വ്യവസായശാലയുടെ മാലിന്യപൈപ്പ് പൊട്ടിയ സംഭവം To advertise here, കോഴിക്കോട് : വെസ്റ്റ്ഹിൽ ശാന്തിനഗർ കോളനിക്ക് സമീപം വ്യവസായശാലയുടെ മാലിന്യപൈപ്പ് കടലിലേക്ക് തുറന്നുവിടില്ലെന്നും നിലവിൽ ബീച്ചിൽ പരന്നൊഴുകിയ മലിനജലം തൂത്തുകളഞ്ഞ് പ്രദേശം മണ്ണിട്ടുമൂടുമെന്നും നിലമ്പൂർ ട്രേഡേഴ്‌സ് കമ്പനി അധികൃതർ പറഞ്ഞതായി പ്രദേശവാസികളും ഡി.വൈ.എഫ്.ഐ. ഭാരവാഹികളും അറിയിച്ചു. ബുധനാഴ്ച ഡി.വൈ.എഫ്.ഐ. വെസ്റ്റ്ഹിൽ മേഖലാകമ്മിറ്റി ഭാരവാഹികളും പ്രദേശവാസികളും കമ്പനിയധികൃതരുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. രണ്ടുദിവസത്തിനകം മലിനജലം ശേഖരിച്ച് വിദഗ്ധരെക്കൊണ്ടു പരിശോധിപ്പിക്കുമെന്നും മലിനജലം കടലിലേക്കൊഴുക്കാൻ മലിനീകരണ നിയന്ത്രണബോർഡ് നൽകിയ അനുമതിപത്രത്തിന്റെ സാധുത പരിശോധിക്കുമെന്നും ഡി.വൈ.എഫ്.ഐ. ഭാരവാഹികൾ പറഞ്ഞു. രണ്ടുദിവത്തിനകം ഒരുവട്ടംകൂടി ചർച്ചയ്ക്കായി ഇരിക്കാനും ധാരണയായിട്ടുണ്ട്. ജനവാസമേഖലയിലേക്ക് മലിനജലം ഒഴുക്കരുതെന്നും കടലിലേക്ക് ജനവാസമേഖലയിലൂടെ മലിനജലം തുറന്നുവിടരുതെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. വെസ്റ്റ്ഹിൽ മേഖലാകമ്മിറ്റിയുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ കമ്പനിക്കുമുന്നിലേക്ക് നടത്തിയ പ്രതിഷേധമാർച്ചിനൊടുവിലാണ് ചർച്ചയ്ക്കു വഴിയൊരുങ്ങിയത്. മാർച്ച് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ ഗേറ്റിനു മുന്നിൽ വെള്ളയിൽപോലീസ് തടഞ്ഞു. ഡി.വൈ.എഫ്.ഐ. ജില്ലാകമ്മിറ്റിയംഗം അമിത പ്രദീപ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റിയംഗം ഷഫീഖ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എം. നിഖിൽ, മേഖലാസെക്രട്ടറി കെ. ഷിബിൻ, പ്രദേശവാസിയായ എം. അജിത്ത്കുമാർ എന്നിവർ സംസാരിച്ചു. ചൊവ്വാഴ്ച പെപ്പ്‌പൊട്ടിയപ്പോൾ രാസവസ്തുക്കളും റബ്ബറും കലർന്ന മനിജലമാണ് കടപ്പുറത്ത് അടിഞ്ഞുകൂടിയത്. ഇതിന്റെ രൂക്ഷഗന്‌ധംമൂലം പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ടിലാണ്. തൊട്ടടുത്ത് പ്രവർത്തിക്കുന്ന ഉദയംഹോമിലെ പ്രായംചെന്ന അന്തേവാസികൾക്കും മറ്റു പ്രദേശവാസികൾക്കും ഇതുമൂലം ആരോഗ്യപ്രശ്നങ്ങളുമുണ്ട്. Published: 19 Mar 2026, 03:45 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കടലിലേക്ക് തുറന്നുവിടില്ലെന്ന് കമ്പനിഉറപ്പുനൽകി -സമരക്കാർ
M
MathrubhumiSource Link
about 2 months ago