അഞ്ചരക്കണ്ടി : കണ്ണൂർ ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ്. വിദ്യാർഥി നിതിൻരാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്ത് നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡെന്റൽ കോളേജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ചിനെ നേരിടാൻ പോലീസ് ഒരുക്കിയ ബാരിക്കേഡ് പ്രവർത്തകർ മറിച്ചിട്ടു. പോലീസ് വലയം ഭേദിച്ച് പ്രവർത്തകർ കാമ്പസിലേക്ക് ഇരച്ചുകയറി. പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടുകയുംചെയ്തു. കോളേജ് കെട്ടിടത്തിന്റെ മുൻഭാഗത്തെ ജനൽ ഗ്ലാസ് പ്രവർത്തകർ അടിച്ചുതകർത്തു. ശക്തമായ പ്രതിരോധം തീർത്ത പോലീസ് കൂടുതൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കി. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ചക്കരക്കല്ല് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് വിട്ടയച്ചു. അക്രമം നടത്തിയതിന് 12 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേ ചക്കരക്കൽ പോലീസ് കേസെടുത്തു. വിവിധ സ്റ്റേഷനുകളിൽനിന്നുള്ള പോലീസുകാർ കോളേജിനുമുന്നിൽ രാവിലെതന്നെ നിലയുറപ്പിച്ചിരുന്നു. എടക്കാട്, വളപട്ടണം, കണ്ണൂർ ടൗൺ, പിണറായി, ചക്കരക്കൽ തുടങ്ങിയ സ്റ്റേഷനുകളിലെ പോലീസുകാരാണ് ഇവിടെ എത്തിയത്. To advertise here, കോളേജ് കവാടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റോബർട്ട് വെള്ളർവള്ളി മാർച്ച് ഉദ്ഘാടനംചെയ്തു. നിതിൻരാജിന്റെ മരണം നടന്നിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും കുറ്റക്കാരായ അധ്യാപകരെയും മറ്റുള്ളവരെയും പിടികൂടാനും നടപടിയെടുക്കാനും പോലീസിന് കഴിഞ്ഞിട്ടില്ലെന്നത് കഴിവുകേടാണെന്നും അദ്ദേഹം ആരോപിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അധ്യക്ഷതവഹിച്ചു. അശ്വിൻ സുധാകരൻ, നിതിൻ കോമത്ത്, രാഹുൽ മേക്കിലേരി എന്നിവർ സംസാരിച്ചു. പ്രനിൽ മതുക്കോത്ത്, പി. പ്രിൻസ് ജോർജ്, പി.പി. രാഹുൽ, എംകെ. വരുൺ, മിഥുൻ മാറോളി, മൃദുൽ മുഴപ്പാല, നിതിൻ നടുവനാട്, റിജിൻ രാജ്, അമൽ കുറ്റ്യാട്ടൂർ, പി. ജിതിൻ എന്നിവർ നേതൃത്വംനൽകി.

കണ്ണൂർ ഡെന്റൽ കോളേജ്: യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
M
MathrubhumiSource Link
17 days ago