞു കവിഞ്ഞ ഗാലറികൾ കണ്ടപ്പോൾ എല്ലാവരുടെയും ചിന്തകൾ സമാനമാണെന്ന് തോന്നിപ്പോയി. പുറത്ത് ടിക്കറ്റു വാങ്ങാനായി നീണ്ട നിര കാണാമായിരുന്നു. ജനക്കൂട്ടത്തെ വിജയകരമായി നിയന്ത്രിക്കുന്നതിൽ വൈദഗ്ധ്യമുള്ള കുതിര പട്ടാളം ഉൾപ്പെടെ വൻ പോലീസ് സന്നാഹം സ്റ്റേഡിയത്തിന് പുറത്ത് നിലയുറപ്പിച്ചിട്ടുണ്ട്. അവസാന ദിവസമാണ്. 1999-ലെ അനിഷ്ടസംഭവങ്ങളിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുള്ള ചില തയാറെടുപ്പുകൾ. സുരക്ഷക്കായി 3,000-ൽ അധികം പോലീസുകാർ നിയോഗിക്കപ്പെട്ട വാർത്ത രാവിലെ ശ്രദ്ധിച്ചിരുന്നു. ഇതൊന്നും സ്റ്റേഡിയത്തിലേക്ക് കയറുന്ന കാണികളുടെ ആവേശത്തെ തെല്ലും ബാധിക്കുന്നില്ല. അത്യാവേശത്തിലാണ് എല്ലാവരും. ക്രിക്കറ്റ് തീർത്തും പ്രവചനാതീതമായ ഒരു മത്സരമാണെന്നു തെളിയിക്കുന്ന കാഴ്കൾക്കാണ് പിന്നീടുള്ള കുറച്ചു മണിക്കൂറുകൾ ഈഡൻ ഗാർഡൻസിലെ പുൽത്തകിടി സാക്ഷ്യം വഹിച്ചത്. ട്രിപ്പിൾ സെഞ്ചുറി എന്ന മോഹം പൂർത്തികരിക്കാൻ കഴിയാതെ ലക്ഷ്മൺ മടങ്ങി. അക്കാലത്ത് ടെസ്റ്റിൽ ഗവാസ്‌ക്കറിനെ മറികടന്നുകൊണ്ട് ഒരു ടെസ്റ്റ് ഇന്നിങ്‌സിൽ ഏറ്റവും കൂടുതൽ റൺ നേടിയ ഇന്ത്യൻ താരം എന്ന ബഹുമതി കരസ്ഥമാക്കിക്കൊണ്ടായിരുന്നു ആ മടക്കം. ദ്രാവിഡുമായി ചേർന്ന് പടുത്തുയർത്തിയ 376 റൺസ് എന്ന റെക്കോർഡ് കൂട്ടുകെട്ട് ഇന്നും ഇന്ത്യൻ ക്രിക്കറ്റിൽ ആഘോഷിക്കപ്പെടുന്നു. രാഹുൽ ദ്രാവിഡ് ഡബിൾ സെഞ്ചുറിയിലേക്ക് അനായാസമായി നീങ്ങുന്നു എന്ന് തോന്നിപ്പിച്ചുവെങ്കിലും ദൗർഭാഗ്യകരമായ രീതിയിൽ റണ്ണൗട്ട് ആയതോടെ കാണികൾ നിരാശരായി. അതോടെ ഇന്ത്യ ഡിക്ലയർ ചെയ്‌തേക്കുമെന്ന് അഭ്യഹം പരന്നു. സ്ഥാനക്കയറ്റം കിട്ടി ക്രീസിലെത്തിയ സഹീർ ഖാന്റെ ചില മിന്നലടികൾ. സ്‌കോർ വീണ്ടും കുതിച്ചു. താമസിയാതെ ഉച്ചഭക്ഷണത്തിന് മുൻപ് 657/7 എന്ന നിലയിൽ ഇന്ത്യ ഡിക്ലയർ ചെയ്തു. ലക്ഷ്മൺ - 281 ദ്രാവിഡ് -180. നല്ല ആത്മവിശ്വാസത്തോടെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് പട ആദ്യം അൽപ്പം ആക്രമിച്ചാണ് കളിച്ചത്. സമനിലയിലേക്ക് നീങ്ങുന്നു എന്ന കാര്യത്തിൽ ആർക്കും സംശവുമുണ്ടായിരുന്നില്ല. ഒരു ത്രില്ലർ സിനിമയുടെ ക്ലൈമാക്‌സ് പോലുള്ള രംഗങ്ങളാണ് വരാനിരിക്കുന്നതെന്ന് അപ്പോഴും ആർക്കും ഒരു ഊഹവും ഉണ്ടായിരുന്നില്ല. ഉച്ച ഭക്ഷണത്തിന് ശേഷം കാര്യങ്ങൾ ചെറിയ രീതിയിൽ മാറി തുടങ്ങി. കൃത്യമായ ഇടവേളകളിൽ ഓസ്‌ട്രേലിയൻ വിക്കറ്റുകൾ വീഴുന്നുണ്ടായിരുന്നു മൈക്കിൾ സ്ലേറ്ററും ജസ്റ്റിൻ ലാംഗറും മാർക്ക് വോയും കാര്യമായി പെർഫോം ചെയ്യാതെ മടങ്ങിയെങ്കിലും കാണികളുടെ ആശങ്കകൾ മാറിയിരുന്നില്ല. കാരണം കരുത്തനായ മാത്യു ഹെയ്ഡൻ ഒരറ്റത്ത് നിലയുറപ്പിച്ചു നിൽപ്പുണ്ട്. ഫോമിലുള്ള സ്റ്റീവ് വോയും ക്രീസിലുണ്ട്. ഓസീസ് -160/3 എന്ന ശക്തമായ നിലയിലാണ്. വലിയ പ്രതീക്ഷകൾക്ക് വകയില്ല. ടീ ബ്രേക്കിന് ശേഷം പെട്ടെന്ന് കാര്യങ്ങൾ മാറി മറിഞ്ഞു. സ്റ്റീവ് വോ, റിക്കി പോണ്ടിങ്, ആദം ഗിൽക്രിസ്റ്റ്, എന്നിവർ അടുത്തടുത്ത ഓവറുകളിൽ പുറത്തായി. ഓസ്‌ട്രേലിയ 170/6 എന്ന അവസ്ഥയിലെത്തി. ഗാലറികൾ അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ആവേശം കൊടുമുടി കയറിയ അവസ്ഥയിലെത്തി. ഈ വിക്കറ്റുകൾ വീഴ്ത്തിയ സച്ചിനും ഹർഭജനുമുള്ള ജയ് വിളികൾ അന്തരീക്ഷത്തിൽ മുഴങ്ങിനിന്നു. പിന്നീടുള്ള ഓരോ പന്തും പിച്ചിൽ പതിച്ചത് കാതടപ്പിക്കുന്ന ശബ്ദകോലാഹങ്ങളുടെ അകമ്പടിയോടു കൂടെയായിരുന്നു. കാണികളുടെ ആവേശം സാവധാനം കളിക്കാരിലേക്കും പകരുന്ന കാഴ്ചയാണ് കണ്ടത്. ഗ്യാലറികളിൽ ഇരിപ്പിടങ്ങളിൽ ആരും ഇരിക്കുന്നില്ല. എല്ലാവരും നിന്നുകൊണ്ട് മത്സരം വീക്ഷിക്കുകയാണ്. ബൗളർ റണ്ണപ്പ് തുടങ്ങുമ്പോഴേക്കും ഗ്യാലറികളിൽ വിക്കറ്റിനായുള്ള അപ്പീൽ മുഴങ്ങി തുടങ്ങിയിരുന്നു. ഈഡൻ മണ്ണിൽ നല്ല ബൗളിങ് റെക്കോഡുള്ള സച്ചിൻ തെണ്ടുൽക്കർ, മാത്യു ഹെയ്ഡനെ (67) പുറത്താക്കിയപ്പോൾ ഗ്യാലറികളിൽ ആഹ്ലാദം തിരത്തല്ലി. ഓസീസ്-173/7 എന്ന നിലയിലെത്തി. അപ്പോഴാണ് തങ്ങൾ ശരിക്കും അപകടാവസ്ഥയിലാണെന്ന് കങ്കാരുപ്പടക്ക് ബോധ്യമായത്. ചരിത്രവിജയം കൈയെത്തും ദൂരത്ത് എത്തിക്കഴിഞ്ഞെന്ന് ഇന്ത്യൻ താരങ്ങളും ഈഡനിലെ കാണികളും ഒരേ സമയം തിരിച്ചറിഞ്ഞ ഒരു നിമിഷമായിരുന്നു അത്. കളി അവസാനിക്കാൻ ഏതാണ്ട് അര മണിക്കൂർ മാത്രമേ ബാക്കിയുള്ളു. അവശേഷിക്കുന്ന വിക്കറ്റുകൾ വീഴാതെ നോക്കിയാൽ ഓസ്‌ട്രേലിയക്ക് സമനില