ആലപ്പുഴ: കാലാവസ്ഥാ വ്യതിയാനം മത്സ്യമേഖലയെ ബാധിക്കുന്നു. പകൽ താപനില ഉയരുന്നത് തീരക്കടലിൽ ‘ചുടുനീരി’നു കാരണമാകുന്നു. ഇതോടെ തണുത്ത വെള്ളത്തിൽ കഴിയുന്ന മത്തി അടക്കമുള്ളവ ആഴക്കടലിലേക്കു നീങ്ങിയത് മേഖലയിൽ പ്രതിസന്ധിയായി. കുറച്ചുദിവസമായി മത്സ്യലഭ്യത തീരെ കുറവാണ്. To advertise here, എന്നും കടലിൽ പോകുന്നവർക്ക് മുൻപത്തെപ്പോലെ മീൻ കിട്ടാത്തത് വരുമാനത്തെ ബാധിക്കുന്നു. കടുത്ത ചൂടിൽ മീൻ പിടിക്കാനിറങ്ങുന്നതുതന്നെ പ്രയാസമാണ്. ഇറങ്ങിയാൽത്തന്നെ ആവശ്യത്തിനു കിട്ടാറുമില്ല. ഇൻബോർഡ്, ഔട്‌ബോർഡ് വള്ളങ്ങൾ, പൊന്തുവള്ളങ്ങൾ എന്നിവയിലായി പ്രത്യക്ഷമായും പരോക്ഷമായും മുപ്പതിനായിരത്തോളം പേരാണ് ജില്ലയിൽ ഈ മേഖലയെ ആശ്രയിച്ചുകഴിയുന്നത്. കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന എൽനിനോ പ്രതിഭാസവും സാഹചര്യത്തെ കൂടുതൽ ഗുരുതരമാക്കുന്നു. കടൽജലത്തിന്റെ ചൂട് ഉയരുന്നതു മാത്രമല്ല പ്രശ്നം. ഒഴുക്കിന്റെ സ്വഭാവത്തിലും മാറ്റംവരുത്തുന്നു. ഇതോടെ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയും ഭക്ഷണശൃംഖലയും താളംതെറ്റും. കൂടുതൽ മത്തിയും കൊഴുവയും ജില്ലയുടെ തീരത്ത് ഇപ്പോൾ കൂടുതലായി കിട്ടുന്നത് മത്തിയും കൊഴുവയുമാണ്. എന്നാലിത് മുൻപത്തേതിന്റെ പകുതിപോലുമില്ലെന്ന് തൊഴിലാളികൾ പറയുന്നു. കാലാവസ്ഥാ വ്യതിയാനം മത്തിയുടെ വളർച്ചയെയും ബാധിച്ചിട്ടുണ്ട്. പരമാവധി 28 ഡിഗ്രി സെൽഷ്യസാണ് മത്തിക്കു പറ്റിയ കാലാവസ്ഥ. അതിൽ കൂടുമ്പോഴാണ് തീരംവിട്ട് ആഴക്കടലിലേക്ക് തണുപ്പു തേടി പോകുന്നത്. ഒരാഴ്ചമുൻപ് നൂറു രൂപയുണ്ടായിരുന്ന മത്തിക്ക് ഇപ്പോൾ വലുപ്പത്തിനനുസരിച്ച് 320 രൂപവരെയുണ്ട്. കടൽപ്പന്നി ഭീഷണിയും മത്സ്യലഭ്യതക്കുറവിനൊപ്പം കടൽപ്പന്നികളുടെ ആക്രമണഭീതിയുമുണ്ട്. ഇവ മത്സ്യങ്ങളെ ഭക്ഷിക്കും. ഒപ്പം വല നശിപ്പിക്കുകയും ചെയ്യും. ഒരുകിലോ വലയ്ക്കിപ്പോൾ 1,180 രൂപയാണു വില. ആയിരം കിലോവരെയുള്ള വലകളുണ്ട്. വാങ്ങാൻ പത്തുലക്ഷം രൂപയോളം വരും. അനുബന്ധ സാധനങ്ങൾക്ക് വേറെയും. തുന്നുന്നതിന് കൂലിയും വരും. 20-25 ദിവസം ഇരുപതിലധികം തൊഴിലാളികൾ ചേർന്നാകും ഒരു വല തുന്നുക. തൊഴിലില്ലാത്തപ്പോൾ വല നശിപ്പിക്കപ്പെട്ടാലുള്ള ചെലവു താങ്ങാൻ കഴിയില്ലെന്ന് മത്സ്യത്തൊഴിലാളിയായ കെ.