കോ ട്ടയത്തെ കാറ്റിന് ഇത്തവണ രാഷ്ട്രീയത്തിന്റെ ചൂടേറെയാണ്. ആ കാറ്റ് പക്ഷേ ആർക്ക് അനുകൂലമാകും? പാരമ്പര്യമായി വലതുപക്ഷ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കോട്ടയം ജില്ല, കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ വലിയ രാഷ്ട്രീയ പരിവർത്തനങ്ങൾക്കാണ് സാക്ഷ്യംവഹിച്ചത്. 2016 വരെ യു.ഡി.എഫിന്റെ ഉറച്ച കോട്ടയായിരുന്ന കോട്ടയം. അന്ന് ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിൽ ആറും യു.ഡി.എഫിനൊപ്പമായിരുന്നു. 2021-ൽ പക്ഷേ, ജില്ല ഇടത്തോട്ട് ചാഞ്ഞു. കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തോടെ ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങൾ ആകെ മാറിമറിഞ്ഞു. To advertise here, കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിർണയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുള്ള കോട്ടയം ജില്ല, മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കുമ്പോൾ മുന്നണികൾക്കെല്ലാം ഇത് നിലനിൽപ്പിന്റെ പോരാട്ടമാണ്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ കണക്കുകളും മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളും വിശകലനം ചെയ്യുമ്പോൾ, കോട്ടയത്തെ ഒൻപത് മണ്ഡലങ്ങളിലും ഇത്തവണ തീപാറുന്ന മത്സരമാണ് നടക്കുന്നത്. വികസന മുദ്രാവാക്യങ്ങളും റബ്ബർ വിലയും കാർഷിക വിലയിടിവും സഭാ തർക്കങ്ങളും ഒരുപോലെ അലയടിക്കുന്ന കോട്ടയത്തിന്റെ മണ്ണിൽ തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണ്. മാറിയ രാഷ്ട്രീയ ഭൂപടം യു.ഡി.എഫിന്റെ കോട്ടയായിരുന്നു 2016-വരെ മധ്യകേരളം. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ കരുത്തിന്റെ കൂടി ബലത്തിൽ മധ്യതിരുവിതാംകൂറിലെ രാഷ്ട്രീയഗതി നിശ്ചയിച്ചിരുന്നത് യു.ഡി.എഫായിരുന്നു. കോട്ടയം ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിൽ ആറും യു.ഡി.എഫിനൊപ്പമായിരുന്നു. എന്നാൽ 2021-ൽ കേരള കോൺഗ്രസ് (എം) മുന്നണി മാറിയതോടെ ചിത്രം മാറി. എൽ.ഡി.എഫ്. അഞ്ച് സീറ്റുകൾ നേടിയപ്പോൾ യു.ഡി.എഫ്. നാലിലേക്ക് ചുരുങ്ങി. അതിൽ മൂന്നെണ്ണം കേരളാ കോൺഗ്രസ് (എം) സ്വന്തമാക്കി. ജോസ് കെ. മാണി പാലായിൽ പരാജയപ്പെട്ടത് മാത്രമായിരുന്നു കേരള കോൺഗ്രസ് എമ്മിനും ഇടതുമുന്നണിക്കുമേറ്റ തിരിച്ചടി. അതേസമയം എൻ.ഡി.എയാവട്ടെ പല മണ്ഡലങ്ങളിലും നിർണായക വോട്ടുവിഹിതം നേടിക്കൊണ്ട് സാന്നിധ്യം അറിയിച്ചു. ഏറ്റവും ഒടുവിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജില്ലയിൽ വലിയ മുന്നേറ്റമാണ് യുഡിഎഫ് നടത്തിയത്. ജില്ലയിലെ ഒൻപതു മണ്ഡലങ്ങളിൽ എട്ടിലും ലീഡ് നേടി യു.ഡി.എഫ് നില ഭദ്രമാക്കി. വൈക്കം ഒഴിച്ചുള്ള മണ്ഡലങ്ങളെല്ലാം യു.ഡി.എഫിന് ഒപ്പമായിരുന്നു. മന്ത്രി വി.എൻ.വാസവന്റെ മണ്ഡലമായ ഏറ്റുമാനൂരും ഇടതുമുന്നണിയെ കൈവിട്ടു. കേരള കോൺഗ്രസ് എമ്മിന്റെ വരവ് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ജില്ലയിൽ ഗുണംചെയ്‌തെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇത് ഫലിച്ചില്ല. തൊട്ടുപിന്നാലെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് നേട്ടമുണ്ടാക്കി. ബ്ലോക്കുകളിലും എൽ.ഡി.എഫിനുണ്ടായ മേധാവിത്വം നഷ്ടമായി. ജില്ലാ പഞ്ചായത്തിൽ ആകെയുള്ള 23 ഡിവിഷനുകളിൽ 16-ലും വിജയിച്ചു. ആകെയുള്ള ആറ് നഗരസഭകളിലും ഭരണം പിടിച്ചപ്പോൾ 71-ൽ 43 ഗ്രാമപഞ്ചായത്തിലും ഭരണം നേടാൻ അവർക്ക് സാധിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പിന് തുടർച്ചയായി തദ്ദേശത്തിലും എൽഡിഎഫിന് തിരിച്ചടിയേറ്റു. ഗ്രാമപ്പഞ്ചായത്തുകളിലും നഗരസഭകളിലും മുന്നണികൾക്ക് കിട്ടിയ വോട്ടുകളുടെ കണക്കിൽ ജില്ലയിൽ ആറ് മണ്ഡലങ്ങളിൽ യുഡിഎഫിന് മുൻതൂക്കം. എക്കാലത്തും ഇടതിനോടൊപ്പംനിന്ന വൈക്കം നിയോജകമണ്ഡലത്തിൽ യുഡിഎഫിന് മേൽക്കൈ ലഭിച്ചു. മൂന്ന് മണ്ഡലങ്ങളിലാണ് എൽഡിഎഫിന് മേൽക്കൈയുള്ളത്. നിലവിൽ എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ ഏറ്റുമാനൂർ, ചങ്ങനാശ്ശേരി മണ്ഡലങ്ങളിൽ യുഡിഎഫ് മുൻതൂക്കം നേടി. അതേസമയം പാലാ, വൈക്കം, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ എൽഡിഎഫിനാണ് നേരിയ ഭൂരിപക്ഷം. ഇത് നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഉയർന്നുകേട്ട മുന്നണിമാറ്റ വാർത്തകൾ തള്ളിക്കൊണ്ട് കേരള കോൺഗ്രസിനെ ഇടതുപക്ഷത്ത് തന്നെ ചേർത്തുനിർത്തിയ ജോസ് കെ. മാണിക്കും പാർട്ടിക്കും ഇത് രാഷ്ട്രീയത്തിലെ കഠിന പരീക്ഷയാണ്. തീരുമാനം ശരിയെന്ന് തെളിയിക്കാൻ പാലായിൽ ജയം അനിവാര്യമാണ്. അതിനൊപ്പം പാർട്ടി മത്സരിക്കുന്ന മുഴുവൻ സീറ്റുകളും ജയിക്കണം. രണ്ട് മുന്നണികൾക്കുമൊപ്പം എൻ.ഡി.എയും കളംനിറഞ്ഞതോടെ നാലു മണ്ഡലങ്ങളിലെങ്കിലും പോരാട്ടം കടുത്തു. പി.സി. ജോർജും മകൻ ഷോൺ ജോർജും ബി.ജെ.