നേടിയെടുത്ത് രക്ഷപ്പെടാം. ക്യാപ്റ്റൻ ഗാംഗുലി കൂടുതൽ ഉഷാറായി ഗ്രൗണ്ടിൽ സഹതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വെങ്കടപ്പതി രാജു, സച്ചിൻ, ഹർഭജൻ എന്നിവർ മാറി മാറി സ്പിൻ തന്ത്രങ്ങൾ പരീക്ഷിച്ചു കൊണ്ടിരിന്നു. സ്ട്രൈക്കിങ് എൻഡിൽ ബാറ്റ്‌സ്മാനെ വളഞ്ഞു ഫീൽഡർമാർ നിലയുറപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ താരങ്ങൾ അത്യാവേശത്തിലാണ്. അതവരുടെ ശരീര ഭാഷയിൽ നിഴലിക്കുന്നുണ്ട്. വീണ്ടും വിക്കറ്റ് (174/8) സച്ചിൻ ഷെയിൻ വോണിനെ വീഴ്ത്തിയിരിക്കുന്നു. ഇനി വളരെ വേഗം ഓസീസ് നിലം പൊത്തുമെന്നു കരുതിയെങ്കിലും അവരുടെ പിൻനിര ഉജ്ജ്വലമായി പ്രതിരോധിച്ചു. അധികം വൈകിയില്ല ഹർഭജൻ ഗില്ലെസ്പിയെ മടക്കിയയച്ചു സ്‌കോർ 191/9. എന്നാൽ മഗ്രാത്തും കാസ്‌പ്രോവിച്ചും കൂടി ശക്തമായ ചെറുത്ത് നിൽപ്പ് തുടർന്നു സ്പിൻ തന്ത്രങ്ങൾ മാറി മാറി പരീക്ഷിച്ചിട്ടും രക്ഷയില്ല. പരമാവധി പിടിച്ചുനിന്ന് മത്സരം സമനിലയിലേക്ക് കൊണ്ട് പോകുവാനാണ് ഓസീസ് ശ്രമം. കാണികൾ അക്ഷമരായി തുടങ്ങി. കളി കൈവിട്ടുപോയോ എന്ന ആശങ്കയിലായി എല്ലാവരും. സമയം നാലര കഴിഞ്ഞിരിക്കുന്നു. ഈഡനിൽ സാധാരണ ഈ സമയത്ത് മത്സരം അവസാനിപ്പിക്കുന്നതാണ് പതിവ്. അപ്പോഴേക്കും വെളിച്ചക്കുറവ് അനുഭവപ്പെട്ട് തുടങ്ങും. ഇനി ഒരോവർ മാത്രമേ ശേഷിക്കുന്നുള്ളു എന്ന് സമീപത്തിരുന്ന ചിലർ പറയുന്നത് കേട്ടു. അപ്പോൾ ഹർഭജനായിരുന്നു ബൗളർ. ആ ഓവറിലെ മൂന്നാം ബോളിൽ അത് സംഭവിച്ചു. മഗ്രാത്തിനെതിരെ ഇന്ത്യൻ ടീമിന്റെ ഭീകര അപ്പീൽ. സ്ലിപ്പിൽ ക്യാച്ച് ആണോ അതോ എൽബിഡബ്ല്യൂ ആണോ എന്നറിയില്ല. സ്റ്റേഡിയത്തിലെ എല്ലാവരും കൂടെ അപ്പീൽ ചെയ്യുന്നുണ്ട് അമ്പയറുടെ കൈവിരൽ ഉയർന്നത് മാത്രമേ ഓർമ്മയുള്ളൂ. ഗാലറികൾ വീണ്ടും പൊട്ടിത്തെറിച്ചു. ബഹളങ്ങൾക്കിടയിൽ വലിയ സ്‌ക്രീനിൽ തെളിഞ്ഞു കണ്ടു. മഗ്രാത്ത് എൽബിഡബ്ല്യൂ. ഓസീസ് 212-ന് ഓൾഔട്ട്. ഇന്ത്യക്ക് 171 റൺസിന്റെ അവിശ്വസനീയ വിജയം. ഈഡൻ ഗാർഡൻസിൽ ആഹ്ലാദ തിരമാലകൾ ഉയർന്നു പൊങ്ങി. ഫീൽഡിൽ താരങ്ങൾ പരസ്പരം ആശ്ലേഷിക്കുന്നതും കെട്ടിപുണരുന്നതും കാണാമായിരുന്നു. ബാറ്റിങ് എൻഡിലേയും ബൗളിങ് എൻഡിലെയും