Last Updated: 03 May 2026, 11:28 PM IST കഴിഞ്ഞമാസത്തെ നിയമസഭാ തിരഞ്ഞെടുപ്പുകളില്ലായിരുന്നെങ്കിൽ ഈ ഭാരിച്ച വിലവർധന നേരത്തേതന്നെ നടപ്പിൽവരുത്തുമായിരുന്നു ‘മാതൃഭൂമി’യുടെ ഇന്നലത്തെ പ്രധാന തലക്കെട്ട് വിളിച്ചുപറഞ്ഞതുപോലെ, വാണിജ്യോപയോഗത്തിനുള്ള പാചകവാതക സിലിൻഡറിന്റെ വില ഭീമമായി വർധിപ്പിച്ച കേന്ദ്രസർക്കാരിന്റെ നടപടി ‘പാതകം’തന്നെയായി. ധാർമികമായൊരു തെറ്റിനെ ദ്യോതിപ്പിക്കാനാണ് ‘മാതൃഭൂമി’ ആ വാക്ക് ശ്രദ്ധയോടെ തിരഞ്ഞെടുത്തത്. റസ്റ്ററന്റുകൾ പ്രധാനമായി പാചകത്തിനുപയോഗിക്കുന്ന പത്തൊൻപതുകിലോ സിലിൻഡറിന് 993 രൂപയാണ് ഒറ്റയടിക്കു കൂട്ടിയത്. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പിന്റെ എല്ലാഘട്ടങ്ങളും അവസാനിക്കാൻ കാത്തിരുന്നതുപോലെയായിരുന്നു കേന്ദ്രനടപടി. കഴിഞ്ഞ ബുധനാഴ്ച പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം പൂർത്തിയായി രണ്ടാംദിവസമാണ് വിലവർധന പ്രഖ്യാപിച്ചത്. അതിലെ കൗശലം ആരുടെയും ശ്രദ്ധയിൽപ്പെടാതെപോകില്ല. നിയമസഭാതിരഞ്ഞെടുപ്പിനുശേഷം ഇന്ധനവിലകൾ കൂട്ടുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും കേന്ദ്രസർക്കാർ അത് നിഷേധിച്ചിരുന്നു. പെട്രോൾ, ഡീസൽ, ഗാർഹിക പാചകവാതക സിലിൻഡർ എന്നിവയുടെ വിലവർധനകൂടി വരുംദിവസങ്ങളിലുണ്ടാകുമെന്നുതന്നെയാണു പ്രബലസൂചന. യു.എസ്.-ഇറാൻ സംഘർഷത്താലുളവായ ആഗോള ഇന്ധനപ്രതിസന്ധിയാണ് ഇപ്പോഴത്തെ വിലവർധനയ്ക്കു കാരണമെങ്കിലും സ്വജനത്തോടുള്ള ഭരണകൂടത്തിന്റെ അനുതാപരാഹിത്യം അതിൽ പ്രകടമാകുന്നുണ്ട്. ഇത്ര കനത്തവർധന, തിരഞ്ഞെടുപ്പുകൾ പൂർത്തിയായ തക്കംനോക്കി നടപ്പാക്കിയതിനെ മറ്റേതുവിധത്തിലാണു വിശദീകരിക്കാനാകുക? ഈ വിലവർധന വലിയൊരു തൊഴിൽമേഖലയെ ബാധിക്കുമെന്നും ചെറിയ ഭക്ഷണശാലകൾ, ഇടത്തരം റസ്റ്ററന്റുകൾ എന്നിവ പൂട്ടിപ്പോകുകയോ ഭക്ഷ്യവിഭവങ്ങളുടെ വില വർധിപ്പിക്കുകയോചെയ്യുന്നത് സാധാരണക്കാരായ ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കുമെന്നും സർക്കാർ കണക്കിലെടുത്തില്ല. ജനകീയഹോട്ടലുകൾ, ഹോസ്റ്റലുകൾ, പൊതു കാന്റീനുകൾ എന്നിവയുടെ പ്രവർത്തനത്തെ ബാധിച്ചാൽ കുഴഞ്ഞുപോകുന്നത് സാധാരണമനുഷ്യരാണ്. തിരഞ്ഞെടുപ്പുനേട്ടത്തിന് ഉപയോഗിക്കുന്നതിനപ്പുറം