കണ്ണാടിയിലെ മന്ത്രവാദിനി: പുതിയ നോവൽ തുടങ്ങുന്നു

കണ്ണാടിയിലെ മന്ത്രവാദിനി: പുതിയ നോവൽ തുടങ്ങുന്നു

M
MathrubhumiSource Link
ട്രെയിൻ പരിയാപുരം റെയിൽവേസ്റ്റേഷനിൽ എത്താറായപ്പോൾ അമ്മ നിളയെ വിളിച്ചുണർത്തി. അമ്മയുടെ മടിയിൽ കിടന്നുറങ്ങുകയായിരുന്നു നിള. ഉറക്കച്ചടവോടെ അവൾ എഴുന്നേറ്റു. ''കണ്ണാടി എത്തിയോ അമ്മാ?' - നിള കോട്ടുവായിട്ടുകൊണ്ട് ചോദിച്ചു. അമ്മ ചിരിച്ചു. To advertise here, ''ഇല്ല, നമ്മളിപ്പോഴും ട്രെയിനിലാണ്.'' അമ്മ പറഞ്ഞത് കേട്ട നിള പുറത്തേക്ക് നോക്കി. മരങ്ങൾ. ഇരുവശവും മരങ്ങൾ. അത്ഭുതപ്പെട്ടു പോയി അവൾ. ബാംഗ്ലൂരിൽ നിന്ന് പുറപ്പെടുമ്പോൾ ട്രെയിനിന്റെ വിൻഡോയിൽ തെളിഞ്ഞതെല്ലാം ഫ്‌ളാറ്റുകളും ഫാക്റ്ററികളുമായിരുന്നു. പിന്നെ പിന്നെ ഗ്രാമങ്ങൾ, വയലുകൾ, തരിശുഭൂമികൾ... അങ്ങനെയങ്ങനെ. ആദ്യമായാണ് മരക്കൂട്ടങ്ങൾ കാണുന്നത്. ശരിക്കും കാട്ടിലൂടെ പോകുന്നത് പോലെ. പരിയാപുരത്തെത്തുമ്പോൾ അത്ഭുതപ്പെടുമെന്ന് അച്ഛൻ പറഞ്ഞത് നിളയ്ക്ക് ഓർമ വന്നു. ഓർമ വെച്ചതിനു ശേഷം ആദൃമായിട്ടാണവൾ അച്ഛന്റെ നാട്ടിലേക്ക് വരുന്നത്. കുഞ്ഞായിരിക്കുമ്പോൾ പലവട്ടം വന്നിട്ടുണ്ടെന്ന് അച്ഛനും അമ്മയും അവളോട് പറഞ്ഞിട്ടുണ്ട്. അതൊന്നും അവളുടെ ഓർമയിൽ ഒരിടത്തുമില്ലായിരുന്നു. നിളയ്ക്ക് ഓർമ വെച്ചതിനു ശേഷം അവർക്കിതുവരെ കണ്ണാടിയിലേക്ക് പോകാൻ കഴിഞ്ഞിട്ടില്ല. അച്ഛന് ബിസിനസും മറ്റുമായി തിരക്കായിരുന്നു. അതെല്ലാം കഴിഞ്ഞ് പോകാനിരുന്നപ്പോഴാണ് കോവിഡ് വന്നത്. രണ്ടു വർഷത്തെ ലോക്ഡൗൺ കാരണം അച്ഛന് ബിസിനസിൽ നഷ്ടം വന്നു. ബാംഗ്ലൂർ പോലൊരു വലിയ നഗരത്തിൽ ഇനി പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് അച്ഛൻ പറഞ്ഞു. എല്ലാം അവസാനിപ്പിച്ച് നാട്ടിൽ കൂടാനാണ് അവരുടെ പരിപാടി. അതിന്റെ ആദൃഘട്ടമാണ് ഈ വരവ്. നിള ഈ വർഷം അഞ്ചാം ക്ലാസിലേക്കാണ്. കണ്ണാടി ഗവൺമെന്റ് യുപി സ്‌കൂളിലാണ് ഇനി നിളയെ ചേർക്കാൻ പോകുന്നത്. അഡ്മിഷൻ ശരിയാക്കാനാണ് ഈ യാത്ര. അതുകഴിഞ്ഞാൽ അച്ഛനും അമ്മയും തിരികെ ബാംഗ്ലൂരിലേക്ക് പോകും. പിന്നെ ജൂണിലെ മൺസൂണിനൊപ്പം തിരികെ വരും. ബാംഗ്ലൂരിലെ ഫ്‌ളാറ്റും സ്‌കൂളിലെ കൂട്ടുകാരേയും വിട്ടിട്ടു വരുന്നതിൽ നിളയ്ക്ക് അതിയായ സങ്കടമുണ്ടായിരുന്നു. ബോഗൺവില്ല എന്നായിരുന്നു അവരുടെ ഫ്‌ളാറ്റിന്റെ പേര്. വാച്ച്മാനായ അശോക് അങ്കിൾ, അങ്കിളിന്റെ ഡുമിനി എന്ന പട്ടിക്കുട്ടി, കൂട്ടുകാരായ ഡയാന, വല്ലി, ചിത്തിര... എല്ലാവരേയും മിസ് ചെയ്യേണ്ടി വരുന്നത് നിളയ്ക്ക് ആലോചിക്കാനേ കഴിഞ്ഞില്ല. പക്ഷേ, അച്ഛനായിരുന്നു അവൾക്ക് എല്ലാത്തിലും വലുത്. നഷ്ടം സഹിച്ച് ബാംഗ്ലൂരിൽ അച്ഛൻ എത്രകാലം പിടിച്ചു നിൽക്കാനാവും? നാട്ടിൽ കൃഷിയും മറ്റും ചെയ്യാമെന്നാണ് അച്ഛൻ വിചാരിക്കുന്നത്. അച്ഛനെ ഒരു കൃഷിക്കാരന്റെ രൂപത്തിൽ നിള സങ്കൽപിച്ചു നോക്കി. ട്രാക്റ്ററിൽ അച്ഛനോടൊപ്പം പാടത്തുടെ സഞ്ചരിക്കുന്നത്, വരമ്പത്ത് കാറ്റ് കൊണ്ടിരിക്കുന്നത്... അവളുടെ സങ്കടങ്ങളെല്ലാം മാഞ്ഞു പോകും. അതുമാത്രമല്ല, കണ്ണാടിയിൽ അവളുടെ അച്ഛച്ഛനും അച്ഛമ്മയും കാത്തിരിക്കുന്നുണ്ട്. നേരിട്ട് അവരെ കണ്ടതോർമയില്ലു. പക്ഷേ, എല്ലാദിവസവും വീഡിയോകോളിലൂടെ അവൾ അവരോട് സംസാരിക്കാറുണ്ട്. അവർ ഓരോരോ വിശേഷങ്ങൾ ചോദിക്കും, കഥകൾ പറയും. നിള പതിയെ പതിയെ കണ്ണാടിയെന്ന ഗ്രാമത്തെ ഇഷ്ടപ്പെട്ടു. അവളുടെ സ്വപ്നത്തിൽ സുന്ദരമായൊരു ഗ്രാമം പ്രതൃക്ഷപ്പെട്ടു തുടങ്ങി. ''അച്ഛനെവിടെ അമ്മാ? - നിള ചോദിച്ചു. 'മുഖം കഴുകാൻ പോയതാ. ഇപ്പോ വരും. രണ്ടാളും നല്ല ഉറക്കമായിരുന്നല്ലോ.'' നിള ജനലിൽ മുഖം ചേർത്തു. വീശിയടിക്കുന്ന കാറ്റിൽ ഏതൊക്കെയോ പൂക്കളുടെ മണം. ''എന്തൊരു സ്പീഡാണ് ട്രെയിനിന്. പുറത്തുള്ളതൊന്നും നന്നായി കാണാനേ കഴിയുന്നില്ല,'' നിള അതു പറഞ്ഞ നിമിഷം ട്രെയിനിന്റെ വേഗത കുറഞ്ഞു. പിന്നോട്ടോടി പോകുന്ന മരങ്ങൾ പതിയെ നടക്കുന്ന പോലെയായി, അവൾക്ക് അത്ഭുതം തോന്നി. ഇത് മനസ്സറിയുന്ന മാജിക് ട്രെയിനാണോ എന്നവൾക്ക് സംശയം തോന്നി. ട്രെയിനിന്റെ വേഗത പിന്നെയും പിന്നെയും കുറഞ്ഞു. ഒരിളക്കത്തോടെ അത് നിന്നു. അപ്പോഴാണ് അച്ഛൻ അവർക്കരികിലേക്കെത്തിയത്. ''ഇറങ്ങാറായോ അച്ഛാ?'' - നിള ചോദിച്ചു. ''ഇല്ല. വേറൊരു ട്രെയിന് പോകാൻ വേണ്ടി