2002-ൽ കണ്ണൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിലൂടെ പിണറായി വിജയൻ വീണ്ടും കേരളത്തിലെ സി.പി.എമ്മിന്റെ അമരക്കാരനായി. പിണറായി പിടിമുറുക്കിയപ്പോൾ പാർട്ടിയെ ചൂഴ്ന്ന് വിഭാഗീയതയുടെ നാളുകൾ രൂപം കൊള്ളുകയായിരുന്നു. സാമൂഹിക, പരിസ്ഥിതിരംഗങ്ങളിലെ ഇടപെടലുകളിലൂടെ വി.എസ്.അച്യുതാനന്ദൻ പാർട്ടിക്ക് പുറത്തേക്ക് ശാഖകൾ വിടർത്തി. പിണറായിയുടെ തട്ടകമായ കണ്ണൂരിൽനിന്ന് വി.എസിന് കിട്ടിയ പരസ്യപിന്തുണ ആദ്യകാല കമ്യൂണിസ്റ്റും പത്രപ്രവർത്തകനുമായ ബെർലിൻ കുഞ്ഞനന്തൻ നായരുടെയായിരുന്നു. To advertise here, പിണറായിയുടെ നയങ്ങൾക്കുനേരേ അതിരൂക്ഷ വിമർശവുമായി പൊളിച്ചെഴുത്തിനിറങ്ങിയ ബെർലിന് അധികം വൈകാതെ പാർട്ടി പുറത്തേക്ക് വാതിൽതുറന്നു, 2005-ൽ. വിമർശനത്തിന്റെ കൂരമ്പുകളുമായി വി.എസ്. പക്ഷത്ത് ബെർലിൻ നിറഞ്ഞാടിയപ്പോൾ കണ്ണൂരിലേക്ക് രാഷ്ട്രീയകേരളം കണ്ണും കാതും തുറന്നു. ജനകീയാസൂത്രണം, റിച്ചാർഡ് ഫ്രാങ്കി, നാലാംലോകം -വിഭാഗീയ കാലത്ത് വി.എസും കൂടെയുള്ളവരും ഉയർത്തിയ നയവ്യതിയാനത്തിന്റെ പര്യായങ്ങളിൽ പലതിനും കണ്ണൂരിലും വേരുകളുണ്ടായിരുന്നു. സാമ്രാജ്യത്വപദ്ധതിയെന്ന് ആരോപണം നേരിട്ട ജനകീയാസൂത്രണത്തിന്റെ പരീക്ഷണശാല കല്യാശ്ശേരി പഞ്ചായത്തായിരുന്നു. ശാസ്ത്രസാഹിത്യപരിഷത്തിനായിരുന്നു അതിന്റെ നേതൃത്വം. കല്യാശ്ശേരി മാതൃകയിലാണ് സംസ്ഥാനത്താകെ 1996-ലെ നായനാർ സർക്കാർ ജനകീയാസൂത്രണം നടപ്പാക്കിയത്. അതുകൊണ്ടുതന്നെ പരിഷത്തിനെ പ്രതിക്കൂട്ടിൽനിർത്തിയുള്ള വിമർശനങ്ങൾ കണ്ണൂരിൽ കൂടുതലായി പ്രതിധ്വനിച്ചു. വിജയൻ മാഷിന്റെ ശിഷ്യർ : വി.എസിനും കൂടെയുള്ളവർക്കും പാർട്ടിയിലെ പോരാട്ടത്തിന് ആശയപരമായ അടിത്തറയൊരുക്കിയ എം.എൻ.വിജയന്റെ ദീർഘകാലത്തെ തട്ടകം കണ്ണൂരായിരുന്നു. ബ്രണ്ണൻ കോളേജിലെ മാഷിന്റെ ശിഷ്യസമ്പത്ത് പാർട്ടിയുടേതുമായി. പാപ്പിനിശ്ശേരി പാമ്പുവളർത്തൽകേന്ദ്രം തീവെപ്പ്, ക്ലാസ് മുറിയിൽ അധ്യാപകൻ കെ.ടി.