ന്യൂഡൽഹി: കണ്ണൂരിൽ സീറ്റില്ലെന്ന കേന്ദ്രതിരഞ്ഞെടുപ്പ് സമിതിയോഗ തീരുമാനം പുറത്തുവന്നതോടെ ഹൈക്കമാൻഡിനെയും കേരളത്തിലെ കോൺഗ്രസിനെയും ഒരു പകൽ മുൾമുനയിൽ നിർത്തി കെ.പി.സി.സി. മുൻ അധ്യക്ഷൻ കെ. സുധാകരൻ. മാധ്യമപ്പട രണ്ടുദിവസമായി കാത്തുനിന്നിട്ടും ബി.ഡി. മാർഗിലെ ഗോദാവരി എന്ന ഭവനസമുച്ചയത്തിലെ ഫ്‌ളാറ്റിൽനിന്ന് സുധാകരൻ പുറത്തിറങ്ങിയതേയില്ല. അതോടെ അഭ്യൂഹങ്ങളുടെ പ്രവാഹമായി ഡൽഹിയിലും കേരളത്തിലും. പരന്ന അഭ്യൂഹങ്ങൾക്കൊന്നും സ്ഥിരീകരണങ്ങളുണ്ടായിരുന്നില്ല. സുധാകരൻ പാർട്ടി വിടുകയാണെന്നതടക്കമുള്ള അഭ്യൂഹങ്ങൾ പരന്നതോടെ മുതിർന്നനേതാവ് എ.കെ. ആന്റണിവരെ വിഷയത്തിൽ ഇടപെട്ടു. To advertise here, ഡൽഹിയിൽ ബുധനാഴ്ച പുലർച്ചെ രണ്ടരമണിവരെനീണ്ട ചർച്ചകൾക്കൊടുവിലാണ് സിറ്റിങ് എം.പി.മാരായ സുധാകരനും അടൂർ പ്രകാശിനും സീറ്റ് നൽകേണ്ടെന്ന് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്. ഇന്ദിരാഭവനിൽ ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് തുടങ്ങി രാത്രി 11 വരെ നീണ്ട സി.ഇ.സി. യോഗത്തിനുശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയായ 10 രാജാജി മാർഗിൽ വ്യാഴാഴ്ച പുലർച്ചെ മൂന്നുവരെ വീണ്ടും യോഗം നടന്നു. ഖാർഗെയും രാഹുൽഗാന്ധിയും കെ.സി. വേണുഗോപാലും വി.ഡി. സതീശനും സണ്ണി ജോസഫുമടക്കമുള്ള നേതാക്കൾ വിശദമായി ചർച്ചചെയ്തശേഷമാണ് സുധാകരനും അടൂരിനും സീറ്റ് നൽകേണ്ടെന്ന തീരുമാനത്തിലെത്തിയത്. എന്നാൽ, പിന്നീട് അരങ്ങേറിയത് നാടകീയ നിമിഷങ്ങളും നീക്കങ്ങളും. സതീശനും സണ്ണി ജോസഫും വ്യാഴാഴ്ച പുലർച്ചെ കേരളത്തിലേക്ക് മടങ്ങി. തൊട്ടുപിന്നാലെ സുധാകരന്റെ അടുപ്പക്കാരിൽനിന്ന് പുതിയ സന്ദേശമെത്തി. ഇടഞ്ഞുനിൽക്കുന്ന സുധാകരൻ വ്യാഴാഴ്ച 12 മണിയോടെ പ്രതികരിക്കുമെന്നായിരുന്നു ആ സന്ദേശം. ഇതോടെ ഡൽഹിയിലെ മാധ്യമപ്രവർത്തകരെല്ലാം കൂട്ടത്തോടെ സുധാകരൻ താമസിക്കുന്ന ഭവനസമുച്ചയമായ ഗോദാവരിയുടെ ഗേറ്റിനു മുന്നിൽ വീണ്ടും തമ്പടിച്ചു. എന്നാൽ, മാധ്യമപ്രവർത്തകരുടെ കാത്തുനിൽപ്പ് പകൽമുഴുവൻ നീണ്ടു. ഗോദാവരിയിലെ ഫ്‌ളാറ്റിൽ അടച്ചിരുന്ന സുധാകരൻ മാധ്യമങ്ങളെ കാണാൻ പുറത്തേക്കിറങ്ങിയതേയില്ല. സീറ്റ് നൽകിയില്ലെങ്കിൽ സുധാകരൻ കോൺഗ്രസ് വിടുമെന്നും പുതിയ പാർട്ടി രൂപവത്കരിക്കുമെന്നും ബി.