ഇ റാനുമായുള്ള യുദ്ധത്തിലെ അമേരിക്കയുടെ സുപ്രധാനവും തന്ത്രപരവുമായ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് അടുത്തെത്തിയെന്നും അവ അതിവേഗം പൂർത്തിയാക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഏപ്രിൽ ഒന്നിന് വൈറ്റ്ഹൗസിൽ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ഇറാന്റെ മേൽ അതിശക്തമായ ആക്രമണം അഴിച്ചുവിടുമെന്നും രാജ്യത്തെ ശിലായുഗത്തിലേക്ക് തിരിച്ചയക്കുമെന്നും മുന്നറിയിപ്പ് നൽകി. അമേരിക്കയ്ക്ക് മധ്യപൂർവേഷ്യയിൽ നിന്നുള്ള എണ്ണയുടെ ആവശ്യമില്ലെന്നും ഹോർമുസ് കടലിടുക്കിലൂടെ വരുന്ന എണ്ണയെ ആശ്രയിക്കുന്ന സഖ്യകക്ഷികളോട് അവർക്കാവശ്യമുള്ള എണ്ണ അവർ തന്നെ പിടിച്ചെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. To advertise here, പതിവുള്ള ട്രംപൻ അതിശയോക്തികൾക്കും നുണകൾക്കും പഞ്ഞമുണ്ടായില്ല പ്രസംഗത്തിൽ. ഇറാനിലെ ഭരണകൂടത്തെ മാറ്റുന്നത് അമേരിക്കയുടെ ലക്ഷ്യമല്ലായിരുന്നുവെന്നും പ്രധാന ഇറാൻ നേതാക്കളെ വധിച്ചതോടെ അത് ഫലത്തിൽ സംഭവിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. 'തീവ്രവാദം കുറഞ്ഞതും കൂടുതൽ യുക്തിബോധമുള്ളതുമായ പുതിയ സംഘവുമായി ചർച്ച നടക്കുന്നതായും 'പുതിയ ഭരണകൂട'ത്തിന്റെ പ്രസിഡന്റ് വെടിനിറുത്തൽ ആവശ്യപ്പെട്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. പക്ഷേ, അവകാശവാദം ഉടനടി തള്ളിയ ഇറാൻ നേരിട്ട് ചർച്ച നടത്തിയിട്ടില്ലെന്നും മസൂദ് പെസെഷ്‌കിയാൻ തന്നെയാണ് പ്രസിഡന്റെന്നും വ്യക്തമാക്കി. അമേരിക്കൻ സൈന്യം പടക്കളത്തിൽ മഹാവിജയങ്ങൾ കരസ്ഥമാക്കിയെന്നും രാജ്യത്തിന്റെ പ്രധാന യുദ്ധലക്ഷ്യങ്ങൾ പൂർത്തിയാക്കാറായെന്നും പറഞ്ഞ ട്രംപ് യുദ്ധത്തെ ന്യായീകരിക്കാൻ കിണഞ്ഞു പരിശ്രമിച്ചു. അമേരിക്കയുടെയും ലോകത്തിന്റെയും സുരക്ഷയ്ക്ക് ഇറാൻയുദ്ധം ആവശ്യമായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. 