ഡി. അഖിലാനന്ദൻ പറഞ്ഞു. ഇരട്ടപ്രഹരമായി മണ്ണെണ്ണവില; മൂന്നാഴ്ചയ്ക്കിടെ ഉയർന്നത് 52.37 രൂപ കടുത്ത ചൂടിൽ മത്സ്യലഭ്യത കുറഞ്ഞ് വറുതിയിലായ മത്സ്യത്തൊഴിലാളികൾക്ക് ഇരട്ട പ്രഹരമായി മണ്ണെണ്ണവില. മൂന്നാഴ്ചയ്ക്കിടെ 52.37 രൂപയാണ് ഉയർന്നത്. 50 ശതമാനത്തിനുംമേൽ മണ്ണെണ്ണവില ഉയർന്നതോടെ മിക്ക വള്ളങ്ങളും കരയിലായി. നിലവിലെ മണ്ണെണ്ണവില 155.37 രൂപയാണ്. 30,000-ലധികം വരുന്ന മത്സ്യത്തൊഴിലാളികളെയാണ് പ്രതിസന്ധി ബാധിച്ചിരിക്കുന്നത്. യുദ്ധത്തെത്തുടർന്നുള്ള ഇന്ധനപ്രതിസന്ധിയുടെ ഭാഗമായാണ് കേന്ദ്രസർക്കാർ മണ്ണെണ്ണവില ഉയർത്തിയത്. സംസ്ഥാനത്ത് 9.9 എച്ച്.പി.യുള്ള മോട്ടോറിന് സബ്സിഡിയിൽ (70-75 രൂപ നിരക്കിൽ) പ്രതിമാസം 140 ലിറ്റർ മണ്ണെണ്ണയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ വിതരണം താളംതെറ്റിയിരിക്കുകയാണ്. വല്ലപ്പോഴും 50-60 ലിറ്ററേ ലഭിക്കുന്നുള്ളൂ. ഇതിനു പുറമേ പ്രതിമാസം 140 ലിറ്റർ മണ്ണെണ്ണയ്ക്ക് മത്സ്യഫെഡ് 50 രൂപ സബ്സിഡി നൽകുന്നുണ്ട്. ഇത് ഒന്നോ രണ്ടോ ദിവസത്തേക്കു മാത്രമാണ് പ്രയോജനപ്പെടുന്നത്. ബാക്കിയുള്ള ദിവസങ്ങളിലെല്ലാം മുഴുവൻ തുകയും നൽകിയുള്ള മണ്ണെണ്ണയാണ് ഉപയോഗിക്കേണ്ടത്. വിവിധ വിഭാഗങ്ങളിലുള്ള വള്ളങ്ങൾക്ക് സാധാരണ കടലിലിറങ്ങാൻ 75-150 ലിറ്റർ മണ്ണെണ്ണ വരെയാണ് വേണ്ടിവരുന്നത്. ഇതിനു ചെലവായിരുന്ന 7,500-15,000 രൂപയെന്നത് ഇപ്പോൾ 11,000-22,000 രൂപയായാണ് ഉയർന്നത്. ജില്ലയിൽ വള്ളമടുപ്പിക്കാൻ ഹാർബറില്ലാത്തതിനാൽ വടക്കുള്ളവർ ചെല്ലാനത്തും കൊച്ചിയിലും വാഹനത്തിൽ വള്ളമെത്തിച്ചാണ് കടലിലിറക്കുന്നത്. തെക്കുനിന്നുള്ളവർ കായംകുളത്തും. കൂടുതൽ മത്സ്യം ലഭിച്ചാൽ മാത്രമേ ഇതിന്റെ ചെലവു മറികടക്കാൻ തൊഴിലാളിക്കു കഴിയൂ. Content Highlights: Rising sea temperatures and fuel costs are crippling Alappuzha's fishing industry. Published: 18 Apr 2026, 07:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കടലിൽ ചുടുനീർ; മത്തിയടക്കം ആഴക്കടലിലേക്ക്, തൊഴിൽ നഷ്ടപ്പെട്ട് മത്സ്യത്തൊഴിലാളികൾ
M
MathrubhumiSource Link
22 days ago