ലോകത്തിലെ ഏറ്റവും വേഗതയേറിയതും ആവേശകരവുമായ കാർ റേസിംഗ് മത്സരമാണ് ഫോർമുല വൺ (F1). ഇതിൽ പ്രത്യേകമായി നിർമ്മിച്ച വളരെ ശക്തിയേറിയ കാറുകളാണ് ഉപയോഗിക്കുന്നത്. ഈ കാറുകൾക്ക് മണിക്കൂറിൽ 300 കിലോമീറ്ററിലധികം വേഗതയിൽ വരെ പായാൻ കഴിയും! To advertise here, ഫോർമുല വൺ റേസ് നടക്കുക വീക്കെൻഡിലാണ്. ഡ്രൈവർമാർ വെള്ളിയാഴ്ചകളിൽ ട്രാക്കിൽ പരിശീലനം നടത്തും. കാറിന്റെ വേഗതയും ട്രാക്കിന്റെ സ്വഭാവവും മനസ്സിലാക്കുകയാണ് അവരുടെ ലക്ഷ്യം. യോഗ്യതാ മത്സരം (Qualifying) ശനിയാഴ്ച നടക്കും. ഞായറാഴ്ചത്തെ പ്രധാന റേസിൽ ആരായിരിക്കും മുന്നിൽ നിന്ന് തുടങ്ങുക എന്ന് തീരുമാനിക്കുന്നത് ഈ മത്സരമാണ്. ഏറ്റവും വേഗത്തിൽ ലാപ് പൂർത്തിയാക്കുന്ന ഡ്രൈവർ ഒന്നാം സ്ഥാനത്ത് നിന്ന് തുടങ്ങും. ഞായറാഴ്ച പ്രധാന റേസ് നടക്കും. നിശ്ചിത എണ്ണം ലാപ്പുകൾ പൂർത്തിയാക്കുന്ന ആദ്യത്തെ ഡ്രൈവർ വിജയിയാകും. ഈ മത്സരങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലായി തയ്യാറാക്കിയ പ്രത്യേക ട്രാക്കുകളിലാണ് നടക്കുന്നത്. ചില ട്രാക്കുകൾ നഗരങ്ങളിലൂടെ പോകുമ്പോൾ മറ്റു ചിലത് മലകളിലും ചെരിവുകളിലുമൊക്കെയായിരിക്കും. ഓരോ ട്രാക്കിനും അതിന്റേതായ പ്രത്യേകതകളും വെല്ലുവിളികളും ഉണ്ടാകും. F1-നെ നിയന്ത്രിക്കുകയും അംഗീകാരം നൽകുകയും ചെയ്യുന്നത് ഫെഡറേഷൻ ഇന്റർനാഷണൽ ഡി ഓട്ടോമൊബൈൽ (FIA) എന്ന സംഘടനയാണ്. ഫ്രാൻസിലെ പാരീസാണ് ഇതിന്റെ ആസ്ഥാനം. റേസിങ് ട്രാക്കുകൾക്ക് നൽകുന്നതും ഡ്രൈവർമാർക്ക് സൂപ്പർ ലൈസൻസ് നൽകുന്നതും FIA ആണ്. ഫോർമുല' എന്ന വാക്ക് ഈ കാറുകൾ ഉണ്ടാക്കുന്നതിനുള്ള നിയമങ്ങളെയും നിർദേശങ്ങളെയും സൂചിപ്പിക്കുന്നു. ഓരോ ടീമും ഈ നിയമങ്ങൾക്കനുസരിച്ചാണ് കാറുകൾ നിർമിക്കുന്നത്. 'വൺ' എന്നാൽ ഇത് ഏറ്റവും ഉയർന്ന തലത്തിലുള്ള റേസിങ് ആണ് എന്ന് കാണിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഡ്രൈവർമാരാണ് ഈ റേസിൽ പങ്കെടുക്കുന്നത്. ഓരോ ടീമിനും സാധാരണമായി രണ്ട് ഡ്രൈവർമാർ ഉണ്ടാകും. അവർ അതിവേഗത്തിൽ കാറോടിച്ച് ഒന്നാമതെത്താൻ ശ്രമിക്കും. ഒരു ഫോർമുല വൺ സീസണിൽ ഗ്രാൻഡ് പ്രിക്സ് എന്നറിയപ്പെടുന്ന നിരവധി മത്സരങ്ങൾ ഉൾപ്പെടുന്നു. ഗ്രാൻഡ് പ്രിക്സ് ഒന്നിലധികം രാജ്യങ്ങളിലും ഭൂഖണ്ഡങ്ങളിലും പ്രത്യേകമായി നിർമിച്ച ട്രാക്കുകളിൽ നടക്കുന്നു. ഓരോ ഗ്രാൻഡ് പ്രിക്സിലും ആദ്യത്തെ 10 സ്ഥാനങ്ങളിൽ എത്തുന്ന ഡ്രൈവർമാർക്ക് പോയിന്റുകൾ ലഭിക്കും. ഈ പോയിന്റുകൾ ഒരുവർഷം മുഴുവനും കൂട്ടിച്ചേർത്ത് ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന ഡ്രൈവറെയും ടീമിനെയും ലോകചാമ്പ്യന്മാരായി തിരഞ്ഞെടുക്കും. ഒരു നല്ല F1 ഡ്രൈവറാകാൻ വർഷങ്ങളുടെ പരിശീലനവും അനുഭവപരിചയവും ആവശ്യമാണ്. ചെറിയ പ്രായത്തിൽതന്നെ കാർട്ടിങ് പോലുള്ള റേസിങ് മത്സരങ്ങളിൽ പങ്കെടുത്ത് വളർന്നുവരുന്ന ഡ്രൈവർമാരാണ് ഫോർമുല വണ്ണിൽ എത്തുന്നത്. F1-ൽ മത്സരിക്കാൻ ഡ്രൈവർമാർക്ക് സൂപ്പർ ലൈസൻസ് എന്ന സ്പെഷ്യൽ ലൈസൻസ് ആവശ്യമാണ്. F1 റേസിങ് വളരെ വേഗമേറിയതും പ്രവചനാതീതവുമാണ്. ഒരു നിമിഷംകൊണ്ട് മത്സരഫലം മാറാൻ സാധ്യതയുണ്ട്. ഡ്രൈവർമാരുടെ കഴിവ്, കാറുകളുടെ സാങ്കേതികവിദ്യ, ടീമിന്റെ തന്ത്രങ്ങൾ എന്നിവയെല്ലാം വിജയത്തിൽ പ്രധാന പങ്കുവഹിക്കുന്നു. അതുപോലെ, കാറുകൾ കൂട്ടിയിടിക്കുന്നതും ട്രാക്കിൽനിന്ന് തെന്നിമാറുന്നതുമൊക്കെ കാണികൾക്ക് ആകാംക്ഷ നൽകുന്ന കാഴ്ചകളാണ്. ഡ്രൈവർ കം അത്‌ലറ്റ് ഫോർമുലവൺ ഡ്രൈവർമാർ കാറോടിക്കുന്നവർ മാത്രമല്ല, മികച്ച അത്‌ലറ്റുകൾകൂടിയാണ്. കാരണം, റേസിങ് സമയത്ത് അവരുടെ ശരീരം വളരെയധികം സമ്മർദമനുഭവിക്കുന്നു. അവർ ദിവസവും കഠിനമായി വ്യായാമംചെയ്യും. ശാരീരികക്ഷമതപോലെതന്നെ പ്രധാനമാണ് മാനസികകരുത്തും. ഉയർന്ന വേഗത്തിൽ ശ്രദ്ധയും ഏകാഗ്രതയും നിലനിർത്തുക, പെട്ടെന്നുള്ള തീരുമാനങ്ങളെടുക്കുക, സമ്മർദങ്ങളെ അതിജീവിക്കുക എന്നിവയെല്ലാം ഒരു നല്ല ഡ്രൈവറുടെ ലക്ഷണങ്ങളാണ്. പിറ്റ് സ്റ്റോപ്പ് : പൊളിച്ച് പണിയാനും തന്ത്രം മെനയാനും! മത്സരത്തിനിടയിൽ കാറുകൾക്ക് എന്തെങ്കിലും അപകടം പറ്റിയാലോ? അല്ലെങ്കിൽ ടയർ ഒന്നു മറ്റേണ്ടിവന്നാലോ? പണിപാളും അല്ലേ... അതിനാണ് പിറ്റ് സ്റ്റോപ്പ് എന്നറിയപ്പെടുന്ന വർക്ക് ഷോപ്പുകൾ. പിറ്റ് സ്റ്റോപ്പ് എന്നത് റേസിങ് കാറുകൾ ട്രാക്കിൽനിന്ന് പിറ്റ് ലൈനിലേക്കു കയറി, അവിടെ ഒരുസംഘം മെക്കാനിക്കുകൾ വളരെ കുറഞ്ഞ സമയംകൊണ്ട് ടയറുകൾ മാറ്റുകയോ കാറിനാവശ്യമായ മറ്റ് അറ്റകുറ്റപ്പണികൾ ചെയ്യുകയോ, അല്ലെങ്കിൽ തന്ത്രപരമായ ക്രമീകരണങ്ങൾ നടത്തുകയോ ചെയ്യുന്ന ഒരു നിർണായകപ്രക്രിയയാണ്. ഒരു നല്ല പിറ്റ് സ്റ്റോപ്പിന് റേസിന്റെ ഫലത്തെത്തന്നെ മാറ്റിമറിക്കാൻ കഴിയും. പിറ്റ് സ്റ്റോപ്പിന്റെ വിജയം വേഗത്തിലും കൃത്യതയിലുമാണ്. ഒരു സാധാരണ ടയർ മാറ്റം 2-3 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കാറുണ്ട്. ചെറിയൊരു പിഴവുപോലും വിലയേറിയ സമയം നഷ്ടപ്പെടുത്താനും റേസിന്റെ ഫലത്തെ ബാധിക്കാനും സാധ്യതയുണ്ട്. എതിരാളികളെ മറികടക്കാനും ട്രാക്ക് പൊസിഷൻ മെച്ചപ്പെടുത്താനും ടീമുകൾ പിറ്റ് സ്റ്റോപ്പ് ഉപയോഗിക്കാറുണ്ട്. ടയറിലുമുണ്ട് തന്ത്രം! റേസിലുപയോഗിക്കുന്ന ടയറുകൾക്ക് പല നിറങ്ങളുണ്ട്. ഓരോ നിറവും ടയറിന്റെ കടുപ്പം (hardness) അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. കട്ടിയുള്ള ടയറുകൾ കൂടുതൽ കാലം നിലനിൽക്കും. പക്ഷേ, മൃദുവായ ടയറുകൾക്ക് കൂടുതൽ ഗ്രിപ്പ് കിട്ടും, അതുകൊണ്ട് വേഗത്തിൽ പോകാൻ സാധിക്കും. ഓരോ റേസിലും ഏതൊക്കെ ടയറുകൾ ഉപയോഗിക്കണമെന്ന് ടീമുകൾ തന്ത്രപരമായി തീരുമാനിക്കും. ടീം വർക്ക്, ഡ്രീം വർക്ക് റേസ് കാണുമ്പോൾ നമ്മൾ ഡ്രൈവറെ മാത്രമേ ശ്രദ്ധിക്കാറുള്ളൂവെങ്കിലും ഓരോ റേസിനുപിന്നിലും വലിയൊരു ടീമുണ്ട്. എൻജിനീയർമാർ, മെക്കാനിക്കുകൾ, മെൻഡർമാർ തുടങ്ങി വലിയ ടീം ഓരോ റേസിനുവേണ്ടിയും മാസങ്ങളോളം തയ്യാറെടുപ്പുകൾ നടത്താറുണ്ട്. റേസിനിടയിൽ കാറിന്റെ ഒരു ടയർ മാറ്റുന്നതിന് മൂന്ന് മെക്കാനിക്കുകളുണ്ടാവും! ഒരാൾ പഴയ ടയർ അഴിക്കാൻ, ഒരാൾ പുതിയ ടയർ വയ്ക്കാൻ, മറ്റൊരാൾ വീൽ ഗൺ ഉപയോഗിച്ച് നട്ട് ഉറപ്പിക്കാൻ! സിംപിൾ, ബട്ട് പവർഫുൾ! കാർബൺ ഫൈബർ പോലുള്ള, ലഘുവായതും എന്നാൽ വളരെ ബലമുള്ളതുമായ മെറ്റീരിയലുകളാണ് കാർ നിർമിക്കാൻ ഉപയോഗിക്കുന്നത്. ഭാരം കുറവായതുകൊണ്ടുതന്നെ കാറിന് കൂടുതൽ വേഗത്തിൽ പോകാൻ സാധിക്കും. വളരെ ശക്തിയേറിയ ഹൈബ്രിഡ് എൻജിനുകളാണ് കാറിൽ ഉപയോഗിക്കുന്നത്. ഉയർന്ന വേഗവും മികച്ച പ്രകടനവും നൽകാൻ ഇത് സഹായിക്കുന്നു. കാറിന്റെ രൂപകല്പന വളരെ പ്രധാനമാണ്. കാറിന് മുകളിലും താഴേയുമുള്ള ചിറകുകൾ (wings), ബോഡി ഷേപ്പ് എന്നിവയെല്ലാം കാറ്റ് വരുമ്പോൾ കാറിനെ ട്രാക്കിൽ കൂടുതൽ ഉറപ്പിച്ചുനിർത്താൻ സഹായിക്കും. ഇതിനെ എയ്‌റോഡൈനാമിക്സ് എന്നുപറയുന്നു. വളവുകളിൽ കൂടുതൽ വേഗത്തിൽ തിരിയാനും ഇതുപകരിക്കും.

കണ്ണഞ്ചിക്കുന്ന വേഗത്തിൽ ട്രാക്കിലൂടെ മിന്നിമറയുന്ന എഫ്1 കാറുകളുടെ വിശേഷങ്ങൾ അറിയണ്ടേ!
M
MathrubhumiSource Link
about 3 hours ago