ജയകൃഷ്ണനെ വെട്ടിക്കൊന്ന സംഭവം എന്നിവയിൽ പരുങ്ങിയ പാർട്ടിക്ക് വാക്കുകളുടെ പടച്ചട്ടയൊരുക്കിയപ്പോൾ അദ്ദേഹം പാർട്ടി പ്രവർത്തകരുടെയാകെ മാഷായി മാറിയിരുന്നു. വിഭാഗീയകാലമാകും മുൻപേ ധർമടത്തുനിന്ന് കൊടുങ്ങല്ലൂരിലേക്ക് താമസം മാറിയ മാഷ് പാർട്ടിയെ പാഠം പഠിപ്പിക്കാൻ ചൂരലെടുത്തപ്പോൾ പു.ക.സ.യിൽനിന്ന് അകന്നുകൊണ്ട് ശിഷ്യരിൽ ഒരുവിഭാഗം ഐക്യദാർഢ്യവും പ്രകടിപ്പിച്ചു. വിഭാഗീയതയും വി.എസ്. പക്ഷവും ചരിത്രമായി. മിക്കവരും ചുവടുമാറ്റിയപ്പോഴും വി.എസ്. മുന്നോട്ടുവെച്ച രാഷ്ട്രീയവും വിമർശനവും അതേ അളവിൽ കൊണ്ടുനടക്കുന്നു, കവി കെ.സി. ഉമേഷ്ബാബു. വിഭാഗീയതയുടെ ചൂടേറിയ കാലത്ത് പാർട്ടിക്കെതിരേ കവിതയെഴുതിയെന്നായിരുന്നു കവിക്കെതിരായ കുറ്റം. പാർട്ടി പിണറായിക്കുപിന്നിൽ ഏകശിലയായി. അപ്രിയരും പ്രിയരും :2006-ലെ തിരഞ്ഞെടുപ്പിൽ വി.എസ്.അച്യുതാനന്ദന് ആദ്യം പാർട്ടി സീറ്റ് നിഷേധിച്ചു. തെരുവിലേക്ക് പടർന്ന അതിന്റെ അലയൊലികൾ നേരിടാനുള്ള തീരുമാനം പാർട്ടി മാറ്റി. കണ്ണൂരിലും അതിന്റെ അലയൊലികൾ അങ്ങിങ്ങുണ്ടായിരുന്നു. പാർട്ടിക്ക് പുറത്തേക്ക് വി.എസ്. ജനകീയനായി പടർന്നുകയറിയശേഷം നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. തരംഗം ആഞ്ഞുവീശി. യു.ഡി.എഫ്. കണ്ണൂരിൽ രണ്ട് സീറ്റിലൊതുങ്ങി. പേരാവൂർ കോൺഗ്രസിനെ കൈവിട്ടു. കെ.കെ.ശൈലജ പേരാവൂരിന്റെ എം.എൽ.എ.യായി. കൊല്ലത്തുനിന്നെത്തിയ രാജ്‌മോഹൻ ഉണ്ണിത്താൻ തലശ്ശേരിയിൽ പ്രചാരണ കൊടുങ്കാറ്റായെങ്കിലും വിജയം കോടിയേരിക്കുതന്നെ. പി.കെ.ശ്രീമതി, എം.പ്രകാശൻ, പി.ജയരാജൻ, കെ.പി.മോഹനൻ, കെ.സി.ജോസഫ്, കെ.സുധാകരൻ എന്നിവരും സിറ്റിങ് സീറ്റിൽ ജയം ആവർത്തിച്ചു. സി.പി.എമ്മിൽനിന്ന് സി.കെ.പി.പദ്മനാഭൻ (തളിപ്പറമ്പ്), കോൺഗ്രസ് എസിൽനിന്ന് രാമചന്ദ്രൻ കടന്നപ്പള്ളി (എടക്കാട്) എന്നിവർ സഭയിലെത്തി. വി.എസ്. മന്ത്രിസഭയിൽ കോടിയേരി ആഭ്യന്തര-ടൂറിസം മന്ത്രിയായി. പി.കെ.ശ്രീമതി ആരോഗ്യവകുപ്പിനെ നയിച്ചു. അവസാന രണ്ടുവർഷം കടന്നപ്പള്ളിയും മന്ത്രിസഭയിലെത്തി. മുല്ലപ്പള്ളി രാമചന്ദ്രനെ വീഴ്ത്തിയ എ.പി.അബ്ദുള്ളക്കുട്ടി സി.പി.എമ്മിന് അപ്രിയനായിക്കൊണ്ടിരിക്കുകയായിരുന്നു. പാർട്ടിക്ക് പുറത്തായ അബ്ദുള്ളക്കുട്ടിക്ക് കോൺഗ്രസ് വാതിൽ തുറന്നു. 