'യുദ്ധം പ്രഖ്യാപിച്ച ദിനം മുതൽ ഞാൻ പ്രതിജ്ഞയെടുത്തത് ഇറാനെ ആണവായുധം കരസ്ഥമാക്കാൻ ഒരു കാരണവശാലും അനുവദിക്കില്ല എന്നാണ്.' കഴിഞ്ഞ വർഷം ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമറിലൂടെ ഇറാന്റെ ആണവകേന്ദ്രങ്ങൾ പൂർണമായും തകർത്തെങ്കിലും പദ്ധതി പുതിയ സ്ഥലത്ത് പുനർനിർമിക്കാൻ അവർ ശ്രമിച്ചെന്നും ഇറാൻ അണുവായുധം വികസിപ്പിക്കുന്നതിന്റെ തൊട്ടടുത്തെത്തിയെന്നും ട്രംപ് ആരോപിച്ചു. പക്ഷേ, ഈ അവകാശവാദങ്ങൾ സ്വന്തം നാട്ടുകാരെ വിശ്വസിപ്പിക്കാൻ പോലും പ്രസിഡന്റിനാവുന്നില്ല. ഈയിടെ നടത്തിയ അഞ്ചു സർവേകളിൽ അമേരിക്കയിലെ പത്തിൽ ആറുപേരും ഇറാൻയുദ്ധത്തിനെതിരാണെന്ന് കണ്ടെത്തിയതായി വാഷിംഗ്ടൺ പോസ്റ്റിന്റെ പോൾ വിശകലനം കാണിക്കുന്നു. യുദ്ധത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ ശരിയായി വിശദീകരിക്കാൻ ട്രംപ് ഭരണകൂടത്തിനായിട്ടില്ലെന്ന് ഏതാണ്ട് 65 ശതമാനം അമേരിക്കക്കാർ കരുതുന്നു. നവംബറിൽ ഇടക്കാലതിരഞ്ഞെടുപ്പിനെ നേരിടേണ്ട പ്രസിഡന്റിന് ഈ കണക്കുകൾ നൽകുന്ന സൂചന സന്തോഷം പകരുന്നതല്ല. പക്ഷേ, അമേരിക്ക മടങ്ങിയാലും ഇസ്രയേൽ യുദ്ധം തുടരാനാണ് സാധ്യത. ഗാസയിലും ലെബനണിലും ചെയ്യുന്ന പോലെ വ്യോമാക്രമണങ്ങളും സാധ്യമായിടത്ത് കരയാക്രമണങ്ങളും അവർ തുടർന്നേക്കും. അമേരിക്ക പിൻവാങ്ങിയാലും വെടിനിർത്തൽ നിലവിൽ വന്നാലും ഹോർമുസിന്റെ താക്കോൽ ഇറാന്റെ കൈവശമിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ലോകത്തിലെ ഊർജവ്യാപാരത്തിന്റെ 20 ശതമാനം കടന്നുപോവുന്ന ഈ സമുദ്രപാത യുദ്ധമാരംഭിച്ച ശേഷം നിയന്ത്രിക്കുന്നത് ഇറാനാണ്. ഇന്ത്യ, ചൈന, പാകിസ്താൻ തുടങ്ങി വിരലിലെണ്ണാവുന്ന രാജ്യങ്ങളുടെ കപ്പലുകൾക്ക് മാത്രം തടസ്സമില്ലാതെ കടന്നുപോകാം. മറ്റു രാജ്യങ്ങളുടെ കപ്പലുകൾ ഓരോ തവണ കടക്കുന്നതിനും ലക്ഷക്കണക്കിനു ഡോളർ മൂല്യമുള്ള തുക നൽകണം. ഈ 'ടോൾ' നൽകേണ്ടത് ചൈനീസ് കറൻസിയായ യുവാനിലോ ക്രിപ്റ്റോ കറൻസിയിലോ ആണ്. പാശ്ചാത്യരാജ്യങ്ങളുടെ കപ്പലുകൾ കടത്തിവിടുന്ന പ്രശ്നമില്ല. വെടിനിർത്തൽ അപേക്ഷ പരിഗണിക്കുന്നതിന് ഹോർമുസ് തുറക്കണമെന്നു പറഞ്ഞ ട്രംപിന്റെ പ്രസ്താവനയെ ഇറാന്റെ വിദേശമന്ത്രി അബ്ബാസ് അരാഗ്ചി തള്ളിക്കളഞ്ഞിരുന്നു. ആയത്തൊള്ള അലി ഖമനേയിയും പുതിനും (ഫയൽ ചിത്രം) റഷ്യൻ ഖജനാവിലേക്ക് ഒഴുകുന്ന എണ്ണപ്പണം യൂറോപ്യൻരാജ്യങ്ങൾ ഭൂരിഭാഗവും ഇറാനിലേക്ക് ആക്രമണം നടത്താൻ തങ്ങളുടെ രാജ്യങ്ങളിലെ സൈനികത്താവളങ്ങൾ അനുവദിക്കേണ്ട എന്ന നിലപാടിലാണ്. ഹോർമുസ് തുറക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ യുകെയിൽ അന്താരാഷ്ട്ര നയതന്ത്രസമ്മേളനം വിളിച്ചുചേർക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ പറഞ്ഞു. ഈ പാതയുടെ സുരക്ഷ ഉറപ്പാക്കുന്നതിനു ഒരുമിച്ച് പ്രവർത്തിക്കാൻ 35 രാജ്യങ്ങൾ പ്രസ്താവന ഒപ്പിട്ടതായി അദ്ദേഹം പറഞ്ഞു. സമുദ്രയാത്രാ സ്വാതന്ത്ര്യം പുന:സ്ഥാപിക്കാനും കുടുങ്ങിക്കിടക്കുന്ന യാനങ്ങളുടെയും നാവികരുടെയും സുരക്ഷ ഉറപ്പു വരുത്താനും പ്രധാനപ്പെട്ട ചരക്കുകളുടെ കടത്ത് പുനരാരംഭിക്കാനും വേണ്ട നയതന്ത്ര, രാഷ്ട്രീയ നടപടികൾ വിലയിരുത്താനുമാണ് യോഗം. ഫ്രാൻസ്, ജർമനി, ജപ്പാൻ, നെദർലൻഡ്സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്. ഇറാൻയുദ്ധത്തിൽ തങ്ങളെ സഹായിക്കാൻ വരാത്തതിനാൽ നാറ്റോ രാജ്യങ്ങളെ തിരിച്ചും സഹായിക്കില്ലെന്ന രീതിയിൽ ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും സംസാരിച്ചത് യൂറോപ്പിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്. പാശ്ചാത്യലോകത്തെ ഈ ഭിന്നിപ്പ് റഷ്യയ്ക്ക് ഏറെ സന്തോഷം പകരുന്നതാണ്. ഇറാൻയുദ്ധത്തിലെ ഏറ്റവും വലിയ ജേതാവ് റഷ്യയാണെന്ന വിലയിരുത്തലിന് യൂറോപ്പിൽ പ്രാമുഖ്യമുണ്ട്. യുദ്ധം കാരണം എണ്ണവില കുത്തനെ ഉയർന്നത് റഷ്യയ്ക്ക് അനുഗ്രഹമായി. പാശ്ചാത്യ ഉപരോധം കാരണം ഇന്ത്യയ്ക്കും ചൈനയ്ക്കും വളരെ കുറഞ്ഞ വിലയ്ക്കായിരുന്നു (ബാരലിന് ഏകദേശം 50 ഡോളർ) എണ്ണ വിറ്റിരുന്നത്. ഹോർമുസ് ഗതാഗതം പ്രശ്നത്തിലായതോടെ പ്രതിസന്ധി മറികടക്കാൻ റഷ്യൻ എണ്ണയ്ക്കുള്ള നിയന്ത്രണം ട്രംപ് തൽക്കാലത്തേക്ക് നീക്കുകയും ചെയ്തു. അതുപോലെ, പുതിയ യുദ്ധം കാരണം ലോകശ്രദ്ധ മാറിയതോടെ റഷ്യയ്ക്ക് യുക്രൈൻ യുദ്ധത്തിൽ കൂടുതൽ ശ്രദ്ധിക്കാനുമായി. ഫെബ്രുവരി 28ന് ഓപ്പറേഷൻ എപ്പിക് ഫ്യൂറി ആരംഭിച്ച ശേഷം ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് നൂറു ഡോളർ കടന്ന് 119 വരെയെത്തി. ഓരോ 10 ഡോളർ വിലവർധനയും റഷ്യൻ ഖജനാവിലേക്ക് പ്രതിമാസം ഒന്നര ബില്യൺ ഡോളറിലധികം കൂടുതലായി എത്തിക്കുമെന്നാണ് കണക്ക്. (യുക്രൈൻ ഡ്രോൺ ആക്രമണത്തിൽ റഷ്യയുടെ എണ്ണ കയറ്റുമതി കേന്ദ്രങ്ങൾക്ക് കാര്യമായ നാശമുണ്ടായതായി വാർത്തയുണ്ടായിരുന്നു. റഷ്യയുടെ എണ്ണ കയറ്റുമതി 20 ശതമാനം കുറഞ്ഞെന്ന് റോയിട്ടേഴ്സ് ഏപ്രിൽ രണ്ടിന് റിപ്പോർട്ട് ചെയ്തു.) ഗ്യാസ്, ധാന്യം, അലൂമിനിയം, വളങ്ങൾ തുടങ്ങിയ മറ്റ് ഉത്പന്നങ്ങളിലുണ്ടായ വിലവർധനയും റഷ്യയ്ക്ക് ഗുണകരമാണ്. സിഎസ്ഐഎസ്, ബ്രൂഗൽ, കാർനഗീ തുടങ്ങിയ തിങ്ക്ടാങ്കുകൾ റഷ്യയെ യുദ്ധത്തിലെ ഏറ്റവും വലിയ വിജയി എന്ന് വിശേഷിപ്പിക്കുന്നു. യുദ്ധത്തിന് അമേരിക്കയെ പരസ്യമായി കുറ്റപ്പെടുത്താനും ഇറാന് നേരിട്ടല്ലാതെയുള്ള സഹായങ്ങൾ (വ്യോമപ്രതിരോധ സംവിധാനമായ എസ് 400, അത്യാധുനിക ഡ്രോണുകൾ എന്നിവ കൊടുത്തതായി സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്.) ചെയ്യാനും റഷ്യ മടിക്കുന്നില്ല. യുക്രൈനെ പരസ്യമായി സഹായിക്കുന്ന പാശ്ചാത്യർക്ക് പരാതി പറയാനാവില്ല. ഉപരോധ ഭീഷണി ഉയർത്താനുമാവില്ല. ചരിത്രത്തിൽ ഇത്രയധികം ഉപരോധങ്ങളെ നേരിട്ട മറ്റൊരു രാജ്യമുണ്ടാവില്ല! [object Object] നാറ്റോയെ കൈവിടാൻ അമേരിക്ക, തളർന്ന് യൂറോപ്പ് ഈ ഇറാൻ ബോണസ് യുക്രൈനിലെ റഷ്യയുടെ നില ശക്തിപ്പെടുത്തുമ്പോൾ യൂറോപ്പിന്റെ നില മോശമാവുകയാണ്. റഷ്യയുമായി കോർക്കാൻ യുക്രൈനെ യൂറോപ്പ് തള്ളിവിട്ടത് പഴയ കാലത്തെ സോവിയറ്റ് യൂണിയനെപ്പോലെ റഷ്യ കിഴക്കൻ യൂറോപ്പിൽ തള്ളിക്കയറുമെന്ന ആധി കാരണമാണ്. കുറച്ചുകാലമായി നാറ്റോയ്ക്കുള്ള വിഹിതം കുറച്ചുവരികയായിരുന്നു അമേരിക്ക. യുദ്ധം അവസാനിപ്പിക്കാൻ യുക്രൈനിൽ നിന്നും വലിയ വിട്ടുവീഴ്ചകൾ ആവശ്യപ്പെടുന്ന ചർച്ചകൾക്ക് ട്രംപ് സമ്മർദ്ദം ചെലുത്തുന്നു. 