വേനൽമഴയെത്തി To advertise here, ആലപ്പുഴ : വേനൽ മഴയ്ക്കൊപ്പം വീശിയടിച്ച കനത്ത കാറ്റിൽ നഗരത്തിന്റെ വിവിധ മേഖലകളിലായി മരങ്ങൾ കടപുഴകി. ഇതേത്തുടർന്നുണ്ടായ വൈദ്യുതിമുടക്കം കഞ്ഞിക്കുഴി, മാരാരിക്കുളം, കണിച്ചുകുളങ്ങര, ആലപ്പുഴ നഗരത്തിന്റെ വടക്കേഭാഗം എന്നിവിടങ്ങളിലെ ജനങ്ങളെ വലച്ചു. കാറ്റിനു പിന്നാലെെയത്തിയ മഴ നഗരത്തിൽ നേരിയ തോതിലായിരുന്നെങ്കിലും കുട്ടനാട്ടിലും മുഹമ്മയിലുമെല്ലാം ശക്തമായിരുന്നു. നഗരത്തിൽ കൊമ്മാടി പാലത്തിനു തെക്കുവശം, ദേശീയപാതയിൽ കളർകോട് ചങ്ങനാശ്ശേരി ജങ്ഷനു സമീപം, കൊറ്റംകുളങ്ങര, കാളാത്ത്-മീയാത്ത് റോഡ്, കണിയാംകുളം എന്നിവിടങ്ങളിലാണ് ശക്തമായ കാറ്റിൽ മരങ്ങൾ വീണത്. മാരാരിക്കുളത്ത് ഇല്ലത്തുകാവ്, വനസ്വർഗം തുടങ്ങിയ സ്ഥലങ്ങളിൽ റോഡിനു കുറുകേ മരം വീണു. മുഹമ്മ, കാവുങ്കൽ, മണ്ണഞ്ചേരി, തണ്ണീർമുക്കം ഭാഗങ്ങളിൽ മരംവീണ് വൈദ്യുതിത്തൂണുകൾ ഒടിഞ്ഞു. ഇവിടങ്ങളിൽ ബുധനാഴ്ച മാത്രമേ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ സാധിക്കുകയുള്ളൂ. പലസ്ഥലങ്ങളിലും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെങ്കിലും സംഭവങ്ങളിൽ ആർക്കും പരിക്കുകളില്ല. മുഹമ്മയിലും പരിസരങ്ങളിലും തെങ്ങും ആഞ്ഞിലിയുമാണ് മറിഞ്ഞു വീണത്. അർത്തുങ്കലിൽ ഐ.ടി.സി. കവലയ്ക്കു പടിഞ്ഞാറ് തീരത്ത് തെങ്ങു വീണ് മൂന്നു വൈദ്യുതിത്തൂണുകൾ ഒടിഞ്ഞു വീണു. പലയിടങ്ങളിലായി അഗ്നിരക്ഷാസേന ചൊവ്വാഴ്ച രാത്രിവൈകി വളരെ പണിപ്പെട്ടാണ് മരങ്ങൾ മുറിച്ചുമാറ്റിയത്. വേമ്പനാട്ടുകായലിൽ വള്ളങ്ങൾ മുങ്ങുകയും ചീനവലകളും മത്സ്യബന്ധന ഉപകരണങ്ങളും നശിച്ചിട്ടുമുണ്ട്. കുമരകത്തു നിന്നുവന്ന ബോട്ട് കാറ്റിലും കോളിലും ദിശമാറി മുഹമ്മ : ചുഴലിക്കാറ്റിൽ കുമരകത്തു നിന്നുവിട്ട ജലഗതാഗതവകുപ്പിന്റെ ബോട്ട് വേമ്പനാട്ടുകായലിൽ മണിക്കൂറുകൾ ദിശതെറ്റി യാത്രചെയ്തശേഷം പൊന്നാട് തീരത്തടുത്തു. ചൊവ്വാഴ്ച വൈകീട്ട് ആറിനു കുമരകത്തുനിന്ന് പുറപ്പെടേണ്ട ബോട്ട് ആറരയ്ക്കാണ് കായലിൽ ബോട്ടുചാലിന്റെ പണി നടക്കുന്നതിനാൽ പുറപ്പെട്ടത്. കായലിലേക്ക് പ്രവേശിച്ചയുടനേ ബോട്ടിന്റെ ദിശതെറ്റി. ബോട്ടിൽ നിറയെ യാത്രക്കാരും 12 ഇരുചക്ര വാഹനങ്ങളുമുണ്ടായിരുന്നു. കാറ്റിൽ ബോട്ട് ആടിയുലഞ്ഞപ്പോൾ ഇരുചക്രവാഹനങ്ങൾ മറിയുകയും യാത്രക്കാർ അലമുറയിടുകയും ചെയ്തു. ബോട്ടിലേക്ക് വെള്ളം കയറി. ജീവനക്കാർ സമയോചിതമായി എല്ലാവർക്കും ലൈഫ് ജാക്കറ്റും നൽകി. മുഹമ്മ ജെട്ടിയിൽ സിഗ്നൽ ലൈറ്റ് പ്രകാശിക്കാതിരുന്നതിനാൽ ദിശതെറ്റി പൊന്നാട് തീരത്തെത്തിയ ബോട്ട് എട്ടു മണിയോടെയാണ് മുഹമ്മ ജെട്ടിയിൽ അടുത്തത്.
