കണ്ണീരൊഴുക്കി കർഷകർ

കണ്ണീരൊഴുക്കി കർഷകർ

വരൾച്ച; വോൾട്ടേജ് ക്ഷാമത്താൽ ജലസേചനവും മുടങ്ങി To advertise here, ബന്തടുക്ക: മലയോരത്ത് നാലാൾ കൂടുന്നയിടങ്ങളിലെല്ലാം പ്രധാന സംസാരവിഷയം ചൂട്, വരൾച്ച, ജലക്ഷാമം, വൈദ്യുതി വോൾട്ടേജില്ലായ്മ എന്നതിനെപ്പറ്റിയാണ്. ഇത്തവണ കടുത്ത വേനലിൽ ഏറെ ബുദ്ധിമുട്ടിലാണ് ജനം. ജലസേചനം നടത്താത്തതിനാൽ കാർഷിക വിളകൾ ഉണങ്ങിത്തുടങ്ങി. മിക്കയിടങ്ങളിലും വിളകൾക്ക് വെള്ളം നനച്ചിട്ട് ആഴ്ചകളോളമായി. നട്ടുനനച്ചുണ്ടാക്കിയവ കരിഞ്ഞുണങ്ങുന്നത് നോക്കി നെടുവീർപ്പിടാനേ കർഷകർക്കാകുന്നുള്ളു. നാളിതുവരെ ഇത്രയും വരൾച്ചയുണ്ടായിട്ടില്ലെന്ന് മുതിർന്നവർ പറയുന്നു. മഴക്കാലമാകാൻ ഇനിയും ആഴ്ചകൾ കാത്തിരിക്കണം. അതുവരെ വിളകളെ എങ്ങനെ സംരക്ഷിക്കുമെന്നറിയാതെ സങ്കടപ്പെടുകയാണ് കർഷകർ. തോടുകൾ വറ്റി :തോടുകൾ വറ്റിയതിനാൽ ആശങ്കയിലാണ് കർഷകർ. കാർഷിക ജലസേചനത്തിന് മലയോരത്ത് ഏറെ പ്രധാന്യമുണ്ട് തോടുകൾക്ക്. മുൻകാലങ്ങളിൽ വേനലിലും വെള്ളം ഉണ്ടായിരുന്ന തോടുകളാണ് ഇപ്പോൾ വറ്റിയിരിക്കുന്നത്. ഇത്തവണ മാർച്ച് ആദ്യവാരങ്ങളിൽ ആവശ്യത്തിന് വെള്ളം ഉണ്ടായിരുന്ന തോടുകളിൽ പൊടുന്നനെയാണ് കാര്യമായ രീതിയിൽ കുറവുവന്നത്. വറ്റിയ തോട്ടിൽ വെള്ളം കണ്ടെത്താൻ ചെറുകുഴികൾ നിർമിച്ചിട്ടും ഫലമില്ല. തോടുകളിലെ ജലസമൃദ്ധിയെ ആശ്രയിച്ചായിരുന്നു മുൻകാലങ്ങളിൽ ഇവിടങ്ങളിലെ കൃഷികളെല്ലാം. തോട്ടിൻകരയിലെ പാടങ്ങളിൽ പച്ചക്കറിക്കൃഷിയും ഉണങ്ങി. തോട്ടിൽനിന്നും പൈപ്പുവഴി താഴ് വാരങ്ങളിലെ വീടുകളിലേക്ക് വെള്ളമെത്തിക്കുന്നതും നിലച്ചു. കർണാടക-കേരള വനങ്ങളിൽനിന്നും ഉത്ഭവിക്കുന്ന തോടുകളുടെ കരയിൽ കവുങ്ങ്, തെങ്ങ് കൃഷി വ്യാപകമാണ്. വെള്ളം തടഞ്ഞുനിർത്തി കൃഷിയിടത്തിലേക്ക് തിരിച്ചുവിടാൻ മുൻപ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവ സൗകര്യങ്ങളും ഒരുക്കിയിരുന്നു. കോൺക്രീറ്റ് പാലങ്ങളും ഇവയിൽ പലക ഉപയോഗിച്ചുള്ള തടയണയും ഉണ്ട്. അതതു പ്രദേശത്തെ സമിതികൾക്കായിരുന്നു ഇവയുടെ മേൽനോട്ടം. എന്നാൽ ഇപ്പോൾ വെള്ളവുമില്ല ഒന്നിനും പലകയുമില്ല. ചിലയിടങ്ങളിൽ അടുത്തകാലംവരെ കവുങ്ങിൻ ചീളുകൾ ഉപയോഗിച്ചും