വിദ്യാനഗർ : തീപ്പിടിത്തം തുടർക്കഥയാകുന്ന വിദ്യാനഗറിൽ കഴിഞ്ഞദിവസം കത്തിയമർന്നത് ഒരുകോടി രൂപയുടെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ. കെ.എസ്.ഇ.ബി.യുടെ വിദ്യാനഗർ സബ് സ്റ്റേഷൻ കോമ്പൗണ്ടിനകത്തുണ്ടായിരുന്ന കേബിളുകളാണ് പൂർണമായും കത്തിയത്. കോമ്പൗണ്ടിലൂടെ കടന്നുപോകുന്ന വൈദ്യുതകമ്പിയിൽനിന്ന് ഉണങ്ങിക്കിടക്കുന്ന കുറ്റിക്കാടുകളിലേക്കും പുല്ലിലേക്കും വീണ തീപ്പൊരിയാണ് നിമിഷനേരം കൊണ്ട് പടർന്നത്. ബെംഗളൂരു ആസ്ഥാനമായുള്ള ഭാരത് ഇലക്ട്രിക്കൽസ് കെ-ഫോണിന് ആവശ്യാനുസരണം നൽകാൻ ഇവിടെ സൂക്ഷിച്ച കേബിളാണ് കത്തിനശിച്ചത്. To advertise here, 100 കിലോമീറ്ററോളം ദൈർഘ്യമുള്ള 48,24,12, നാല് ഇനങ്ങളിലുള്ള ഫൈബർ കേബിളുകളാണ് വ്യാഴാഴ്ച കത്തിനശിച്ചത്. ലക്ഷങ്ങൾ വിലമതിക്കുന്ന ഫൈബർ കേബിളുകൾ ആവശ്യമായ സുരക്ഷയില്ലാത്തിടത്ത് കൂട്ടിയിടുകയായിരുന്നു. സമീപത്ത് കൂട്ടിയിട്ടിരുന്ന കെ.എസ്.ഇ.ബി.യുടെ ഉപയോഗശൂന്യമായ കേബിളുകളും കത്തിയിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ തീപടർന്ന് കറുത്ത പുക ഉയരുന്നത് കണ്ട സമീപവാസികളാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ വി.എൻ. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന ജീവനക്കാർ രണ്ടുമണിക്കൂറോളം നടത്തിയ ശ്രമത്തെ തുടർന്നാണ് തീയണച്ചത്. വിദ്യാനഗറിൽ കളക്ടറേറ്റ് പരിസരങ്ങളിൽ അടിക്കടിയുണ്ടാകുന്ന തീപ്പിടിത്തം പ്രദേശത്ത് താമസിക്കുന്നവരിൽ ആശങ്കയ്ക്കിടയാക്കുന്നുണ്ട്. രണ്ട് മാസത്തിനിടയിൽ അഞ്ച് തവണയാണ് തീപ്പിടിത്തമുണ്ടായത്. കളക്ടറേറ്റ് കോമ്പൗണ്ടിലും പരിസരങ്ങളിലുമുള്ള കുറ്റിക്കാടുകളും പുല്ലുകളും വേനൽ കടുത്തതോടെ ഉണങ്ങിക്കിടക്കുകയാണ്. ചെറിയൊരു തീപ്പൊരിയുണ്ടായൽ പോലും പടർന്ന് പിടിക്കാവുന്ന അവസ്ഥയിലാണ്. ഇതുവഴി കടന്നുപോകുന്ന വൈദ്യുതകമ്പികളിൽനിന്ന് തീപ്പൊരി വീണാണ് തീ പടരുന്നത്. കളക്ടറേറ്റിന് പിറകിലും വലിയരീതിയിൽ കുറ്റിക്കാടുകൾ ഉണങ്ങിക്കിടപ്പുണ്ട്. സമീപത്തെ പോലീസ് സ്റ്റേഷൻ പരിസരത്തും പിടികൂടിയ നിരവധി വാഹനങ്ങളുണ്ട്. പരിസരം വൃത്തിയാക്കുന്നതിന് ബന്ധപ്പെട്ടവർ ശ്രദ്ധിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. Published: 15 Mar 2026, 04:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കത്തിയമർന്നത് ഒരുകോടിയുടെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ
M
MathrubhumiSource Link
about 2 months ago