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് പ്രഹരമേൽപ്പിച്ചുകൊണ്ട് മുഖ്യ എതിരാളി കെ.സുധാകരൻ കണ്ണൂരിൽനിന്ന് ലോക്‌സഭ കയറി. വീണത് ഇപ്പോഴത്തെ സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്. കണ്ണൂർ നിയമസഭാമണ്ഡലത്തിൽ സുധാകരന്റെ ഒഴിവിലേക്ക് ഉപതിരഞ്ഞെടുപ്പ് വന്നെത്തി. കോൺഗ്രസ് അബ്ദുള്ളക്കുട്ടിയെ കളത്തിലിറക്കിയപ്പോൾ നേരിടാൻ സി.പി.എം. എം.വി.ജയരാജനെ ഇറക്കി. ജയം അബ്ദുള്ളക്കുട്ടിക്കായിരുന്നു. അക്രമരാഷ്ട്രീയം സ്തംഭിച്ചു നേതാക്കളുടെ വീഴ്ചയും വിജയവും വിടവാങ്ങലുമായി രാഷ്ട്രീയം മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു. ആരോപണവിധേയനായ സി.പി.എം. ജില്ലാസെക്രട്ടറി പി.ശശിയെ 2010-ൽ പാർട്ടി പുറത്താക്കി. പി.ജയരാജൻ പകരക്കാരനായി. സി.പി.എമ്മിലും പുറത്തുമായി കണ്ണൂരിനെ ഇളക്കിമറിച്ച എം.വി.രാഘവൻ 2014-ൽ ഓർമ്മയായി. മണ്ഡല പുനർനിർണയത്തിനുശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു 2011-ലേത്. അതിർത്തികൾ മാറിമറിഞ്ഞു. പേരിൽ പുതിയ മണ്ഡലമായി മട്ടന്നൂർ വന്നു. അതിരുകൾ മാറി എടക്കാട് ധർമടമായി. സി.പി.എമ്മിൽനിന്ന് സി.കൃഷ്ണൻ (പയ്യന്നൂർ), ടി.വി.രാജേഷ് (കല്യാശ്ശേരി), ജെയിംസ് മാത്യു (തളിപ്പറമ്പ്), കെ.കെ.നാരായണൻ (ധർമടം) എന്നിവർ നവാഗതരായി സഭയിലെത്തി. മട്ടന്നൂരിനെ ഇ.പി.ജയരാജനും പേരാവൂരിനെ സണ്ണി ജോസഫും പ്രതിനിധീകരിച്ചു. കോടിയേരിയും കെ.സി.ജോസഫും എ.പി.അബ്ദുള്ളക്കുട്ടിയും ജയം ആവർത്തിച്ചു. യു.ഡി.എഫിന്റെ ഭാഗമായി കൂത്തുപറമ്പിൽനിന്ന് കെ.പി.മോഹനനും സഭയിലെത്തി. സി.പി.എമ്മിനെ ഞെട്ടിച്ച് അഴീക്കോട് മണ്ഡലത്തിൽ എം.പ്രകാശനെ തോൽപ്പിച്ച് മുസ്‌ലിം ലീഗിലെ കെ.എം.ഷാജി വിജയക്കൊടി നാട്ടി. രണ്ട് സീറ്റിന്റെ പിൻബലത്തിൽ യു.ഡി.എഫ്. അധികാരത്തിലെത്തി. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ കെ.സി.ജോസഫും കെ.പി.മോഹനനും മന്ത്രിമാരായി. 2015-ൽ പിണറായി കളമൊഴിഞ്ഞു. പിൻഗാമിയായി കോടിയേരി ബാലകൃഷ്ണൻ സി.പി.എമ്മിന്റെ അമരക്കാരനായി. 