ജെ.പി. നേതാക്കൾ അദ്ദേഹവുമായി ചർച്ച നടത്തിയെന്നുമടക്കമുള്ള വിവരങ്ങൾ സുധാകരനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ മാധ്യമങ്ങൾക്ക് നൽകി. അനുനയിപ്പിക്കാൻ വിളിച്ച കെ.സി. വേണുഗോപാലിനോട് ഇനി എനിക്ക് എന്റെ വഴിയെന്ന് സുധാകരൻ പറഞ്ഞതായും വാർത്തപരന്നു. ഈ ഘട്ടത്തിലാണ് ആന്റണിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കൾ ഇടപെട്ടത്. സുധാകരനോട് പത്രസമ്മേളനം ഒഴിവാക്കാൻ ആന്റണി അഭ്യർഥിച്ചു. ഇതോടെ സുധാകരന് ഹൈക്കമാൻഡ് സീറ്റ് നൽകിയെന്ന് ചാനലുകളിൽ ബ്രേക്കിങ് ന്യൂസ് വന്നുതുടങ്ങി. സുധാകരനുമുന്നിൽ ഹൈക്കമാൻഡ് മുട്ടുമടക്കിയെന്നതടക്കമുള്ള വാർത്തകൾ സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിച്ചു. ഇതിനിടെ കോന്നിയിലേക്ക് താനില്ലെന്ന് രാവിലെ ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റ് അടൂർ പ്രകാശ് മുക്കിയത് കാര്യങ്ങൾ മറ്റൊരുതലത്തിലേക്ക് എത്തിച്ചു. സുധാകരന് ഇളവ് നൽകുന്നെങ്കിൽ തനിക്കും നൽകണമെന്ന ആവശ്യം അടൂർ ഹൈക്കമാൻഡിന് മുന്നിൽവെച്ചതായും വാർത്തകൾ പരന്നു. എന്നാൽ, ഇവരുടെ ആവശ്യങ്ങൾക്ക് വഴങ്ങേണ്ടെന്ന് ഹൈക്കമാൻഡ് ഉറച്ചനിലപാടെടുത്തു. എം.പി.മാർക്കാർക്കും ഇളവില്ലെന്ന് തീരുമാനിച്ച സ്ഥിതിക്ക് ഒരാൾക്കുമാത്രം ഒഴിവുനൽകുന്നതിനോട് വി.ഡി. സതീശൻ യോജിച്ചില്ല. അങ്ങനെ തീരുമാനിച്ചാൽ താൻ മത്സരരംഗത്തുനിന്നും ഒഴിഞ്ഞുനിൽക്കാമെന്ന് സതീശൻ കടുത്തനിലപാടെടുത്തതായും സൂചനയുണ്ട്. മാധ്യമപ്രവർത്തകരുടെ പകൽമുഴുവൻനീണ്ട കാത്തുനിൽപ്പിനൊടുവിൽ രാത്രി എട്ടുമണിയോടെ സുധാകരൻ വാതിൽ തുറന്നു പ്രത്യക്ഷപ്പെട്ടു. കേരളത്തിലേക്ക് പോകാൻ ഒരുങ്ങിയിറങ്ങിയ സുധാകരന്റെ വാക്കുകൾ പകൽമുഴുവൻ പരന്ന അഭ്യൂഹങ്ങളെ തള്ളുന്നതായിരുന്നു. ''മത്സരിക്കാനില്ല, പാർട്ടിയിൽ തുടരും!'' സുധാകരൻ ഉയർത്തിയ വെല്ലുവിളി അവിടെ അവസാനിച്ചെങ്കിലും പട്ടിക