മാതൃഭൂമിയുടെ 103-ാം പിറന്നാൾ ആഘോഷിച്ചു To advertise here, തിരുവനന്തപുരം : ഒരു രജിസ്‌ട്രേഷനുമില്ലാതെ പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമങ്ങളെ എങ്ങനെ നിയന്ത്രിക്കുമെന്നറിയാത്ത സ്ഥിതിയാണ് ഇന്നുള്ളതെന്ന് എ.ഡി.ജി.പി. എസ്. ശ്രീജിത്ത് പറഞ്ഞു. മാതൃഭൂമിയുടെ 103-ാം പിറന്നാളാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യമെന്ന് തോന്നുന്ന അർധസത്യങ്ങളാണ് പല ഓൺലൈൻ മാധ്യമങ്ങളും പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രൊഫഷണലിസം മനുഷ്യപ്പറ്റിനെ ഇല്ലാതാക്കരുത്. ഓരോ വിഷയത്തിലും മനുഷ്യന്റെ വേദനയും വ്യക്തിയുടെ ജീവിതവും ഓർമ്മ വരണമെന്നും അദ്ദേഹം പറഞ്ഞു. നല്ല പ്രൊഫഷണലായി മാറാനുള്ള ശ്രമം എല്ലാ മേഖലയിലും മനുഷ്യത്വത്തെ ബാധിക്കുന്നുണ്ട്. പോലീസിലും ഡോക്ടർമാരിലും പത്രപ്രവർത്തകരിലുമെല്ലാം ഇത്തരം പ്രവണതയുണ്ട്. നല്ലൊരു പ്രൊഫഷണൽ നല്ലൊരു മനുഷ്യനായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മാതൃഭൂമിയുമായി അഭേദ്യമായ ബന്ധമാണുള്ളതെന്നും ശ്രീജിത്ത് പറഞ്ഞു. കോഴിക്കോടുകാരനെന്ന നിലയിൽ മാതൃഭൂമിക്ക് നേതൃത്വം നൽകുന്നവരുമായി നല്ല ബന്ധമാണുള്ളത്. സ്വയം അധ്വാനിച്ച് വലുതായ ഒരുപാടുപേരുടെ സ്ഥാപനമാണ് മാതൃഭൂമിയെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ് അധ്യക്ഷനായി. തുടക്കംമുതൽ ഇതുവരെയും മാതൃഭൂമി ‘സത്യം, സമത്വം, സ്വാതന്ത്ര്യം’ എന്നീ മൂല്യങ്ങളിൽ ഉറച്ചുതന്നെയാണ് മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. മൂല്യങ്ങളിലുറച്ച് മുന്നോട്ട് പോകുന്നതുകൊണ്ടാണ് പുതിയ തലമുറയും മാതൃഭൂമിയെ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനസർക്കാരിന്റെ സ്വദേശാഭിമാനി കേസരി മാധ്യമപുരസ്കാരം ലഭിച്ച മാതൃഭൂമി മുൻ ന്യൂസ് എഡിറ്റർ മലയിൻകീഴ് ഗോപാലകൃഷ്ണനെ ചടങ്ങിൽ ആദരിച്ചു. മാതൃഭൂമി ന്യൂസ് എഡിറ്റർ പി. അനിൽകുമാർ, മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റർ ഡി. പ്രമേഷ് കുമാർ, സീനിയർ റീജണൽ മാനേജർ ആർ. മുരളി, ക്ലബ് എഫ്.എം. പ്രോഗ്രാം ഹെഡ് രാജേഷ് സുബ്രഹ്മണ്യം, വർക്‌സ് കമ്മിറ്റി സെക്രട്ടറി സി.ആർ. അരുൺ എന്നിവർ സംസാരിച്ചു. വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പരസ്യ ഏജൻസി ഉടമകളും മാതൃഭൂമി ഏജന്റുമാരും ജീവനക്കാരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. ജീവനക്കാരും കുടുംബാംഗങ്ങളും കലാപരിപാടികളും അവതരിപ്പിച്ചു.

ഓൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് വെല്ലുവിളി -എസ്. ശ്രീജിത്ത്
M
MathrubhumiSource Link
about 2 months ago