2012-ൽ കണ്ണൂരിലെ അക്രമരാഷ്ട്രീയം സ്തംഭിച്ചുനിന്നു. അരിയിലിലെ ലീഗ് പ്രവർത്തകൻ ഷുക്കൂറിനെ വധിച്ച കേസിൽ സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജൻ പ്രതിയായി ജയിലിലായി. തലശ്ശേരി ഫസൽ വധക്കേസ് അന്വേഷണവും ടി.പി.ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണവും കണ്ണൂരിൽ വട്ടമിട്ടു. സി.പി.എം. നേതാക്കളുൾപ്പെടെ പ്രതികളായി. 2014-ൽ കതിരൂരിലെ ആർ.എസ്.എസ്. നേതാവ് മനോജ് വധക്കേസിലും പി.ജയരാജൻ പ്രതിയായി. സർക്കാരിനെതിരായ എൽ.ഡി.എഫ്. പ്രതിഷേധത്തിനിടെ 2013-ൽ കണ്ണൂരിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കുനേരേ കല്ലേറുണ്ടായി. സമരപരമ്പരകളിലൂടെ നാട് 2016-ലെ തിരഞ്ഞെടുപ്പിലേക്ക് പോയി. പിണറായി മുഖ്യമന്ത്രിയായി. കെ.കെ.ശൈലജയും ഇ.പി.ജയരാജനും മന്ത്രിമാരും. സർക്കാരിന്റെ തുടക്കക്കാലത്ത് കൊലപാതകരാഷ്ട്രീയം തലപൊക്കിയെങ്കിലും പെട്ടെന്ന് പത്തി താഴ്ത്തി. കോവിഡ് ഭീതിയുടെ നിഴലിലായിരുന്നു 2021-ൽ നിയമസഭയുടെ അങ്കത്തട്ട്. പിണറായി ക്യാപ്റ്റനായി എൽ.ഡി.എഫിനെ ഭരണത്തുടർച്ചയുടെ കരയ്ക്കടുപ്പിച്ചു. കണ്ണൂരിൽ യു.ഡി.എഫിന് ഇരിക്കൂറും പേരാവൂരും മാത്രം. അഴീക്കോട് കെ.എം.ഷാജിയെ കൈവിട്ടു. പുതുമുഖം കെ.വി.സുമേഷ് ജയിച്ചു. കണ്ണൂരിന്റെ പല മുഖങ്ങൾ കെ സുധാകരന് ശേഷം അഡ്വ. സണ്ണിജോസഫ് കെ.പി.സി.സി അധ്യക്ഷനായി. ജില്ലയിലെ കുടിയേറ്റ മേഖലയിൽ നിന്ന് സംസ്ഥാന കോൺഗ്രസിന്റെ അധ്യക്ഷ പദവിയിലെത്തിയ ആദ്യത്തെ ആളാണ് അദ്ദേഹം. സുധാകരനോട് പല ഘട്ടങ്ങളിലും ഏറ്റുമുട്ടി പി. രാമകൃഷ്ണൻ കണ്ണൂരിലെ കോൺഗ്രസിലെ വേറിട്ട ശബ്ദമായി കണ്ണൂരിൽനിന്ന് സി.കെ.പദ്മനാഭൻ, പി.കെ.കൃഷ്ണദാസ്, വി.മുരളീധരൻ എന്നിവർ പല കാലങ്ങളിലായി ബി.ജെ.പി.യുടെ സംസ്ഥാന അധ്യക്ഷരായി. 2000-ത്തിനുശേഷം ബി.ജെ.പി. രാഷ്ട്രീയം ജില്ലയിൽ ചിറകുകൾ വിസ്തൃതമാക്കി. എങ്കിലും നിയമസഭയുടെ അങ്കത്തട്ടിൽ വിജയം ഒപ്പമെത്തിയില്ല. തീവ്രതയും കടന്നാക്രമണശൈലിയുമില്ലാതെ, ഗാന്ധിയൻ രീതിയിൽ നീങ്ങിയ സി.പി.ഐ.യിൽനിന്ന് പന്ന്യൻ രവീന്ദ്രൻ കേരളത്തിലെ ശ്രദ്ധേയനായ നേതാവായി. പാർട്ടി സംസ്ഥാന സെക്രട്ടറിയുമായി. സി.എൻ.ചന്ദ്രൻ സംസ്ഥാന അസി. സെക്രട്ടറിയായി. യുവനേതാവ് പി.സന്തോഷ് കുമാർ രാജ്യസഭയിൽ സി.