കലഞ്ഞൂർ ഗവ. എൽ.പി. സ്‌കൂളിൽ വേറിട്ട യാത്രയയപ്പ് To advertise here, കലഞ്ഞൂർ : മാർച്ച് 30-ന് സ്കൂൾ വാർഷിക പരീക്ഷ അവസാനിച്ചെങ്കിലും 31-ന് കലഞ്ഞൂർ ഗവ. എൽ.പി. സ്കൂളിലെ നാലാംക്ലാസ് കുട്ടികൾ വീണ്ടും സ്കൂളിലെത്തി. 104 കുട്ടികൾ. അവരുടെ പ്രിയപ്പെട്ട കലഞ്ഞൂർ ഗവ. എൽ.പി. സ്കൂൾ അവർക്കായി ഒരുക്കിയത് ഹൃദയംതൊടുന്ന യാത്രയയപ്പായിരുന്നു. നാലാംക്ലാസിന്റെ അവസാന ദിനം. സാധാരണയായി മധുരം പങ്കുവെച്ച് കൈവീശി പിരിയുന്ന ദിനം. പക്ഷേ, ഈ വർഷം ഓർമ്മകളെ മാത്രം അല്ല, ആത്മവിശ്വാസവും സ്നേഹവും വിതറിക്കൊണ്ടായിരുന്നു വിടവാങ്ങൽ. പരീക്ഷ കഴിഞ്ഞിട്ടും പ്രത്യേകിച്ച് നാലാം ക്ലാസുകാരെ മാത്രം വീണ്ടും സ്‌കൂളിലെത്തിച്ചപ്പോൾ, അത് സാധാരണ ദിനമല്ല ജീവിതത്തിൽ മറക്കാനാകാത്ത അനുഭവമായി മാറി. മൂന്നുക്ലാസുകളിലായി ഇരുന്ന് കുട്ടികൾ അവരുടെ കുഞ്ഞുനാളുകളിലെ ചിരികളും ചുവടുകളും പങ്കുവെച്ചു. കളിയുംപാട്ടും നിറഞ്ഞ ആ നിമിഷങ്ങൾ പാഠപുസ്തകങ്ങളെക്കാൾ വലിയ പാഠങ്ങൾ പഠിപ്പിച്ചു. വിഭവസമൃദ്ധമായ ഉച്ചഭക്ഷണം മാത്രമല്ല, സ്നേഹത്തോടെ പകരുന്ന ഒരു ഓർമ്മവിരുന്ന്. അതിനുശേഷം, ഓരോ കുട്ടിയുടെയും കഴുത്തിലണിയിച്ച കാർഡ്. ആ കാർഡിൽ വാക്കുകൾക്കപ്പുറം ഉള്ള ഒരു സന്ദേശം അതിങ്ങനെ. ‘ആടിയുലയുന്ന മരക്കൊമ്പിലിരിക്കുന്ന പക്ഷി അചഞ്ചലനാകുന്നത്, സ്വന്തം ചിറകുകളിലുള്ള വിശ്വാസംകൊണ്ടാണ്.’ ആ കാർഡിൽ അവരുടെ സ്വന്തം മുഖചിരി ഫോട്ടോയായി പതിഞ്ഞിരുന്നു. സ്വപ്നങ്ങളുടെ പ്രതിബിംബമായി ബുക്ക്മാർക്കായി മാറിയ ആ ആശംസ ജീവിതത്തിന്റെ ഓരോ പേജിലും അവർക്ക് വഴികാട്ടിയായിരിക്കും. അതും മാത്രമല്ല ഓരോരുത്തർക്കും കൈമാറിയ ചെറിയ ക്രോട്ടൺ ചെടിക്കമ്പ് വളരാൻമാത്രം അല്ല, വളർത്താൻ പഠിപ്പിക്കുന്നൊരു പ്രതീകം. അവരുടെ സ്വപ്നങ്ങളെപ്പോലെ തന്നെ ആ ചെടിയും നാളെയിൽ തഴച്ചുവളരും. പിന്നീട് അധ്യാപകരുടെ കൈപിടിയും ഹൃദയസ്പർശിയായ ഹസ്തദാനവും. സ്കൂൾ ബസിലേക്കുള്ള ഓരോ ചുവടും ഒരു വിടവാങ്ങലായിരുന്നെങ്കിലും അതിൽ നിറഞ്ഞിരുന്നത് സ്‌നേഹത്തിന്റെ ഉറപ്പായിരുന്നു. ചില കണ്ണുകളിൽ നിറഞ്ഞുനിന്നത് നനവ്. ജില്ലയിലെ ഏറ്റവും വലിയ സർക്കാർ ലോവർ െെപ്രമറി വിദ്യാലയത്തിലെ ഈ യാത്രയയപ്പ്, ഒരു വിടപറയൽ മാത്രമല്ല ജീവിതയാത്രയിലേക്ക് ആത്മവിശ്വാസത്തോടെ ചിറകുവിരിച്ച് പറക്കാൻ ഒരുങ്ങുന്ന കുഞ്ഞു പക്ഷികളുടെ ആദ്യ പറക്കലായിരുന്നു. പ്രഥമാധ്യാപകൻ ഫിലിപ്പ് ജോർജ്, എസ്.എം.സി. ചെയർപേഴ്‌സൺ ആര്യ ഷിജു, അധ്യാപകരായ വി.ആർ. ചിത്ര, കെ.പി. ബിനിത, എസ്. സീമ, കെ.ആർ. രമ്യ, വീണ വി.നായർ, വി. പ്രകാശിനി, കെ. ശ്രീകല, എബി അബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ.