പിയിൽ ചേർന്നതോടെ കടുത്ത മത്സരം നടക്കുന്ന പാലായും പൂഞ്ഞാറുമാണ് ഇതിൽ പ്രധാനം. പാലാ പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ജോസ് കെ. മാണിക്കും വിജയം തുടരാൻ ശ്രമിക്കുന്ന മാണി സി. കാപ്പനും ഷോൺ ജോർജ് ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. പാലാ എന്നും രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാണ്. മാണി സി. കാപ്പനും ജോസ് കെ. മാണിയും തമ്മിലുള്ള നേർക്കുനേർ മത്സരം തന്നെയാണ് പാലായിലെ പ്രധാന ആകർഷണം. 2016-ൽ കെ.എം. മാണി 4,703 വോട്ടുകൾക്ക് വിജയിച്ച മണ്ഡലത്തിൽ, അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിലും 2021-ലെ പൊതുതിരഞ്ഞെടുപ്പിലും വൻ അട്ടിമറികളാണ് നടന്നത്. 2021-ൽ മാണി സി. കാപ്പൻ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച് ജോസ് കെ. മാണിയെ 15,378 വോട്ടുകൾക്ക് പരാജയപ്പെടുത്തി. കാപ്പൻ വിജയിച്ചപ്പോൾ അത് കേരള രാഷ്ട്രീയത്തിലെ തന്നെ വലിയ അട്ടിമറിയായിരുന്നു. ഇത്തവണ ജോസ് കെ. മാണി മണ്ഡലം തിരിച്ചുപിടിക്കാനുള്ള കഠിനശ്രമത്തിലാണ്. റബ്ബർ വിലയും കർഷക രോഷവും ഇവിടെ നിർണായകമാകും. പൂഞ്ഞാറിലും തിരഞ്ഞെടുപ്പ് കടുപ്പമേറിയതാകും. ഇരുമുന്നണികളുടെ ഭാഗമായും പിന്നീട് സ്വതന്ത്രനായും അവിടെ ജനപ്രതിനിധിയായ പി.സി. ജോർജ് എൻ.ഡി.എ. സ്ഥാനാർഥിയായാണ് കളത്തിൽ. 2016-ൽ പി.സി. ജോർജ് സ്വതന്ത്രനായി ചരിത്രവിജയം നേടിയ പൂഞ്ഞാർ, 2021-ൽ എൽ.ഡി.എഫിലെ സെബാസ്റ്റ്യൻ കുളത്തുങ്കലിനൊപ്പം നിന്നു. 2021-ൽ 16,581 വോട്ടുകൾക്കായിരുന്നു സെബാസ്റ്റ്യന്റെ വിജയം. പി.സി. ജോർജ് നിലവിൽ മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമായതോടെ ഇവിടുത്തെ മത്സരചിത്രം സങ്കീർണമാണ്. സ്വന്തം വോട്ടും ബി.ജെ.പി. വോട്ടും ചേർന്നാൽ ജയം നേടാമെന്നാണ് പി.സി. ജോർജ് പ്രതീക്ഷിക്കുന്നത്. ശക്തമായ മത്സരമാണെങ്കിലും ഈ വട്ടവും മണ്ഡലം കൂടെ നിർത്താമെന്ന പ്രതീക്ഷയിലാണ് കേരളാ കോൺഗ്രസ് എം. സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ. പി.സി ജോർജിനെതിരായ ന്യൂനപക്ഷ വികാരം എൽഡിഎഫിലേക്ക് മാത്രമായി കേന്ദ്രീകരിക്കപ്പെട്ടതാണ് കുളത്തിങ്കലിന്റെ വിജയം അനായാസമാക്കിയത്. ഇത്തവണ ആ വോട്ട് എങ്ങോട്ട് ചായുമോ അവർ ജയിക്കാൻ സാധ്യതയേറെയാണ്. ഭരണവിരുദ്ധ വികാരം വോട്ടാക്കി വിജയം നേടാമെന്ന് കോൺഗ്രസിന്റെ സെബാസ്റ്റ്യൻ എം.ജെയും പ്രതീക്ഷിക്കുന്നു. മതസൗഹാർദവും വികസനവുമാണ് പ്രധാന ചർച്ചകൾ. കാഞ്ഞിരപ്പള്ളിയിൽ ഡോ. എൻ. ജയരാജിനെ വീഴ്ത്താൻ കേന്ദ്രമന്ത്രി ജോർജ് കുര്യനെ ബി.ജെ.പി. രംഗത്തിറക്കിയതോടെയാണ് മണ്ഡലത്തിൽ മത്സരം ത്രികോണപോരാട്ടത്തിലേക്ക് നീങ്ങിയത്. യു.