സ്റ്റമ്പുകൾ കൈക്കലാക്കാൻ സച്ചിനും ഗാംഗുലിയും ഉൾപ്പടെയുള്ള ഇന്ത്യൻ താരങ്ങൾ പരസ്പരം മത്സരിച്ചു. രസകരമായ ഒരു കാഴ്ചയായിരുന്നു അത്. കാണികൾക്ക് നന്ദി സൂചകമായി ഇന്ത്യൻ ടീം ഗ്രൗണ്ടിന് ചുറ്റുമായി വിക്ടറി ലാപ് നടത്തിയപ്പോൾ ആഹ്ലാദാരവങ്ങൾ ഉച്ചസ്ഥായിലായി. ഗ്യാലറികളിൽ ഗാംഗുലിക്ക് അഭിവാദ്യങ്ങൾ ഉയർന്നു കേൾക്കാമായിരുന്നു. പുറത്തേക്കിറങ്ങിയപ്പോൾ സ്റ്റേഡിയത്തിനുളിലെ ആഘോഷങ്ങൾ ഈഡൻ ഗാർഡൻസിന് മുന്നിലെ വിശാലമായ മൈതാനത്ത് വലിയ ആഘോഷ പ്രകടനങ്ങൾ ആയി മാറുന്ന കാഴ്ചയാണ് കണ്ടത്. അന്ന് ഈഡനിലെ പുൽത്തകിടിയിൽ ഓസീസ് പട നേരിട്ടത് അസാധാരണ പോരാട്ടവീര്യവും നിശ്ചയധാർഢ്യവും കൈമുതലാക്കിയ ഒരു ഇന്ത്യൻ യുവനിരയെ ആയിരുന്നു. വെറും രണ്ടര മണിക്കൂറിനുള്ളിൽ ആണ് കളി മാറിമറിഞ്ഞത്. ഈ മത്സരം നമ്മൾ ജയിക്കുമെന്ന് ആദ്യം തീരുമാനമെടുത്തത് അന്ന് ഈഡനിലേക്ക് ഒഴുകിയെത്തിയ ആ ജനസാഗരമായിരുന്നുവെന്ന് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്. കാണികളുടെ അകമഴിഞ്ഞ പിന്തുണ കളിക്കാരെ കൂടുതൽ ആവേശത്തലാക്കിയിരുന്നുവെന്ന് കോച്ച് ജോൺ റൈറ്റും സച്ചിനും ദ്രാവിഡും ലക്ഷ്മണും പിൽകാലത്ത് തുറന്നു പറഞ്ഞിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്ത് ഓസ്‌ട്രേലിയൻ ആരാധകാരുടെ ഒരുകൂട്ടം നിലയുറപ്പിച്ചിരുന്നു. ഇവർ ഇന്ത്യൻ കാണികളുമായി വളരെ സൗഹാർദപരമായിട്ടാണ് ഇടപ്പെട്ടിരുന്നത്. വിക്ടറി ലാപ് നടത്തിയപ്പോൾ ഇവർ ഹർഭജൻ സിങിന് നേരെ അൽപ്പം പ്രകോപനപരമായ രീതിയിൽ ചില ആംഗ്യങ്ങൾ കാണിച്ചു. ഹർഭജനും വിട്ടുകൊടുത്തില്ല. ആവേശത്തോടെ അതേ ആംഗ്യങ്ങൾ അവർക്കെതിരേ പ്രയോഗിച്ചു. രംഗം വഷളാകാതിരിക്കാൻ സഹകളിക്കാർ ഹർഭജനെ അവിട നിന്നു കൂട്ടികൊണ്ട് പോവുകയായിരുന്നു. ഇത് കാണികളിൽ ചിരി പടർത്തി. രണ്ട് ഇന്നിങ്‌സുകളിലായി 13 വിക്കറ്റുകൾ വീഴ്ത്തിയ ഹർഭജൻ സിങ്ങിന്റെ സുവർണ്ണകാലം ഈ ടെസ്റ്റിൽ നിന്നാണ് ആരംഭിക്കുന്നത്. അനിൽ കുംബ്ലെക്ക് പരിക്കേറ്റതിനാൽ വളരെ യാദൃശ്ചികമായിട്ടായിരുന്നു ഹർഭജൻ ടീമിൽ സ്ഥാനം പിടിച്ചത്. ആദ്യ ദിനം കളി ആരംഭിച്ചപ്പോൾ ആരും ഹർഭജനെ മൈൻഡ് ചെയ്തില്ല എന്നതാണ് സത്യം. എല്ലാ കണ്ണുകളും