സുരക്ഷയ്ക്ക് അരികുഭിത്തി അനിവാര്യം To advertise here, ചെറുവത്തൂർ : റോഡ് വികസനത്തിന് ശേഷം കണ്ണാടിപ്പാറ റോഡരികിൽ അപകടം പതിവായി. ചെറുവത്തൂർ-ചീമേനി റോഡിൽ ഞാണങ്കൈ മുതൽ കണ്ണാടിപ്പാറ മുത്തപ്പൻ മടപ്പുര വരെയുള്ള അരക്കിലോമീറ്ററിലാണ് നിത്യവും അപകടം നടക്കുന്നത്. റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞാൽ വൻ ദുരന്തമാകും ഫലം. അടുത്തടുത്ത ദിവസങ്ങളിൽ കാർ അരികിലിടിച്ച് മറിയുകയും. യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. താഴ്ചയിലേക്ക് വീഴാത്തതുകൊണ്ട് വലിയ ദുരന്തം ഒഴിവായി. റോഡ് വികസനത്തിന്റെ അനുബന്ധ പ്രവൃത്തികൾ നടത്താത്തതാണ് അടിക്കടി അപകടത്തിന് വഴിവെക്കുന്നത്. ഞാണങ്കൈ മുതൽ കണ്ണാടിപ്പാറ മടപ്പുര വരെ അരകിലോമീറ്റർ ഒരു ഭാഗം താഴ്ചയാണ്. ഇവിടെ അരികുഭിത്തി കെട്ടി സുരക്ഷ ഉറപ്പാക്കിയില്ല. റോഡ് വികസിപ്പിച്ചതോടെ ഇരുഭാഗങ്ങളിലേക്കും അമിതവേഗത്തിലാണ് വാഹനങ്ങളുടെ പോക്ക്. ഇതാണ് താഴ്ചയുള്ള ഭാഗത്തേക്ക് തെന്നിപ്പോകാൻ കാരണം. സുരക്ഷാഭിത്തിയും ഡിവൈഡറും റോഡരികിൽ മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചാൽ ഒരുപരിധിവരെ അപകടം കുറയ്ക്കാൻ കഴിയും. റോഡ് വികസനത്തിന്റെ ഭാഗമായി വീതി കൂട്ടി ടാറിങ് നടത്തിയതല്ലാതെ ബാക്കി പ്രവൃത്തി നടത്തിയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. റോഡിന്റെ ഇരുഭാഗത്തും കാൽനടയാത്രയ്ക്കുള്ള സൗകര്യവും ഒരുക്കാൻ ബാക്കിയുണ്ട്. പ്രവൃത്തി പൂർത്തിയാക്കി വാഹനയത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും റോഡിന്റെ താഴ്‌വാരത്തെ കുടുംബങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. Published: 21 Apr 2026, 01:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
