ക ണ്ണും കരളുമൊക്കെവെച്ച് ആയിരക്കണക്കിന് പാട്ടുകൾ വന്നിട്ടുണ്ടാകും മലയാളത്തിൽ. എന്നാൽ നാവ് കൊണ്ട് തുടങ്ങുന്ന പാട്ട് ഒരപൂർവത തന്നെ. To advertise here, ഭാസ്‌കരൻ മാഷ് അവിടേയും നമ്മെ വിസ്മയിപ്പിക്കുന്നു. മറവിയുടെ തീരത്തേക്ക് യാത്രയാകും മുൻപ് അദ്ദേഹം അവസാനമെഴുതിയ പാട്ടുകളിലൊന്ന് തുടങ്ങുന്നത് നാവിൽ നിന്നാണ്: 'നാവൊരു നാണം കുണുങ്ങി, എന്റെയീ നാവൊരു നാണം കുണുങ്ങി, കണ്ടാൽ നാണം, മിണ്ടാൻ നാണം, കണ്ണെറിയാനും നാണം, പുഞ്ചിരികൊണ്ടൊരു ചെണ്ട് തരാനും നാണം, മലർച്ചെണ്ട് തരാനും നാണം...' പ്രണയത്തിന്റെ ദേവരാഗങ്ങൾ എന്ന ആൽബത്തിന് വേണ്ടി ഈ ഗാനം ചിട്ടപ്പെടുത്തിയത് സാക്ഷാൽ ദേവരാജൻ മാസ്റ്റർ. പാടിയത് ജയചന്ദ്രൻ. തീർന്നില്ല. മനുഷ്യശരീരത്തിലെ മിക്കവാറും അവയവങ്ങളെല്ലാം കടന്നുവന്നിട്ടുണ്ട് ഭാസ്‌കരഗീതികളിൽ. പാട്ടിന്റെ ആശയങ്ങളുമായി അവയെ ചേർത്തുവെക്കുന്നതിലുമുണ്ട് സവിശേഷമായ ആ ഭാസ്‌കരൻ ടച്ച്. സംശയമുണ്ടെങ്കിൽ ഈ പട്ടികയൊന്ന് ശ്രദ്ധിക്കൂ; മനസിനെ മാത്രമല്ല ശരീരത്തേയും മാസ്റ്റർ സ്വന്തം ഗാനങ്ങളിൽ എങ്ങനെ അടയാളപ്പെടുത്തിയിരിക്കുന്നു എന്നറിയാൻ. മുടി-മുല്ലപ്പൂ തൈലമിട്ട് മുടിചീകിയ മാരനൊരുത്തൻ (മുതലാളി) നെറ്റി-കുടിലകുന്തളം പാറും കുളിർനെറ്റി തൊഴുന്നേൻ (കേശാദിപാദം- പകൽക്കിനാവ്) നിറുക-നിറുകയിൽ പീലികുത്തി ചുരുൾമുടി മേലെ ചുറ്റി (വാകച്ചാർത്ത് കഴിഞ്ഞൊരു ദേവന്റെ- ഇരുട്ടിന്റെ ആത്മാവ്) പുരികം-വമ്പെഴും നിന്റെ പുരികക്കൊടിയുടെ അമ്പുകൊണ്ട് ഞരമ്പുകൾ (കായലരികത്ത്- നീലക്കുയിൽ) കണ്ണ്-അഞ്ജനക്കണ്ണെഴുതി (തച്ചോളി ഒതേനൻ) കാത്-കിളിയൊച്ചയുമായ് നിന്നുടെ കാതിൽ കളിചിരി നാദം കേൾപ്പിക്കാം (കണ്മണി നീയെൻ- കുപ്പിവള) മൂക്ക്-പല്ലാക്ക് മൂക്ക് കണ്ടു ഞാൻ കൊതിച്ചു (മുല്ലപ്പൂം പല്ലിലോ മുക്കുറ്റി കവിളിലോ- അരക്കള്ളൻ മുക്കാക്കള്ളൻ) പല്ല്-പല്ല് പോയ കിഴവി കണ്ണിൽ തെല്ലു