പരിചയസമ്പന്നരായ ബോളർമാരിലേക്കായിരുന്നു. എന്നാൽ, ആദ്യദിനം തന്നെ ഹാട്രിക്ക് നേടിക്കൊണ്ട് ഹർഭജൻ ഈഡന്റെ മനംകവർന്നു. രണ്ടാം ഇന്നിഗ്‌സിൽ പന്ത് കൈയിയിലെടുത്തപ്പോൾ മുതൽ ഹർഭജന് പേരെടുത്ത വിളിച്ചുള്ള പ്രോത്സാഹനമാണ് ലഭിച്ചത്. പഞ്ചാബിൽ ജനിച്ച തന്നെ കൊൽക്കത്തയാണ് വാർത്തെടുത്തത് എന്ന ഹർഭജന്റെ പ്രസ്താവന ഏറെ പ്രശസ്തമാണ്. അതുപോലെ തന്നെ ഈഡൻ ഗാർഡൻസിലെ മറ്റൊരു പ്രിയ താരമാണ് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോ. 1987-ൽ ഈ മണ്ണിൽ ഓസ്‌ട്രേലിയ ആദ്യമായി ലോകകപ്പ് ഉയർത്തിയപ്പോൾ വോയും ആ ടീമിന്റെ ഭാഗമായിരുന്നു. അതിനാൽ തന്നെ ഈ ഗ്രൗണ്ടുമായി അദ്ദേഹം ഒരു വൈകാരികമായ അടുപ്പം എന്നും നിലനിർത്തിയിരുന്നു. യാദൃശ്ചികമെന്നോണം വോയുടെ ഇന്ത്യൻ മണ്ണിലെ ആദ്യ ടെസ്റ്റ് സെഞ്ചുറിയും (110) പിറന്നത് ഈ മത്സരത്തിലായിരുന്നു. അഞ്ചാമനായി ഇറങ്ങി ടീമിലെ അവസാന ബാറ്റ്‌സ്മാനെ കൂട്ടുപിടിച്ചു നേടിയ ആ സെഞ്ചുറി വീരോചിതമായ ഒരു ഇന്നിംഗ്‌സ് തന്നെയായിരുന്നു. മത്സരം അവസാനിച്ച ശേഷം ഗ്രൗണ്ടിൽ തിരിച്ചെത്തിയ അദ്ദേഹം കാണികൾക്കു നേരെ കൈവീശി സ്‌നേഹാദരങ്ങൾ അർപ്പിച്ച ശേഷമാണു മടങ്ങിയത്. റിട്ടയർമെന്റിനെ കുറിച്ച് വ്യക്തമായ ചില ധാരണകൾ ഉണ്ടായിരുന്ന വോയുടെ ഈഡൻ ഗാർഡൻസിലെ അവസാന മത്സരമായിരുന്നു അത്. സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റൻസി ഊട്ടിയുറപ്പിച്ച മത്സരമായിരുന്നു ഇത്. കളിയുടെ അവസാന നിമിഷങ്ങളിൽ സഹകളിക്കാരെ പ്രചോദിപ്പിച്ചുകൊണ്ടു നേടിയെടുത്ത ഈ അവിശ്വസനീയ വിജയം ഇന്ത്യൻ ക്രിക്കറ്റിൽ ഗാംഗുലിയുടെ പരിവേഷത്തിനു പുതിയ മാനങ്ങൾ നൽകി. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിൽ ലക്ഷ്മണിനെ വൺഡൗൺ ആയി ഇറക്കിയതാണ് കളിയുടെ ഗതി മാറ്റിയത്. ഗാംഗുലിയും കോച്ച് ജോൺ റൈറ്റും കൂടി ചേർന്നെടുത്ത തീരുമാനമായിരുന്നു അത്. അവസാന ദിവസത്തെ പിച്ചിന്റെ സ്വഭാവം കണക്കിലെടുത്ത് സച്ചിനെ ബോളിങ് ഏൽപ്പിച്ചതും മറ്റൊരു വഴിത്തിരിവായിരുന്നു. ഗിൽക്രിസ്റ്റിന്റെയും മാത്യു ഹെയ്ഡന്റെയും വിക്കറ്റുകൾ വീഴ്ത്തികൊണ്ട് സച്ചിൻ കളി ഇന്ത്യക്ക് അനുകൂലമായി തിരിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. ഇന്ത്യയുടെ ആദ്യ വിദേശ കോച്ച് ആയി നിയമിതനായി മാസങ്ങൾക്കുള്ളിൽ നേടിയെടുത്ത ഈ ഉജ്ജ്വല വിജയം ജോൺ റൈറ്റിന് വലിയ ആശ്വാസമായി തീർന്നു. ഒരു വിദേശ താരത്തെ പരിശീലക സ്ഥാനത്ത് നിയോഗിച്ചതിന്റെ പേരിൽ ബിസിസിഐ വലിയ വിമർശനങ്ങൾ നേരിടുന്ന ഒരു കാലം കൂടിയായിരുന്നു അത്. റൈറ്റും ഗാംഗുലിയും ചേർന്നുള്ള കൂട്ടുകെട്ട് ഇന്ത്യൻ ടീമിന് ഒരു പുത്തൻ ഉണർവും ആവേശവും പകർന്ന് നൽകുന്നതിൽ വിജയിച്ചു. രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യൻ ക്യാമ്പിൽ തിരിച്ചെത്തിയ വെങ്കടപതി രാജു അത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മത്സരത്തെ സമീപിക്കുന്ന രീതിയും കളിക്കാരുടെ മനോഭാവവുമൊക്കെ തീർത്തും വ്യത്യസ്തമായിരുന്നുവെന്നും അത് തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്നുമായിരുന്ന രാജു പിൽകാലത്ത് ഒരഭിമുഖത്തിൽ പറഞ്ഞത്. ദീർഘകാലം ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു വെങ്കടപതി രാജുവിന്റെ അവസാന ടെസ്റ്റ് മത്സരമായിരുന്നു ഇത്. മാച്ചിൽ ടോപ്‌സ്‌കോറർ ആയ വിവിഎസ് ലക്ഷ്മൺ രണ്ട് ഇന്നിങ്‌സിലും ബാറ്റ് ചെയ്തത് കടുത്ത നടുവേദനയും സഹിച്ചുകൊണ്ടായിരുന്നു എന്നതാണ് ഏറെ വിചിത്രമായ ഒരു കാര്യം. അദ്ദേഹത്തിന് അപ്പോൾ 50% ഫിറ്റ്‌നസ് മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. വെങ്കടപതി രാജുവിന്റെ ബാറ്റുമേന്തി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ലക്ഷ്മൺ ഡബ്ബിൾ സെഞ്ചുറിയുമായാണ് മടങ്ങിയെത്തിയത്. ടോസ് സമയത്ത് ഗാംഗുലി വൈകി വന്നത് സ്റ്റീവ് വോയെ അൽപ്പം പ്രകോപിപ്പിച്ചുവെന്ന് അക്കാലത്ത് ചില വാർത്തകൾ ഉണ്ടായിരുന്നു. ടോസിങ് സമയത്ത് ധരിക്കേണ്ട തന്റെ ടീം ബ്ലെയിസ്സർ തപ്പിനടന്ന് അൽപ്പം സമയം വൈകിയെന്നായിരുന്നു ഇതിന് ഗാംഗുലിയുടെ മറുപടി. ചെന്നൈയിൽ നടന്ന അവസാന ടെസ്റ്റിലും ഓസീസിനെ പരാജയപ്പെടുത്തിയതോടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. 