ചെന്നൈ: കൊടുംവേനലിൽ പടക്കമുണ്ടാക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തതാണ് വിരുദുനഗർ കട്ടനാർപട്ടിയിലെ വനജ പടക്കശാലയിൽ ഞായറാഴ്ചയുണ്ടായ സ്ഫോടനത്തിനുകാരണമെന്ന് പ്രാഥമിക നിഗമനം. വേനൽക്കാലത്ത് പടക്കമുണ്ടാക്കുമ്പോൾ രാസവസ്തുക്കൾ തമ്മിൽ കൂട്ടിക്കലർത്തുന്ന ജോലി രാവിലെ 11-ന് മുമ്പ് പൂർത്തിയാക്കേണ്ടതുണ്ടെന്ന് അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു. അതിനുശേഷം അന്തരീക്ഷ താപനില കൂടുമെന്നതാണ് കാരണം. കൂട്ടിക്കലർത്തിയ രാസവസ്തുക്കൾ ഉപയോഗിച്ച് പടക്കം നിർമിക്കുമ്പോഴും അന്തരീക്ഷത്തിൽ ചൂട് കൂടുതലായാൽ ഘർഷണം മൂലം തീപ്പിടിത്തത്തിന് കാരണമാകാറുണ്ട്. തലേന്ന് തന്നെ കൂട്ടി കലർത്തിയ രാസവസ്തുക്കൾ ഉപയോഗിച്ച് പടക്കങ്ങളുണ്ടാക്കുമ്പോഴും തീപ്പിടിത്തമുണ്ടാകാറുണ്ട്. To advertise here, പടക്കശാലയിലെ മുറികൾ വളരെ ഇടുങ്ങിയതാണെന്നും ഇവിടെ കൂടുതൽ തൊഴിലാളികളെ നിയോഗിച്ച് കൂടുതൽ പടക്കം നിർമിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നും പോലീസിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ഇത് സുരക്ഷാനടപടിക്രമങ്ങളുടെ ലംഘനമാണ്. നിശ്ചിത ദിവസക്കൂലിക്ക് പകരം നിർമിക്കുന്ന പടക്കങ്ങളുടെ എണ്ണത്തിന് അനുസൃതമായി കൂലിനൽകാൻ തുടങ്ങിയതും അപകടത്തിന് വഴിവെച്ചിരിക്കാമെന്ന് കരുതുന്നു. കൂടുതൽ കൂലി ലഭിക്കാനായി തൊഴിലാളികൾ കൂടുതൽ പടക്കങ്ങൾ നിർമിക്കാൻ ശ്രമിക്കുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയില്ലെന്ന് പടക്കശാലകളിലെ ജീവനക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകർ പറഞ്ഞു. വിരുദുനഗർ ജില്ലയിൽ മാത്രം 1100-ലധികം പടക്കനിർമാണ ശാലകളുണ്ട്. ജില്ലയിൽ 2025-ൽ മാത്രം 16 അപകടങ്ങളിലായി 37 പേർ മരിച്ചിരുന്നു. 2026-ൽ ഇതുവരെ 33 പേർ മരിച്ചു. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ വിരുദുനഗർ ജില്ലയിൽമാത്രം പടക്കശാലകളിലുണ്ടായ അപകടങ്ങളിൽ 175 പേരാണ് മരിച്ചത്. 2011-2024 കാലയളവിൽ തമിഴ്നാട്ടിൽ 200-ലധികം പടക്കശാലകളിൽ അപകടങ്ങൾ നടന്നിട്ടുണ്ട്. 379 പേർ മരിക്കുകയും 320 പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. 2012 സെപ്റ്റംബർ അഞ്ചിന് മുതലിബട്ടയിലുണ്ടായ അപകടത്തിൽ 40 പേർ മരിച്ചിരുന്നു. പടക്കശാല അപകടങ്ങളിൽ മരിക്കുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. 2021 ഫെബ്രുവരി 12-ന് സാത്തൂർ അച്ചകുളത്തുണ്ടായ അപകടത്തിൽ 16 സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെ 27 പേർ മരിച്ചിരുന്നു. പടക്കശാലകൾ വർഷംതോറും സുരക്ഷാപരിശോധനയ്ക്ക് വിധേയമായി പെർമിറ്റ് പുതുക്കേണ്ടതുണ്ട്. പലരും ഇത് പാലിക്കാറില്ലെന്നും പടക്ക നിർമാണശാലയുടെ തൊഴിലാളികളുടെ സുരക്ഷിതത്വത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർ പറഞ്ഞു. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തതാണ് അപകടത്തിന് പ്രധാനകാരണം. പടക്കശാല സ്ഫോടനങ്ങൾ തുടർക്കഥയാകുമ്പോഴും പടക്കശാലയുടെ ഉടമകൾ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് പടക്കശാലയിലെ തൊഴിലാളികളും പറയുന്നു. Published: 20 Apr 2026, 12:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കട്ടനാർപട്ടി പടക്കശാല സ്ഫോടനം സുരക്ഷ നോക്കാതെ പടക്കനിർമാണം; അപകടങ്ങൾ തുടർക്കഥ
M
MathrubhumiSource Link
20 days ago