ഡി.എഫാകട്ടെ കോൺഗ്രസ് നേതാവ് റോണി കെ. ബേബിയെ രംഗത്തിറക്കി. എൻ. ജയരാജ് മൂന്ന് തവണയും വിജയിച്ച മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. 2021-ൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി 13,703 വോട്ടുകളുടെ ഭൂരിപക്ഷം അദ്ദേഹം നേടി. ക്രൈസ്തവ വോട്ടുകളുടെ ധ്രുവീകരണവും റബ്ബർ കർഷകരുടെ പ്രശ്നങ്ങളും ഇവിടെ പ്രധാനമാണ്. യുഡിഎഫ്-ബിജെപി സ്ഥാനാർഥികൾ ഒരേ സമുദായത്തിൽ നിന്നായത് ജനവിധിയെ എങ്ങനെ സ്വാധീനിക്കുമെന്നതും കൗതുകകരമാണ്. ക്രൈസ്തവ സഭകളിലേക്ക് കൂടുതലടുക്കാൻ ശ്രമിക്കുന്ന ബി.ജെ.പി. അടുത്തടുത്ത മൂന്നു മണ്ഡലത്തിലാണ് ക്രൈസ്തവ സമുദായാംഗങ്ങളെ സ്ഥാനാർഥിയാക്കിയത്. എന്നാൽ, വിദേശ സംഭാവനാ നിയന്ത്രണ നിയമഭേദഗതി ചൂണ്ടിക്കാട്ടി കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് ഈ ശ്രമത്തെ തകർക്കാനുള്ള ശ്രമത്തിലാണ് മറ്റുള്ളവർ. സി.പി.ഐയുടെ ഉറച്ച കോട്ടയായ വൈക്കത്ത് ഇത്തവണ കാര്യങ്ങൾ അത്ര സുഗമമായേക്കില്ല. കഴിഞ്ഞ രണ്ട് തവണയും ആധിപത്യം പുലർത്തിയ സി.കെ. ആശക്ക് പകരം പി. പ്രദീപാണ് സി.പി.ഐ. സ്ഥാനാർഥി. 2021-ൽ 29,122 വോട്ടുകളുടെ ഭൂരിപക്ഷമാണ് ആശയ്ക്ക് ലഭിച്ചത്. ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർഥിയായി പി. പ്രദീപ് എത്തുമ്പോൾ, കോട്ട തകർക്കാൻ യു.ഡി.എഫ് കഠിനശ്രമത്തിലാണ്. അതിനായി ഗ്രൂപ്പ് പോരുകൾ മാറ്റിവെച്ച് കോൺഗ്രസ് കെ. ബിനിമോനെയാണ് കളത്തിലിറക്കുന്നത്. സിപിഐ വിട്ട് ബിജെപിയിൽ ചേർന്ന മുൻ എംഎൽഎ കെ. അജിത്താണ് എൻഡിഎ സ്ഥാനാർഥി. അജിത്ത് എൻ.ഡി.എ. ടിക്കറ്റിൽ എത്തിയതോടെ ഇടതുവിജയം അനായാസമാകില്ലെന്നുറപ്പ്. സംവരണ വോട്ടുകളും കാർഷിക മേഖലയിലെ പ്രശ്നങ്ങളുമാണ് ഇവിടെ പ്രധാന ചർച്ചാവിഷയം. എൽ.ഡി.എഫിന്റെ താഴേത്തട്ടിലുള്ള സ്വാധീനവും ഇവിടെ യു.ഡി.എഫിന് വലിയ വെല്ലുവിളിയാണ്. വി.ഡി. സതീശന്റെ ഡീൽ ആരോപണത്തിലൂടെ ശ്രദ്ധ നേടിയ ഏറ്റുമാനൂരിൽ മന്ത്രി വി.എൻ. വാസവനെതിരേ ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷാണ് കോൺഗ്രസിനായി മത്സരിക്കുന്നത്. കഴിഞ്ഞ തവണ എൻഡിഎയ്ക്കായി ബി.ഡി.ജെ.എസ്. മത്സരിക്കുകയും മുപ്പതിനായിരത്തിനടുത്ത് വോട്ട് പിടിക്കുകയും ചെയ്ത മണ്ഡലത്തിൽ ട്വന്റി ട്വന്റിക്ക് നൽകി രാഷ്ട്രീയ പരീക്ഷണമാണ് എൻഡിഎ നടത്തിയിരിക്കുന്നത്. ഇൻഫ്ലുവൻസർ ആതിര ഡി. നായരാണ് ഇക്കുറി മുന്നണി സ്ഥാനാർഥി. 2021-ൽ വി.എൻ. വാസവൻ 14,303 വോട്ടുകൾക്ക് വിജയിച്ച ഏറ്റുമാനൂർ ഇത്തവണയും എൽ.