2022-ൽ യുക്രൈനിൽ റഷ്യൻ കടന്നുകയറ്റമുണ്ടായപ്പോൾ പാശ്ചാത്യരാജ്യങ്ങളുടെ പ്രതികരണം രൂപപ്പെടുത്തുന്നതിൽ അന്നത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വലിയ പങ്കു വഹിച്ചിരുന്നു. യുക്രൈൻ യുദ്ധം തുടരുന്നതിൽ തുടക്കത്തിലേ താൽപ്പര്യമില്ലാത്ത ട്രംപിന്റെ ഭരണകൂടം യുക്രൈനുള്ള സൈനികസഹായം ഗണ്യമായി വെട്ടിക്കുറച്ചു. നാറ്റോ കാലഹരണപ്പെട്ടുവെന്നും സംഘടന കടലാസ് പുലിയാണെന്നും ഭീരുക്കളാണെന്നും പരിഹസിക്കുന്ന ട്രംപ് യുദ്ധശേഷം സംഘടനയിൽ തുടരുന്ന കാര്യം പുന:പരിശോധിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. സെനറ്റിൽ മൂന്നിൽ രണ്ടും ഭൂരിപക്ഷമോ, കോൺഗ്രസ് പാസാക്കുന്ന നിയമമോ ഇല്ലാതെ പ്രസിഡന്റിന് ഏകപക്ഷീയമായി നാറ്റോയിൽ നിന്നും പിൻമാറാനാവില്ലെന്ന് 2023-ൽ അമേരിക്കൻ കോൺഗ്രസ് വോട്ടു ചെയ്തത് യൂറോപ്പിന് ആശ്വാസം പകരുന്നു. എങ്കിലും, അമേരിക്ക യുക്രൈനുള്ള സഹായം പൂർണമായും നിർത്തിയാൽ അതിനു പകരമാകാനുള്ള സാമ്പത്തികവും രാഷ്ട്രീയവുമായ ശേഷി, ഊർജ വിലവർധനയും കനത്ത വിലക്കയറ്റവും നേരിടുന്ന, യൂറോപ്പിനില്ല. യുക്രൈനെ അതിന്റെ വിധിക്ക് വിട്ടുകൊടുക്കാൻ യൂറോപ്പിന് കഴിയുകയുമില്ല. യുക്രൈന് നാറ്റോ അംഗത്വം കൊടുക്കുന്നത് സംബന്ധിച്ച ചർച്ചകളാണ് റഷ്യയെ പ്രകോപിപ്പിച്ച വിഷയങ്ങളിലൊന്ന്. അമേരിക്ക പിന്മാറിയാൽ നാറ്റോ തന്നെ ഇല്ലാതാവും. എങ്കിൽ എന്തിനായിരുന്നു യുക്രൈൻ ജനത ഈ ദുരിതം മുഴുവൻ അനുഭവിച്ചത് എന്ന ചോദ്യത്തിന് ഉത്തരം പറയാൻ യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയും ഇയുവും നന്നേ ബുദ്ധിമുട്ടും. രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിലെ സമ്മർദം കുറയുന്നത് ഇന്ന് ലോകത്തെ ഏറ്റവും സൂത്രശാലിയായ രാഷ്ട്രത്തലവനെന്നു കരുതപ്പെടുന്ന റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിന് യുക്രൈന്റെ കൂടുതൽ ഭൂവിഭാഗങ്ങളിൽ ചുവടുറപ്പിക്കാൻ അവസരമാകും. തന്റെ നിബന്ധനകൾക്ക് കൂടുതൽ ഇണങ്ങുന്ന വെടിനിർത്തൽ കരാറുണ്ടാക്കാനും