പന്തളം: അച്ചൻകോവിലാറിന്റെ തീരത്ത് ചരിത്രമുറങ്ങുന്ന പന്തളം കൊട്ടാരം. അവിടെനിന്ന് പുഴ താഴേക്കൊഴുകിപ്പോകുന്നത് പുരാതനമായ മുളയ്ക്കൽ തറവാടിനെ തഴുകിയാണ്. ‘എം.എൻ.’ എന്ന് വിളിപ്പേരുള്ള എം.എൻ. ഗോവിന്ദൻനായരെന്ന കമ്യൂണിസ്റ്റ് നേതാവിന് ജന്മം നൽകിയ മുളയ്ക്കൽ തറവാട്. ഇവിടുത്തെ തൂണിനുപോലും രാഷ്ട്രീയമറിയാം എന്നുപറയുന്നതാകും ശരി. സ്വാതന്ത്ര്യ സമരസേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയും മന്ത്രിയും എം.പി. യുമായിരുന്ന ഗോവിന്ദൻനായരുടെ കർമമേഖലയായിരുന്നു മുളയ്ക്കൽ തറവാട്. To advertise here, 1910 ഡിസംബർ 10-ന് മുളയ്ക്കൽ തറവാട്ടിൽ നാരായണപിള്ളയുടെയും കുഞ്ഞുലക്ഷ്മി അമ്മയുടെയും മകനായി ജനിച്ച ഗോവിന്ദൻ നായരും ജാനകിയമ്മ, കമലമ്മ, ശാരദാമണി, കൃഷ്ണൻകുട്ടി, രാമചന്ദ്രൻനായർ എന്നീ സഹോദരങ്ങളുമായിരുന്നു മുളയ്ക്കൽ തറവാട്ടിൽ താമസം. ഒളിവുജീവിതം, ജയിൽവാസം, പോലീസ് മർദനം, മന്ത്രിയായും കമ്യൂണിസ്റ്റ് നേതാവായുമുള്ള ജീവിതം, ഹരിജനോദ്ധാരണത്തിനും നാടിനുംവേണ്ടിയുള്ള പ്രവർത്തനങ്ങൾ അങ്ങിനെ എല്ലാത്തിനും സാക്ഷിയായി നിന്നത് പുരാതനമായ മുളയ്ക്കൽ തറവാടാണ്. ഗാന്ധിജിയെ പന്തളത്തെത്തിച്ചു ഹരിജനോദ്ധാരണത്തിനുവേണ്ടിയുള്ള യാത്രയിൽ 1934-ൽ മഹാത്മാ ഗാന്ധിയെ പന്തളത്ത് ഹരിജനങ്ങൾ തിങ്ങിപ്പാർക്കുന്ന ചേരിക്കലിലെത്തിച്ചത് എം.എൻ. ആണ്. ചെങ്ങന്നൂരിൽനിന്ന് പന്തളം വഴിയുള്ള യാത്രയ്ക്കിടെയാണ് ചേരിക്കൽ എൽ.പി.സ്കൂളിൽ ഗാന്ധിജി എത്തിയതെന്ന് എം.എൻ. ആത്മകഥയിൽ പറയുന്നു. പന്തളത്ത് മണ്ണ് വാരിയിട്ടാൽ താഴെവീഴാത്തത്ര ജനക്കൂട്ടം എന്നാണ് എം.എൻ., ഗാന്ധിജിയുടെ സന്ദർശനത്തെ വിശേഷിപ്പിച്ചത്. മുളയ്ക്കൽ തറവാട് സംരക്ഷിത സ്മാരകം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അനന്യമായ സ്ഥാനമുള്ള നേതാവായിരുന്ന എം.എൻ. ഗോവിന്ദൻ നായർ അസംഘടിതരായിരുന്ന തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവരുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള സമരങ്ങൾ നയിക്കുന്നതിലും മുൻ പന്തിയിൽ നിന്ന നേതാവായിരുന്നു. മികച്ച ഭരണാധികാരി, സാമൂഹ്യനീതിക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ പൊരുതിയ സാമൂഹിക പരിഷ്‌കർത്താവ്, മനുഷ്യസ്‌നേഹി തുടങ്ങിയ വിശേഷണങ്ങൾ പാർട്ടി നേതാക്കൾ അദ്ദേഹത്തിന് നൽകിയിരുന്നു. മുളയ്ക്കൽ തറവാട് ഇടയ്ക്ക് കൈവിട്ടുപോയെങ്കിലും അദ്ദേഹത്തിന്റെ കൊച്ചനന്തരവളും മുൻ ജില്ലാപഞ്ചായത്തംഗവുമായിരുന്ന എ. ഗിരിജാകുമാരിയുടെ മകൻ അഡ്വ. ആർ. രാജീവ് തറവാടും ഭൂമിയും തിരികെ വാങ്ങി അത് സംരക്ഷിത സ്മാരകമായി നിലനിർത്തി. എല്ലാവർഷവും എം.എൻ. അനുസ്മരണവും അദ്ദേഹം ആവിഷ്‌കരിച്ച ‘ലക്ഷംവീട്’ പദ്ധതിയുടെ ഓർമ്മയ്ക്കായി എം.എൻ. കുടുംബ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ എം.എൻ. വിദ്യാർഥി പുരസ്‌കാരവിതരണം മുളയ്ക്കൽ തറവാട്ടിൽ നടത്തിവരുന്നു.