സുറുമയെഴുതി (സുറുമ നല്ല സുറുമ- കായംകുളം കൊച്ചുണ്ണി) കവിൾ-കവിളത്തെ കണ്ണീർ കണ്ട് (അന്വേഷിച്ചു കണ്ടെത്തിയില്ല) ചുണ്ട്-ചുണ്ടത്തെ പാത്രത്തിൽ സൂക്ഷിച്ച പുഞ്ചിരി (പൊയ്മുഖങ്ങൾ) നാവ്-നരിയേം നായരേം ഒന്നിച്ചുതിന്നും നാവ് വളർന്നൊരമ്മച്ചി (ഹാല് പിടിച്ചൊരു- നായര് പിടിച്ച പുലിവാല്) മീശ-മീശക്കാരൻ കേശവന് ദോശ തിന്നാൻ (മുത്തശ്ശി) താടി-എരുക്കിന്റെ താടിമീശ പറന്നുവന്നു (കുറുന്തോട്ടി കായ പഴുത്തു- കുപ്പിവള) നുണക്കുഴി-അന്നുനിന്റെ നുണക്കുഴി (പരീക്ഷ) കഴുത്ത്-കൈതപ്പൂ കവിളാണ് കാറക്കഴുത്താണ് (പുള്ളിമാനല്ല) ചുമൽ- ചുമലിൽ സ്വപ്‌നത്തിൻ ശവമഞ്ചം (വിരുന്നുകാരി) നെഞ്ച്-എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്ലാണീ നെഞ്ചിലെന്ന് (നീലക്കുയിൽ) കരൾ-കരളിൽ കണ്ണീർ മുകിൽ നിറഞ്ഞാലും (ബാല്യകാലസഖി) മാറ്-മാറോടണച്ചു ഞാൻ ഉറക്കിയിട്ടും (കാട്ടുകുരങ്ങ്) വയർ- വണ്ടീ വണ്ടീ നിന്നെപ്പോലെ വയറിലെനിക്കും തീയാണ് (ഡോക്ടർ) പള്ള-ബാപ്പാനെ കണ്ടാൽ പള്ളക്ക് കുത്ത് (കൊല്ലാൻ നടക്കണ-സുബൈദ) മുട്ട്- തട്ടിക്കമിഴ്ന്നു കളിച്ചാട്ടെ പിന്നെ മുട്ടുകൾ കുത്തി നടന്നാട്ടെ (പൊട്ടിച്ചിരിക്കല്ലേ പൊന്മകളേ- കുപ്പിവള) അരക്കെട്ട്-അരയിലെ മഞ്ഞപ്പട്ടുടയാട തൊഴുന്നേൻ (കേശാദിപാദം-പകൽക്കിനാവ്) കൈ-എന്റെ വളയിട്ട കൈപിടിച്ച വിരുന്നുകാരൻ (സുബൈദ) വിരൽ-വിരലൊന്നു മുട്ടിയാൽ പൊട്ടിച്ചിരിക്കുന്ന (ഡോക്ടർ) കാൽ-കാലൊച്ച മുറ്റത്ത് കേട്ടപ്പോൾ ഒരുവൾക്ക് കനകക്കിനാവിന്റെ കളിയാട്ടം (കടവത്ത് തോണി- മുറപ്പെണ്ണ്) പാദം-പാരാകെ ഇരുളിൽ പതിക്കുമ്പോൾ പാദം നടന്നു തളരുമ്പോൾ (ഏകാന്തപഥികൻ- ഉമ്മാച്ചു) നഖം-കാൽനഖം കൊണ്ടൊരു വര വരച്ചു (പൂർണേന്ദുമുഖി- കുരുക്ഷേത്രം)

കണ്ണും കരളും മാത്രമല്ല, ‘നാവി’ൽ തുടങ്ങുന്ന അപൂർവ്വ ഗാനം; ശരീരത്തെ ഗാനങ്ങളിൽ അടയാളപ്പെടുത്തിയ മാഷ്
M
MathrubhumiSource Link
18 days ago