പിടിച്ചിട്ടതാണ്. ബാംഗ്ലൂരിലെ പോലെയല്ല ഇവിടെ. രണ്ടുട്രാക്കേ ഉള്ളൂ.'' - അച്ഛൻ പറഞ്ഞു. അതേതായാലും നന്നായെന്ന് നിളക്ക് തോന്നി. സ്ഥലം നന്നായൊന്ന് കാണാമല്ലോ. ''വാതിലിനടുത്താണെങ്കിൽ ഇതിലും നന്നായി കാണാം.'' - അച്ഛൻ പറഞ്ഞു. അച്ഛനോടൊപ്പം അവൾ ട്രെയിനിന്റെ വാതിലിനടുത്തേക്ക് നടന്നു. ട്രെയിൻ നിൽക്കുന്നത് ശരിക്കുമൊരു കാട്ടിൽ തന്നെയാണെന്ന് നിളയ്ക്ക് മനസിലായി. തിങ്ങി നിൽക്കുന്ന മരങ്ങൾ. ഏതൊക്കെയോ പക്ഷികളുടെ കരച്ചിലുകൾ. ''എന്തൊരു ഭംഗി.'' - നിള പറഞ്ഞു. അവൾ ഇരുവശത്തെയും വാതിലുകളിലേക്ക് മാറി മാറി നടന്ന് കാടിന്റെ ഭംഗി ആസ്വദിച്ചു. ''ഇതുപോലെ ഭംഗിയുണ്ടോ അച്ഛാ കണ്ണാടിക്ക്?' - അവൾ ചോദിച്ചു. കാണാൻ പോണ പൂരം കേട്ടറിയണോ? ഇത്തിരി നേരത്തിനകം നമ്മൾ അവിടെയെത്തില്ലേ?'''' അച്ഛൻ പറഞ്ഞതു കേട്ടപ്പോൾ നിളയുടെ ആകാംക്ഷ കൂടി. കാടിന് നടുവിലെ ഒരു ഗ്രാമം അവളുടെ മനസിൽ തെളിഞ്ഞു. വീടുകൾ, ആളുകൾ, സ്‌കൂൾ... അവളങ്ങനെ ഓരോന്ന് സങ്കൽപ്പിച്ച് നിൽക്കുമ്പോൾ ദൂരെ നിന്ന് ഒരു ട്രെയിനിന്റെ ചൂളം വിളികേട്ടു. നിമിഷങ്ങൾക്കകം പച്ചനിറത്തിലുള്ള ഒരു ട്രെയിൻ അവർക്കരികിലൂടെ പാഞ്ഞു പോയി. കൺചിമ്മി തുറന്നപ്പോഴേക്കും അതകലെയെത്തി. ഒരു കാട് കൺമുന്നിലൂടെ ഓടിപ്പോയ പോലെയാണ് നിളയ്ക്ക് തോന്നിയത്. അവരുടെ ട്രെയിൻ പതിയെ ചലിക്കാൻ തുടങ്ങി. നിളയും അച്ഛനും തിരികെ സീറ്റിൽ വന്നിരുന്നു. അമ്മ അവരുടെ സാധനങ്ങളൊക്കെ എടുത്തു ഇറങ്ങാൻ തയ്യാറായി. പരിയാപുരം റെയിൽവേസ്സ്റ്റേഷനിലേക്ക് ഇനിയധികം ദൂരമില്ലെന്ന് അച്ഛൻ പറഞ്ഞു. ട്രെയിനിന് പിന്നെ വേഗത കൂടിയില്ല, റെയിൽവേസ്റ്റേഷൻ വരെ അത് പതിയെ സഞ്ചരിച്ചു. ജനലോരത്തിരുന്ന് പുറംകാഴ്ചകൾ ഒന്നു പോലും വിട്ടുകളയാതെ നിളയുടെ കണ്ണുകൾ ഒപ്പിയെടുത്തു. അങ്ങനെ നോക്കിയിരിക്കെ അവൾ പോലുമറിയാതെ ട്രെയിൻ നിന്നു. അപ്പോൾ ലൗഡ് സ്പീക്കറിൽ നിന്നും ഒരു പെൺശബ്ദം കേട്ടു; 'പരിയാപുരം സ്റ്റേഷൻ നിങ്ങളെ സ്‌നേഹത്തോടെ വരവേൽക്കുന്നു.'' ആതിഥ്യം സ്വീകരിക്കാനെന്ന പോലെ നിള എഴുന്നേറ്റ് നിന്നു. റെയിൽവേസ്റ്റേഷൻ കണ്ടപ്പോൾ നിള അത്ഭുതപ്പെട്ടു. സാധാരണ കാണാറുള്ള റെയിൽവേ സ്റ്റേഷനുകളെ പോലെ ആയിരുന്നില്ല. കരിങ്കല്ലു കൊണ്ട് കെട്ടിയ പഴയൊരു കെട്ടിടം. ഓടിട്ട ആ കെട്ടിടവും പ്ലാറ്റ്‌ഫോമും ബ്രിട്ടീഷുകാർ ഉണ്ടാക്കിയതാണെന്ന് അച്ഛൻ അവൾക്ക് പറഞ്ഞു കൊടുത്തു. മരങ്ങളുടെ ഇലകളായിരുന്നു പ്ലാറ്റ്‌ഫോമിന്റെ മേൽക്കൂര. നിലത്തൊക്കെ ഇലകളും പൂക്കളും വീണു കിടക്കുന്നു. ട്രെയിനിൽ നിന്നിറങ്ങിയപ്പോൾ പ്ലാറ്റ്‌ഫോം അടിച്ചു വാരി വൃത്തിയാക്കുന്ന ചേച്ചി നിളയെ നോക്കി പുഞ്ചിരിച്ചു. നിളയും ചിരിച്ചു. നിലത്ത് നിന്ന് അടിച്ചുകൂട്ടിയ പൂക്കളെല്ലാം അവർ ഒരു കൊട്ടയിലേക്കു വാരിയിട്ടു. ഒക്കത്തു വെച്ച കൊട്ടയുമായുള്ള അവരുടെ പോക്ക് കണ്ടപ്പോൾ ആ ചേച്ചിയൊരു പൂക്കാരിയാണെന്ന് നിളയ്ക്ക് തോന്നി. ഒരു പൂവ് നിളയുടെ തലയിൽ വന്നു വീണു. അവളതെടുത്ത് മൂക്കത്ത് വെച്ചു. ''എന്തൊരു മണമാണച്ഛാ പൂവിന്.'' ''ചെമ്പകമാണ്.'- അച്ഛൻ പറഞ്ഞു. അവർ റെയിൽവേസ്റ്റേഷന് പുറത്തേക്ക് നടന്നു. റെയിൽവേസ്റ്റേഷന് പിറകിൽ തന്നെയായിരുന്നു പരിയാപുരത്തങ്ങാടി. പഴക്കം ചെന്നൊരങ്ങാടി. വൃത്താകൃതിയിൽ നിരന്നു നിൽക്കുന്ന ഓടിട്ട കെട്ടിടങ്ങൾ. എല്ലാത്തിനും ഷട്ടറുകൾക്ക് പകരം നിരപ്പലകകൾ, ''നൂറുവർഷത്തെ പഴക്കമെങ്കിലുമുണ്ടാകും ഈ കെട്ടിടങ്ങൾക്ക്.' അച്ഛൻ പറഞ്ഞു. നിള ഓരോ കച്ചവടക്കാരെയും ശ്രദ്ധിച്ചു. പലചരക്ക്, പച്ചക്കറി, ടെക്‌സ്‌റ്റൈൽസ്, ഫാൻസി ഷോപ്പ്, ബുക്സ്റ്റാൾ... അങ്ങനെയങ്ങനെ. അതിനു പുറമെ സ്വന്തമായി കടമുറികളില്ലാത്ത തെരുവ് കച്ചവടക്കാരും. മൺപാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, പച്ചമരുന്നുകൾ എന്നിങ്ങനെയുള്ള സാധനങ്ങൾ റോഡരികിൽ നിരത്തി വെച്ചിരിക്കുന്നു. ആളുകൾ വിലപേശുന്നു. കലപില സംസാരിക്കുന്നു... തിരക്ക് കുറഞ്ഞ അങ്ങാടി നിളയ്ക്ക് നന്നായി ഇഷ്ടപ്പെട്ടു. അവർ ടെക്‌സ്‌റ്റൈൽസിലേക്ക് കയറി. കടയുടെ ഉടമസ്ഥൻ പുഞ്ചിരിയോടെ അവരെ സ്വീകരിച്ചു. ''ഒത്തിരി കാലമായല്ലോ കണ്ടിട്ട്. '- അയാൾ അച്ഛനോട് കുശലം ചോദിച്ചു. ഇനിയെന്നും കാണാലോ.' - അച്ഛൻ പറഞ്ഞു. അതെന്താ? നാട്ടിൽ കൂടാനാണോ പരിപാടി?'' ഉം. കൃഷിയും കാര്യങ്ങളുമായി. പിന്നെ അമ്മക്കും അച്ഛനും