ഡി.എഫ് പ്രതീക്ഷയോടെയാണ് കാണുന്നത്. വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് വാസവന്റെ പ്രചാരണം. പക്ഷേ, ഭരണവിരുദ്ധ വികാരം മറികടക്കാൻ ഇടതുപക്ഷത്തിന് വിയർപ്പൊഴുക്കേണ്ടി വരും. എന്നാൽ, നായർ-ഈഴവ വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ വികസന മുരടിപ്പും ചൂണ്ടിക്കാട്ടി യു.ഡി.എഫ് പോരാട്ടം കടുപ്പിക്കുന്നു. മണ്ഡലം പിടിക്കാൻ ഉദ്ദേശിച്ചാണ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ കൈവശമിരുന്ന സീറ്റ് കോൺഗ്രസ് ഏറ്റെടുത്തതും. യു.ഡി.എഫിന്റെ ഏറ്റവും സുരക്ഷിതമായ മണ്ഡലങ്ങളിലൊന്നായി കരുതുന്ന കടുത്തുരുത്തിയിലും ഇത്തവണ മത്സരം കടുത്തേക്കും. 2016-ൽ 42,256 വോട്ടുകളുടെ കൂറ്റൻ ഭൂരിപക്ഷത്തിന് വിജയിച്ച മോൻസ് ജോസഫിന്, 2021-ൽ ഭൂരിപക്ഷം 4,256 ആയി കുറഞ്ഞത് ആശങ്കയുണ്ടാക്കുന്നു. യു.ഡി.എഫിന്റെ വിശ്വസ്തനായ മോൻസ് ജോസഫ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. എൽ.ഡി.എഫിനായി കേരള കോൺഗ്രസ് (എം) ശക്തമായ വെല്ലുവിളിയാണ് ഇവിടെ ഉയർത്തുന്നത്. മോൻസിനെ നേരിടാൻ നിർമല ജിമ്മിയെയാണ് അവർ കളത്തിലിറക്കിയിരിക്കുന്നത്. കേരള കോൺഗ്രസ് വോട്ടുകൾ ഭിന്നിക്കുന്നത് മോൻസിന് ഭീഷണിയാണ്. അരനൂറ്റാണ്ടിനുശേഷം ഉമ്മൻചാണ്ടിയില്ലാതെ പുതുപ്പള്ളി മണ്ഡലം നേരിടുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പാണിത്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ മകൻ ചാണ്ടി ഉമ്മൻ നേടിയ വൻ വിജയം യു.ഡി.എഫിന് വലിയ ആത്മവിശ്വാസം നൽകുന്നു. ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ 37,719 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം നേടിയിരുന്നു. സി.പി.എമ്മിന്റെ മുതിർന്നനേതാവ് കെ.എം. രാധാകൃഷ്ണനെയാണ് മണ്ഡലം പിടിക്കാൻ ഇടതുപക്ഷം ഇറക്കിയിരിക്കുന്നത്. തേരോട്ടത്തിന് തടയിടാൻ ഇടതു രാഷ്ടീയത്തിലെ പരിചയസമ്പന്നനായ കെ.എം. രാധാകൃഷ്ണന് കഴിയുമെന്നാണ് പാർട്ടിയുടെ വിശ്വാസം. ഇരുവരേയും നേരിടാൻ ബി.ജെ.പിയിലെ രവീന്ദ്രനാഥ് വാകത്താനത്തെയാണ് എൻ.ഡി.എ രംഗത്തിറക്കിയിരിക്കുന്നത്. ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ. സംഘടനാരംഗത്ത് മികവു തെളിയിച്ച് ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളിലേക്ക് മത്സരിച്ച പാരമ്പര്യവുമായാണ് രവീന്ദ്രനാഥ് ഗോദയിലെത്തുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വ്യക്തിപ്രഭാവമാണ് കോട്ടയത്ത് യു.