മറ്റും വെള്ളം തടഞ്ഞുനിർത്തിയിരുന്നു. കുഴൽകിണറുകളിലും വെള്ളംകുറഞ്ഞു :കുഴൽകിണറുകളിലും ആഴ്ചകളായി ജല ലഭ്യത കുറഞ്ഞു. പമ്പ് പ്രവർത്തിപ്പിച്ച് മണിക്കൂറുകളോളം വെള്ളം ലഭിച്ചിരുന്നവയിൽ ഇപ്പോൾ അത്യാവശ്യത്തിനു മാത്രമേ കിട്ടുന്നുള്ളു. പുതിയതായി നിർമിക്കുന്നവയ്ക്കാണെങ്കിൽ വെള്ളം കണ്ടുകിട്ടാൻ മുൻകാലങ്ങളെ അപേക്ഷിച്ച് ഏറെ താഴ്ചയിലേക്ക് കുഴിക്കേണ്ട സ്ഥിതിയാണ്. റോഡ് സൗകര്യം കുറഞ്ഞ കുന്നിൻമുകളിലെ മിക്കയിടങ്ങളിലേക്കും കുഴൽക്കിണർ കുഴിക്കാനുള്ള വലിയവാഹനം കടന്നു ചെല്ലാത്തതിനാൽ ഇതിലൂടെയും വിളസംരക്ഷണം സാധ്യമാകാതെ വരുന്നു. മഴ പെയ്തില്ല :ഇത്തവണ വേനലിൽ കാര്യമായ അളവിൽ മഴ ലഭിച്ചില്ല. അതിനാൽ തോട്ടങ്ങളിലെ പച്ചപ്പ് പൂർണമായും നഷ്ടപ്പെട്ടു. മഴ പെയ്യാത്തതിനാൽ കവുങ്ങ് കർഷകരെയാണ് ഏറെ ബാധിച്ചത്. മുൻ വർഷങ്ങളിൽ ഏപ്രിൽ മധ്യത്തോടെ മിക്കയിടങ്ങളിലും വിളകൾക്കുള്ള ജലസേചനം നിർത്തിയിരുന്നു. തുടർച്ചയായും ആവശ്യമായ അളവിലും മഴ ലഭിച്ചിരുന്നതിനാലാണിത്. വോൾട്ടേജ് ക്ഷാമം രൂക്ഷം :കെ.എസ്.ഇ.ബി. കുറ്റിക്കോൽ സെക്ഷൻ പരിധിയിലെ മിക്കയിടങ്ങളിൽ ജലസേചനത്തിനുള്ള പമ്പുകൾ വോൾട്ടേജ് ക്ഷാമംകാരണം പ്രവർത്തിക്കാത്തതും കർഷകരെ ഏറെ സങ്കടത്തിലാക്കുന്നു. പമ്പുകൾ മാത്രമല്ല ഗാർഹിക ഉപകരണങ്ങളൊന്നും കൃത്യമായി പ്രവർത്തിപ്പിക്കാനാകാത്ത സ്ഥിതിയാണ്. കിണർ, കുഴൽകിണർ എന്നിവയുടെ പമ്പുകൾ പ്രവർത്തിപ്പിച്ച് ഒരുനില കോൺക്രീറ്റ് വീടിന്റെ മുകളിൽ സ്ഥാപിച്ച ജലസംഭരണിയിലേക്ക് പോലും വെള്ളം എത്തിക്കാനാകുന്നില്ല. ബന്തടുക്ക മുളിപ്പടുപ്പിലുള്ള ഒട്ടേറെ ഉപഭോക്താക്കൾ ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നു. വോൾട്ടേജ് ക്ഷാമം ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കുറ്റിക്കോൽ പഞ്ചായത്തംഗം ശോഭനാബാലചന്ദ്രൻ കെ.എസ്.ഇ.ബി. കുറ്റിക്കോൽ സെക്ഷൻ അസിസ്റ്റൻ്റ് എൻജിനീയർക്ക് നിവേദനം നൽകി. മുളിപ്പടുപ്പിലെ ഗാർഹിക വൈദ്യുതി ഉപഭോക്താതാക്കൾ, കർഷകർ എന്നിവരും പ്രത്യേകം നിവേദനം നൽകി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കണ്ണീരൊഴുക്കി കർഷകർ — Mathrubhumi | Boolokam | Boolokam