പ്രായമായി വരികയല്ലേ.'' അയാൾ അമർത്തിയൊന്ന് മൂളി. അച്ഛമ്മക്ക് ഒരു വേഷ്ടി മുണ്ടും ബ്ലൗസും. അച്ഛച്ഛന് മുണ്ടും ഷർട്ടും. അത് വാങ്ങാനാണ് അവർ അങ്ങോട്ട് കയറിയത്. നിളയാണ് എല്ലാം സെലക്റ്റ് ചെയ്തത്. അച്ഛനും കടക്കാരനും വിശേഷം പറയുന്ന നേരത്ത് നിള പറഞ്ഞു കൊടുക്കുന്ന ഡ്രസ്സുകൾ റേക്കിൽ നിന്ന് അമ്മ എടുത്തു കൊടുത്തു. ''നീയെന്നെ ഇവിടുത്തെ സെയിൽസ് ഗേളാക്കിയോ?'' - അമ്മ ചോദിച്ചു. നിള ചിരിച്ചു. കുറച്ച് നേരത്തെ തിരച്ചിലിന് ശേഷം നിള മനസിൽ കണ്ട മുണ്ടും ഷർട്ടും വേഷ്ടിയും അവർക്ക് കിട്ടി. കടുംപച്ച ഷർട്ടും ബ്ലൗസും. അതിനോട് ചേർന്ന കരയുള്ള മുണ്ടും വേഷ്ടിയും. ''കണ്ണാടിക്ക് ചേർന്ന നിറം. ബില്ല് കൊടുക്കുമ്പോൾ കടക്കാരൻ പറഞ്ഞു. ''അതെന്താ? - നിള ചോദിച്ചു. ''കണ്ണാടിയിൽ എങ്ങും പച്ചനിറമല്ലേ, പ്രത്യേകിച്ചും കണ്ണാടിക്കാട്.'' 'കണ്ണാടിക്കാട് ഇപ്പോഴുമുണ്ടോ? കഴിഞ്ഞ തവണ വന്നപ്പോ അതാകെ വെട്ടി വെളുപ്പിച്ച് എന്തൊക്കെയോ പദ്ധതികൾ വരാൻ പോകുന്നെന്നാണല്ലോ കേട്ടത്.' - അച്ഛൻ പറഞ്ഞു. ഉണ്ടോന്നോ. പണ്ടത്തേതിനേക്കാൾ കാട്് പിടിച്ചിട്ടുണ്ട്. പിന്നെ നമ്മുടെ പഴയ കണ്ണാടിയല്ല അതിപ്പോൾ.'' - അയാളുടെ സംസാരത്തിൽ എന്തോ നിഗുഡതയുള്ള പോലെ നിളക്ക് തോന്നി. അച്ഛൻ ചോദിച്ചിട്ടും അയാൾ ഒന്നും പറയാൻ കൂട്ടാക്കിയില്ല. പരിശ്രമത്തോടെ അയാൾ ചുറ്റും നോക്കി. പിന്നെ ശബ്ദം താഴ്ത്തി പറഞ്ഞു. ''എന്തായാലും നാട്ടിൽ തന്നെ കൂടാൻ പോവുകയാണന്നല്ലേ പറഞ്ഞത്. നമ്മുടെ വെള്ളച്ഛനെ കണ്ട് ഒരു രക്ഷ വാങ്ങി കെട്ടണം മൂന്നാളും. വൈകണ്ട.'' ''അതെന്തിനാ അങ്കിളേ രക്ഷ?'' - നിളയ്ക്ക് കൗതുകമടക്കാനായില്ല. അയാൾ ശബ്ദം പിന്നേയും താഴ്ത്തി : ''കണ്ണാടിയിൽ ഒരു മന്ത്രവാദിനിയുണ്ട്. ദൂർമന്ത്രവാദിനി. ഒരു നോട്ടം കൊണ്ട് അവൾ ആളുകളെ ദുഷിപ്പിച്ചു കളയും.'' നിളയ്ക്ക് വല്ലാത്ത പേടി തോന്നി. അയാൾ പറയുന്നത് കേട്ടിട്ടല്ല; അയാളുടെ മുഖഭാവം കണ്ടിട്ട്. (തുടരും.......)

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കണ്ണാടിയിലെ മന്ത്രവാദിനി: പുതിയ നോവൽ തുടങ്ങുന്നു — Mathrubh… | Boolokam