പേരുപോലെതന്നെ റോഡ്... To advertise here, പാലോട് : മുൻവിധിപോലെയാണ് പെരിങ്ങമ്മല പഞ്ചായത്തിലെ ഈ റോഡിന് ആരോ പണ്ട് കട്ടയ്ക്കാൽ റോഡെന്നു പേരിട്ടത്. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ആ പേര് ഇപ്പോഴും അന്വർഥമാണ്. റോഡ് ഇപ്പോഴും കട്ടയ്ക്കാലിനു സമാനം. കഴിഞ്ഞ 50-വർഷത്തിനിടെ റോഡ് എത്രയോവട്ടം ടാർ ചെയ്തു. എന്നിട്ടും ഇവിടുത്തെ കുഴികൾ അടയ്ക്കാനായില്ല. ടാർ ചെയ്ത് തൊഴിലാളികൾ പോകുന്നതിന്റെ പിന്നാലെ ഇവിടം വലിയ കുഴികളായിമാറുന്നു. പെരിങ്ങമ്മല വിതുര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിനാണ് ഈ ഗതികേട്. പെരിങ്ങമ്മല, കട്ടയ്ക്കാൽ, ദൈവപ്പുര, ഇക്ബാൽ കോളേജ്, തെന്നൂർ വഴി വിതുരയിലെത്താവുന്ന ഏറ്റവും ദൂരം കുറഞ്ഞ റോഡായതിനാൽ പ്രതിദിനം ആയിരക്കണക്കിനു വാഹനങ്ങളാണ് ഇതുവഴി യാത്രചെയ്യുന്നത്. പ്രധാനമന്ത്രി ഗ്രാമ സഡക് പദ്ധതിയിലുൾപ്പെടുത്തി 3.5 കോടി ചെലവിട്ട് പെരിങ്ങമ്മല-കട്ടയ്ക്കാൽ-ഞാറനീലി-ചെറ്റച്ചൽ റോഡ് നവീകരിച്ചു. ഈ പദ്ധതിയിൽ കട്ടയ്ക്കാൽ ദൈവപ്പുരയിലെ വെള്ളക്കെട്ടു പരിഹരിക്കാൻ ഒരു നടപടിയുമുണ്ടായില്ല. വെള്ളക്കെട്ട് മാറ്റണമെങ്കിൽ ഓടകൾ താഴ്ത്തി കലുങ്കുകൾ നിർമിക്കണം. എന്നാൽ കരാറെടുത്ത ഏജൻസി ഇത്രയുംഭാഗം ഉപേക്ഷിച്ചാണ് റോഡുപണി നടത്തിയത്. വെള്ളക്കെട്ടിന് അപ്പുറവും ഇപ്പുറവും ടാർ ചെയ്തു. 50 മീറ്റർ ദൂരം ഒന്നും ചെയ്തില്ല.. ഇത്രയുംഭാഗം കടക്കുക ഏറ്റവും ദുഷ്കരമാണ്. ഇരുചക്രവാഹനങ്ങളാണ് ഏറ്റവുമധികം അപകടത്തിൽപ്പെടുന്നത്. വെള്ളം കെട്ടിനിൽക്കുന്നതിനാൽ കുഴിയുടെ ആഴമറിയാതെ വന്നിറങ്ങിയാണ് മിക്കപ്പോഴും അപകടം സംഭവിക്കുന്നത്. നിരവധി സ്ഥാപനങ്ങളിലേക്കുള്ള റോഡ് : നിരവധി സർക്കാർ സ്ഥാപനങ്ങളിലെത്തേണ്ട റോഡിനാണ് ഈ ഗതികേട്. പെരിങ്ങമ്മല പൊതുചന്ത, ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഒാഫീസ്, കെ.എസ്.ഇ.ബി. ഓഫീസ്, പെരിങ്ങമ്മല കമ്യൂണിറ്റി ഹെൽത്ത് സെന്റർ, മൃഗാശുപത്രി തുടങ്ങിയ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പോകേണ്ട റോഡിലാണ് അധികൃതർ ഉപേക്ഷിച്ചതുമൂലമുണ്ടായ ഈ വെള്ളക്കെട്ട് അപകടം വിതയ്ക്കുന്നത്. അൻപത് മീറ്റർ ദൂരത്തിനിടയിൽ പത്തിലധികം വെള്ളക്കെട്ടാണുള്ളത്. ഇവ നിത്യവും വരുത്തുന്ന അപകടങ്ങളും ചെറുതല്ല. കൂട്ടത്തിൽ ഏറ്റവും കൂടുതൽ അപകടത്തിൽപ്പെടുന്നത് ഇരുചക്രവാഹനങ്ങളാണ്. നിർമാണങ്ങളെല്ലാം അശാസ്ത്രീയം : ഇക്ബാൽ കോളേജ് പെരിങ്ങമ്മല റോഡിലെ ദൈവപ്പുര ഭാഗത്ത് വർഷങ്ങളായി തുടരുന്ന അപകടാവസ്ഥ മാറാത്തതിനുകാരണം റോഡിന്റെ അശാസ്ത്രീയമായ നിർമാണമാണെന്ന് വ്യക്തം. പാർശ്വഭിത്തികൾ നിർമിച്ച്, റോഡിനു പൊക്കംകൂട്ടുകമാത്രമാണ് ഇവിടുത്തെ പരിഹാരം. എന്നാൽ എല്ലാക്കാലത്തും നിലവിൽ കിടക്കുന്ന റോഡിൽ ടാർ തേച്ച് നാട്ടുകാരുടെ കണ്ണിൽപ്പൊടിയിടുകയാണ് പൊതുമരാമത്ത് ചെയ്യുന്നത്. ടാർ തൊഴിലാളികൾ പോകുന്നതിനു പിന്നാലെ ടാറുപോയി വീണ്ടും പഴയതിനെക്കാൾ വലിയ കുഴികളുമുണ്ടാകുന്നു. ഇതാണ് കഴിഞ്ഞ അൻപതുവർഷമായി ഇവിടെ നടക്കുന്നത്.

കട്ടയ്ക്കാൽ റോഡിലെ വെള്ളക്കെട്ടിനു പരിഹാരമില്ല
M
MathrubhumiSource Link
23 days ago