പ്രസിദ്ധീകരണം പിന്നെയും വൈകി. പെരുമ്പാവൂർ, ചടയമംഗലം, ഉദുമ, പട്ടാമ്പി, വടക്കാഞ്ചേരി മണ്ഡലങ്ങളിലെ സ്ഥാനാർഥിനിർണയത്തിൽ വ്യക്തതയാവാത്തതാണ് പട്ടിക വൈകാൻ കാരണമായത്. അനുനയത്തിന് ആന്റണിയും തിരുവനന്തപുരം: നിയമസഭാ സീറ്റിനായി പാർട്ടിയെ ആകെ മുൾമുനയിൽനിർത്തിയ കെ. സുധാകരനെ അനുനയിപ്പിക്കാൻ അദ്ദേഹവുമായി സംസാരിച്ചെന്ന് എ.കെ. ആന്റണി. പിണറായി വിജയന്റെ മൂന്നാം ഊഴം തടയാൻ എന്ത് പ്രയാസമുണ്ടെങ്കിലും പാർട്ടിക്കൊപ്പം നിൽക്കണമെന്ന് താൻ സുധാകരനോട് അഭ്യർഥിച്ചെന്ന് ആന്റണി പറഞ്ഞു. കണ്ണൂർ ജില്ലയിൽ ജീവൻ പണയപ്പെടുത്തി കോൺഗ്രസിനായി നിലകൊണ്ടയാളാണ് സുധാകരനെന്നും ആന്റണി പറഞ്ഞു. സീറ്റ് നൽകിയില്ലെങ്കിൽ പാർട്ടി വിടുമെന്ന ഭീഷണിയിൽ സുധാകരൻ ഉറച്ചുനിന്നപ്പോൾ കെ.സി. വേണുഗോപാലാണ് സുധാകരനെ അനുനയിപ്പിക്കാനായി ആന്റണിയോട് അഭ്യർഥിച്ചത്. കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ ആന്റണി പൊതുതീരുമാനം ലംഘിച്ച് സുധാകരന് സീറ്റുനൽകണമെന്ന് നിർദേശിച്ചില്ല. എന്നാൽ, അദ്ദേഹത്തിന്റെ സംഭാവനകളെ എടുത്തുപറഞ്ഞ് കൂടെനിർത്താനുള്ള ശ്രമമാണ് നടത്തിയത്. പാർട്ടിക്കുവേണ്ടിയുള്ള സുധാകരന്റെ സംഭാവനകളെ ആരും കുറച്ചുകാണുന്നില്ലെന്ന് അദ്ദേഹത്തോട് വ്യക്തമാക്കിയ ആന്റണി കോൺഗ്രസ് നേതൃത്വം എടുത്ത പൊതുതീരുമാനത്തോടൊപ്പം നിൽക്കണമെന്നും ഉപദേശിച്ചു. നിലപാട് വ്യക്തമാക്കി പരസ്യപ്രസ്താവനയ്ക്കും ആന്റണി തയ്യാറായി. Content Highlights: Details of the high-stakes negotiations between K Sudhakaran and the Congress high command., The role of A.K. Antony in mediating the internal party conflict., The impact of the sitting MP seat denial policy on party stability., Analysis of the rumors surrounding Sudhakaran's potential exit from the party. Published: 20 Mar 2026, 04:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കഥകളും കെട്ടുകഥകളും അപഹരിച്ച മണിക്കൂറുകൾ; സുധാകരസമ്മർദം ആട്ടക്കഥ
M
MathrubhumiSource Link
about 2 months ago