പി.ഐ.യെ പ്രതിഫലിപ്പിക്കുന്നു. പി.എം.കുഞ്ഞിരാമൻ നമ്പ്യാർ, പി.ആർ.കുറുപ്പ് തുടങ്ങിയവർ നയിച്ച സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് കണ്ണൂരിൽ വ്യാപകവും ആഴത്തിലുള്ളതുമായ വേരുകളുണ്ടായിരുന്നു. മാറിയും മാറാതെയും :അരനൂറ്റാണ്ടിലേറെ കടന്നുപോയപ്പോൾ, സി.പി.എം. സംഘടനാപരമായി വികസിച്ച് അഭേദ്യമായ ശക്തിയായി. കർഷകപ്പോരാട്ടത്തിന്റെ ഈരടികളേറ്റുപാടുന്ന കർഷകർക്കും തൊഴിലാളികൾക്കുമൊപ്പം അധ്യാപകരും ജീവനക്കാരും സി.പി.എമ്മിന്റെ നെടുംതൂണായി. രക്തസാക്ഷിത്വത്തിന് പുതിയ ഗാഥകളുണ്ടായി. എന്നാൽ, അടിസ്ഥാനശൈലി മാറിയിട്ടില്ല. സി.പി.എം. വിടുന്നവർക്കുനേരേ കോടാലിക്കൈ, പാർലമെന്ററി വ്യാമോഹത്തിന്റെ ചെളിക്കുണ്ട് തുടങ്ങിയ ശകാരപദങ്ങളാൽ സി.പി.എം. ഒരുഭാഗത്ത്. പാർട്ടിയുടെ ഏകശിലാഘടനയ്ക്കെതിരേ എതിർപ്പിന്റെ സ്വരം പലയിടത്തായി തലപൊക്കുന്നു. വീണും വീഴ്ത്തിയും പരസ്പരം പോരടിക്കുന്ന കോൺഗ്രസ് രാഷ്ട്രീയശൈലിക്ക് കാലക്രമേണ തീവ്രത കുറഞ്ഞിട്ടുണ്ട്. അതികായന്മാരുടെ ആഗ്രഹങ്ങളും നിർദേശങ്ങളും ഫലിക്കുന്നില്ല. കോൺഗ്രസ് പുതിയ നേതൃത്വത്തെ തേടുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലാകട്ടെ കമ്യൂണിസ്റ്റ്-കോൺഗ്രസ് സ്വാധീനത്തിന് വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നും കാണാം.പാർലമെന്ററി രാഷ്‌ട്രീയം കമ്യൂണിസ്റ്റ് പാർട്ടികളിലും സംഘടനയ്ക്കുമേൽ പിടിമുറുക്കുന്നു. Content Highlights: Chronicles the rise of Pinarayi Vijayan within the Kerala CPM since 2002., Analyzes the internal factionalism between Pinarayi Vijayan and VS Achuthanandan., Highlights the impact of Janakeeyasoothranam and the role of the Kalliasseri model., Details electoral shifts in Kannur, including the rise of Congress and BJP influence., Examines the changing nature of political violence and parliamentary dynamics in the region. Published: 25 Mar 2026, 07:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