1983-ലെ ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റിന് ഒരു പുത്തൻ ഉണർവ് ലഭിച്ചത് 2001-ലെ ഈ ഐതിഹാസിക ടെസ്റ്റ് വിജയത്തോടെയാണ് എന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ അഭിപ്രായം. അതുകൊണ്ടു തന്നെയാണ് ഇരുപത്തിയഞ്ചു വർഷങ്ങൾക്ക് മുൻപത്തെ ഈ വിജയം ഇന്നും ആഘോഷിക്കപ്പെടുന്നത്. പിൽകാലത്ത് ക്രിക്കറ്റിൽ ഇന്ത്യ നടത്തിയ വലിയ മുന്നേറ്റങ്ങൾക്ക് ഈ ജയം അടിത്തറ പാകിയിരുന്നു. 2002-ൽ ഐസിസി ചാമ്പ്യൻസ് ട്രോഫി കരസ്ഥമാക്കുകയും 2003-ൽ ലോകകപ്പ് ഫൈനൽ വരെ ഇന്ത്യ എത്തുകയും ചെയ്തിരുന്നു. അന്ന് സൗരവ് ഗാംഗുലിയും ജോൺ റൈറ്റും ചേർന്ന് വികസിപ്പിച്ചെടുത്ത രീതികളും മനോഭാവവും ഇന്ത്യൻ ക്രിക്കറ്റിനെ ഉയരങ്ങളിലെത്തിക്കാൻ വളരെ സഹായകമായി എന്ന നിസംശയം പറയാൻ സാധിക്കും. ലോകക്രിക്കറ്റിൽ എക്കാലവും ചർച്ചചെയ്യപ്പെടുകയും, സ്മരിക്കപ്പെടുകയും ചെയ്യുന്ന ഒരു വിജയമായിരുന്നു 2001-ലെ കൊൽക്കത്ത ടെസ്റ്റ് വിജയം എന്നാണ് സച്ചിൻ തെണ്ടുൽക്കർ ഈ മത്സരത്തെക്കുറിച്ചുള്ള ഓർമ്മകുറിപ്പിൽ പങ്കുവെച്ചത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഏറ്റവും മോശമായ ഒരു കാലഘട്ടത്തിലാണ് ഈ ഉയിർത്തെഴുന്നേൽപ്പ് സംഭവിച്ചത് എന്നതാണ് മറ്റൊരു യാഥാർഥ്യം. 2000-ൽ പൊട്ടിപ്പുറപ്പെട്ട മാച്ച് ഫിക്‌സിങ് ആരോപണങ്ങൾ രാജ്യത്ത് ക്രിക്കറ്റിന്റെ ശോഭ കെടുത്തിയിരുന്നു. മുഹമ്മദ് അസ്ഹറുദിന് ആജീവനാന്ത വിലക്കും അജയ് ജഡേജക്ക് അഞ്ചു വർഷത്തെ വിലക്കും ഏർപ്പെടുത്തുകയുണ്ടായി. ആരോപണങ്ങളുടെയും വിവാദങ്ങളുടേയുമൊക്കെ പശ്ചാത്തലത്തിൽ സാധാരണക്കാരായ ക്രിക്കറ്റ് പ്രേമികൾ മത്സരങ്ങളെ പഴയ ആവേശത്തോടെ സ്വീകരിക്കുമോ എന്നൊരു ആശങ്ക ക്രിക്കറ്റിലെ ഉന്നതർക്കുണ്ടായിരുന്നു. ഈഡൻ ഗാർഡൻസിൽ അന്ന് തടിച്ചുകൂടിയ 90,000 കാണികളും ഇന്ത്യൻ ടീമും ഒത്തു ചേർന്ന് അത്തരം ആശങ്കകൾക്ക് വിരാമമിടുകയും പ്രതീക്ഷയുടെ പുതിയ പാത ക്രിക്കറ്റ് പ്രേമികൾക്കായി തുറന്നിടുകയും ചെയ്തു. ആ പാതയിലൂടെ കടന്നുവന്ന പിൻതമുറക്കാർ ഇന്ത്യക്കായി പുതിയ വിജയഗാഥകൾ രചിച്ചു. അത് ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു.

ഓസീസിന്റെ വമ്പൊടിച്ച ഈഡനിലെ വിജയം; ദ്രാവിഡും ലക്ഷ്മണും സമ്മാനിച്ച ചരിത്രമുഹൂർത്തം
M
MathrubhumiSource Link
about 1 month ago