സഹായിക്കും. ഗൾഫിലെ എണ്ണവിതരണം തടസ്സപ്പെട്ടതിനാൽ യൂറോപ്പിലേതടക്കമുള്ള രാജ്യങ്ങൾ റഷ്യയെ ആശ്രയിക്കേണ്ടി വരുമെന്ന സാഹചര്യവുമുണ്ട്. നാറ്റോ ദുർബലമാവുക എന്ന ക്രെംലിന്റെ ദീർഘകാല സ്വപ്നം ഒരുതവണ പോലും നിറയൊഴിക്കാതെ സാധ്യമായേക്കും! മുൻ യുഎസ് നയതന്ത്രജ്ഞൻ ഹെൻ റി കിസിഞ്ജർ പറഞ്ഞിട്ടുണ്ട്, അമേരിക്കയുടെ ശത്രുവാകുന്നതിനെക്കാൾ അപകടമാണ് അവരുടെ സുഹൃത്താവുന്നത് എന്ന്. ഇപ്പോൾ യൂറോപ്പും അത് അനുഭവിച്ചറിയുകയാണ്! ചൈനയുടെ കാര്യം കൂടുതൽ സങ്കീർണമാണ്. യുദ്ധത്തിൽ നേരിട്ട് ഇടപെടാതെ ഇറാനുമായുള്ള ബന്ധം നിലനിർത്തുന്ന ചൈനയ്ക്ക് അമേരിക്കൻ പിന്മാറ്റം ആശ്വാസമാവും. ഇറാന്റെ നേതൃത്വം അധികാരത്തിൽ തുടരുന്നത് അവരുടെ ബെൽറ്റ്, റോഡ് സംരംഭങ്ങൾക്ക് സഹായകമാണ്. പക്ഷേ, അപൂർവ ഭൗമമൂലക, നിർണായക ധാതുവിഭവ മേഖലയിലെ സമഗ്രാധിപത്യത്തിൽ നിന്ന് വിട്ടുമാറാൻ അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യശ്രമങ്ങൾ ശക്തിപ്പെടുന്നത് ചൈനയ്ക്ക് തലവേദനയാണ്. യുദ്ധം തുടരുകയും എണ്ണവില കുതിച്ചുയരുകയും ചെയ്യുമ്പോൾ ലോകത്താകെ ആശങ്ക പടരുകയാണ്. ലോകമാകെ സ്റ്റോക്ക് മാർക്കറ്റുകൾ ഇടിഞ്ഞു. യുദ്ധത്തിൽ തകർന്ന ഊർജസംവിധാനങ്ങൾ പൂർണമായും പുന:സ്ഥാപിക്കാൻ മാസങ്ങളെടുക്കും. ഹോർമുസ് കടലിടുക്ക് എന്ന് തുറക്കാനാവുമെന്ന് പറയാനാവാത്ത സാഹചര്യമാണ്. അത് യുദ്ധത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങളെ മാത്രമല്ല, ലോകത്തെയാകെ ബാധിക്കുന്നതാണ്. വരുന്ന ആഴ്ചകളിലെ കടുത്ത അമേരിക്കൻ ആക്രമണങ്ങൾ ഹോർമുസ്, യുറേനിയം പ്രശ്നങ്ങളിൽ യുഎസ്- ഇസ്രയേൽ സഖ്യം ആഗ്രഹിച്ച പരിഹാരമുണ്ടാക്കുമോ എന്ന് പറയാനാവില്ല. ഇതുവരെയുള്ള യുദ്ധത്തിന്റെ ഗതി കണക്കിലെടുത്താൽ അതുണ്ടാവില്ല എന്നു പറയാം. ഒരു ഭാഗത്ത് ട്രംപ് ആയതിനാൽ അപ്രതീക്ഷിതമായി ഒരു വെടിനിർത്തലുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

കത്തുന്ന ഇറാനിൽ നിന്ന് കഴുക്കോൽ ഊരുന്ന പുതിൻ, വിഷണ്ണരായി യൂറോപ്പ്
M
MathrubhumiSource Link
about 1 month ago