ക്ഷേമരാഷ്ട്രീയത്തിൽ കേന്ദ്രഭരണകർത്താക്കൾക്കു താത്പര്യമില്ലെന്നതാണ്, ആഗോളവിലയുടെ ഭാരം ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ പൗരരിലേക്കു സംക്രമിപ്പിച്ചതിൽനിന്നു വ്യക്തമാകുന്നത്. കഴിഞ്ഞമാസത്തെ നിയമസഭാതിരഞ്ഞെടുപ്പുകളില്ലായിരുന്നെങ്കിൽ ഈ ഭാരിച്ച വിലവർധന നേരത്തേതന്നെ നടപ്പിൽവരുത്തുമായിരുന്നെന്ന് ഊഹിക്കാൻ പ്രയാസമില്ല. ‘ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്’ എന്ന ലക്ഷ്യവുമായി ഈ സർക്കാർ മുന്നോട്ടുപോകുന്നതിന്റെ ഉദ്ദേശ്യം ഇതിലൂടെ വെളിപ്പെടുന്നുണ്ട്. യു.എസ്.-ഇറാൻ സംഘർഷം തുടങ്ങിയശേഷം പത്തൊൻപതു കിലോയുടെ വാണിജ്യസിലിൻഡറിന് മാർച്ചിൽ 114.50 രൂപയും കഴിഞ്ഞമാസം 195.50 രൂപയും കൂട്ടിയിരുന്നു. അതിനുമുൻപും ഈവർഷം രണ്ടുതവണ വിലകൂട്ടി. കഴിഞ്ഞ ഡിസംബറിൽ 1587 രൂപ(കൊച്ചി) വിലയുണ്ടായിരുന്ന സിലിൻഡറിന് ഇപ്പോഴത്തെ വർധനയോടെ 3085 രൂപയായി. മാർച്ചിൽ ഗാർഹിക സിലിൻഡറിന് അറുപതുരൂപ വർധിപ്പിച്ചിരുന്നു. രാജ്യാന്തര എണ്ണവില കുറയുമ്പോൾ അതിന്റെ മെച്ചം ജനങ്ങൾക്കു നിഷേധിച്ചുകൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയുമൊക്കെ എക്‌സൈസ് നികുതി വർധിപ്പിക്കുന്ന പതിവ് സർക്കാരിനുണ്ട്. വിലകൂടില്ലെങ്കിലും ജനങ്ങൾക്ക് അർഹതപ്പെട്ട ഇളവ് ലഭിക്കില്ലെന്നതാണു പ്രശ്നം. അതേസമയം, രാജ്യാന്തരവിപണിയിൽ ഇന്ധനവില ഉയരുമ്പോൾ അതിന്റെ ഭാരം അപ്പപ്പോൾ ജനങ്ങളിലേക്കു കൈമാറാൻ സർക്കാർ മടിക്കാറുമില്ല. ഇപ്പോഴത്തെ വിലവർധനയുടെ കാര്യത്തിലും അതാണു സംഭവിച്ചിരിക്കുന്നത്. ഇനി പെട്രോൾ, ഡീസൽ വിലകൾകൂടി കണ്ണിൽച്ചോരയില്ലാതെ ഉയർത്തിയാൽ രാജ്യത്ത് അവശ്യവസ്തുക്കളുടെ വിലവർധന അസഹ്യമാകും. ഗാർഹിക പാചകവാതകസിലിൻഡറിന്റെ വിലകൂട്ടിയാലും കുടുംബബജറ്റിനെ ബാധിക്കും. രാജ്യാന്തരരംഗത്ത് ഇന്ധനവില കുറയുമ്പോൾ അതിന്റെ ഗുണം പൗര ർക്ക് അനുഭവവേദ്യമാക്കുകയും വിലകൂടുമ്പോൾ അതിന്റെ ഭാരത്തിൽനിന്നു ജനതയെ കഴിയുന്നത്ര സംരക്ഷിച്ചുനിർത്തുകയുമാണ് ജനോന്മുഖവും ക്ഷേമതത്പരവുമായൊരു ഭരണകൂടം ചെയ്യേണ്ടത്. To advertise here, Published: 03 May 2026, 11:28 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