ഡി.എഫിന്റെ കരുത്ത്. തിരുവഞ്ചൂർ എന്ന ജനകീയ നേതാവിന്റെ കരുത്തിലാണ് കോട്ടയം മണ്ഡലം യു.ഡി.എഫിനൊപ്പം നിൽക്കുന്നത്. 2016-ൽ യു.ഡി.എഫിന് വേണ്ടി തിരുവഞ്ചൂർ രാധാകൃഷ്ണൻ 33,632 വോട്ടുകളുടെ ഭീമമായ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. നഗരവികസനവും ഉമ്മൻചാണ്ടി സർക്കാരിന്റെ പ്രതിച്ഛായയും അന്ന് തിരുവഞ്ചൂരിന് തുണയായി. 2021-ൽ സി.പി.എം ജില്ലാ സെക്രട്ടറി കൂടിയായ കെ. അനിൽകുമാറിനെ എൽ.ഡി.എഫ് കളത്തിലിറക്കി. തിരുവഞ്ചൂർ വിജയിച്ചെങ്കിലും ഭൂരിപക്ഷം 18,743 ആയി കുറഞ്ഞു. സി.പി.എമ്മിന്റെ കെ. അനിൽകുമാർ വീണ്ടും മത്സരരംഗത്തിറങ്ങുന്നതോടെ കോട്ടയത്ത് പോരാട്ടം ശക്തമായി. ഏറ്റവും ഒടുവിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് മണ്ഡലത്തിൽ വ്യക്തമായ ലീഡ് ലഭിച്ചിരുന്നു. എന്നാൽ നഗരവികസനവും ബി.ജെ.പിയുടെ സ്വാധീനവും നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. കേരള കോൺഗ്രസുകളുടെ നേർക്കുനേർ പോര് നടക്കുന്ന മണ്ഡലമാണ് ചങ്ങനാശ്ശേരി. കേരള കോൺഗ്രസ് രാഷ്ട്രീയത്തിന്റെ സിരാകേന്ദ്രം. ദീർഘകാലം ജനപ്രതിനിധിയായിരുന്ന സി.എഫ്. തോമസ് എന്ന അതികായന്റെ വിയോഗം മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെ അടിമുടി മാറ്റി. 2016-ൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സി.എഫ്. തോമസ് 1,849 വോട്ടുകൾക്ക് ഇടത് സ്വതന്ത്രൻ ഡോ. കെ.സി. ജോസഫിനെ പരാജയപ്പെടുത്തി. 2021-ൽ സി.എഫ്. തോമസിന്റെ വിയോഗശേഷം എൽ.ഡി.എഫിൽ എത്തിയ ജോസ് കെ. മാണി വിഭാഗത്തിലെ അഡ്വ. ജോബ് മൈക്കിൾ 6,059 വോട്ടുകൾക്ക് യു.ഡി.എഫിന്റെ വി.ജെ. ലാലിയെ പരാജയപ്പെടുത്തി മണ്ഡലം ചുവപ്പിച്ചു. എൽഡിഎഫിനായി ജോബ് മൈക്കിൾ വീണ്ടും മത്സരിക്കാനിറങ്ങുമ്പോൾ ജേക്കബ് ഗ്രൂപ്പിൽ നിന്ന് വിനു ജോബാണ് എതിരാളി. എൻ.ഡി.എ. സ്ഥാനാർഥി ബി. രാധാകൃഷ്ണമേനോനും ശക്തമായ മത്സരം കാഴ്ചവെയ്ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടുകൾ വലിയ തോതിൽ യു.ഡി.എഫിലേക്ക് കേന്ദ്രീകരിച്ചത് ഇടത് മുന്നണിക്ക് ആശങ്കയാണ്. എൻ.എസ്.എസിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന മണ്ഡലത്തിൽ സമുദായ വോട്ടുകൾ നിർണായകമാണ്. യു.ഡി.എഫ് തിരിച്ചുപിടിക്കാനൊരുങ്ങുന്ന ഈ മണ്ഡലത്തിൽ അടിയൊഴുക്കുകൾ പ്രവചനാതീതമാണ്.

കടുപ്പം പാലായും പൂഞ്ഞാറും, ഡീൽ ആരോപണത്തിൽ ഏറ്റുമാനൂർ; കോട്ടയത്തെ അടിയൊഴുക്കുകൾ ആരെ തുണക്കും?
M
MathrubhumiSource Link
about 1 month ago